സ്ഥിരവരുമാന നിക്ഷേപങ്ങൾ
സ്ഥിരവരുമാന നിക്ഷേപങ്ങൾ
ഇപിഎഫ്: ശന്പളവരുമാനക്കാർക്കുള്ള റിട്ടയർമെന്‍റ് പദ്ധതിയാണ് ഇപിഎഫ് എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട.് ഇതിലെ നിക്ഷേപത്തിന് 80 സിയിൽ ഉൾപ്പെടുത്തി നികുതിയിളവു ലഭിക്കും.

ഇപിഎഫ് റിട്ടേണിനും നികുതിയിളവുണ്ട്. അടിസ്ഥാന ശന്പളം,ഡിഎ എന്നിവയുടെ 12 ശതമാനം തൊഴിലുടമ ശന്പളത്തിൽ നിന്നും പിടിച്ച് ഇപിഎഫിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഓരോ വർഷവും ഇപിഎഫ് പലിശ നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോൾ 8.65 ശതമാനമാണ് പലിശ.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്:

ഏറ്റവും ജനപ്രീതിയുള്ള നികുതി ലാഭ ഉപകരണങ്ങളിൽ ഒന്നാണിത്. ഗവണ്‍മെന്‍റാണ് ഈ പദ്ധതി പുറത്തിറക്കിയിട്ടുള്ളത്. അതിനാൽ 100 ശതമാനം സുരക്ഷിതത്വവുമുണ്ട്. ഇപ്പോൾ 7.9 ശതമാനമാണ് പലിശനിരക്ക്.

ഓരോ ക്വാർട്ടറിലും ഇതിന്‍റെ പലിശ നിരക്ക് പുതുക്കിപ്പോരുന്നു. ചുരുക്കത്തിൽ ഏറ്റവും സുരക്ഷിതത്വമുള്ള ദീർഘകാല ഡെറ്റ് നിക്ഷേപമാണ് പിപിഎഫ്.

ഉയർന്ന റിട്ടേണ്‍ ലഭിക്കുന്നുവെന്നു മാത്രമല്ല, നിക്ഷേപത്തിനും റിട്ടേണിനും നികുതിയിളവും ലഭിക്കുന്നുവെന്നതാണ് മറ്റൊരു ആകർഷണീയ വശം. ജോലിക്കാർക്കും ബിസിനസുകാർക്കും സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ആർക്കും ഇതിൽ നിക്ഷേപം നടത്താം. പതിനഞ്ചു വർഷമാണ് ഇതിന്‍റെ ലോക്ക് ഇൻ പീരിയഡ്. ദീർഘകാലത്തിൽ സന്പത്തു സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കു ഏറ്റവും യോജിച്ച നിക്ഷേപ ഉപകരണമാണ് പിപിഎഫ്.
എൻ എസ് സി:

ആദായനികുതിദായകർക്കു വേണ്ടി രൂപകൽപ്പന ചെയ്ത ഉപകരണമെന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. സുരക്ഷിതത്വവും നികുതിയിളവു ലഭിക്കുന്നതുമായ ഒരു മധ്യകാല സ്ഥിര വരുമാന ഡെറ്റ് നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്.
കേന്ദ്രസർക്കാരാണ് ഈ പോസ്റ്റോഫീസ് സന്പാദ്യ പദ്ധതി പുറത്തിറക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതമാണിത്. നിക്ഷേപത്തിനു പരിധിയില്ല. പക്ഷേ നികുതിയിളവ് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനേയുള്ളു. നിലവിൽ 7.9 ശതമാനമാണ് പലിശ നിരക്ക്.


പഞ്ചവർഷ ടാക്സ് സേവിംഗ്സ് എഫ്ഡി:
അഞ്ചുവർഷം ലോക്ക് ഇൻ പീരിയഡ് ഉള്ള ബാങ്ക് ഡിപ്പോസിറ്റ് ആണിത്. കാലാവധിക്കു മുന്പേ നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തിനുള്ള പലിശയാണ് ലഭിക്കുക.

ബാങ്കുകൾ തമ്മിൽ ഈ നിരക്കിൽ വ്യത്യാസമുണ്ടായിരിക്കും. റിട്ടേണിനു നികുതി നൽകണം. പലിശ പ്രതിമാസമോ ത്രൈമാസമോ ആയി വാങ്ങാം. പുനർനിക്ഷേപം നടത്തുകയും ചെയ്യാം.

സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം:
മുതിർന്ന പൗരന്മാർക്ക് നികുതി ലാഭിക്കുവാൻ കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുള്ള നികുതി ലാഭ ഉപകരണമാണ് സീനിയർ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം (എസ് സിഎസ്എസ്). അഞ്ചുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. പലിശ നിരക്ക് 8.6 ശതമാനം. പോസ്റ്റോഫീസ്, പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളിൽ ഈ നിക്ഷേപ അക്കൗണ്ട് തുറക്കാം. പലിശ ത്രൈമാസമായി വാങ്ങാം. പലിശയ്ക്കു നികുതി നൽകണം.

സുകന്യ സമൃദ്ധി യോജന:
പെണ്‍മക്കൾക്കു സാന്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർക്കു സുരക്ഷിതമായി നിക്ഷേപക്കുവാനും ഉയർന്ന വരുമാനം നേടുവാനും നികുതി ലാഭിക്കാനും അവസരമൊരുക്കുന്ന നിക്ഷേപ പദ്ധതിയാണ് 2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജന ( എസ്എസ്എ). ഇതിൽനിന്നു ലഭിക്കുന്ന റിട്ടേണിനു നികുതി നൽകേണ്ടതുമില്ല. പലിശ നിരക്ക് 8.4 ശതമാനം. വാർഷികമായി പലിശ മുതലിനോട് കൂട്ടിച്ചേർക്കപ്പെടുന്നു.

പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റ്:
അഞ്ചുവർഷക്കാലാവധിയിൽ നിക്ഷേപിക്കുന്ന പോസ്റ്റോഫീസ് ടൈം ഡിപ്പോസിറ്റിന് നികുതിയിളവു ലഭിക്കും. നിക്ഷേപത്തിനു പരിധിയില്ലെങ്കിലും നികുതിയിളവ് 1.5 ലക്ഷം രൂപവരെയേ ലഭിക്കുകയുള്ളു. പലിശ ഓരോ ക്വാർട്ടറിലും കണക്കാക്കുമെങ്കിലും വാർഷികാടിസ്ഥനത്തിലേ നിക്ഷേപകനു ലഭിക്കുകയുള്ളു. പുനർനിക്ഷേപവും നടത്താം. ഇപ്പോൾ 7.7 ശതമാനമാണ് പലിശ.