ടാറ്റയും പറയും ഡീസൽ എൻജിനുകൾക്ക് ‘ടാറ്റാ'
Tuesday, May 7, 2019 2:39 PM IST
മുംബൈ: രാജ്യത്ത് 2020 മുതൽ ബിഎസ്-6 മാനദണ്ഡമനുസരിച്ചുള്ള വാഹനങ്ങൾ പുറത്തിറക്കണമെന്നിരിക്കേ ചെറു വാഹനങ്ങളുടെ ഡീസൽ പതിപ്പുകൾ ഇറക്കില്ലെന്ന് ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ തിയാഗോ, കോംപാക്ട് സെഡാൻ മോഡലായ ടിഗോർ എന്നിവയുടെ ഡീസൽ പതിപ്പുകൾ ഇറക്കില്ലെന്നാണ് പ്രഖ്യാപനം. അതേസമയം, സബ് 4-മീറ്റർ കോംപാക്ട് എസ്യുവിയായ നെക്സോണിന്റെ 1.5 ലിറ്റർ ഡീസൽ എൻജിൻ പിൻവലിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
പെട്രോൾ എൻജിനുകളെ അപേക്ഷിച്ച് ഡീസൽ എൻജിനുകൾ ബിഎസ്-6ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കൂടുതൽ ചെലവ് വരുന്നതാണ് ഡീസൽ മോഡലുകൾ ഇറക്കാതിരിക്കാൻ ടാറ്റ മോട്ടോഴ്സിനെ പ്രേരിപ്പിക്കുന്നത്. പുതിയ മലീനീകരണ മാനദണ്ഡങ്ങൾ പാലിച്ച് വാഹനങ്ങൾ ഇറക്കിയാൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ തമ്മിലുള്ള വിലവ്യത്യാസം രണ്ടു ലക്ഷം രൂപയോളം വരുമെന്നാണ് ടാറ്റാ മോട്ടോഴ്സിന്റെ വിലയിരുത്തൽ. അതിനാൽത്തന്നെ ചെറുവാഹന സെഗ്മെന്റുകളിൽ ഉപയോക്താക്കൾ വില കുറഞ്ഞ വാഹനങ്ങൾ വാങ്ങാൻ താത്പര്യപ്പെടും. ഇക്കാരണങ്ങൾക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഡീസൽ വാഹനങ്ങൾ ഇറക്കില്ല എന്ന് പ്രഖ്യാപിച്ചത്.
അതേസമയം, വലിയ എസ്യുവികളായ ഹെക്സ, ഹാരിയർ, വിപണിയിൽ എത്താനിരിക്കുന്ന കാസിനി എന്നിവ ഡീസൽ എൻജിനുകളിലും വിപണിയിലുണ്ടാകും.