സീമന്തരേഖയില്‍ സ്റ്റിക്ക് പൊട്ടുകള്‍
സീമന്തരേഖയില്‍ സിന്ദുരം ചാര്‍ത്തുന്നതിന്റെ സൗന്ദര്യം കുറച്ചുകാലങ്ങളായി മലയാളം അനുഭവിക്കുകയാണ്. 'സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തിയ ഹേമന്ത നീല നിശീഥിനി...' എന്ന സിനിമാഗാനംതന്നെ മലയാളിയും സീമന്തകുങ്കുമവും തമ്മിലുള്ള ലയം വിളിച്ചോതുന്നതാണ്. സിന്ദൂരത്തിനു പകരം ചുവപ്പ് സ്റ്റിക്ക്, മെറൂണ്‍ സ്റ്റിക്ക് തുടങ്ങിയവ ഇപ്പോള്‍ ലഭ്യമാണ്.

ഈ സീമന്തസിന്ദൂരത്തിനു പകരം നല്ല ഭംഗിയുള്ള സ്റ്റിക്ക് പൊട്ടുകള്‍ നെറുകയില്‍ ഒട്ടിക്കുന്ന ഫാഷന്‍ കുറച്ചു വ്യത്യസ്തമാണ്. ചെറിയ ചുവപ്പ് സ്റ്റിക്കര്‍ പൊട്ടുകള്‍, അലങ്കാരമുള്ള പൊട്ടുകള്‍, പല വര്‍ണങ്ങളിലെ കുഞ്ഞുപൊട്ടുകള്‍, കൂടാതെ വെള്ളക്കല്ലുകള്‍ തുടങ്ങിയവ വ്യത്യസ്തമായി ചിന്തിക്കുന്ന സ്ത്രീകള്‍ ചാര്‍ത്തിവരുന്നു.

സ്വന്തം അഭിരുചിയനുസരിച്ച് പലതരം ഡിസൈനുകളായി പൊട്ടുകള്‍ സീമന്തരേഖയില്‍ അണിയുന്നുണ്ട്. ഒറ്റ പൊട്ടായി ഒട്ടിക്കുന്നവരും നിരനിരയായി സീമന്തരേഖയില്‍ പല വര്‍ണപൊട്ടുകള്‍ പതിച്ചുവയ്ക്കുന്നവരുമുണ്ട്. ആചാരത്തിനപ്പുറം ഫാഷനായും വെറൈറ്റിയായും ഇവ ഉപയോഗിച്ചുവരുന്നു.


നെറ്റിയിലെ പൊട്ടിനു താഴെയും സീമന്തരേഖയിലും ഒരുപോലെ തിളങ്ങുന്ന ചെറിയ സ്റ്റിക്കര്‍ പൊട്ടുകള്‍ ചാര്‍ത്തുന്ന ഫാഷനും നിലവിലുണ്ട്. നെറ്റിയില്‍ അണിയുന്ന പൊട്ടും നെറുകയിലെ പൊട്ടും സ്റ്റിക്കര്‍പൊട്ട് തന്നെയാകുന്നത് വേറിട്ട ഭംഗി നല്‍കുന്നു എന്ന അഭിപ്രായമുള്ളവരും ഉണ്ട്. പത്തുരൂപ മുതല്‍ ഇത്തരം പൊട്ടുകള്‍ ലഭ്യമാണ്.

സീമന്തത്തില്‍ ചുവന്ന സിന്ദൂരം വിവാഹിതകളായ സ്ത്രീകള്‍ ചാര്‍ത്തുന്ന ആചാരം വടക്കേഇന്ത്യക്കാരുടേതാണ്. രണ്ട് തലമുറകള്‍ക്കു മുന്‍പുള്ള മലയാളിസ്ത്രീകള്‍ നെറുകയില്‍ കുങ്കുമം അണിഞ്ഞിരുന്നില്ല എന്നതാണു സത്യം. ഇപ്പോള്‍ എണ്‍പതുകള്‍ എത്തിയ സ്ത്രീകളും എത്തുന്നവരും എണ്‍പതു കടന്നവരും അവരുടെ വിവാഹശേഷം ആചാരംപോലെ സിന്ദൂരം ചാര്‍ത്തിയിരുന്നില്ല. പില്‍ക്കാലത്താണ് അതായത് 1970കള്‍ പിന്നിട്ടപ്പോഴാണ് വിവാഹശേഷം മംഗല്യവതികളായ സ്ത്രീകള്‍ സീമന്തസിന്ദൂരം അണിഞ്ഞുതുടങ്ങിയത്. പ്രായമായ വിവാഹിതരായ സ്ത്രീകളും ഈ ഒരു ആചാരം പിന്നീട് അനുകരിക്കുകയായിരുന്നു.

എസ്.മഞ്ജുളാദേവി