നേതൃത്വം മികച്ചതാകട്ടെ
നമ്മുടെ സ്ഥാപനത്തിലെ ഉത്തരവാദിത്വങ്ങൾ എങ്ങനെ പങ്കുവെച്ചു നൽകണം എന്നതിനെക്കുറിച്ചാണ് കഴിഞ്ഞ മൂന്നു ലക്കങ്ങളിൽ നാം വായിച്ചത്. ഉത്തരവാദിത്തങ്ങൾ് എന്തിനു പങ്കുവെച്ചു നൽകണം ? ഏതൊക്കെ കാര്യങ്ങൾ പങ്കുവെച്ചു നൽകണം ? എങ്ങിനെ പങ്കുവെയ്ക്കണം എന്നൊക്കെ ചർച്ച ചെയ്തു.

ഉത്തരവാദിത്തം പങ്കുവെച്ചു നൽകുന്നതിനെ കുറിച്ച് ആലോചിക്കുന്പോഴേ നാം ചിന്തിക്കേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് നേതൃത്വം(ലീഡർഷിപ്), രണ്ട് നടപടിക്രമം(പ്രോസസ്) എന്നിവയാണ്. അതിൽ നേതൃത്വം എങ്ങനെയായിരിക്കണമെന്നു നോക്കാം.

ലീഡർമാരെ കണ്ടെത്താം

ഉത്തരവാദിത്വം കൃത്യമായി ഏൽപ്പിക്കുവാൻ കഴിയുന്ന ലീഡർമാരെ കണ്ടെത്തി അവർക്ക് കാര്യങ്ങൾ ഏൽപ്പിച്ചുകൊടുത്താൽ മാത്രമേ നാം ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ അത് വിപരീത ഫലമായിരിക്കും ഉണ്ടാക്കുന്നത്. നിലവിലുള്ള ടീമിൽ നിന്നു തന്നെ ലീഡർമാരെ കണ്ടെത്തുകയാണ് ഏറ്റവും ഉത്തമം. അവർക്കാകുന്പോൾ സ്ഥാപനത്തെക്കുറിച്ചും മാനേജ്മെന്‍റിനെ കുറിച്ചും മറ്റു ജീവനക്കാരെക്കുറിച്ചും കൃത്യമായ അറിവുകൾ ഉണ്ടായിരിക്കും.
ഓരോ ജീവനക്കാരന്‍റേയും ശക്തിയും ദൗർബല്യവും വ്യക്തമായി തന്നെ ഇവർക്ക് അറിയാവുന്നതു കൊണ്ട് പുതിയ ലീഡർമാരെ വളർത്തി കൊണ്ട് വന്നു താഴെക്കിടയിലേക്കും പങ്കുവെയ്ക്കൽ നടത്താൻ ഇവർക്ക് കഴിയും .നല്ല ലീഡർമാർ എന്നും ഏതൊരു സ്ഥാപനത്തിന്‍റെയും ഏറ്റവും വലിയ മുതൽക്കൂട്ടായിരിക്കും. നല്ല ലീഡർമാരിലേക്കു ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടു കഴിയുന്പോൾ സ്ഥാപനം പുതിയ ഉയരങ്ങൾ താണ്ടുന്നത് കാണാനും കഴിയും.


സീനിയോറിറ്റിയല്ല പ്രധാനം

ലീഡർമാരെ തെരഞ്ഞെടുക്കുന്പോൾ ഒരിക്കലും അവരുടെ സീനിയോറിറ്റി നോക്കിയല്ല എടുക്കേണ്ടത്. മറിച്ചു അവരുടെ കഴിവും യോഗ്യതയും ടീമിനോടുള്ള സമീപനവും കന്പനിയോടുള്ള താല്പര്യവും ഒക്കെ പരിഗണിക്കണം. തന്നെക്കാൾ ജൂനിയർ ആയ ഒരാൾ ലീഡർ ആയി വരുന്പോൾ സീനിയർ ആളുകൾക്ക് ഉണ്ടായേക്കാവുന്ന അതൃപ്തി നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യലും അത്യന്താപേക്ഷിതം ആണ്.

നല്ല ലീഡർമാരെ തിരഞ്ഞെടുക്കുന്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക :

1. തെരഞ്ഞെടുക്കപ്പെടുന്നയാൾ കന്പനിയെ വളർച്ചയിലേക്ക് നയിക്കുവാൻ പ്രാപ്തിയും താല്പര്യവുമുള്ള ആളായിരിക്കണം.
2. നല്ല ഉത്വരവാദിത്വ ബോധമുള്ള ആളായിരിക്കണം.
3. നല്ല രീതിയിൽ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന നല്ല ആശയവിനിമയശേഷിയുള്ള ആളായിരിക്കണം.

ഡെലിഗേഷന്‍റെ അടുത്ത പ്രധാനപ്പെട്ട കാര്യം ആയ പ്രോസസ്സിനെ കുറിച്ച് അടുത്ത ലക്കത്തിൽ നമുക്ക് വായിക്കാം .

(ബിസിനസുകൾക്ക് ഓർഗനൈസഷൻ ഡെവലപ്മെന്‍റ്, ലീഡർഷിപ് കോച്ചിങ് എന്നിവ നൽകുന്ന ഒരു സർട്ടിഫൈഡ് ലീഡർഷിപ് കോച്ച് , സോഫ്റ്റ് വേർ കണ്‍സൾട്ടന്‍റ എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് ലേഖകൻ. ഫോണ്‍ :9961429066. ഇമെയിൽ :[email protected])

പി.കെ ഷിഹാബുദീൻ