നിശ്ചയദാര്‍ഢ്യത്തില്‍ വിരിഞ്ഞ സിവില്‍ സര്‍വീസ്
പെണ്‍കരുത്തിന് നേടാനാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യ സുരേഷ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ റാങ്ക് ജേതാവാണ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടിയ റാങ്കിന് തേന്‍മധുരവും. മൂന്ന് വര്‍ഷം മുന്‍പാണ് ശ്രീധന്യയുടെ മനസില്‍ സിവില്‍ സര്‍വീസ് മോഹം പൂവിട്ടത്. പൂ വിടര്‍ന്ന് ഫലമാകാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വീസ് റാങ്കുമായാണ് വയനാടന്‍ ചുരം കയറിയത്.

പ്രതിസന്ധികളെ മറികടന്ന പെണ്‍കരുത്ത്

പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലി സുരേഷിന്റെയും കമലയുടേയും രണ്ടാമത്തെ മകള്‍ ശ്രീധന്യ പോരാടിയത് പ്രതിസന്ധികളോടും അവഗണനകളോടുമാണ്. ചെറുപ്പം മുതല്‍ വീട്ടില്‍ പഠിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നില്ല. 16 വര്‍ഷം മുമ്പ് നിര്‍മിച്ച ഇപ്പോഴത്തെ വീടിന്റെ അവസ്ഥ ദയനീയമാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കും. പ്ലാസ്റ്റിക് വലിച്ചു കെട്ടിയാണ് ചോര്‍ച്ചയെ പ്രതിരോധിക്കുന്നത്. ജനലുകള്‍ പഴയ സാരിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് മറച്ചിരിക്കുന്നു. പുസ്തകങ്ങളും വസ്ത്രങ്ങളും വയ്ക്കാന്‍ ഇടമില്ലാത്തതിനാല്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ രണ്ട് ചാക്ക് പുസ്തകങ്ങളാണ് ശ്രീധന്യയ്ക്ക് നഷ്ടപ്പെട്ടത്.

കഠിനാധ്വാനം വിജയത്തില്‍

തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് പരിശീലനം പ്രയാസം നിറഞ്ഞതായിരുന്നു. മലയാളമാണ് ഐച്ഛിക വിഷയമായി എടുത്തത്. മലയാള സാഹിത്യം ഇഷ്ട വിഷയമായതിനാല്‍ പഠനം ആസ്വദിച്ചു. രണ്ടാം ശ്രമത്തില്‍ പ്രിലിമിനറി കടന്നു. ഒപ്പം ഐഎഎസും.

കഷ്ടപ്പെട്ട് പഠിച്ചാല്‍ ആര്‍ക്കും സിവില്‍ സര്‍വീസ് നേടാനാകുമെന്നാണ് കേരളത്തില്‍ നിന്നും ആദിവാസി വിഭാഗത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കിയ ഈ മിടുക്കിക്ക് പറയാനുള്ളത്.


പഠനം മലയാളം മീഡിയത്തില്‍

മലയാളം മീഡിയത്തിലും സര്‍ക്കാര്‍ സ്‌കൂളിലുമായിരുന്നു ശ്രീധന്യയുടെ പഠനം. കഷ്ടപ്പെട്ട് പഠിച്ചാല്‍ ആര്‍ക്കും സിവില്‍ സര്‍വീസ് നേടാനാകുമെന്ന് തെളിയിക്കുകയാണ് ഈ മിടുക്കി. ഇംഗ്ലീഷ് മീഡിയവും ഡല്‍ഹിയിലെ മാത്രം സ്‌പെഷല്‍ കോച്ചിംഗും വേണം സിവില്‍ സര്‍വീസ് നേടാനെന്ന പൊതുധാരണയെ മാറ്റി മറിക്കുകയാണ് തന്റെ നേട്ടത്തിലൂടെ ശ്രീധന്യ.

തരിയോട് നിര്‍മല സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ നിന്നും പ്ലസ്ടു പാസായി. ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ദേവഗിരി കോളജില്‍ പൂര്‍ത്തിയാക്കി.

പെണ്‍പൂവിന് പ്രചോദനം സബ്കളക്ടര്‍

ശ്രീധന്യ പഠനത്തിന് ശേഷം ജോലിചെയ്ത എന്‍ ഊര് എന്ന സ്ഥാപനത്തില്‍ നിന്നാണ് സിവില്‍ സര്‍വീസിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. വയനാട് സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവറാവു എന്‍ ഊര് സ്ഥാപനത്തിലെത്തിയതാണ് സിവില്‍ സര്‍വീസ് മോഹം ശ്രീധന്യയില്‍ ഉടലെടുക്കാന്‍ കാരണമായത്. ഐഎഎസ് ഉദ്യോഗസ്ഥന് ലഭിച്ച ആദരവും ബഹുമാനവും ശ്രീധന്യയെ ആകര്‍ഷിച്ചു. ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

പിതാവ് സുരേഷ് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പരിഗണനയാണ് കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷും അമ്മ കമലയും നല്‍കിയത്.

അദീപ് ബേബി