പഴയതായാലും പുതിയതായാലും നിക്ഷേപം മറക്കണ്ട
പഴയതായാലും പുതിയതായാലും നിക്ഷേപം മറക്കണ്ട
അടുത്ത ഏപ്രിലില്‍ രണ്ടു തരത്തിലുള്ള ആദായന നികുതി വ്യവസ്ഥ നിലവില്‍ വരുമ്പോള്‍ കുറഞ്ഞ നികുതി നല്‍കേണ്ടത് ഏതിലാണ്? മിക്ക നികുതിദായകരുടേയും ആകാംക്ഷ ഇവിടെ അവസാനിക്കുന്നു.

എന്നാല്‍ ബജറ്റ് 2020 വ്യക്തമായ ഉത്തരം നല്‍കുന്നില്ല. തീരുമാനം നികുതിദായകനു വിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഏപ്രിലിനു മുമ്പ് ആശയക്കുഴപ്പം തീര്‍ക്കേണ്ടത് ആവശ്യമാണ്. നിലവിലുള്ള സ്‌കീം സ്വീകരിക്കുകയാണെങ്കില്‍ നികുതി ആസൂത്രണത്തിനുള്ള നിക്ഷേപ, ചെലവുകളെക്കുറിച്ച് ആലോചിക്കണം. പുതിയ സ്‌കീമിലാണെങ്കില്‍ കൈവശം തുക ലഭിക്കുമെങ്കിലും നിക്ഷേപമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യവുമോര്‍ക്കുക
.
താരതമ്യം വേണ്ട

പുതിയ ആദായനികുതി സ്ലാബും പഴയ സ്ലാബുമായി താരതമ്യത്തിന്‍റെ ആവശ്യമില്ല. രണ്ടിനേയും രണ്ടായിക്കണക്കാക്കുക.

കാരണം ശമ്പളക്കാര്‍ക്ക് 50,000 രൂപ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷനായി ലഭിക്കും. എല്ലാ ശമ്പളക്കാരും ഇപിഎഫിലേക്ക് ശമ്പളത്തിന്‍റെ ഒരു ഭാഗം അടയ്ക്കണം. ഇപിഎഫിലേക്ക് അടയ്ക്കുന്ന തുക 80 സിയില്‍ ഉള്‍പ്പെടുത്തി കിഴിവു ലഭിക്കും. അതായത് ശമ്പളക്കാര്‍ക്ക് യാതൊരു ശ്രമവും നടത്താതെ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍, ഇപിഎഫ് എന്നിവ വഴി നികുതിവിധേയ ശമ്പളം കുറയ്ക്കുവാന്‍ സാധിക്കുന്നു. ഏറ്റവും കുറഞ്ഞത് സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷനും ഇപിഎഫുമെങ്കിലും. എല്ലാവര്‍ക്കുംതന്നെ എന്തെങ്കിലു പലിശ വരുമാനമുണ്ടായിരിക്കും. പതിനായിരം രൂപവരെ ക്ലെയിം ചെയ്യാനും സാധിക്കും.

പഴയ നിരക്കില്‍ ഉറച്ചു നില്‍ക്കണമോ
സറ്റാന്‍ഡാര്‍ഡ് ഡിഡക്ഷനും ഇപിഎഫും ഉള്ളതുകൊണ്ട് പഴയ വ്യവസ്ഥയില്‍ തുടരുണമോ? അതുകൊണ്ടു നേട്ടമുണ്ടാകുമോ? നേട്ടമുണ്ടാകണമെന്നു നിര്‍ബന്ധമില്ല. അതേപോലെ കോട്ടമുണ്ടാകണമെന്നോ നിര്‍ബന്ധമില്ല.

അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വിശദമായ വിശകലനം ആവശ്യമാണ്. വ്യത്യസ്തമായ വരുമാന സ്ലാബില്‍ രണ്ടു നികുതിഘടനയിലും നല്‍കേണ്ട നികുതിയുടെ അളവ് ഒരുപോലെയാക്കുവാന്‍ എത്രമാത്രം നികുതിയിളവ് വേണ്ടി വരുമെന്നു കണ്ടത്തുകയാണ് ചെയ്യാനുള്ളത്. (പട്ടിക -1- ഉം പട്ടിക-2ഉം കാണുക)

പട്ടിക-1-ല്‍ കിഴിവുകള്‍ ഇല്ലാതെ രണ്ടു നികുതി വ്യവസ്ഥകളിലും നികുതിദായകന്‍ നല്‍കേണ്ട നികുതിത്തുകയാണ് നല്‍കിയിട്ടുള്ളത്. പുതിയ വ്യവസ്ഥ സ്വീകരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നികുതി ലാഭവും ഇതില്‍ നല്‍കിയിരിക്കുന്നു.

പട്ടിക-2-ല്‍ പുതിയ നികുതി വ്യവസ്ഥ എടുക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന നികുതി തുകയുടെ തുല്യതയിലെത്താന്‍ പഴയ നികുതി വ്യവസ്ഥയില്‍ എടുക്കേണ്ട മിനിമം കിഴിവുകളാണ് നല്‍കയിട്ടുള്ളത്. ചുരുക്കത്തില്‍ ഈ മിനിമം കിഴിവുകളില്‍ അധികം കിഴിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പഴയ നികുതി വ്യവസ്ഥയില്‍ ഉറച്ചു നിന്നിട്ടു കാര്യമുള്ളു. ഓരോ സ്ലാബിലും പട്ടിക-2-ല്‍ കാണിച്ചിട്ടുള്ള മിനിമം കിഴിവുകള്‍ക്കു മുകളിലേക്ക് എത്തുമ്പോള്‍ പഴയ നികുതി വ്യവസ്ഥ നികുതിദായകനെ സംബന്ധിച്ചിടത്തോളം നേട്ടം നല്‍കുന്നു. എച്ച്ആര്‍എ, എല്‍ടിഎ, 80 സി, 80 ഡി, ഫുഡ് കൂപ്പണ്‍, എന്‍പിഎസ് , ഭവന വായ്പ പലിശ, വിദ്യാഭ്യാസ വായ്പ പലിശ തുടങ്ങിയ ഇളവുകളെല്ലാം ഉപയോഗിച്ച് മിനിമം കിഴിവുകളുടെ മുകളിലേക്ക് എത്താന്‍ ശ്രമിക്കുക.

മുതിര്‍ന്ന പൗരന്മാര്‍

പുതിയ നികുതി വ്യവസ്ഥയില്‍ മുതര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന നികതിയിളവു പരിധിയൊന്നുമില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് (60-80) മൂന്നു ലക്ഷം രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയും പഴയ വ്യവസ്ഥയില്‍ നികുതിയൊഴിവുണ്ട്.

എച്ച്ആര്‍എ,എല്‍ടിഎ തുടങ്ങിയ കിഴിവുകളൊന്നും ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ പെന്‍ഷന്‍ വരുമാനത്തില്‍ 50000 രൂപ സ്റ്റാന്‍ഡാര്‍ഡ് ഡിഡക്ഷന്‍ എടുക്കാന്‍ സാധിക്കും. പലിശ വരുമാനത്തില്‍ 50000 രൂപയുടെ കിഴിവും അനുവദിക്കും. നികുതി ലാഭിക്കാനായി അഞ്ചുവര്‍ഷത്തെ ബാങ്ക് ഡിപ്പോസിറ്റോ അല്ലെങ്കില്‍ പിപിഎഫ് കാലാവധി അഞ്ചുവര്‍ഷത്തേക്കു നീട്ടുകയോ ചെയ്താല്‍ 80 സിയില്‍ 1.5 ലക്ഷം രൂപ വരെ ഇളവു നേടാം. പ്രത്യേക രോഗങ്ങള്‍ അലട്ടുന്നുണ്ടെങ്കില്‍ ചികിത്സയിനത്തില്‍ 80ഡിഡിബിയില്‍ ക്ലെയിം ചെയ്യാം. ഇത്തരത്തില്‍ ക്ലെയിമുകള്‍ ഇല്ലെങ്കില്‍ പുതിയ സംവിധാനമാണ് മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം ഗുണകരമായിട്ടുള്ളത്.

പുതിയതോ പഴയതോ

ഒരാളുടെ ശമ്പളഘടന, കടം, ഇന്‍ഷ്വറന്‍സ് എന്നിവയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ് ഏതു സിസ്റ്റം തെരഞ്ഞെടുക്കണമെന്നത്.

പുതിയതായി ജോലിക്കു കയറുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ നികുതി ഘടനയിലേക്കു മാറുവാന്‍ പ്രയാസമില്ല. കാരണം അവര്‍ക്കു നിക്ഷേപമില്ല, ഭവന വായ്പയില്ല. പ്രഫഷണലുകളുടെ സഹായമില്ലാതെ നികുതി കണക്കാക്കി റിട്ടേണും ഫയല്‍ ചെയ്യാം.

അതേസമംയ ഫുഡ് കൂപ്പണ്‍, എച്ച്ആര്‍ അലവന്‍സ്, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ തുടങ്ങിയവ ഉള്ളവരെ സംബന്ധിച്ചിടത്തോളം പഴയ സംവിധാനമാണ് ഒരു പരിധിവരെ മെച്ചം നല്‍കുന്നത്. ധനകാര്യ വര്‍ഷാരംഭത്തില്‍തന്നെ നികുതി ആസൂത്രണ തീരുമാനങ്ങള്‍ എടുക്കുക. ഏതു നികുതി ഓപ്ഷന്‍ വേണെമെന്നും തീരുമാനിക്കുക.

ചുരുക്കത്തില്‍ രണ്ടു നികുതി ഓപ്ഷനുകളേയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. കാര്യമായ ഡിഡക്ഷനുകള്‍ ഇല്ലാത്തവര്‍ക്ക് രണ്ടാമത്തേതും നികുതിയിളവു പരിധി ഉപയോഗിച്ചു പുതിയ വ്യവസ്ഥയില്‍ നല്‍കേണ്ടതിനേക്കാള്‍ കുറഞ്ഞ നികുതി നല്‍കാന്‍ കഴിയുന്നവര്‍ക്ക് പഴയ സംവിധാനവും തെരഞ്ഞെടുക്കാം. ശമ്പളക്കാരെ സംബന്ധിച്ചിടത്തോളം ഏതു സമയവും തങ്ങളുടെ അപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഓപ്ഷന്‍ മാറാന്‍ സാധിക്കുമെന്നും ഓര്‍മിക്കുക.

പുതിയതു തെരഞ്ഞെടുത്താലും നിക്ഷേപം മറക്കണ്ട

പുതിയ നികുതി വ്യവസ്ഥകളിലൂടെ നികുതിദായകര്‍ക്ക് ഒരു ഓപ്ഷന്‍ കൂടി നല്കിയിരിക്കുകയാണ്. കൂടുതല്‍ തുക നികുതിദായകരുടെ കൈവശം വരുന്ന വിധത്തിലാണ് നികുതി നിര്‍ദ്ദേശങ്ങള്‍. പക്ഷേ, നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അതിലില്ല. കൂടുതല്‍ തുക കൈവശം നല്‍കി ചെലവാക്കാന്‍ പ്രേരണ നല്‍കുകയാണ് ധനമന്ത്രി.
ഇതനുസരിച്ച് വര്‍ഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന നികുതിലാഭ നിക്ഷേപങ്ങള്‍, ചെലവുകള്‍ എന്നിവ ഉപയോഗപ്പെടുത്തണമോ അതോ ഇളവുകളൊന്നും ലഭിക്കാതെ വരുമാനത്തിനു നികുതിയെന്ന പുതിയ വ്യവസ്ഥ സ്വീകരിക്കണമോ ഇതില്‍ ഏതു വേണമെങ്കിലും നിക്ഷേപകനു തെരഞ്ഞെടുക്കാം.

അതായത് നികുതിയിളവിനായി നികുതിദായകനെ ഇനി നിക്ഷേപത്തിനു നിര്‍ബന്ധിക്കില്ല. ഇതുവരെ ഇന്ന നിക്ഷേപങ്ങളില്‍ മാത്രമേ നികുതിയളവു കിട്ടുകയുള്ളു എന്നതായിരുന്നു സ്ഥിതി. ഇനി നിക്ഷേപം നടത്തുകയോ ചെലവഴിക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം.
പഴയതോ പുതിയതോ ഏതു നികുതി ഓപ്ഷന്‍ തെരഞ്ഞെടുത്താലും നിക്ഷേപത്തെക്കുറിച്ചു മറക്കേണ്ട. ഹ്രസ്വ, മധ്യ, ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങള്‍ നേടാന്‍ നിക്ഷേപം നടത്തിയേ മതിയാവൂ. റിട്ടയര്‍മെന്‍റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, സംരഭം തുടങ്ങല്‍, വീട് തുടങ്ങി ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങളും കാര്‍, വിനോദയാത്ര, മറ്റു ചെറിയ ചെറിയ വ്യക്തിഗത ആഗ്രഹങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം സമ്പാദ്യവും നിക്ഷേപവും ആവശ്യമാണ്.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റിട്ടയര്‍മെന്‍റ് നിക്ഷേപം. ഗവണ്‍മെന്‍റ് പെന്‍ഷന്‍ എന്നത് ഇല്ലാതായ സാഹചര്യത്തില്‍ പെന്‍ഷന്‍ ആവശ്യത്തിനുവേണ്ടി സ്വയം നിക്ഷേപം നടത്തുകയേ വഴിയുള്ളു. അതിനായി പിപിഎഫ് പോലുള്ള ദീര്‍ഘകാല ഡെറ്റ് നിക്ഷേപങ്ങളും ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള വിപണി ബന്ധിത നിക്ഷേപങ്ങളും ഉപയോഗപ്പെടുത്താം. ദീര്‍ഘകാലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ആസ്തിയാണ് ഓഹരി. പ്രത്യേകിച്ചും ഇന്ത്യ വളര്‍ച്ചയുടെ പടിവതിലില്‍ പ്രവേശിച്ച സ്ഥിതിക്ക് വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഓഹരി മ്യൂച്വല്‍ഫണ്ടും മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള സാധ്യതയേറെയാണ്.

പുതിയതായി ജോലിക്കു കയറിയവര്‍ക്ക് പുതിയ നികുതി ഓപ്ഷന്‍ സ്വീകരിക്കുന്നതിലൂടെ ദീര്‍ഘകാലത്തില്‍ തനിക്കുവേണ്ടി രാവും പകലും സമ്പത്തുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആസ്തികളില്‍ നിക്ഷേപം നടത്താം. പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയ്‌ക്കൊപ്പം റിസ്‌ക് എടുക്കാനുളള ശേഷിക്കനുസരിച്ച് ബാലന്‍സ്ഡ് ഡെറ്റ്, ബാലന്‍സ്ഡ് ഇക്വിറ്റി, ലാര്‍ജ്, മിഡ്, സ്‌മോള്‍, മള്‍ട്ടി, ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.

രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ നികുതിയിളവിനായി ആദായനികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്ന ആസ്തികളില്‍ നിക്ഷേപം നടത്തണം. അല്ലെങ്കില്‍ ചെലവുകള്‍ നടത്തണം. നികുതിയിളവിനായി സര്‍ക്കാര്‍ നല്‍കിയിരുന്ന നിക്ഷേപാസ്തികളില്‍ രണ്ടു നേട്ടങ്ങളുണ്ടായിരുന്നു. ആദ്യത്തേത് നികുതിയിളവു തന്നെ. രണ്ടാമത്തേത് നികുതിദായകനു നിക്ഷേപത്തില്‍നിന്നു വരുമാനം നേടാന്‍ സാധിക്കുന്നു. മിക്ക കേസുകളിലും റിട്ടേണിനു നികുതി നല്‍കുകയും വേണ്ട.

ഉദാഹരണത്തിന് ലഘുസമ്പാദ്യ പദ്ധതികളിലെ നികുതിയിളവ് നിക്ഷേപങ്ങള്‍. അവ ബാങ്ക് നിക്ഷേപത്തേക്കാള്‍ മെച്ചപ്പെട്ട റിട്ടേണ്‍ മിക്കവാറും നല്‍കിവരുന്നു. ഗവണ്‍മെന്‍റ് ഗാരന്‍റിയുമുണ്ട്. ദീര്‍ഘ, മധ്യകാല നിക്ഷേപത്തിനു യോജിച്ച നിക്ഷേപാസ്തികള്‍ അതിലുണ്ടുതാനും. സുകന്യ സമൃദ്ധി യോജന, പിപിഎഫ്, ഇഎല്‍എസ്എസ് തുടങ്ങിയവ റിട്ടയര്‍മന്‍റ് നിധി ലക്ഷ്യമാക്കിയുള്ള ദീര്‍ഘകാല നിക്ഷേപത്തിനു യോജിച്ചതാണ്.