വേണം മുതിര്‍ന്ന പൗരന്മാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ
വേണം  മുതിര്‍ന്ന പൗരന്മാര്‍ക്കും   ഇന്‍ഷ്വറന്‍സ് പരിരക്ഷ
Wednesday, March 25, 2020 4:47 PM IST
ഇന്‍ഷ്വറന്‍സിനെക്കുറിച്ച് പറയുമ്പോള്‍ പൊതുവേ അനാവശ്യച്ചെലവെന്നുള്ള മറുപടിയാണ് പലരും നല്‍കാറ്. അല്‍പ്പം പ്രായമായവരോടാണ് ഇത് പറയുന്നതെങ്കിലോ. ഇത്രയും പ്രായമായി ഇനി എന്തിനാണ് ഇന്‍ഷ്വറന്‍സ് എന്ന ചോദ്യമായിരിക്കും എത്തുക. ഇന്‍ഷ്വറന്‍സ് കവറേജ് എടുക്കാന്‍ പ്രായമോ നേരമോ ഒന്നും നോക്കേണ്ടതില്ല. എല്ലാക്കാലത്തും ഏറ്റവും അത്യാവശ്യം വേണ്ട ഒരു സുരക്ഷ ഒരുക്കല്‍ തന്നെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ.

മുതിര്‍ന്നവര്‍ക്കായി

പ്രായം കൂടുന്തോറും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്‍റെ പ്രാധാന്യവും കൂടിവരികയാണ്. കാരണം പ്രായം കൂടുന്തോറും ശാരീകമായ അവശതകള്‍ കൂടും. ചികിത്സച്ചെലവുകളാണെങ്കില്‍ നിത്യേനയെന്നോണമാണ് കൂടുന്നത്. അതുകൊണ്ടു തന്നെ ഇന്‍ഷ്വറന്‍സ് പരിരക്ഷ അത്യാവശ്യമാണ്.

കൂടാതെ പ്രായം കൂടുംതോറും ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കാനും പ്രയാസമായിരിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിങ്ങനെ ഇന്ത്യക്കാര്‍ക്ക് രോഗങ്ങള്‍ക്കൊന്നും ഒരു പഞ്ഞവുമില്ല. അതിനാല്‍ തീര്‍ച്ചയായും ഒരു ഇന്‍ഷ്വറന്‍സ് പോളിസി അത്യാവശ്യമാണ്. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക പോളിസകള്‍ ലഭ്യമാക്കുന്നുണ്ട്. സാധാരണ പോളിസികളെക്കാള്‍ അധിക ആനുകൂല്യങ്ങളോടെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പോളിസികള്‍ കമ്പനികള്‍ ലഭ്യമാക്കുന്നത്.

പോളിസി എടുക്കാനുള്ള പ്രായം

2016 ലെ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഐ) ഇന്‍ഷ്വറന്‍സില്‍ ചേരാനും പിന്മാറാനുമുള്ള പ്രായത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാ ഇന്‍ഷ്വറന്‍സ് പോളിസികളിലും അംഗമാകാനുള്ള പ്രായപരധി 65 വയസുവരെയാണെന്നാണ് ഐആര്‍ഡിഎയുടെ നിര്‍ദേശം. ഇപ്പോള്‍ ചില ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 65 വയസിനു മുകളിലുള്ളവര്‍ക്കും പോളിസി നല്‍കുന്നുണ്ട്.

ഉദാഹരണത്തിന്, റെലിഗര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്‍റെ എന്‍സിബി സൂപ്പര്‍പ്രീമിയം, സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന്‍റെ സീനിയര്‍ സിറ്റിസണ്‍സ് റെഡ് കാര്‍പെറ്റ്, എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ മൈ-ഹെല്‍ത്ത് സുരക്ഷ സില്‍വര്‍ സ്മാര്‍ട്, മാക്‌സ് ബുപ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഹെല്‍ത്ത് കംപാനിയന്‍ എന്നിവയൊക്കെ 65 വയസിനു മുകളിലുള്ളവര്‍ക്കും വാങ്ങാവുന്ന പോളിസികളാണ്.

കൃത്യമായ മാനദണ്ഡങ്ങള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്ക് കമ്പനികളെല്ലാം തന്നെ രൂപം കൊടുത്തിരിക്കുന്നത് എല്ലാത്തരത്തിലുമുള്ള മെഡിക്കല്‍ ചെലവുകളെയും കവര്‍ ചെയ്യുന്ന വിധത്തിലാണ.് അല്ലെങ്കില്‍ ചികിത്സചെചലവു മുഴുവന്‍ ചികിത്സ തേടുന്ന വ്യക്തികള്‍ തന്നെ വഹിക്കേണ്ടി വരും.

പ്രായമായവരെ പരിഗണിക്കുമ്പോള്‍ അവരുടെ ശാരീരിക അവശതകളും സ്ഥിര വരുമാനത്തിന്‍റെ കുറവും പരിഗണിക്കേണ്ടതുണ്ട്. ചികിത്സച്ചെലവുകളാണെങ്കിലോ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയുമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഡേകെയര്‍ ചെലവുകളുണ്ട്. അതുകൂടി ഉള്‍പ്പെടുത്തിയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പോളിസി ഒരുക്കുന്നത്.

പ്രീമിയം അടവ്

2019 സെപ്റ്റംബറിലെ ഐആര്‍ഡിഎഐയുടെ സര്‍ക്കുലര്‍ അനുസരിച്ച് പോളിസി ഉടമകള്‍ക്ക് പോളിസി പ്രീമിയം മാസത്തിലോ, മൂന്നു മാസം കൂടുമ്പോഴോ, ആറുമാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ അടയ്ക്കാം.

പലപ്പോഴും മുതിര്‍ന്ന പൗരന്മാരുടെ ധനകാര്യ ആസൂത്രണത്തില്‍ വരുന്നതേയല്ല ഇന്‍ഷ്വറന്‍സ് പരിരക്ഷ. അത് അത്ര വലിയ കാര്യമായി ആര്‍ക്കും തോന്നുന്നില്ല എന്നതു തന്നെയാണ് ഇതിനു കാരണം. എന്നാല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത് പ്രായമായവര്‍ക്കാണ്.അത്യാവശ്യമാണെന്ന് അറിയാമെങ്കിലും പലരെയും ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് ഉയര്‍ന്ന പ്രീമിയം, നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍,ഇടക്കിടക്കുള്ള മെഡിക്കല്‍ ചെക്കപ്പ് എന്നിവയെല്ലാമാണ്. പോളിസി എടുക്കുമ്പോഴുള്ള ഫ്രീ ലുക്ക് പിരീഡും മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രീമിയം അടവ് വാര്‍ഷികം എന്നു മാറ്റുന്നതോടെ ഫ്രീ ലുക്ക് പിരീഡും കുറയും.


ഐആര്‍ഡിഎഐയുടെ നിര്‍ദേശങ്ങള്‍

1. പൗരന്മാര്‍ക്ക് 65 വയസുവരെ പോളിസി വാങ്ങാന്‍ സാധിക്കണം.
2. എന്തെങ്കിലും കാരണത്താല്‍ പോളിസി തള്ളിപ്പോയാല്‍ അതിനുള്ള കാരണം എഴുതി നല്‍കണം.
3. പോളിസി ഉടമ ആവശ്യപ്പെടുമ്പോള്‍ ടിപിഎ മാറ്റി നല്‍കണം.
4. പോളിസി എടുക്കുന്നതിനു മുമ്പുള്ള മെഡിക്കല്‍ പരിശോധനയുടെ ചെലവിന്‍റെ 50 ശതമാനം കമ്പനി രോഗം അംഗീകരിച്ചു കഴിഞ്ഞാല്‍ നല്‍കണം
5. പോളിസി പുതുക്കല്‍ തള്ളിക്കളയണമെങ്കില്‍ ഇതിലേതെങ്കിലുമൊരു കാരണം വേണം.
* തട്ടിപ്പ്, വഞ്ചന
* ധാര്‍മ്മികമായ എന്തെങ്കിലും കാര്യങ്ങള്‍ മറച്ചുവെയ്ക്കല്‍
* തെറ്റായ വിവരങ്ങള്‍ നല്‍കല്‍.

കമ്പനികള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കുന്ന പോളിസികളും അവയുടെ ഏതാനും പ്രത്യേകതകളും

1. ന്യു ഇന്ത്യ സീനിയര്‍ സിറ്റിസണ്‍ മെഡിക്ലെയിം പോളിസി

പ്രായ പരിധി
* അറുപത് വയസു മുതല്‍ 80 വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം.
* കവറേജ് 90 വയസുവരെ കിട്ടും കവറേജ്
* അസുഖമോ അപകടമോ മൂലമുള്ള ചികിത്സയ്ക്കുള്ള ചെലവുകള്‍
* ആശുപത്രിയില്‍ അഡ്മിറ്റാകുന്നതിനു മുമ്പും ശേഷവുമുള്ള 30 മുതല്‍ 60 ദിവസത്തെ ചികിത്സച്ചെലവുകള്‍
* ആംബുലന്‍സ് ചാര്‍ജ്
* സര്‍ക്കാര്‍ അംഗീകൃതമോ അല്ലെങ്കില്‍ രജിസ്റ്റേഡായിട്ടുള്ളതതോ ആയ ആയുര്‍വേദ ആശുപത്രികള്‍, ഹോമിയോപ്പതി, യുനാനി ആശുപത്രികള്‍ എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ലഭിക്കുന്ന കവറേജിന് പരിധിയുണ്ട്.

2. ബജാജ് അലിയന്‍സ് സില്‍വര്‍ ഹെല്‍ത്ത് പ്ലാന്‍

* പോളിസി ഇഷ്യു ചെയ്തതിനുശേഷം ഒരു വര്‍ഷത്തിനുശേഷമാണ് നേരത്തെയുണ്ടായിരുന്ന രോഗങ്ങള്‍ (പ്രീ-എക്‌സിസ്റ്റിംഗ്)ഉള്‍പ്പെടുത്തുന്നത്.
* ആശുപത്രിയില്‍ അഡ്മിറ്റാകുന്നതിനു മുമ്പും ശേഷവുമുള്ള 60 മുതല്‍ 90 ദിവസത്തെ ചികിത്സച്ചെലവുകള്‍
* എഴുപത് വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം
* നാലു വര്‍ഷം തുടര്‍ച്ചയായി ക്ലെയിം ചെയ്തില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ സൗജന്യ മെഡിക്കല്‍ പരിശോധന ലഭിക്കും.
* ആംബുലന്‍സ് കവറേജ് ലഭിക്കും.

3. ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് ഹോപ് പോളിസി

* അറുപതു വയസുമുതല്‍ പോളിസി വാങ്ങാം
* ഒരു ലക്ഷം രൂപമുതല്‍ 5 ലക്ഷം രൂപയുടെ വരെ കവറേജ്
* രേഗങ്ങള്‍ക്കനുസരിച്ചാണ് കവറേജ് നിശ്ചയിക്കുന്നത്
* ആശുപത്രയില്‍ അഡ്മിറ്റാകുന്നതിനു മുമ്പും ശേഷവുമുള്ള ചെലവുകള്‍ 30 വിസം മുതല്‍ 60 ദിവസം വരെ നല്‍കും.
* ഡേ കെയര്‍ ചെലുകളും കവറേജില്‍ ഉള്‍പ്പെടും
* ആയുര്‍വേദ, യുനാനി, ഹോമിയോ ചികിത്സകളും കവറേജില്‍ ഉള്‍പ്പെടും
* സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് റെഡ്കാര്‍പറ്റ് പോളിസി
* അറുപത് മുതല്‍ 70 വയസുവരെയുള്ളവര്‍ക്ക് പോളിസി എടുക്കാം
* വ്യക്തികള്‍ക്കു മാത്രമുള്ളതും, കുടുംബത്തിനാകെ ലഭിക്കുന്നതുമായ ഫ്‌ളോട്ടര്‍ പോളിസി
* പ്രീ മെഡിക്കല്‍ പരിശോധനയുടെ ആവശ്യമില്ല.
* രണ്ടാമത്തെ വര്‍ഷം മുതല്‍ നിലവിലുള്ള രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കും
* ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടാത്ത രോഗിയുടെ ചികിത്സച്ചെലവുകള്‍ക്ക് കവറേജ് ലഭിക്കും. കമ്പനിയുടെ നെറ്റ് വര്‍ക്കിലുള്ള ആശുപത്രിയിലായിരിക്കണം ചികിത്സ തേടേണ്ടത്.
* ഉയര്‍ന്ന കവറേജ് 25 ലക്ഷം രൂപ.
* ജീവിതകാലം മുഴുവന്‍ പുതുക്കാം
* ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറം സേവനം നല്‍കുന്ന ടീം