ഫിയറ്റ് ക്രൈസ്ലറും പ്യൂഷോയും ഒന്നിക്കുന്നു
Friday, November 1, 2019 2:45 PM IST
പാരീസ്/ന്യൂയോർക്ക്: ഫിയറ്റ് ക്രൈസ്ലറും പ്യൂഷോയും ഒന്നിക്കുന്നു. ലോകത്തിലെ നാലാമത്തെ വലിയ വാഹനനിർമാതാക്കളാകും സംയുക്ത കന്പനി.
ഇറ്റാലിയൻ കന്പനിയായ ഫിയറ്റും യുഎസ് കന്പനിയായ ക്രൈസ്ലറും 2014-ലാണ് സംയോജിപ്പിച്ചത്. ഇപ്പോൾ ഫ്രഞ്ച് കന്പനി പ്യൂഷോയും അക്കൂടെ ചേരുന്നു. നെതർലൻഡ്സിലാകും സംയുക്ത കന്പനിയുടെ ആസ്ഥാനം. പാരീസ്, മിലാൻ, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഓഹരി ലിസ്റ്റ് ചെയ്യും.
പ്യൂഷോയുടെ ഉടമകളായ പിഎസ്എയുടെ കാർലസ് ടവാരെസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഫിയറ്റ്-ക്രൈസ്ലറിന്റെ ജോൺ എൽകാൻ ചെയർമാനുമാകും.
ഫിയറ്റ് ക്രൈസ്ലറും ഫ്രഞ്ച് കന്പനി റെനോയുമായുള്ള ലയനശ്രമം അഞ്ചു മാസം മുന്പാണ് ഉപേക്ഷിച്ചത്.
ലയനത്തോടെ വർഷം മൊത്തം 87 ലക്ഷം വാഹനങ്ങൾ വിൽക്കുന്ന ഭീമൻ കന്പനിയാണ് ഉണ്ടാവുക. ഫാക്ടറികൾ അടയ്ക്കാതെതന്നെ 410 കോടി ഡോളറിന്റെ (29,000 കോടി രൂപ) ചെലവുചുരുക്കൽ ലയനംവഴി സാധിക്കും.
ഫിയറ്റ് ക്രൈസ്ലറിനെ പ്യൂഷോ (പിഎസ്എ) ഏറ്റെടുക്കുന്നു എന്നതാണു യാഥാർഥ്യം. ഫിയറ്റ് ക്രൈസ്ലറിനുള്ള വിപണിമൂല്യത്തേക്കാൾ 32 ശതമാനം പിഎസ്എ നല്കുന്നു.
ഫ്രഞ്ച് ഗവൺമെന്റിനു പിഎസ്എയിൽ 12 ശതമാനം ഓഹരിയുണ്ട്.
ഗവൺമെന്റിനു 15 ശതമാനം ഓഹരിയുള്ള റെനോ ജപ്പാനിലെ നിസാനുമായി സഹകരണത്തിലാണ്.