എർട്ടിഗ 1.5 ലിറ്റർ ഡീസൽ വിപണിയിൽ
Saturday, May 4, 2019 1:34 PM IST
മുംബൈ: മാരുതി സുസുകി അടുത്തിടെ പുറത്തിറക്കിയ ഓൾ ന്യൂ എർട്ടിഗയുടെ 1.5 ലിറ്റർ ഡീസൽ പതിപ്പ് വിപണിയിൽ. 9.86 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) ഡീസൽ മോഡലിന്റെ (വിഡിഐ വേരിയന്റ്) പ്രാരംഭ വില. ആകെ മൂന്നു വേരിയന്റുകൾ 1.5 ലിറ്റർ എൻജിൻ ഓപ്ഷനിൽ ലഭ്യമാകും.
1.3 ലിറ്റർ എർട്ടിഗയേക്കാൾ 29,311 രൂപ കൂടുതലാണ് 1.5 ലിറ്റർ മോഡലിന്. മാരുതി വികസിപ്പിച്ച പുതിയ ഇ15എ ഡിഡിഐഎസ് 225 മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. ഇതിന് 94 ബിഎച്ച്പി പവറിൽ 225 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. ആറ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ ലഭ്യമാകുന്ന 1.5 ലിറ്റർ ഡീസൽ എൻജിന്റെ ഇന്ധനക്ഷമത ലിറ്ററിന് 24.20 കിലോമീറ്ററാണ്.
എംപിവി വിഭാഗത്തിൽ 39 ശതമാനം വിപണിവിഹിതമാണ് ഓൾ ന്യൂ മാരുതി സുസുകി എർട്ടിഗയ്ക്കുള്ളത്. 2018 നവംബറിൽ വിപണിയിൽ അവതരിപ്പിച്ചതിനുശേഷം 40,000 എണ്ണം വിറ്റഴിക്കാൻ മാരുതിക്കു കഴിഞ്ഞിട്ടുണ്ട്. മുൻതലമുറ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്പേസ്, സൗകര്യം, ഡിസൈൻ എന്നിവയിൽ പുതിയ മോഡൽ ഏറെ മുന്നിലാണ്.