മരുന്നുകളിലും ക്യൂആർ കോഡ്
Tuesday, October 21, 2025 2:14 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഇരുപതിലധികം കുട്ടികൾ കഫ് സിറപ്പുകൾ കഴിച്ചു മരിച്ചതിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം.
വാക്സിനുകളുടെ ഉറവിടം പിന്തുടർന്ന് കണ്ടുപിടിക്കാൻ കഴിയുന്ന വിധത്തിൽ വാക്സിനുകൾക്കും ആന്റിമൈക്രോബിയലുകൾക്കും നാർകോട്ടിക്-സൈക്കോട്രോപിക് ഡ്രഗുകൾക്കും കാൻസറിനെതിരേയുള്ള മരുന്നുകൾക്കും ബാർകോഡുകളും ക്യൂആർ കോഡുകളും നിർബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
1945ലെ ഡ്രഗ് നിയമങ്ങളിൽ ഇതുസംബന്ധിച്ച ഭേദഗതികൾ കേന്ദ്രം വരുത്താനൊരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ 16ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.
ഡ്രഗ്സ് ടെക്നിക്കൽ നിർദേശ ബോർഡുമായി കൂടിയാലോചിച്ചശേഷമായിരിക്കും പുതിയ ഭേദഗതികൾ നടപ്പിലാക്കാൻ തുടങ്ങുന്നത്. വ്യാജമരുന്നുകൾക്കെതിരേയുള്ള നിർണായക നടപടിയെന്നു വിശേഷിപ്പിച്ച് ഫാർമസിസ്റ്റുകളുടെ സംഘടനകൾ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
മരുന്നുകളിൽ ക്യൂആർ, ബാർ കോഡുകൾ നിർബന്ധമായിക്കഴിഞ്ഞാൽ രോഗികൾക്ക് ഇവ സ്കാൻ ചെയ്ത് ഉത്പാദന വിവരങ്ങൾ, ബാച്ച് നന്പർ, കാലഹരണ തീയതി എന്നിവ സ്വയം കണ്ടെത്തി മരുന്നുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കഴിയും. അധികൃതർക്കാകട്ടെ ഉത്പാദനം മുതൽ മരുന്നുകടകളിൽ വരെ മരുന്നുകളെത്തിയതിന്റെ വഴിയും ക്യൂആർ കോഡുകൾ സ്കാൻ ചെയ്തു ട്രാക്ക് ചെയ്യാൻ കഴിയും.
നിലവാരമില്ലാത്ത മരുന്നുകൾക്കെതിരേയുള്ള പോരാട്ടത്തിനു ശക്തി പകരുകയും വിതരണശൃംഖലയിൽ രോഗിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന നടപടിയാണിതെന്ന് ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് പ്രതികരിച്ചു.