എൻപിഎസിൽ നിന്നു തുക പിൻവലിക്കാൻ
എൻപിഎസിൽ നിന്നു തുക പിൻവലിക്കാൻ
റിട്ടയർ ചെയ്തവർക്ക് ക്രമമായി വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്‍റ് നാഷണൽ പെൻഷൻ സ്കീമിനു രൂപം നൽകിയത്. ഇതോടൊപ്പം റിട്ടയർമെന്‍റിനു മുന്പും പിന്പും തുക പിൻവലിക്കാൻ നിരവധി ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.

ഗവണ്‍മെന്‍റ് ജോലിക്കാർ റിട്ടയർ ചെയ്യുന്പോൾ: എൻപിഎസ് അക്കൗണ്ടിലെ സഞ്ചിത നിധിയുടെ 60 ശതമാനം പിൻവലിക്കാം. നാൽപ്പതു ശതമാനം പെൻഷനു വേണ്ടിയുള്ള ആന്വയിറ്റിയിൽ നിക്ഷേപിക്കണം. ആന്വയിറ്റി വാങ്ങുന്നത് മൂന്നു വർഷത്തേക്കു വേണമെങ്കിൽ നീട്ടി വയ്ക്കാം. സഞ്ചിത തുകയുടെ 60 ശതമാനം പിൻവലിക്കുന്നത് 70 വയസ് വരെ നീട്ടിവയ്ക്കാനും അവസരമുണ്ട്. സഞ്ചിത തുക രണ്ടു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ അതു പൂർണമായി പിൻവലിക്കാം.

ഗവണ്‍മെന്‍റ് ജോലിക്കാർ വിആർഎസ് എടുക്കുന്പോൾ: എൻപിഎസ് അക്കൗണ്ടിലെ സഞ്ചിത തുകയുടെ 80 ശതമാനവും ആന്വയിറ്റിയിൽ നിക്ഷേപിക്കണം. സഞ്ചിത തുക ഒരു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ അതു പൂർണമായി പിൻവലിക്കാം.

ഗവണ്‍മെന്‍റ് ജോലിക്കാർ മരണമടഞ്ഞാൽ:

റിട്ടയർ ചെയ്യുന്നതിനു മുന്പ് മരിച്ചാൽ നോമിനി സഞ്ചിത തുകയുടെ 80 ശതമാനവും ആന്വയിറ്റിയിൽ നിക്ഷേപിക്കണം. തുക രണ്ടു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പൂർണമായും പിൻവലിക്കാം.

സ്വകാര്യ ജീവനക്കാരും പൊതുജനങ്ങളും:

അക്കൗണ്ടിലെ സഞ്ചിത തുകയുടെ 40 ശതമാനം ആന്വയിറ്റിയിൽ നിക്ഷേപിക്കണം. ശേഷിച്ച 60 ശതമാനം പിൻവലിക്കാം. ഈ തുക പിൻവലിക്കുന്നത് 70 വയസുവരെ നീട്ടിവയ്ക്കുവാനും സാധിക്കും. സഞ്ചിത തുക രണ്ടു ലക്ഷം രൂപയ്ക്കു താഴെയാണെങ്കിൽ തുക പൂർണമായും പിൻവലിക്കാം.

സ്വകാര്യ മേഖല ജീവനക്കാർ മരണമടഞ്ഞാൽ:

റിട്ടയർ ചെയ്യുന്നതിനു മുന്പ് മരിച്ചാൽ നോമിനിക്ക് സഞ്ചിത തുക പൂർണമായും പിൻവലിക്കാം.

അക്കൗണ്ട് അവസാനിപ്പിച്ചാൽ:

സ്വകാര്യമേഖല ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ സഞ്ചിതി നിധിയുടെ 80 ശതമാനം നിർബന്ധമായും ആന്വയിറ്റിയിൽ നിക്ഷേപിക്കണം. തുക ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പൂർണമായും പിൻവലിക്കാം.

കാലാവധിക്കു മുന്പേയുള്ള പിൻവലിക്കൽ


ടയർ-1 അക്കൗണ്ട്: 2011 വരെ എൻപിഎസ് ടയർ-1 അക്കൗണ്ടിൽനിന്നു 60 വയസ് എത്തുന്നതുവരെ തുക പിൻവലിക്കാൻ അനുവദിച്ചിരുന്നില്ല. പി്ന്നീട് നിയമം മാറ്റി. പതിനഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് കാലാവധിക്കു മുന്പേ തുക പിൻവലിക്കാൻ അനുമതി നൽകി. കുറഞ്ഞത് 25 വർഷം പൂർത്തിയാക്കിയവർക്ക്് 50 ശതമാനം വരെ പിൻവലിക്കാം. മാരകരോഗങ്ങൾ, മറ്റ് അടിയന്തരാവശ്യം തുടങ്ങിയവയ്ക്ക് തുക പിൻവലിക്കാൻ അനുവദിക്കും.

ടയർ-2 അക്കൗണ്ട്:

എൻപിഎസ് ടയർ-2 അക്കൗണ്ടിൽനിന്ന് പരിധിയില്ലാതെ പിൻവലിക്കുവാൻ സാധിക്കും. ഇതൊരു സേവിംഗ്സ് ബാങ്ക്് അക്കൗണ്ട് പോലെയാണ്.

പിൻവലിക്കാവുന്ന തുക
* തുടക്കത്തിൽ എൻപിഎസിൽനിന്നു ഭാഗികമായി തുക പിൻവലിക്കാൻ അനുവദിച്ചിരുന്നില്ല. പുതിയ റൂൾ അനുസരിച്ച് അക്കൗണ്ട് ഉടമ അടച്ച തുകയുടെ 25 ശതമാനം വരെ പിൻവലിക്കാം. അക്കൗണ്ട് ബാലൻസിന്‍റെ അല്ല. അടച്ച തുകയിൽനിന്നു മാത്രമേ പിൻവലിക്കാൻ അനുവദിക്കു. പലിശ പിൻവലിക്കാനാകില്ല.
* പത്തു വർഷം കാലാവധി പൂർത്തിയാക്കയവരെയേ ഭാഗികമായി തുക പിൻവലിക്കാൻ അനുവദിക്കുകയുള്ളു. അഞ്ചുവർഷമിടവിട്ട് മൂന്നു പ്രാവശ്യമേ ഇത്തരത്തിൽ ഭാഗികമായി തുക പിൻവലക്കാൻ സാധിക്കുകയുള്ളു.

ഉദാഹരണം നോക്കാം. ഒരാൾ 10000 രൂപ വീതം പത്തുവർഷത്തേക്ക് അടച്ചുവെന്നു കരുതുക. അയാൾക്ക് അടച്ച തുകയായ12 ലക്ഷം രൂപയുടെ 25 ശതമാനം ( അതായത് 3 ലക്ഷം രൂപ) പിൻവലിക്കാം. അടുത്ത പിൻവലിക്കൽ അഞ്ചുവർഷത്തിനു ശേഷമേ സാധിക്കുകയുള്ളു.

ഭാഗികമായി തുക പിൻവലിക്കുന്നതിനു അനുവദിക്കുന്ന കാരണങ്ങൾ

* വീട് നിർമാണം അല്ലെങ്കിൽ വീടു വാങ്ങൽ
* അപകടത്തിൽ സംഭവിച്ച ഗുരുതരമായ പരുക്ക്
* കുട്ടികളുടെ വിദ്യാഭ്യാസം
* കുട്ടികളുടെ വിവാഹം
* വരിക്കാരൻ, പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ തുടങ്ങിയവരുടെ മാരകരോഗങ്ങളുടെ ചികിത്സ
* കാൻസർ, ജീവിനുതന്നെ ഭീഷണിയാകാവുന്ന വിധത്തിലുള്ള അപകടം, ബൈപ്പാസ് ശസ്ത്രക്രിയ, ഹൃദയവാൽവ് ശസ്ത്രക്രിയ, കടുത്ത കിഡ്നി രോഗം, പക്ഷാഘാതം, കോമ തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് അഞ്ചുവർഷത്തെ ഇടവേള എന്ന നിബന്ധനയ്ക്ക് ഒഴിവ് ലഭിക്കും.