മഴ നേരിടാൻ കാറിനെ ഒരുക്കാം
മഴക്കാലത്ത് കാറിന്‍റെ ചെറിയ തകരാർ പോലും ഡ്രൈവിങ് ദുരിതപൂർണ്ണവും അപകടകരവുമാക്കും. അതുകൊണ്ടുതന്നെ മഴക്കാലം നേരിടാൻ വാഹനത്തെ സജ്ജമാക്കേണ്ടതുണ്ട്. വാഹനത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും ഇത് അത്യാവശ്യമാണ്. മഴക്കാലം ശക്തിപ്പെടുംമുന്പ് ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഇക്കാര്യങ്ങൾ ശ്രദ്ധയിൽ വെയ്ക്കുക

« വാഹനത്തിന്‍റെ ബ്രേക്ക് സിസ്റ്റത്തിനു പ്രഥമ പരിഗണന കൊടുക്കാം. ബ്രേക്ക് കാര്യക്ഷമതയിൽ എന്തെങ്കിലും കുറവ് അനുഭവപ്പെടുന്നെങ്കിൽ എത്രയും പെട്ടെന്ന് വർക്ക് ഷോപ്പിലോ സർവീസ് സെന്‍ററിലോ വണ്ടിയുടെ ബ്രേക്ക് സംവിധാനം പരിശോധനാ വിധേയമാക്കി തകരാർ പരിഹരിക്കണം.
« ടയറിന്‍റെ അവസ്ഥ മോശമാണെങ്കിൽ പിന്നെ ബ്രേക്ക് നന്നായിട്ട് മാത്രം കാര്യമില്ല. തേഞ്ഞു തീർന്ന ത്രെഡുകൾക്ക് ടയറിൽ പറ്റുന്ന വെള്ളം തെറിപ്പിച്ച് കളയാനാവില്ല. ഫലമോ ടയറിനും റോഡ് പ്രതലത്തിനും ഇടയിൽ ഒരു ജലപാളി രൂപപ്പെടും. ഇത് റോഡിൽ ടയറിന്‍റെ പിടുത്തം ഇല്ലാതാക്കും. ഐസ് പാളിയ്ക്ക് മുകളിലൂടെ വണ്ടിയോടിച്ചാലുള്ള അവസ്ഥയാണ് ഇതുണ്ടാക്കുക. ടയറിലെ ത്രെഡുകൾക്ക് കുറഞ്ഞത് അഞ്ച് മില്ലീമീറ്റർ കനം എങ്കിലും ഉണ്ടായിരിക്കണം. മഴക്കാലത്ത് പങ്ചർ സാധ്യത കൂടുതലായതിനാൽ സ്റ്റെപ്പിനി ടയറും നല്ലതായിരിക്കണം. അതിൽ മതിയായ അളവിൽ കാറ്റ് നിറച്ച് വയ്ക്കുക.
« ആവശ്യമെങ്കിൽ വീൽ അലൈൻമെന്‍റ്, വീൽ ബാലൻസിങ് എന്നിവ മഴയ്ക്ക് മുന്പായി തീർച്ചയായും ചെയ്യുക. വണ്ടിയ്ക്ക് സൈഡ് വലിവ് അനുഭവപ്പെടുന്നതും ടയറിന്‍റെ ഒരു ഭാഗം വെട്ടിത്തേയുന്നതുമെല്ലാം വീൽ അലൈൻമെന്‍റിന്‍റെ തകരാറാണ് സൂചിപ്പിക്കുന്നത്. സ്റ്റിയറിങ്ങിനു വിറയൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ വീൽബാലൻസിങ് നടത്തുക.
« മഴക്കാലത്തെ ഏറ്റവും അവശ്യമായ സംഗതികളിലൊന്നാണ് വൈപ്പർ എന്നതിൽ സംശയമില്ലല്ലോ. അതിനാൽ മഴക്കാലത്തിന് മുന്നേ തന്നെ വൈപ്പർ ബ്ലേഡുകളുടെ കണ്ടീഷൻ പരിശോധിക്കണം.വേനൽ ചൂടേറ്റ് വൈപ്പർ ബ്ലേഡുകളുടെ വഴക്കം നഷ്ടപ്പെട്ടിട്ടുണ്ടാകും. പഴകിയ വൈപ്പറുകൾ കാഴ്ച മങ്ങുന്നതിനും ഒപ്പം ഗ്ലാസ്സിൽ പോറലുകൾ വീഴുന്നതിനും കാരണമാകും. മാത്രമല്ല, വൈപ്പറിന്‍റെ ഫാസ്റ്റ്, സ്ലോ മോഡുകളെല്ലാം കൃത്യമായി പ്രവർത്തിക്കുമെന്നും ഉറപ്പു വരുത്തണം. റിയർ ഡീഫോഗർ പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും മറക്കേണ്ട. വിൻഡ് സ്ക്രീൻ വാഷർ റിസർവോയറിൽ അൽപ്പം ഷാംപൂ കലർത്തിയ വെള്ളം നിറച്ചുവയ്ക്കുക. വിൻഡ് സ്ക്രീനിനെ തെളിമയുള്ളതാക്കാൻ അതുപകരിക്കും.

« റബർ മാറ്റുകൾ വാങ്ങി കാറിലിടുക. ചെരിപ്പിലെ ചെളി പറ്റി കാറിന്‍റെ ഉൾഭാഗം വൃത്തികേടാകുന്നത് ഇങ്ങനെ തടയാം. യാത്രയ്ക്ക് ശേഷം മാറ്റ് കഴുകി ഇടണം.
« തുരുന്പാണ് മഴക്കാലത്ത് കാറിനെ കാർന്നു തിന്നുന്ന വില്ലൻ. എന്നാൽ അൽപമൊന്നു സൂക്ഷിച്ചാൽ തുരുന്പിനെ നിഷ്പ്രയാസം തുരത്താനാകും. നാല് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനമാണെങ്കിൽ ബോഡിയുടെ അടിയിൽ റബ്ബർ ബേയ്സ്ഡ് പെയിന്‍റ് കോട്ടിങ് നടത്തുന്നത് നല്ലതാണ്. മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കാനായി തുരുന്പിനെ ചെറുക്കുന്ന സ്്പ്രേകളും മറ്റും വിപണിയിൽ ലഭ്യമാണ്. പെയിന്‍റിലെ പോറലുകൾ ടച്ച് ചെയ്യിക്കുക . അഞ്ച് വർഷത്തിലേറെ പഴക്കമുള്ള വാഹനത്തിന് അണ്ടർ ബോഡി കോട്ടിങ് നടത്തുന്നത് നല്ലതാണ്. ബോഡി വാക്സ് ചെയ്യിക്കുന്നതും ഉത്തമം.
« പകൽ സമയത്ത് പോലും മഴ മൂലം റോഡ് കാഴ്ച അവ്യക്തമാകും. അതുകൊണ്ടുതന്നെ ലൈറ്റുകൾ എല്ലാം ശരിയായി പ്രവർത്തിക്കുന്നതായിരിക്കണം. ഹെഡ് ടെയ്ൽ ലാംപുകൾ , ഫോഗ്ലാംപ്, ടേണ്‍ ഇൻഡിക്കേറ്ററുകൾ , പാർക്ക് ലൈറ്റുകൾ , ബ്രേക്ക് ലൈറ്റ് , റിവേഴ്സ് ലൈറ്റ് എന്നിവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഹെഡ്ലാംപുകൾ ശരിയായി ഫോക്കസ് ചെയ്തുവയ്ക്കുക.
« മഴയത്ത് വിൻഡോകൾ എല്ലാം അടച്ചിട്ടുകൊണ്ട് ഡ്രൈവ് ചെയ്യേണ്ടി വരുന്നതിനാൽ എസിയുടെ ഉപയോഗം അത്യാവശ്യമായി വരും. എസിയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക.
« വിൻഡോ, ഡോർ , സണ്‍റൂഫ് എന്നിവയുടെ റബ്ബർ ബീഡിങ്ങുകൾ പഴക്കം ചെന്നവയെങ്കിൽ മാറിയിടുക. അല്ലാത്തപക്ഷം മഴ പെയ്യുന്പോൾ കാറിലിരിക്കുന്നവർ കുട ചൂടേണ്ടി വരും.
« ഇലക്ട്രിക്കൽ സിസ്റ്റത്തിന്‍റെ ശത്രുവാണ് വെള്ളം. വയറുകൾ കൃത്യമായി ഇൻസുലേറ്റ് ചെയ്ത് ഷോർട്ട് സർക്യൂട്ടിനുള്ള സാഹചര്യം ഒഴിവാക്കുക. ബാറ്ററി ടെർമിനലുകൾ പെട്രോളിയം ജെല്ലി പുരട്ടി ഈർപ്പരഹിതമായി സൂക്ഷിക്കുക. ഒരു സെറ്റ് ഫ്യൂസ്, ഹെഡ്ലാംപ് ബൾബ് എന്നിവ വാഹനത്തിൽ കരുതിവയ്ക്കുക.

ഐപ്പ് കുര്യൻ