മാരുതി എസ്പ്രെസോ ക്വിഡിന് ഒരു എതിരാളി
മാരുതി  എസ്പ്രെസോ ക്വിഡിന് ഒരു എതിരാളി
Thursday, December 19, 2019 2:50 PM IST
മാരുതി സുസുക്കി സർവാധിപത്യം പുലർത്തുന്ന ചെറുകാർ വിപണിയിൽ വൻ വിജയം നേടിയ മോഡലാണ് റെനോ ക്വിഡ്. 2015 ൽ വിപണിയിലെത്തിയ ക്വിഡ് ഇതിനോടകം മൂന്ന് ലക്ഷ ത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്. പുതുമയുളള രൂപം, വിശാലമായ ഉൾഭാഗം, നവീന സൗകര്യങ്ങൾ എന്നിവ കൊണ്ടാണ് ക്വിഡ് ജനപ്രീതി ആർജിച്ചത്. എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായി ഇയോണിനെ പിന്തള്ളി മാരുതി ആൾട്ടോയ്ക്ക് പിന്നിൽ ഇടം പിടിക്കാൻ ക്വിഡിനു കഴിഞ്ഞു. ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയുടെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായ ക്വിഡിനോട് രൂപഭംഗി കൊണ്ടോ സൗകര്യങ്ങൾ കൊണ്ടോ നേർക്കുനേർ മത്സരിക്കാൻ പോന്ന ഒരു മോഡൽ

ഇല്ലെന്നതായിരുന്നു സ്ഥിതി. എന്നാലിപ്പോൾ മാരുതി സുസുക്കി ക്വിഡിന് എതിരാളിയായി എസ്പ്രെസോ എന്ന ചെറുകാറിനെ പുറത്തിറക്കിയി രിക്കുകയാണ്. ക്വിഡിനെ മാതൃകയാക്കി നിർമിച്ച വാഹനം പോലെയാണ് എസ്പ്രെസോ. എസ് യുവിഛായ, കൂടുതൽ വിസ്താരമുള്ള ഇന്‍റീരിയർ, അധിക സൗകര്യങ്ങൾ എന്നിവ എസ്പ്രെസോയും നൽകുന്നു. എസ്പ്രെസോ പുറത്തിറങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം ക്വിഡിന്‍റെ നവീകരി ച്ച പതിപ്പിനെപുറത്തിറക്കി റെനോയും മത്സരത്തിനു തയ്യാറെടു ത്തിരിക്കുകയാണ്. ഒരു ലിറ്റർ എൻജിനുള്ള, ക്വിഡിന്‍റെയും എസ്പ്രെസോയുടെയും സാങ്കേതികവിവരങ്ങൾ താരതമ്യെപ്പടുത്തി മികവുകളും കുറവുകളും വിലയിരുത്തുകയാണിവിടെ.

രൂപകൽപ്പന

ക്വിഡിനേപ്പാലെ, എസ് യുവി ലുക്കുള്ള രൂപമാണ് എസ്പ്രെസോയ്ക്കും. ബോഡി അളവുകൾ പരിശോധിക്കുന്പോൾ നീളം, വീതി, വീൽബേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയിൽ എസ്പ്രെസോ പിന്നിലാണ്. എന്നാൽ ക്വിഡിനെക്കാൾ 75 മില്ലി മീറ്റർ ഉയരം കൂടുതലുണ്ട് എസ്പ്രെസോയ്ക്ക്. പുതിയ ക്വിഡിന് 14 ഇഞ്ച് വീലുകൾ ഉപയോഗിക്കുന്പോൾ 13 ഇഞ്ച് വീലുകളാണ് എസ്പ്രെസോയ്ക്ക്.

എൻജിൻ - ഗീയർബോക്സ്

എസ്പ്രെസോയ്ക്ക് ബിഎസ് ആറ് എമിഷൻ നിയമങ്ങൾ പാലിക്കുന്ന ഒരു ലിറ്റർ കെ 10 എൻജിനാണ്. വാഗണ്‍ ആർ, സെലേറിയോ, ആൾട്ടോ കെ 10 എന്നിവയിലും ഇതേ എൻജിൻ തന്നെ. മൂന്ന് സിലിണ്ടർ പെട്രോൾ എൻജിന് 67 ബിഎച്ച്പിയാണ് കരുത്ത്. ക്വിഡിന്‍റെ ഒരു ലിറ്റർ, മൂന്ന് ലിറ്റർ എൻജിനും സമാന കരുത്താണ്. ബിഎസ് 4 എൻജിനാണിതെന്നു മാത്രം. 2020 ഏപ്രിലിനു മുന്പായി ബിഎസ് ആറ് എൻജിനിലേയ്ക്ക് ക്വിഡും മാറും. അഞ്ച് സ്പീഡ് മാന്വൽ, എഎംടി വകഭേദങ്ങൾ രണ്ട് മോഡലിനുമുണ്ട്. മൈലേജിന്‍റെ കാര്യത്തിൽ ക്വിഡ് മുന്നിട്ടു നിൽക്കുന്നു.


സുരക്ഷാസംവിധാനങ്ങളും സൗകര്യങ്ങളും

ഭാരത സർക്കാർ നിഷ്കർഷിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കും വിധമാണ് രണ്ടു കാറുകളും ഒരുക്കിയിരിക്കുന്നത്. എയർ ബാഗ്, എബിഎസ്, ക്രാഷ് ടെസ്റ്റിനെ മറികടക്കാനുള്ള കഴിവ് എന്നിവ ഇവയ്ക്കുണ്ട്. മുന്തിയ വകഭേദത്തിന് രണ്ട് എയർബാഗുകൾ നൽകുന്നുണ്ടെന്നത് എസ്പ്രെസോയുടെ മികവാണ്. ക്വിഡിന് ഡ്രൈവർ എയർബാഗ് മാത്രമാണുള്ളത്. തിരഞ്ഞെടുക്കാവുന്ന സൗകര്യമായാണ് മുന്തിയ വകഭേദ ത്തിനും പാസഞ്ചർ എയർബാഗ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം റിവേഴ്സ് പാർക്കിങ് ക്യാമറ സൗകര്യം ക്വിഡിന് മാത്രമേയുള്ളൂ. റിവേഴ്സ് പാർക്കിങ് സെൻസറുകൾ മാത്രമാണ് എസ്പ്രെസോയ്ക്കുള്ളത്. ഫീച്ചറുകളുടെ കാര്യ ത്തിൽ ഒപ്പത്തിനൊപ്പമാണ് ഇരു കാറുകളും. എൽഇഡി ഡേ ടൈം റണ്ണിങ് ലാംപുകൾ, എട്ടിഞ്ച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പിൻ സീറ്റിലെ യാത്രക്കാർക്കായി 12 വോൾട്ട് പവർ സോക്കറ്റ് എന്നീ അധിക ഫീച്ചറുുകൾ ക്വിഡ് നൽകുന്നു. എസ്പ്രെസോയ്ക്ക് ഏഴിഞ്ച് സ്ക്രീനാണ്. സ്റ്റിയറിങ്ങിൽ ഉറപ്പിച്ച ഓഡിയോ നിയന്ത്രണസംവിധാനമാണ് എസ്പ്രെസോയ്ക്ക് അധികമായുള്ള ഫീച്ചർ.

വില

ക്വിഡിനെ അപേക്ഷിച്ച് എസ്പ്രെസോയുടെ വില ആകർഷകമാക്കാൻ മാരുതി സുസുക്കി ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. എന്നാൽ എസ്പ്രെസോയുടെ മുന്തിയ വകഭേദങ്ങളും ക്വിഡ് വകഭേദങ്ങളും തമ്മിൽ വിലയിലുള്ള വ്യത്യാസം കുറവാണ്. സ്ഥലസൗകര്യം, ഫീച്ചറുകൾ, മൈലേജ്, രൂപഭംഗി എന്നിവയിലെല്ലാം ക്വിഡ് തന്നെ മുന്നിൽ .

ഐപ്പ് കുര്യൻ