സീത + ജാനകി =മാളവിക
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസിലെ ഇഷ്ടനായികമാരുടെ പട്ടികയില്‍ പ്രഥമസ്ഥാനമാണ് മാളവിക വെയ്ല്‍സിന്. അഭിനയമികവിനാല്‍ സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ പ്രധാന വേഷങ്ങളിലെത്തിയ മാളവിക പക്ഷേ അഭിനയരംഗത്തെത്തുന്നത് വിനീത് ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ്. മലര്‍വാടിയിലൂടെ തുടക്കം കുറിച്ചവരില്‍ മാളവിക അടക്കമുള്ളവര്‍ ഇന്ന് തിരക്കുള്ള താരങ്ങളുമാണ്. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാളവികയുടെ വിശേഷങ്ങള്‍ അറിയാം...

? അഭിനയരംഗത്തെത്തുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ
തികച്ചും ദൈവാനുഗ്രഹം എന്നേ പറയാനാകൂ. പഠനത്തിനും നൃത്തത്തിനുമായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കിയത്. പിന്നെ മിസ് കേരള മത്സരത്തില്‍ ബ്യൂട്ടിഫുള്‍ ഐസ് എന്ന പട്ടം കിട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്നാണ് വിനീതേന്‍ മലര്‍വാടിയിലേക്ക് വിളിക്കുന്നത്. അതായിരുന്നു തുടക്കം.

? ആറ് മലയാള സിനിമകള്‍, മൂന്ന് തമിഴ് സിനിമകള്‍, ഒരു കന്നഡ സിനിമ... അങ്ങനെ 10 സിനിമകള്‍... പിന്നെ എന്തു കൊണ്ടാണ് മിനിസ്‌ക്രീന്‍ തിരഞ്ഞെടുത്തത്

ഒരിക്കലും അങ്ങനെയല്ല.തുടക്കം സിനിമയായിരുന്നു, പക്ഷേ ഇപ്പോള്‍ മിനിസ്‌ക്രീനില്‍ സജീവമാണ്. പിന്നെ അച്ഛനായിരുന്നു അഭിനയത്തില്‍ എനിക്കെല്ലാ പിന്തുണയും നല്‍കി കൂടെ നിന്നത്. അദ്ദേഹത്തിന്റെ വിയോഗം ഒരു കാരണമായി. ഞാനായിട്ട് വേഷങ്ങള്‍ക്കായി ശ്രമങ്ങളൊന്നും നടത്തിയില്ല. ശരിക്കു പറഞ്ഞാല്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിനിസ്‌ക്രീനില്‍ എത്തുന്നത്. സജിന്‍ രാഘവന്‍ സാറിന്റെ പൊന്നമ്പിളിയിലൂടെ ജനങ്ങളുടെ ഇഷ്ടം നേടാനായി. പിന്നീടാണ് സീരിയല്‍ അഭിനയം ഗൗരവത്തോടെ ചെയ്തു തുടങ്ങിയത്. അവിടെയും എല്ലാം ഈശ്വരാനുഗ്രഹം എന്ന് വിശ്വസിക്കാനാണിഷ്ടം.

? വളരെ വര്‍ഷങ്ങളായി നൃത്തം അഭ്യസിക്കുന്നു. ഈ രംഗത്ത് സജീവമായി തുടരുവാന്‍ ആഗ്രഹിക്കുന്നോ

തീര്‍ച്ചയായും. ഷൂട്ടിംഗ് തിരക്കുകള്‍ മൂലം ഇപ്പോള്‍ കൃത്യമായി പരിശീലനം ചെയ്യാന്‍ സാധിക്കാറില്ല. ചെറുപ്പം മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്. നൃത്തത്തിനായി സമയം കണ്ടെത്തണമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ഭാവിയില്‍ നര്‍ത്തകിയായി നിലനില്‍ക്കാനാണ് ഏറെ ഇഷ്ടം.

? സീരിയല്‍ രംഗത്ത് ഏറെ പ്രശംസ നേടിത്തന്ന കഥാപാത്രം

ഞാന്‍ ചെയ്ത എല്ലാ വേഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. പക്ഷേ തെന്നിന്ത്യയില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ നാലു ഭാഷകളില്‍ മെഗാഹിറ്റായ നന്ദിനി എന്ന പരമ്പരയില്‍ സീത ജാനകി എന്ന ഡബിള്‍ റോളിലാണ് അഭിനയിച്ചത്. അതില്‍ ജാനകി എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നെ ആദ്യസീരിയലായ പൊന്നമ്പിളിയിലെ പൊന്നു... ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അജ്ഞന...എല്ലാം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.

? നന്ദിനി എന്ന ഹൊറര്‍ സീരിയല്‍ നല്‍കിയ അനുഭവങ്ങള്‍

ശരിക്കും ഒരു സിനിമാനുഭവം തന്നെയായിരുന്നു നന്ദിനി. തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ സുന്ദര്‍ സി കുശ്ബു മാഡം എന്നിവരുടെ നിര്‍മ്മാണ സംരംഭം. തമിഴിലെ മുന്‍നിര താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ അതിലുപരി ബിഗ്ബജറ്റ് സീരിയല്‍. അതില്‍ തന്നെ പ്രധാന കഥാപാത്രം. എല്ലാം കൊണ്ടും വല്ലാത്ത ഒരനുഭവമായിരുന്നു നന്ദിനി. സിനിമയിലേക്കാള്‍ കൂടുതല്‍ അഭിനേതാക്കളുമായുള്ള കോംബിനേഷന്‍ സീനുകള്‍, അതിലുപരി കുശ്ബു മാഡത്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുക എന്നതൊക്കെ എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.

? ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങളായി. സീരിയലുകള്‍ തിരഞ്ഞെടുക്കുന്നതിലെ മാനദങ്ങള്‍

അതെ. പൊന്നമ്പിളി, അമ്മുവിന്റെ അമ്മ പിന്നെ ഇപ്പോള്‍ ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ്. മൂന്ന് സീരിയലുകളും ദൈവാനുഗ്രഹത്താല്‍ ഹിറ്റായി. മാത്രമല്ല മൂന്നു കഥാപാത്രങ്ങളും ഇപ്പോള്‍ ആളുകള്‍ ഓര്‍ത്തിരിക്കുന്നു. സീരിയലുകള്‍ അങ്ങനെ സംഭവിക്കുന്നതാണ്. കഥ വായിക്കും. എന്റെ കഥാപാത്രത്തെ മനസിലാക്കും. എനിക്ക് ചേരുന്നതാണോ അല്ലെങ്കില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതാണോ എന്ന് നോക്കിയാണ് സീരിയലുകള്‍ തിരഞ്ഞെടുക്കുന്നത്. പിന്നെ സീരിയല്‍ കൂടുതല്‍ സമയമെടുക്കുന്നതാണ്. ചിലപ്പോള്‍ കഥയിലോ കഥാപാത്രത്തിലോ മാറ്റങ്ങള്‍ വരാം. അങ്ങനെ വരുമ്പോള്‍ സംവിധായകന്‍, പ്രൊഡക്ഷന്‍ എന്നിങ്ങനെയുള്ള കാര്യങ്ങളും പരിശോധിക്കും.

? മിനിസ്‌ക്രീനില്‍ സജീവമായതിന് ശേഷം ലഭിച്ച മറക്കാനാകാത്ത പ്രതികരണം

ഞാന്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരെടുത്ത് വിളിച്ച് അടുത്ത് വന്ന് പരിചയപ്പെടുന്ന ഒരുപാട് പേരുണ്ട്. നന്ദിനി ചെയ്യുന്ന സമയത്ത് തമിഴ്‌നാട്ടില്‍ വച്ച് ഒരുപാട് കുട്ടികള്‍ ജാനകി എന്ന് വിളിച്ച് സംസാരിച്ചിട്ടുണ്ട്. നമ്മള്‍ ചെയ്യുന്ന കഥാപാത്രത്തോടുള്ള ഇഷ്ടമാണ് അവര്‍ കാണിക്കുന്നത്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരവും അതാണ്. അതു പോലെ തന്നെയാണ് പൊന്നുവിനോടുള്ള സ്‌നേഹം പ്രേക്ഷകര്‍ കാണിക്കുന്നതും. അമ്പലങ്ങളില്‍ പോകുമ്പോള്‍ പല അമ്മമാരും വന്ന് കെട്ടിപ്പിടിച്ച് സംസാരിക്കും. അതൊക്കെ എനിക്ക് വലിയ സന്തോഷമാണ്. ദാ അഞ്ജന പോണൂ, പൊന്നു പോണൂ എന്നൊക്കെ അടക്കം പറയുന്നതും കേള്‍ക്കാം. അവരുടെ സ്‌നേഹവും കരുതലുമാണ് ഏറെ ഇഷ്ടം.


? അഭിനയമെന്ന നിലയില്‍ സിനിമയെയും സീരിയലിനെയും എങ്ങനെ കാണുന്നു

രണ്ടും വ്യത്യസ്തമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്കങ്ങനെ തോന്നിയിട്ടില്ല. രണ്ടില്‍ നിന്നും നമുക്ക് ഒരുപാട് പഠിക്കാന്‍ പറ്റും. എന്നെ സംബന്ധിച്ച് അഭിനയം രണ്ടിലും ഒരു പോലെയാണ്. പലര്‍ക്കും സീരിയല്‍ അഭിനയത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ്. പ്രത്യേകിച്ച് കോസ്റ്റിയൂംസിന്റെ കാര്യത്തില്‍. പക്ഷേ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് കഥാപാത്രങ്ങള്‍ സീരിയലുകളില്‍ വരുന്നത്. ഞാനത് കാര്യമായി ശ്രദ്ധിക്കുന്ന ആളുമാണ്.

ഇഷ്ടഭക്ഷണം
ഞാന്‍ നല്ലൊരു ഭക്ഷണപ്രിയയാണ്. എല്ലാം തന്നെ ഇഷ്ടവുമാണ്. നോണ്‍വെജ് ഭക്ഷണം പ്രത്യേകിച്ചും. എടുത്തു പറയാന്‍ പ്രത്യേക ഭക്ഷണമില്ല. എല്ലാം ഇഷ്ടമാണ്.

ഇഷ്ടവസ്ത്രം
സാരിയാണ് കൂടുതല്‍ ഇഷ്ടം.

ഇഷ്ടനിറം
ചുവപ്പും മഞ്ഞയുമാണ് ഇഷ്ടനിറങ്ങള്‍. അതില്‍ തന്നെ കൂടുതല്‍ ഇഷ്ടം മഞ്ഞയോടാണ്.

? അഭിനയരംഗത്ത് വന്നില്ലായിരുന്നുവെങ്കില്‍ ഏത് മേഖല തിരഞ്ഞെടുക്കുമായിരുന്നു
എന്റെ അച്ഛന്റെ പ്രഫഷന്‍ തന്നെ തിരഞ്ഞെടുക്കുമായിരുന്നു. അച്ഛന്‍ ചാര്‍േട്ടഡ് അക്കൗണ്ടന്റായിരുന്നു. ചെറുപ്പം മുതല്‍ സിഎ എടുക്കണമെന്നായിരുന്നു. മൂത്ത സഹോദരനും ചാര്‍േഡ് അക്കൗണ്ടന്റാണ്. എനിക്കും വലിയ ആഗ്രഹമായിരുന്നു.

? സമൂഹ മാധ്യമങ്ങളില്‍ സജീവമാണോ
ഞാന്‍ തീരെ സജീവമല്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടെങ്കിലും അത്ര സജീവമല്ല. കൂടുതല്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളായതുകൊണ്ട് തന്നെ ഇത്തരം മാധ്യമങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. കൂടുതല്‍ സമയവും കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് ഇഷ്ടം.

? സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ അതിര് കടക്കുന്നതായി തോന്നിയിട്ടുണ്ടോ
തീര്‍ച്ചയായും തോന്നിയിട്ടുണ്ട്. ഒരുപാട് വാര്‍ത്തകള്‍ ഇതേക്കുറിച്ച് കേള്‍ക്കുന്നു. നമ്മളെ ഇത്തരം മാധ്യമങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. വ്യക്തിപരമായി അത്തരം അനുഭവങ്ങള്‍ ഉണ്ടായിില്ല.

? ഭാവി തീരുമാനങ്ങള്‍..വിവാഹ ജീവിതം...സിനിമ...

സത്യത്തില്‍ ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് എനിക്കറിയില്ല. സിനിമയെ ഒരിക്കലും ഞാന്‍ തേടി പോയിട്ടില്ല. അതിനിയും അങ്ങനെ ആയിരിക്കും. നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി എത്തിയാല്‍ തീര്‍ച്ചയായും ചെയ്യും. സമയമാകുമ്പോള്‍ വിവാഹം നടക്കും എന്നല്ലാതെ ഒന്നും ഇപ്പോള്‍ പറയാനില്ല..

പ്രേക്ഷകരോട് പങ്കുവയ്ക്കാന്‍

ഇത്രയും നാളും എനിക്ക് തന്ന സ്‌നേഹവും പിന്തുണയും ഇനിയുമുണ്ടാകണം. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ അംഗീകരിക്കണം. നിങ്ങളുടെ സ്‌നേഹം എപ്പോഴും ഉണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥനയും ആഗ്രഹവും.

ഇഷ്ടവിനോദം
പെയിന്റിംഗാണ് എന്റെ ഇഷ്ടവിനോദം. പിന്നെ സംഗീതം ആസ്വദിക്കുന്നത് വളരെ ഇഷ്ടമാണ്.

പോകാന്‍ ആഗ്രഹിക്കുന്ന രാജ്യം
കാണാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ ഒരുപാടുണ്ട്. ദുബായ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. പോയിട്ടുമുണ്ട്. ഇന്ത്യയില്‍ തന്നെ ഒരുപാട് ഇഷ്ടസ്ഥലങ്ങളുണ്ട്. അതിന് ശേഷമേ പുറം രാജ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നുള്ളു.

ലോക്ക്ഡൗണ്‍ കാലം എങ്ങനെ ചിലവഴിക്കുന്നു

ലോക്ക്ഡൗണിലും പ്രധാനം വര്‍ക്കൗട്ട് തന്നെയാണ്. പിന്നെ ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും പാചകം. കുടുംബവുമൊത്ത് കുറെ സമയം ചിലവഴിക്കാന്‍ പറ്റുന്നുണ്ട്.

കുടുംബം

അച്ഛന്‍ വെയ്ല്‍സ് ചാര്‍േഡ് അക്കൗണ്ടന്റായിരുന്നു. ചേട്ടന്‍ ചാര്‍േഡ് അക്കൗണ്ടന്റായ മിഥുന്‍ വെയ്ല്‍സ് ഭാര്യയോടൊപ്പം തൃശൂരില്‍ താമസിക്കുന്നു. അമ്മ സുധിന വീട്ടമ്മയാണ്. എന്നോടൊപ്പം കൊച്ചിയില്‍ താമസം.

ശരത്ത്കുമാര്‍ ടി.എസ്