സിദ്ധി സ്പീക്കിംഗ്
സിദ്ധി സ്പീക്കിംഗ്
Tuesday, July 2, 2019 3:34 PM IST
ആനന്ദം എന്ന ചിത്രത്തില്‍ ഒരുപിടി പുതുമുഖങ്ങള്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയെങ്കിലും അതില്‍ പ്രേക്ഷക മനസ് നിറച്ച താരമായിരുന്നു സിദ്ധി മഹാജന്‍കി. എന്നാല്‍ പിന്നീട് സിദ്ധിയെ ബിഗ് സ്‌ക്രീനില്‍ കണ്ടില്ല. കാത്തിരിപ്പിന്റെ ആകാംക്ഷകള്‍ക്കൊടുവില്‍ സിദ്ധി വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുകയാണ്. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലൂടെ. കുസൃതിയും കുറുമ്പും നിറഞ്ഞ വര്‍ത്തമാനവുമായി സിദ്ധി വീണ്ടും എത്തുമ്പോള്‍...

ഹാപ്പി സര്‍ദാറിലെ പഞ്ചാബി പെണ്‍കുട്ടി

പമ്മി എന്നു പേരുള്ള ഒരു പഞ്ചാബി പെണ്‍കുട്ടിയായിാണ് ഞാന്‍ ചിത്രത്തില്‍ എത്തുന്നത്. വളരെ രസകരവും എന്നാല്‍ സ്‌ട്രോംഗുമായ ഒരു കഥാപാത്രമാണത്. ചിത്രം സംവിധാനം ചെയ്യുന്നത് ദമ്പതികളായ സുധീപും ഗീതികയുമാണ്. സുധീപേട്ടനാണ് എന്നെ ഫോണില്‍ വിളിച്ച് പമ്മി എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ എനിക്കും വളരെ കൗതുകം തോന്നി. കാളിദാസ് ജയറാം, ജാവേദ് ജാഫ്‌റി തുടങ്ങിയ വലിയ താരനിരയും ഒപ്പം എത്തുന്നുണ്ട്. ആനന്ദം കണ്ടിട്ടാണ് ഹാപ്പി സര്‍ദാറിലേക്ക് എന്നെ വിളിക്കുന്നത്.

? പ്രേക്ഷകര്‍ക്കു മുമ്പിലെത്തുമ്പോഴുള്ള പ്രതീക്ഷ

ആനന്ദത്തിലൂടെ മലയാളി പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു എന്നത് തന്നെ വളരെ സന്തോഷം നല്‍കുന്നതാണ്. ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തെപ്പോലെയാണ് യഥാര്‍ഥ ജീവിതത്തില്‍ ഞാനും. അതുകൊണ്ടുതന്നെ ആ ചിത്രത്തില്‍ എനിക്ക് അഭിനയിക്കേണ്ടതായി വന്നില്ല. ആ ഇഷ്ടം ഹാപ്പി സര്‍ദാറിലും മലയാളി പ്രേക്ഷകരില്‍ നിന്നും കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.

വീട്ടുകാരുടെ പിന്തുണ

സിനിമയില്‍ അഭിനയിക്കുന്നതിനോടു കുടുംബത്തില്‍ നല്ല പിന്തുണയാണ്. ഞാന്‍ ഇങ്ങനൊരു സിനിമ ചെയ്തതില്‍ അവര്‍ക്കു വലിയ സന്തോഷമുണ്ട്. എന്റെ ഏതു തീരുമാനത്തിനുമൊപ്പം എന്നും അവരുണ്ട്.

ഇടവേളയ്ക്കു ശേഷം


പതിനേഴാമത്തെ വയസിലാണ് ആനന്ദം ചെയ്യുന്നത്. ഞാനപ്പോള്‍ ബിബിഎയ്ക്ക് പഠിക്കുകയായിരുന്നു. ആനന്ദത്തിനു ശേഷം കൂടുതല്‍ പ്രാധാന്യം പഠനത്തിനു നല്‍കിയതാണ് ഇടവേള സംഭവിക്കാന്‍ കാരണം. ഇതിനിടയില്‍ നാദിര്‍ഷ സംവിധാനം ചെയ്ത തമിഴ് ചിത്രം അജിത്ത ഫ്രം അറുപ്പുകോട്ടൈയില്‍ അഭിനയിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പായ ചിത്രമായിരുന്നു അത്. മലയാളത്തില്‍ ലിജോ മോള്‍ ചെയ്ത കഥാപാത്രമാണ് തമിഴില്‍ ഞാന്‍ അവതരിപ്പിച്ചത്. അതിനു ശേഷമാണ് ഇപ്പോള്‍ ഹാപ്പി സര്‍ദാറില്‍ അഭിനയിക്കുന്നത്.

? ഭാവിയില്‍ സിനിമയുമായി മുന്നോട്ടു പോകാനാണോ

തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഞാന്‍ ബംഗലൂരുവില്‍ ബിബിഎ പഠനം പൂര്‍ത്തിയാക്കിയതേയുള്ളു. സിനിമയിലെത്തിയതുകൊണ്ട് മീഡിയ ലെവലില്‍ ഒരു കമ്പനി തുടങ്ങണമെന്നാണ് മനസിലുള്ളത്. ഡാന്‍സും അഭിനയവും ചെറുപ്പം മുതല്‍ തന്നെ എന്റെ പാഷനായിരുന്നു. എങ്കിലും പെെട്ടന്ന് സിനിമയിലെത്തുമെന്നു കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്.

? കൊച്ചിയാണോ സ്വന്തം സ്ഥലം

എന്റെ സ്വന്തം സ്ഥലം ബംഗലൂരുവാണ്. അച്ഛന്‍ കോട്ടക് മഹീന്ദ്രയിലാണ് ജോലി ചെയ്തിരുന്നത്. ഞാന്‍ ജനിച്ചു രണ്ടു മാസം കഴിഞ്ഞപ്പോള്‍ അച്ഛനു കൊച്ചിയിലേക്കു സ്ഥലം മാറ്റം കിട്ടി. ഇനിയും അവസരങ്ങള്‍ കിട്ടുമെങ്കില്‍ കൊച്ചിയില്‍ തന്നെ താമസമാക്കണം എന്നു കരുതുന്നു.

കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ്

എനിക്ക് ഏറ്റവും കൂടുതല്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന, ഞാന്‍ ഇതു ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്കു തോന്നുന്ന കഥാപാത്രത്തെ തെരഞ്ഞെടുക്കാനാണ് കൂടുതലും ശ്രമിക്കുന്നത്.

ലിജിന്‍ കെ. ഈപ്പന്‍