ആഗോള വളർച്ചയിൽ വിളർച്ച?
ആഗോള  വളർച്ചയിൽ  വിളർച്ച?
Saturday, May 4, 2019 1:47 PM IST
യുഎസ് അടുത്തകാലത്തു പുറത്തുവിട്ട വാർത്ത ലോകത്തിനു അശുഭ വാർത്തയായി. 2018 കലണ്ടർ വർഷത്തിലെ യുഎസ് വളർച്ചക്കണക്ക്, ആഗോള വളർച്ച സംബന്ധിച്ച് ഏതാനും മാസം മുന്പ് ഉയർന്നിരുന്ന ആവേശം ഇല്ലാതാക്കി. 2018 രണ്ടാം ക്വാർട്ടറിൽ യു എസ് 4.2 ശതമാനം വളർച്ച നേടിയത് ലോകത്ത് ഉയർത്തിയ ശുഭാപ്തി വിശ്വാസം അത്രയ്ക്കായിരുന്നു.
മൂന്നാം ക്വാർട്ടറിൽ അത് 3.4 ശതമാനത്തിലേക്കു താഴ്ന്നുവെങ്കിലും ആവേശത്തെ തളർത്തിയില്ല. എന്നാൽ നാലാം ക്വാർട്ടറിലെ 2.2 ശതമാനം വളർച്ച ഉയർത്തിയ മ്ലാനത കനത്തതായി. ഇതു യുഎസ് മാന്ദ്യത്തിലേക്കു നീങ്ങുകയാണോ എന്ന ആശങ്കകയും ഉയർത്തിയിരിക്കുകയാണ്.
യുഎസിനു വളർച്ചാമൊമന്‍റം നഷ്ടപ്പെടുകയാണെന്ന സൂചന യുഎസിൽ മാത്രമല്ല, യൂറോസോണിലും നവോദയ രാജ്യങ്ങളിലും വല്ലാത്ത അനുരണനങ്ങളുണ്ടാക്കുകയാണ്. കഴിഞ്ഞ ക്വാർട്ടറിലെ ശുഭാപ്തി വിശ്വാസം ഏതാണ്ട് അവസാനിച്ച മട്ടാണ്.

ഇതു യുഎസിന്‍റെ നയത്തിൽതന്നെ മാറ്റം വരുത്തുകയാണ്. കഴിഞ്ഞ വർഷം നാലു തവണ പലിശ ഉയർത്തിയ യുഎസ് ഫെഡറൽ റിസർവ്, പലിശ നിരക്ക് ഈ വർഷം വർധിപ്പിക്കുകയില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ഇതു യുഎസിനും ലോകത്തിനും നൽകുന്ന സന്ദേശം പലതാണ്. ലോകത്തിന്‍റെ സാന്പത്തികാരോഗ്യത്തെക്കുറിച്ച് ആശങ്കയുണർത്തുന്നതാണ് യുഎസ് ഫെഡറൽ റിസർവിന്‍റെ പ്രഖ്യാപനം.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ നികുതി വെട്ടിക്കുറയ്ക്കൽ നടപടിയും

അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപവുമുൾപ്പെടെയുള്ള ഉത്തേജന നടപടികൾ ഫലം കാണുന്നില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. യുഎസിന്‍റെ സംരക്ഷണ നയങ്ങൾ വളർച്ച ത്വരിതപ്പെടുത്തുന്നില്ലായെന്നും ഇതു തെളിയിക്കുന്നു. പണലഭ്യത വർധിപ്പിക്കുകയും പൂജ്യം പലിശ നയങ്ങളും സാന്പത്തിക വളർച്ചയെ തിരിച്ചുകൊണ്ടുവരുവാൻ ഏറെയൊന്നും സഹായിക്കുവാൻ പോകുന്നില്ലെന്ന സൂചനയും ഇതു നൽകുന്നു. പണപ്പെരുപ്പം വളരെ താഴ്ന്നു നിന്നിട്ടും വളർച്ചയും നിക്ഷേപവും സംഭവിക്കുന്നില്ല.

എങ്കിലും യുഎസിൽ മാന്ദ്യത്തിനുള്ള സാധ്യത 25 ശതമാനമേയുള്ളുവെന്നാണ് മറ്റു പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. യുഎസ് സന്പദ്ഘടനയുടെ വളർച്ചാവേഗം കുറഞ്ഞുവെങ്കിലും വളർച്ചയിലൂടെതന്നെയാണ് നീങ്ങുന്നതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.

ഇരുപത്തിയൊന്നു ലക്ഷം കോടി ഡോളർ വലുപ്പമുള്ള യുഎസ് സന്പദ്ഘടന 2019-ൽ രണ്ടു ശതമാനം വളർച്ച നേടുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത് അത്ര മോശമല്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. യുഎസ് സന്പദ്ഘടനയുടെ അടിസ്ഥാനഘടകങ്ങൾ ഇപ്പോഴും ശക്തമാണ്. അതുകൊണ്ടുതന്നെ യുഎസ് സന്പദ്ഘടന സങ്കോചിക്കുമെന്ന് ഇവർ കരുതുന്നില്ല. പക്ഷേ, വളർച്ചയുടെ ഗതിവേഗം കുറയും.

ലോകത്തിലെ പല ഗവണ്‍മെന്‍റുകളും ഉയർത്തുന്ന അനിശ്ചിതത്വങ്ങളും ( ബ്രെക്സിറ്റ് പോലുള്ളവ) ലോകത്തൊട്ടാകെ നിക്ഷേപത്തിലും വളർച്ചയിലും മ്ലാനത പരത്തുകയാണെന്നതാണ് വസ്തുത.

യൂറോസോണും വാടുന്നു

യൂറോസോണിലെ മറ്റു രാജ്യങ്ങളുടെ വളർച്ചയും കീഴോട്ടാണ്. യുറോസോണിലെ ഏറ്റവും വലിയ സന്പദ്ഘടനയായ ജർമനിയിലേയും മൂന്നാമത്തെ വലിയ രാജ്യമായ ഇറ്റലിയിലേയും സാന്പത്തിക വളർച്ച കുറഞ്ഞു.

യൂറോസോണിലെ 17 സന്പദ്ഘടനകളുടെ വളർച്ച 2017 മൂന്നാം ക്വാർട്ടർ മുതൽ തുടർച്ചയായി കുറഞ്ഞുവരികയാണ്. മൂന്നാം ക്വാർട്ടറിലെ വളർച്ച 2.8 ശതമാനമായിരുന്നത് 2018 അവസാന ക്വാർട്ടർ ആയപ്പോഴേയ്ക്കും 1.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. ദീർഘകാലത്തിൽ യൂറോസോണിന്‍റെ വളർച്ച ത്വരിതപ്പെടുത്തുമെന്നു കരുതിയ ജർമനിയുടെ വളർച്ച 2019-ൽ ഒരു ശതമാനത്തിൽ താഴേയ്ക്കു നീങ്ങുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. നേരത്തെ രണ്ടു ശതമാനം വളർച്ച കണക്കാക്കിയിരുന്നതാണ്. 2017 നാലാം ക്വാർട്ടറിൽ ജർമൻ വളർച്ച 2.8 ശതമാനമായിരുന്നത് 2018 നാലാം ക്വാർട്ടറായപ്പോഴേയ്ക്കും 0.6 ശതമാനമായി കുത്തനെയിടിഞ്ഞു.

ലോകത്ത് ഏറ്റവും വേഗം വളരുന്ന രണ്ടു സന്പദ്ഘടനകളായ ചൈനയുടേയും ഇന്ത്യയുടേയും സ്ഥിതിയും വ്യത്യസ്തമല്ല. 2018 രണ്ടാം ക്വാർട്ടർ വരെ ഏഴു ക്വാർട്ടറുകളിൽ 6.7-6.8 ശതമാനം വളർച്ച നേടിയ ചൈനയുടെ 2018 നാലാം ക്വാർട്ടർ വളർച്ച 6.4 ശതമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സന്പദ് ഘടനയാണ് ചൈനയെന്നുമോർക്കണം.

ഇന്ത്യൻ വളർച്ചയും വിളർച്ചയിൽ

ലോകത്തിന്‍റെ വളർച്ച കുറയുന്പോൾ സ്വാഭാവികമായും അതു ഇന്ത്യൻ വളർച്ചയേയും പിന്നോട്ടു വലിക്കും. ഇന്ത്യൻ സന്പദ്ഘടനയിൽനിന്നു അടുത്തകാലത്തു പുറത്തുവരുന്ന പല സാന്പത്തിക സൂചകങ്ങളും വിരൽ ചൂണ്ടുന്നത് ഈ വിളർച്ചയിലേക്കാണ്.

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനയായ ഇന്ത്യ ഇതിനകം തന്നെ വളർച്ചയിലെ വേഗക്കുറവ് അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ക്വാർട്ടർ വളർച്ച വന്യമായ വ്യതിയാനത്തിലൂടെ കടന്നുപോവുകയാണ്. 2018 കലണ്ടർ വർഷത്തിലെ ആദ്യക്വാർട്ടറിൽ 7.7 ശതമാനവും രണ്ടാം ക്വാർട്ടറിൽ 8 ശതമാനം വളർച്ച നേടിയ ഇന്ത്യയുടെ മൂന്നാം ക്വാർട്ടർ വളർച്ച 7 ശതമാനത്തിലേക്കും നാലാം ക്വാർട്ടർ വളർച്ച 6.6 ശതമാനത്തിലേക്കും ഇടിഞ്ഞു.
സൂചനകൾ ആശാവഹമല്ല

2019 കലണ്ടർ വർഷത്തിലെ ആദ്യ ക്വാർട്ടറായ ജനുവരി- മാർച്ച് കാലയളവിലെ വളർച്ച സംബന്ധിച്ച ചിത്രം അത്ര ശോഭനമല്ല. രണ്ടാം ക്വാർട്ടറിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് സന്പദ്ഘടനയിൽനിന്നു ലഭിക്കുന്ന സൂചനകൾ.

വാഹന വിൽപ്പന, ജിഎസ്ടി പിരിവ്, പ്രത്യക്ഷനികുതി വരുമാനത്തിലെ കുറവ്, ജനങ്ങളുടെ സന്പാദ്യം തുടങ്ങിയവയെല്ലാം ഈ സൂചനയാണ് നൽകുന്നത്
സന്പാദ്യത്തിന്‍റെ കാര്യമെടുക്കാം. 2017-18-ലെ സന്പാദ്യം ജിഡിപിയുടെ 17.2 ശതമാനമാണ്. 1997-98-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സന്പാദ്യനിരക്കാണിത്.

പ്രത്യക്ഷനികുതി വരുമാനത്തിൽ 50000 കോടി രൂപയുടെ കുറവാണ് അനുഭവപ്പെട്ടിട്ടുള്ളത്. വ്യക്തികളുടെ ആദായനികുതി പിരിവിലെ കുറവാണ് ഇതിനു കാരണം 2018-19-ലെ പുതുക്കിയ ബജറ്റിൽ 12 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതിയായി പ്രതീക്ഷിച്ചിരുന്നത്. വ്യക്തിഗത ആദായനികുതി വരുമാനമായി പ്രതീക്ഷിച്ചിരുന്ന്ത് 5.29 ലക്ഷം കോടി രൂപയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷമായി വർധിച്ചുവന്നിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം 2018-19-ലെ ഏപ്രിൽ- ഡിസംബർ കാലയളവിൽ 7 ശതമാനം താഴ്ചയോടെ 3349 കോടി ഡോളറായി. മുൻവർഷമിതേ കാലയളവിലിത് 3594 കോടി ഡോളറായിരുന്നു.

നോട്ട് പിൻവലിക്കലും വികലമായ ജിഎസ്ടി നടപ്പാക്കലും കോർപറേറ്റിതര മേഖലകളെയാകെ തകർത്തു കളഞ്ഞതാണ് ഇപ്പോഴത്തെ തളർച്ചയ്ക്ക കാരണമെന്ന് ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷൻ പ്രൊണോബ് സെൻ പറയുന്നു. തളർച്ച തുടരുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. കോർപറേറ്റിതര മേഖലകളായിരുന്നു ഭൂരിപക്ഷം തൊഴിലും സൃഷ്ടിച്ചിരുന്നത്. അതാണ് ഇല്ലാതായതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


സർക്കാരിന്‍റെ കടമെടുപ്പുകളെ സഹായിച്ചിരുന്ന ഹൗസ്ഹോൾഡ് സന്പാദ്യങ്ങളായിരുന്നു. ഈ സന്പാദ്യം കുറഞ്ഞതോടെ അത് നിക്ഷേപത്തേ കുറച്ചുവെന്നു മാത്രമല്ല, കറന്‍റ് അക്കൗണ്ട് കമ്മി വർധിപ്പിക്കുകയും ചെയ്തുവെന്ന് ജിഡിഒ വിലയിരുത്തുന്നു.

കാർ വിൽപ്പന

2018-19 സാന്പത്തിക വർഷം ഇന്ത്യൻ വാഹന വ്യവസായത്തിനു കടുത്ത പ്രയാസങ്ങൾ നൽകിയ വർഷമാണ്. എല്ലാത്തരം വാഹനങ്ങളുടേയും വിൽപ്പനയിലെ വളർച്ച കുറഞ്ഞു. മൊത്തം യാത്രാ വാഹനങ്ങളുടെ വിൽപ്പന മുൻവർഷത്തേക്കാൾ 2.7 ശതമാനം വളർച്ചയോടെ 33.77 ലക്ഷം യൂണിറ്റിലെത്തി. മുൻവർഷമിത് 32.89 ലക്ഷം യൂണിറ്റായിരുന്നു. നാലുവർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണിത്.

ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കാർ വിൽപ്പനയിലെ വളർച്ച വെറും രണ്ടു ശതമാനമാണ്. വിറ്റത് 22.19 ലക്ഷം യൂണിറ്റാണ്. 2017-18 ൽ 21.74 ലക്ഷം യൂണിറ്റുകൾ വിറ്റിരുന്നു. അതിന്‍റെ തലേ വർഷത്തെ വളർച്ച മൂന്നു ശതമാനമായിരുന്നു. ഇരുചക്രവാഹനങ്ങളുടെ വിൽപ്പന വളർച്ച 4.9 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വിൽപ്പന വളർച്ച 17.5 ശതമാനവുമാണ്.
ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിൽ യാത്രാവാഹനങ്ങളുടെ വിൽപ്പന 3 ശതമാനം ഇടിവോടെ 292806 യൂണിറ്റായി. കാർ വിൽപ്പനയിലെ ഇടിവ് 6.9 ശതമാനമാണ്. ഇരുചക്രവാഹനങ്ങളുടെ വിൽപ്പന 17.3 ശതമാനം ഇടിവോടെ 14,40,663 യൂണിറ്റായി. മുചക്രവാഹനങ്ങളുടെ വിൽപ്പന 8.54 ശതമാനം കുറഞ്ഞ് 66280 യൂണിറ്റായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 0.28 ശതമാനം ഉയർന്ന് 109030 യൂണിറ്റായി.

വിദേശനിക്ഷേപകസ്ഥാപനങ്ങൾ

വിദേശത്തുനിന്നുള്ള നിക്ഷേപകർ ഓഹരി, ബോണ്ട് ഉൾപ്പെടെയുള്ള ആസ്തികളിൽനിന്നു പതിയെ പിൻവാങ്ങുന്ന പ്രവണതയാണ് കാണുന്നത്. ഉയരുന്ന ക്രൂഡോയിൽ വില, രൂപയുടെ മൂല്യശോഷണം തുടങ്ങിയവയൊക്കയാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നടപ്പു സാന്പത്തിക വർഷത്തിൽ ഏപ്രിലിൽ മാത്രം 862 ദശലക്ഷം ഡോളറിന്‍റെ വിൽപ്പനയാണ് വിദേശനിക്ഷേപകർ നടത്തിയത്. ഏപ്രിൽ നാലുവരെ ബോണ്ടുകളിലെ വിൽപ്പന 78 കോടി ഡോളറിന്‍റേതാണ്.

ഒരു മാസത്തിനുള്ളിൽ ക്രൂഡോയിൽ വിലയിൽ എട്ടു ശതമാനം ഉയർച്ചയാണ് വിലയിലുണ്ടായിരിക്കുന്നത്. ക്രൂഡോയിൽ വില വർധിക്കുകയാണെങ്കിൽ വിദേശ നിക്ഷേപകസ്ഥാപനങ്ങൾ തിരിച്ചുവരുവാനിടയില്ല. ബ്രെന്‍റ് ക്രൂഡോയിൽ വില ബാരലിന് 71 ഡോളറിനു മുകളിലെത്തി. ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കും. ഇന്ത്യയുടെ ഇന്ധനാവശ്യത്തിന്‍റെ 80 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്.
വിദേശ നിക്ഷേപകസ്ഥാപനങ്ങൾ ഇപ്പോഴത്തെ ഉയർച്ചയെ വിൽപ്പനയ്ക്കുള്ള അവസരമായി ഉപയോഗിക്കുകയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചുവരുന്ന സാഹചര്യത്തിൽ വരും ദിനങ്ങളിൽ വിൽപ്പന വർധിക്കുവാനുമിടയുണ്ട്.
ഏപ്രിലിൽ മാത്രം രൂപയുടെ മൂല്യശോഷണം 1.34 ശതമാനമാണ്. ഡോളറുമായുള്ള വിനിമയനിരക്ക് 70.50 രൂപയിലേക്ക് ഇടിയുന്ന സമയം അതിവിദൂരമല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

ഭയം വർധിക്കുന്നു

ലോകം മാന്ദ്യത്തിലേക്കു പോകുമോയെന്ന ഭയം ഉയരുന്നുണ്ട്. പല വികസിത രാജ്യങ്ങളിലേയും മാനുഫാക്ചറിംഗ് കണക്കുകൾ ഇത്തരത്തിലുള്ള ആശങ്കൾ ഉയർത്തുന്നുണ്ട്. തുടർച്ചയായ മൂന്നാം മാസവും ജർമൻ മാനുഫാക്ചറിംഗ് നെഗറ്റീവ് വളർച്ച കാണിച്ചിരിക്കുകയാണ്. യുഎസ് മാനുഫാക്ചറിംഗ്- സേവന മേഖലകൾ ഫെബ്രുവരിയിൽ കുറഞ്ഞ വളർച്ചയാണു നേടിയിട്ടുള്ളത്. 2017-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ് യുഎസ് സേവന മേഖല നേടിയതെന്നാണ് മാർക്കറ്റ് ഡേറ്റ വ്യക്തമാക്കുന്നത്. യുഎസ് - ചൈന വ്യാപാരയുദ്ധം രാജ്യാന്തര വ്യാപാരത്തിൽ കൊണ്ടുവന്നിട്ടുള്ള അനിശ്ചിതത്വമാണ് വളർച്ചക്കുറവിനുള്ള കാരണങ്ങളിലൊന്ന്.

ആഗോള വളർച്ച കുറയും

2019-ൽ ആഗോള സാന്പത്തിക വളർച്ച കുറയുമെന്ന് ഇന്‍റർനാഷണൽ മോണിട്ടറി ഫണ്ടിന്‍റെ ( ഐഎംഎഫ്) വേൾഡ് ഇക്കണോമിക് ഒൗട്ട് ലുക്ക് 2019 വിലയിരുത്തുന്നു. 2019-ൽ 3.3 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-ൽ 3.6 ശതമാനവും 2017-ൽ 4 ശതമാനവും വളർച്ച നേടിയിരുന്നു.

യുഎസ്- ചൈന വ്യാപാരയുദ്ധം, തുർക്കിയിലേയും അർജന്‍റീനയിലേയും സാന്പത്തിക കുഴപ്പങ്ങൾ, ചൈനയുടെ കർക്കശ വായ്പാ നയം, വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നയം തുടങ്ങിയവയെല്ലാം 2018 രണ്ടാം പകുതിയിൽ വളർച്ചയെ ബാധിച്ചുവെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.

എങ്കിലും 2019-ന്‍റെ രണ്ടാം പകുതിയിൽ വളർച്ച മെച്ചപ്പെട്ടു തുടങ്ങുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. വികസിത രാജ്യങ്ങൾ വളർച്ചയ്ക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് ഐഎംഎഫ് കരുതുന്നു. യുഎസ്- ചൈന വ്യാപാരയുദ്ധത്തിന്‍റെ ശക്തി കുറയും. വ്യാപാര രംഗത്തെ പ്രശ്നങ്ങൾ മറികടക്കാൻ ചൈന കൂടുതൽ ഉത്തേജനം നൽകുന്നതും വളർച്ചയ്ക്കു സഹായകമാകും. എങ്കിലും ആഗോള വളർച്ച 3.6 ശതമാനത്തിലേക്ക് എപ്പോൾ തിരിച്ചുവരുമെന്നു പറയുവാൻ സാധിക്കുകയില്ല.

2020-ന് അപ്പുറത്ത് ആഗോള വളർച്ച 3.6 ശതമാനത്തിനു മുകളിലേക്കു പോകുവാനുള്ള സാധ്യത കുറവാണെന്നാണ് ഐഎംഎഫ് വിലയിരുത്തൽ. വികസിത രാജ്യങ്ങളുടെ വളർച്ച 2022-ൽ 1.6 ശതമാനത്തിലേക്കു കുറയുകയും നവോദയ രാജ്യങ്ങളുടെ വളർച്ച 4.8 ശതമാനത്തിൽ സ്ഥിരത നേടുമെന്നുമാണ് ഐഎംഎഫിന്‍റെ വിലയിരുത്തൽ.

2025-ൽ ചൈനീസ് വളർച്ച 5.5 ശതമാനത്തിലേക്കു താഴാനാണ് സാധ്യത. ഇന്ത്യൻ വളർച്ച 7.75 ശതമാനത്തിൽ സ്ഥിരത നേടുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. ഘടനാപരമായ പരിഷ്കാരങ്ങളുടെ അപര്യാപ്തതയും അടിസ്ഥാനസൗകര്യമേഖലയിലെ അനിശ്ചിതത്വവും തടസങ്ങളുമാണ് ഇന്ത്യൻ വളർച്ചയെ നിശ്ചലമാക്കുന്നത്. തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയ്ക്കു മെച്ചപ്പെട്ട വളർച്ച നേടുവാൻ സാധിക്കും. അതിലൂടെ പൊതുകടം കുറയ്ക്കാനും വളർച്ചയെ സഹായിക്കുവാനും ഇന്ത്യയ്ക്കു കഴിയുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.