നവവധുവിന് അണിയാന്‍ ട്രെന്‍ഡി മാസ്‌കുകള്‍
നവവധുവിന് അണിയാന്‍ ട്രെന്‍ഡി മാസ്‌കുകള്‍
പുതുമണവാട്ടി അണിഞ്ഞിരിക്കുന്ന സാരിക്കു യോജിച്ച അതേ നിറത്തിലുള്ള മാസ്‌കുകള്‍... സ്വര്‍ണ നൂലുകളും മുത്തുകളും തൊങ്ങലുകളും പതിപ്പിച്ച അതിമനോഹരമായ മാസ്‌കുകള്‍... പൂക്കളും വിവിധ ഡിസൈനുകളും തുന്നിച്ചേര്‍ന്ന ഗ്ലാമറസ് മാസ്‌കുകള്‍... ഇതു ഫാഷന്‍ വിവാഹ മാസ്‌ക്കുകളുടെ കാലം.

കല്യാണങ്ങളുടെ വര്‍ണഭംഗി കുറയുന്നുവെന്നും നവവധുവിന്റെ മുഖ സൗന്ദര്യം പകുതിയും മാസ്‌കുകൊണ്ട് മൂടേണ്ടിവരുന്നുവെന്നുമുള്ള വിഷമം അകറ്റാന്‍ ഇപ്പോള്‍ എത്തിയിരിക്കുകയാണ് ട്രെന്‍ഡി മാസ്‌കുകള്‍.
നവവധുക്കള്‍ മൂക്കില്‍ അണിഞ്ഞിരിക്കുന്ന മൂക്കുത്തിയും ചുണ്ടിലെ ബ്രൈറ്റ് ലിപ്സ്റ്റിക്കും മാസ്‌കുകള്‍ മറയ്ക്കുന്നുവെന്ന വിഷമം മറികടക്കാന്‍ അലങ്കാര പൂര്‍ണമാക്കുകയാണ് മാസ്‌കുകള്‍.

വടക്കേ ഇന്ത്യയില്‍ തുടക്കമി മാസ്‌ക് വസന്തം ഇപ്പോള്‍ കേരളത്തിലും ചുവടുറപ്പിക്കുകയാണ്. കഴിവിനനുസരിച്ചു മണവാട്ടിമാര്‍ ഏറ്റവും മുന്തിയ കല്യാണസാരിയും ആഭരണങ്ങളും അണിഞ്ഞുതന്നെയാണ് ലോക്ക് ഡൗണ്‍ കാലത്തും വിവാഹ മണ്ഡപത്തിലെത്തുന്നത്. നെറ്റിച്ചുട്ടിയും മാട്ടിയും മുഖചമയവും എല്ലാം മുന്‍നാളുകളിലേതുപോലെതന്നെ. ജീവിതത്തിലെ ഏറ്റവും അനര്‍ഘനിമിഷം നഷ്ടമാക്കുവാന്‍ ഭൂരിഭാഗം വധുക്കളും തയാറല്ല എന്നര്‍ഥം. 2020ല്‍ മാസ്‌ക് ധരിച്ച് വിവാഹം കഴിക്കേണ്ടിവരുന്നവര്‍ക്ക് ആശ്വാസമേകുവാനായി ഏറ്റവും ട്രെന്‍ഡിയായ മാസ്‌കുകള്‍ ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.


വിവാഹ ചടങ്ങുകള്‍ ഇപ്പോള്‍ ഏറ്റവും ലളിതമായ രീതിയില്‍ ആണ് നടക്കുന്നതെങ്കിലും സാധാരണ രീതിയിലെ മാസ്‌ക് ധാരണം കൊണ്ടു തങ്ങളുടെ വിവാഹത്തിന്റെ നിറം കെടുത്തുവാന്‍ പലരും തയാറല്ല.

നവവധുവിന്റെ നിറപ്പകിട്ടാര്‍ന്ന സാരിയുടെ തന്നെ ഒരുഭാഗം മാസ്‌കായി ഉപയോഗിക്കുന്ന രീതിയും ഉണ്ട്. വിവാഹസാരിക്കോ ലഹംഗയ്‌ക്കോ മാച്ചു ചെയ്യുന്ന രീതിയിലെ മാസ്‌കുകള്‍ പലരും തെരഞ്ഞെടുക്കുന്നു.

കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാലകളും മാസ്‌കുകളും തമ്മില്‍ ചേര്‍ച്ച ഉണ്ടാകാനും ശ്രദ്ധിക്കുന്നുണ്ട്. നവവധുവിന്റെ മുഖ സൗന്ദര്യം വര്‍ധിപ്പിക്കുന്നതാകണം മാസ്‌കുകള്‍ എന്ന ചിന്തയും ഫാഷന്‍ ലോകത്ത് നിലനില്‍ക്കുന്നു. കോണ്‍ട്രാസ്റ്റായ മാസ്‌കും ട്രെന്‍ഡി തന്നെ. വധുവിന്റെ ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കുന്ന വധുവിന്റെ സുഹൃത്തുക്കളും ഇതുപോലെ ഗ്ലാമറും മാച്ചിംഗുമായ മാസ്‌കുകള്‍ ധരിക്കുന്ന പതിവും തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനായും മാസ്‌ക്കുകള്‍ ലഭ്യമാണ്.

ഭംഗിയും സംരക്ഷണവും ഒപ്പം കിട്ടുന്ന വിവാഹ മാസ്‌കുകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

എസ്.മഞ്ജുളാദേവി