കാസ്റ്റിംഗ്കോൾ: അവസരങ്ങൾക്കായി അലയേണ്ട, വിരൽത്തുന്പിൽ ലഭ്യമാകും
ഒരു സിനിമയിലെങ്കിലും അഭിനയിക്കണം.ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണം. എങ്ങനെയെങ്കിലും സിനിമയുടെ ഭാഗമാകണം എന്നൊക്കെ ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. കഴിവുണ്ടായിട്ടും ഒന്നുമാകാൻ സാധിക്കാതെ പോകുന്ന നിരവധി പേർ. പലരും അവസരങ്ങളെക്കുറിച്ച് അറിയാൻ വൈകുന്നതോ അല്ലെങ്കിൽ എത്തിപ്പെടാൻ സാധിക്കാതെ വരുന്നതോ ഒക്കെയാണ് ഇത്തരത്തിലുള്ള അവസരങ്ങൾ നഷ്ടപ്പെടാനുള്ള കാരണം. ഇനി ഇത്തരം നഷ്ടപ്പെടലുകളെക്കുറിച്ചോർത്ത് സങ്കടപ്പെടേണ്ടതില്ല. കാരണം അതിനുള്ള പരിഹാരമാണ് കാസ്റ്റിംഗ്കോൾ എന്ന ആപ്ലിക്കേഷനിലൂടെ തൃശൂർ മുത്രത്തിക്കര സ്വദേശി കിരണ്‍ പരമേശ്വരൻ കണ്ടെത്തിയിരിക്കുന്നത്.

വിരൽ തുന്പിലാണ് അവസരങ്ങൾ

അവസരങ്ങൾ അന്വേഷിച്ച് അലയാതെ തന്നെ അവസരങ്ങൾ തേടിവരാനുള്ള രീതിയാണ് കിരണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. "സാധാരണയായി സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്പോൾ ആ ടീമിന്‍റെ കാസ്റ്റിംഗ്കോൾ ഉണ്ടാവുകയാണ് ചെയ്യാറ്. അതുപ്രകാരം വരുന്നവരെ ഇന്‍റർവ്യൂ ചെയ്ത് എടുക്കും. എല്ലാവരും ഇത്തരത്തിൽ അവസരം വരുന്നത് അറിയണമെന്നില്ല. അല്ലെങ്കിൽ എത്തിപ്പെടാൻ സാധിക്കണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് എളുപ്പത്തിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള മാർഗമാണ് കാസ്റ്റിംഗ്കോൾ
കിരണ്‍ അഭിപ്രായപ്പെടുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയതിനുശേഷം ദുബായിയിൽ മൂന്നു വർഷം ജോലി ചെയ്തിരുന്നു. ദുബായിൽ നിന്നും നാട്ടിൽ തിരച്ചെത്തിയശേഷമാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്.രണ്ടു വർഷംകൊണ്ടാണ് സംരംഭം വികസിപ്പിച്ചെടുത്തത്.

എങ്ങനെയാണ് കാസ്റ്റിംഗ്കോൾ പ്രവർത്തിക്കുന്നത്

നിലവിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ മാത്രമേ ആപ്ലിക്കേഷൻ സപ്പോർട്ട് ചെയ്യുകയുള്ളു. ഫേസ്ബുക്ക് ആപ്ലിക്കേഷനു സമാനമായ രീതിയിലാണ് കാസ്റ്റിംഗ്കോളും. ആദ്യം തുറക്കുന്ന സ്ക്രീൻ സ്ക്രോളിംഗ് സ്ക്രീനാണ്. പിന്നെ ഫ്ളിപ് സ്ക്രീനുകളാണ്. ഇത്തരമൊരു രീതിയിലുള്ള ആദ്യത്തെ ആപ്ലിക്കേഷൻ കൂടിയാണിത്. ഓരോരുത്തർക്കും അവരവരുടെ പ്രൊഫൈലും അതോടൊപ്പം പോർട്ട്ഫോളിയോയും ക്രിയേറ്റ് ചെയ്യാം. സൗജന്യമായാണ് രജിസ്ട്രേഷൻ. നിലവിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ വെരിഫിക്കേഷനാണ് നടത്തുന്നത്. രജിസ്റ്റർ ചെയ്യുന്നവർക്ക് അവരവരുടെ മേഖലകളിൽ അവസരം വരുന്പോൾ അറിയാൻ സാധിക്കും. ഫേസ്ബുക്ക് ഈവന്‍റ് പോലെയാണ് നോട്ടിഫിക്കേഷൻ ലഭ്യമാകുന്നത്. അംഗങ്ങൾക്ക് അവരുടെ പോർട്ട്ഫോളിയോയിൽ വീഡിയോകൾ, ഫോട്ടോകൾ, ഓഡിയോ, യൂട്യൂബ് വീഡിയോകൾ എന്നിവയെല്ലാം അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. അതോടൊപ്പം ഡയറക്ടർമാരും ഇതിൽ അംഗങ്ങളാണ് ഇതുവഴി തെരഞ്ഞെടുപ്പ് കുറച്ചുകൂടി എളുപ്പമാകുന്നു. നിലവിൽ മലയാള സിനിമയിലേക്ക് മാത്രമുള്ളവർക്കാ യിട്ടാണ് അവസരമൊരു ക്കുന്നത്. ലോകത്തിന്‍റെ ഏതു ഭാഗത്തുള്ളവർക്കും ആപ്ലിക്കേഷനിൽ അംഗങ്ങളാകാം. വൈകാതെ മറ്റു ഭാഷയിലേക്കും കൂടി ലഭ്യമാക്കി തുടങ്ങും. രണ്ടായിരത്തോളം പേർ നിലവിൽ കാസ്റ്റിംഗ് കോളിന്‍റെ ഉപഭോക്താക്കളായുണ്ട്.


കിരണ്‍ പരമേശ്വരൻ സിഇഒ, അഥീഷ് തലേക്കര ചീഫ് ടെക്നിക്കൽ ഓഫീസർ, ധിരൻ തിലക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ, ജിബിൻ ജേക്കബ് മാർക്കറ്റിംഗ് മാനേജർ, പ്രശാന്ത് മേനോൻ മീഡിയ ഹെഡ്, കെ.കെ ബിജേഷ് മാർക്കറ്റിംഗ് എഞ്ചൽ, കെ.എസ് പ്രദീപ് ക്രിയേറ്റീവ് ഡയറക്ടർ എന്നിവരടങ്ങുന്നതാണ് കാസ്റ്റിംഗ്കോളിന്‍റെ ടീം.പരസ്യമാണ് സംരംഭത്തിന്‍റെ വരുമാന മാർഗം.

ഭാവി പരിപാടികൾ

ഐഒഎസ് പ്ലാറ്റ്ഫോമിലേക്കുകൂടി ലഭ്യമാക്കുക എന്നതാണ് ഭാവിയിലെ പ്രധാന ലക്ഷ്യം. അതോടൊപ്പം കൊച്ചിയിലേക്ക് സംരംഭത്തിന്‍റെ ആസ്ഥാനം മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്. "ഓട്ടോമേഷൻ എല്ലാ മേഖലകളിലും തന്നെ വ്യാപിച്ചു കഴിഞ്ഞു. ആർട്ടിഫിഷൽ ഇന്‍റലിജൻസ് പ്രയോജനപ്പെടുത്തി ഫോട്ടോറെക്കഗ്നിഷൻ കൂടി സാധ്യമാക്കുക എന്നതും കാസ്റ്റിംഗ്കോളിന്‍റെ പ്രധാന ഭാവി പരിപാടികളിലൊന്നാണ്.ഇതുവഴി അനുയോജ്യരായവരെ കണ്ടെത്തുക എന്നതും എളുപ്പമാകും കിരണ്‍ പറഞ്ഞു.