രണ്ടാംവരവില്‍ തിളങ്ങി സരിത ബാലകൃഷ്ണന്‍
രണ്ടാംവരവില്‍ തിളങ്ങി സരിത ബാലകൃഷ്ണന്‍
Monday, January 27, 2020 2:57 PM IST
അ ശകൊശലേ പെണ്ണുണ്ടോ പെണ്ണിനു മിന്നുണ്ടോ...'
എന്ന ടൈറ്റില്‍ സോംഗ് കേള്‍ക്കാത്തവരായി് അധികമാരും ഉണ്ടാകില്ല. മിന്നുകെട്ട് എന്ന പ്രശസ്ത സീരിയലിലെ ടൈറ്റില്‍ സോംഗില്‍ അഭിനയിച്ച രണ്ടു സുന്ദരികളില്‍ ഒരാളാണ് സരിത ബാലകൃഷ്ണന്‍. നൃത്തച്ചുവടുകളിലൂടെയാണ് സീരിയല്‍ മേഖലയിലേക്ക് സരിത പ്രവേശിക്കുന്നത്. അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചു. നെഗറ്റീവ്, കോമഡി ഉള്‍പ്പടെയുള്ള വേഷങ്ങളില്‍ തിളങ്ങി. പ്രശസ്തതാരം തെസ്‌നിഖാന്‍ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ സീരിയലില്‍ അഭിനയിച്ചത്. ഭര്‍ത്താവ് അനുരാഗ് എന്‍ജിനീയറാണ്. മകന്‍ കൃഷ്ണമൂര്‍ത്തിയും ടെലിവിഷന്‍ രംഗത്തുണ്ട്. വിവാഹം കഴിഞ്ഞതോടെ മൂന്നു വര്‍ഷം മിനിസ്‌ക്രീനില്‍ നിന്നും വിട്ടു നിന്നെങ്കിലും അശകൊശലെ ടീം തന്നെയാണ് സരിതയെ ടെലിവിഷനില്‍ രംഗത്ത് സജീവമാക്കിയത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തകര്‍പ്പന്‍ കോമഡി, കോമഡി സ്റ്റാര്‍സ്, കോമഡി കപ്പിള്‍സ് ഇവയിലെ സ്‌കിറ്റിലൂടെയും പ്രശസ്തയായി. സരിതയുടെ വിശേഷങ്ങളിലേക്ക്...

അഭിനേത്രിയാകാന്‍ കൊതിച്ച ബാല്യം

ഒരു അഭിനേത്രിയാവാന്‍ തന്നെയായിരുന്നു, അന്നും ആഗ്രഹം. ചെറുപ്പത്തില്‍ എനിക്ക് ഭക്ഷണം കഴിക്കാന്‍ മടി യായിരുന്നു. നന്നായി ഭക്ഷണം കഴിച്ചാല്‍ ഭാവിയില്‍ ഒരു നടിയാവാം എന്നു പറഞ്ഞാണ് അമ്മ ഭക്ഷണം തന്ന് ശീലിപ്പിച്ചത്.

നെഗറ്റീവ് റോളുകളെക്കുറിച്ച്

നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് പ്രേക്ഷകരില്‍ നിന്ന് കൂടുതല്‍ പ്രതികരണം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. വ്യത്യസ്ത റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷെ അവസരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ നെഗറ്റീവ്, കോമഡി ഇവ രണ്ടും മാറി മാറി ചെയ്യുന്നു. ഭിക്ഷക്കാരി, അന്യ ഭാഷയില്‍ സംസാരിക്കുന്നതരത്തിലുള്ള കഥാപാത്രം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇഷ്ടമാണ്. അതിനായി കാത്തിരിക്കുന്നു

? കോമഡി സ്‌കിറ്റ് കണ്ടിട്ട് ഭര്‍ത്താവും മകനും അഭിപ്രായങ്ങള്‍ പറയാറുണ്ടോ

വീട്ടില്‍ ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചിരുന്ന് പ്രോഗ്രാം കാണാറുണ്ട്. ഭര്‍ത്താവ് അനുരാഗിന് സ്‌കിറ്റിനോടൊന്നും അത്ര താല്പര്യമില്ല. പക്ഷെ നല്ല കോമഡിയുള്ള സ്‌കിറ്റുകള്‍ ഞാന്‍ നിര്‍ബന്ധിച്ച് പിടിച്ചിരുത്തിയാല്‍ കാണും. മകന്‍ കൃഷ്ണമൂര്‍ത്തി നല്ല സപ്പോര്‍ട്ടീവാണ്. എന്തു ചെയ്താലും അമ്മ സൂപ്പറായിട്ടുണ്ട് എന്ന് അവന്‍ പറയും. ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത് എന്റെ അമ്മയാണ്. അമ്മ എന്നെ വഴക്ക് പറഞ്ഞിട്ടാണ് പ്രോത്സാഹിപ്പിക്കുന്നത്. അമ്മ ഒരിക്കലും നല്ലത് പറയില്ല. കഥാപാത്രം അമ്മയ്ക്ക് ഇഷ്ടപ്പൊലും കുഴപ്പമില്ല എന്നു മാത്രമേ പറയൂ. എന്റെ മേക്കപ്പായാലും, സാരിയായാലും, ഹെയര്‍ സ്റ്റൈല്‍ ആയാലും അമ്മ ശരിയായില്ല എന്നു പറയും. എന്താ വേഷം കെട്ടിയിരിക്കുന്നത്, ശരിയായില്ലല്ലോ എന്നാണ് സ്ഥിരം കമന്റ്. അങ്ങനെ നെഗറ്റീവ് കമന്‍േറാടുകൂടി സപ്പോര്‍ട്ടു ചെയ്യുന്നത് അമ്മ തന്നെയാണ്.



? സ്ത്രീജന്മം സീരിയലില്‍ വാറ്റു ചാരായക്കാരിയായ സുജയായി അഭിനയിക്കാന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയിരുന്നുവോ


ഈ വേഷം ചെയ്യാന്‍ വേണ്ടി എനിക്കു മുമ്പേ മൂന്നുപേര്‍ ചെയ്തു വച്ചിരിക്കുകയായിരുന്നുവത്രെ. ആരൊക്കെയാണെന്നറിയില്ല. ആദ്യമൊക്കെ ശരിയാവുമെന്ന് തോന്നിയില്ല. വേഷമാണെങ്കില്‍ മുണ്ടും ബ്ലൗസും തോര്‍ത്തും. എനിക്ക് ശരിയാവില്ലെന്നു തോന്നിയിട്ട് മാറ്റി വച്ച ഒരു കാരക്ടറായിരുന്നു. അവസാനം എനിക്ക് തന്നെ ചെയ്യേണ്ടി വന്നു. പിന്നീട് ഈ കാരക്ടര്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ള വേഷമായി മാറി. പുറത്തുപോകുമ്പോള്‍ ദേ.. വാറ്റുചാരായക്കാരി സുജ എന്ന് പലരും ചൂണ്ടിക്കാണിച്ച് പറയുമ്പോള്‍ വലിയ ഒരു അംഗീകാരമായിട്ടാണ് തോന്നിയത്.

സിനിമ വിളിച്ചാല്‍

നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ സിനിമ സ്വീകരിക്കും. പക്ഷെ എന്തുതന്നെയായാലും സ്‌കിറ്റും സീരിയലും മറക്കുന്ന പ്രശ്‌നമില്ല. സിനിമയില്‍ വലിയ പ്രതീക്ഷയൊന്നുമില്ല. ഇത്രയും വര്‍ഷമായിട്ടും സിനിമ ചെയ്യാന്‍ ആരും മലയാളത്തില്‍ നിന്ന് വിളിച്ചില്ലല്ലോ. ഏതായാലും വലിയ മോഹങ്ങളൊന്നും ഇല്ല. സീരിയലും സ്‌കിറ്റുമായിട്ട് പോകണമെന്ന് മാത്രമേയുള്ളു.

എട്ടു വര്‍ഷം കഴിഞ്ഞുള്ള രണ്ടാം വരവ്

ദൈവാനുഗ്രഹമല്ലാതെ മറ്റെന്തു പറയാന്‍, രണ്ടാം വരവിലെ വിജയശതമാനം വളരെ കുറവാണ്. നമ്മുടെ മുമ്പില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഒന്നോ രണ്ടോ പ്രോജക്ടുകള്‍ കഴിഞ്ഞാല്‍ പിന്നെ അവരെ കാണാറേയില്ല. രണ്ടാം വരവില്‍ ഇപ്പോള്‍ നാലു വര്‍ഷം കഴിഞ്ഞു. ഭയങ്കര സന്തോഷത്തിലാണ് ഞാന്‍. എന്റെ പ്രേക്ഷകര്‍ തന്നെയാണ് എന്നെ പിടിച്ചു നിര്‍ത്തുന്നത്. ഈശ്വരാധീനം തന്നെ.

? സീരിയല്‍, കോമഡി... കംഫര്‍ട്ട് ഏതു സെറ്റിലാണ്

രണ്ട് സെറ്റിലും ഒത്തിരി വ്യത്യസ്തതയുണ്ട്. പക്ഷെ ഏതു സെറ്റാണ് കംഫര്‍ട്ട് എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല. രണ്ടും ഞാന്‍ ആസ്വദിക്കുന്നുണ്ട്.

പ്രേക്ഷക പ്രതികരണം

പുറത്തുവച്ച് പ്രേക്ഷകര്‍ തിരിച്ചറിയുമ്പോള്‍ സന്തോഷം മാത്രമേയുളളു. കാണുമ്പോള്‍ ചിലര്‍ അടുത്തുവന്ന് വിശേഷങ്ങള്‍ ചോദിക്കും. ഫോട്ടോയും എടുക്കാറുണ്ട്. കംഫര്‍ട്ടബിള്‍ അല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ഇതുവരെ എന്നെ ആരും ബുദ്ധിമുട്ടിച്ചിട്ടില്ല. പക്ഷേ ചെറുപ്പത്തില്‍ ഒരു അനുഭവമുണ്ടായി. മകള്‍ മരുമകള്‍ എന്ന സീരിയലില്‍ സുകുമാരി ആന്റിയുടേയും സണ്ണിച്ചായന്റെയും മരുമകളായിട്ട് അഭിനയിച്ച സമയത്ത്, സുകുമാരി ആന്റിയെ ഉപദ്രവിക്കുന്ന വില്ലത്തി കഥാപാത്രം കണ്ട് ചില അമ്മൂമ്മമാര്‍ വഴിയില്‍ വച്ച് കാണുമ്പോള്‍ ശരീരത്ത് നുള്ളി നോവിച്ചിട്ടുണ്ട്.

? മോനും ഒരു സെലിബ്രിറ്റിയാണല്ലോ

അയ്യോ....... അവന്‍ താരമൊന്നുമല്ല. അവനും അഭിനയ രംഗത്ത് ഉണ്ടെന്ന് മാത്രം. ഫ്‌ളവേഴ്‌സ് ടിവിയില്‍ കുട്ടിക്കലവറ എന്ന പ്രോഗ്രാമില്‍ ഉണ്ടായിരുന്നു. പിന്നെ ദുബാറെ എന്ന ഹിന്ദി സിനിമയില്‍ പാര്‍വതി ഓമനക്കുട്ടന്റെ കൂടെ അഭിനയിച്ചു. പിന്നെ ജാഗ്രത, ആത്മസഖി സീരിയലുകള്‍. ഇപ്പോള്‍ ചാക്കോയും മേരിയും എന്ന സീരിയലുണ്ട്.

കുടുംബം

പപ്പ പരേതനായ ബാലകൃഷ്ണന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലായിരുന്നു. അമ്മ ശാന്തികൃഷ്ണ കൊച്ചിന്‍ കലാഭവനില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വിഭാഗത്തിലെ അധ്യാപികയാണ്. അനിയന്‍ സന്ദീപ് ബാലകൃഷ്ണന്‍. അവന്റെ വിവാഹം കഴിഞ്ഞു. പിന്നെ ഞങ്ങള്‍...

സുനില്‍ വല്ലത്ത്