ഫ്ലാറ്റ് വാങ്ങുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തമായൊരു വീട് അത് മലയാളിക്ക് അഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. അതുകൊണ്ട് ഉള്ള സന്പാദ്യമെല്ലാം നുള്ളിപ്പെറുക്കി ഒരു വീട് എങ്ങനെയെങ്കിലും സ്വന്തമാക്കും. ജോലി ബിസിനസ് തുടങ്ങിയ ആവശ്യങ്ങളുമായി നഗരത്തിലേക്ക് എത്തിയപ്പോൾ വീടെന്നതുമാറി ഫ്ളാറ്റായി. ഒരു നിർമ്മാതാവ് നിർമ്മിച്ചു നൽകുന്ന ഇടത്തെ കാശുകൊടുത്ത് വാങ്ങി സ്വന്തമാക്കുകയാണ് ചെയ്യുന്നത്. സ്വന്തം സ്ഥലത്ത് വീടു നിർമാണമൊക്കെ അത്ര പതിവില്ലാത്ത കാഴ്ച്ചയായി. ഈ അടുത്ത് കൊച്ചിയിൽ അനധികൃത നിർമാണത്തിന്‍റെ പേരിൽ പൊളിച്ചുകളഞ്ഞത് മൂന്നു ഫ്ളാറ്റുകളാണ്. അതുവരെയുള്ള സന്പാദ്യവും നിക്ഷേപവുമൊക്കെയാണ് പലർക്കും നഷ്ടപ്പെട്ടത്. ഇനി പുതിയൊരു വീട് സ്വന്തമാക്കുക എന്നത് ഉടനെയൊന്നും സ്വപ്നം കണാൻ പറ്റാത്തവരുമുണ്ടാകും അക്കൂട്ടത്തിൽ. അതുകൊണ്ട് ഫ്ളാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചെ മതിയാകു.

ഫ്ളാറ്റുകൾ വാങ്ങിക്കാൻ നല്ല സമയം കൂടിയാണിത്. കാരണം പൊതുവെ പലിശ നിരക്ക് താഴ്ന്നു നിൽക്കുന്ന സമയമായതിനാൽ ബാങ്കുകൾ ഭവന വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുകയും ഇടത്തരക്കാർക്ക് വീടുകൾ വാങ്ങുന്നതിനുള്ള നടപടി എളുപ്പമാക്കുകയും ചെയ്തതോടെ ഫ്ളാറ്റ് വാങ്ങുന്നതിലെ സാന്പത്തിക കാര്യങ്ങൾ അൽപ്പം ലളിതമായിട്ടുണ്ട്.

കൃത്യമായ അന്വേഷണം വേണം

കൃത്യമായ അന്വേഷണം ഒരു വീട് വാങ്ങുന്നതിനുമുന്പ് നടത്തേണ്ടതുണ്ട്. ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്ന പ്രദേശത്തെ വെള്ളത്തിന്‍റെ ലഭ്യത, വഴി, വില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. കാരണം വെള്ളം, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലുണ്ടാകാവുന്ന പ്രശ്നങ്ങൾ ഉൗഹിക്കാവുന്നതേയുള്ളു. രാജ്യത്തെ മൊത്തം ബാധിച്ചിരിക്കുന്ന സാന്പത്തിക മാന്ദ്യത്തിന്‍റെ ക്ഷീണം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയെ തന്നെയാണ്. കോടതി പരാമർശങ്ങൾ, ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി, ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി ഇതൊക്കെയും റിയൽ എസ്റ്റേറ്റ് മേഖലയെക്കൂടി ബാധിക്കുന്നതാണ്.

വസ്തു റെറയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തോ

റിയൽ എസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ പ്രതിസന്ധി കൃത്യ സമയത്ത് പണി പൂർത്തീകരിച്ച് നൽകില്ല എന്നുള്ളതാണ്. ഈ പ്രശ്നങ്ങൾക്കൊക്കെയും പരിഹാരം കാണാൻ വേണ്ടിയാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) രൂപീകരിച്ചിട്ടുള്ളത്. ഫ്ളാറ്റ് വാങ്ങാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും റെറയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പ്രോജക്ടാണോ ഇതെന്നുള്ളത് ഉറപ്പാക്കണം.

നിർമാതാവിന് എന്തെങ്കിലും ബ്ലാക്ക്മാർക്ക് ഉണ്ടോ?


ഒരു വസ്തു വാങ്ങുന്നതിന മുന്പ് അത് നിർമിക്കുന്ന ആളെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്. കാരണം വീട് വാങ്ങാൻ ഉദ്ദേശിക്കുന്നയാൾ അതുവരെ സ്വരുക്കൂട്ടിയ സന്പാദ്യമെല്ലാം നൽകാൻ പോകുന്നത് അയാൾക്കാണ്. ഉത്തരവാദിത്തത്തോടെ നിർമാണം പൂർത്തീകരിച്ച് നൽകാത്ത ഒരാളാണെങ്കിൽ ആ പണം മുഴുവൻ നഷ്ടമാകും. ഒരു വസ്തു വാങ്ങുന്നതിനുമുന്പ്, നിർമാതാവ് സാന്പത്തികമായി മികച്ചതാണോ അല്ലയോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇതിനുമുന്പോ മറ്റോ എന്തെങ്കിലും അപാകതകൾ നിർമാതാവിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിൽ അത് സത്യമാണോ എന്നന്വേഷിച്ച് ഉറപ്പു വരുത്താം. നേരത്തെ വാങ്ങിയവർ നൽകിയ ഒന്നിലധികം ഉപഭോക്തൃ പരാതികൾ ഉണ്ടെങ്കിൽ അത്തരക്കാരെ ഒഴിവാക്കുക. എത്ര കാലത്തെ പ്രവർത്തനപരിചയം നിർമ്മാതാവിന് ഈ മേഖലയിലുണ്ട്. നിർമണം പൂർത്തിയാക്കാൻ കാലതാമസം വരുത്താറുണ്ടോ എന്നീക്കാര്യങ്ങൾക്കൂടി അന്വേഷിച്ച് കണ്ടെത്തണം.

നിർമാതാവും ഉപഭോക്താവും തമ്മിലുള്ള കരാർ

നിർമാതാവും വാങ്ങുന്നയാളും തമ്മിൽ ഒരു കരാർ വെയക്കുമല്ലോ. ആ കരാർ കൃത്യമായി വായിച്ചു നോക്കേണ്ടതുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ കരാറിൽ ഒപ്പിടുന്നതിനു മുന്പെ പരിഹരിക്കുക. നിർമാണത്തിൽ കാലതാമസം ഉണ്ടായൽ ഉപഭോക്താവിന്‍റെ നികേഷപത്തുകയുടെ നിശ്ചിത ശതമാനം അധികമായി നിർമാതാവ് നഷ്ട പരിഹാരം നൽകണമെന്ന് റെറ നിർദേശിക്കുന്നുണ്ട. അക്കാര്യങ്ങളൊക്കെ കൃത്യമായ പറഞ്ഞിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. ഏകദേശം 40, 50 ശതമാനം നിർമാണം പൂർത്തിയായതും നിർമ്മാണ പുരോഗതി കാണിക്കുന്നതുമായ വസ്തുവിൽ നിക്ഷേപം നടത്താനായിരിക്കണം വാങ്ങുന്നവർ ലക്ഷ്യമിടേണ്ടത്.

പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുന്പോൾ

നിലവിലെ നിർമാണത്തിൽ വരുത്താൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ചും കൃത്യമായി ഉപഭോക്താവ് അറിഞ്ഞിരിക്കണം. ഏതൊരു മാറ്റവും വാങ്ങുന്നയാളുടെ സമ്മതത്തോടെ മാത്രമേ നടത്താവൂവെന്ന് റെറയുടെ നിർദേശത്തിലുണ്ട്. പ്രോപ്പർട്ടി രൂപകൽപ്പനയിലോ ലേഒൗട്ടിലോ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ, വസ്തു വാങ്ങുന്നവരിൽ മൂന്നിൽ രണ്ട് പേരുടെയും അംഗീകാരം വേണം. ഇക്കാര്യങ്ങൾ നിർമാതാവ് ഉപഭോക്താവുമായി ചേർന്നാണ് നടപ്പാക്കുന്നതെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ കണ്ടത് ഒന്നും കിട്ടുന്നത് വേറൊന്നുമയാരിക്കും.

ബാങ്ക് വായ്പ

ഭൂരിഭാഗം പേരും ഭവന വായ്പകളെ ആശ്രയിച്ചാണ് വസ്തു സ്വന്തമാക്കുന്നത്. ഇതുവഴി വായ്പയ്ക്കായി സമീപിക്കുന്പോൾ ബാങ്ക് നിർമാതാവിനെയും പദ്ധതിയെയും വായ്പ അനുവദിക്കുന്നതിന് മുന്പ് തീർച്ചയായും വിലയിരുത്തും. അത് ഉപഭോക്താക്കൾക്ക് നേട്ടമാണ്.