ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം ഉത്തരവാദിത്വത്തോടെ
ക്രെഡിറ്റ് കാർഡ് ഉപയോഗത്തെ വലിയൊരു വിഭാഗം പേഴ്സണൽ ഫിനാൻസ് വിദഗ്ധർ നിരുത്സാഹപ്പെടുത്താറുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗം ആളുകളെ അവസാനം കടക്കെണിയിൽ എത്തിക്കുമെന്നതാണ് അവരുടെ വാദം. ഈ വാദത്തിൽ കഴന്പുണ്ട്.
പക്ഷേ ഉത്തരവാദിത്വത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ അത് നിരവധി നേട്ടങ്ങൾ നൽകുന്നുണ്ടെന്നതാണ് വസ്തുത. ഡെബിറ്റ് കാർഡ് വഴി പേമെന്‍റ് നൽകുന്നതിനേക്കാൾ വളരെയധികം നേട്ടം ക്രെഡിറ്റ് കാർഡ് വഴിയുള്ള പേമെന്‍റിനുണ്ട്. അവ പരിശോധിക്കാം.

1. മികച്ച ക്രെഡിറ്റ് പാരന്പര്യമുള്ളവർക്ക് കാർഡ് വാങ്ങുന്പോൾതന്നെ ബോണസ് പോയിന്‍റോ കാഷ് ബാക്കോ ഡിസ്കൗണ്ടോ ഒക്കെ നൽകാറുണ്ട്. ഡെബിറ്റ് കാർഡിൽ ഒരിക്കലും ഇതു ലഭിക്കുന്നില്ല.

ക്രെഡിറ്റ് കാർഡിൽ ചിലതിന് ജോയിനിംഗ് ഫീസ് ഉണ്ട്. പക്ഷേ പല കാർഡ് കന്പനികളും ഇത് ഒഴിവാക്കുകയോ അല്ലെങ്കിൽ റിവാർഡ് പോയിന്‍റ് നൽകുകയോ ചെയ്യാറുണ്ട്. മിക്ക കാർഡിനും വാർഷിക മെയിന്‍റനൻസ് ചാർജ് ഉണ്ട്.
2. ക്രെഡിറ്റ് കാർഡുകൾ എല്ലാം വാങ്ങലിന് റിവാർഡ് പോയിന്‍റ്സ് നൽകുന്നു. ഓണ്‍ലൈൻ വാങ്ങലുകൾക്ക് പോയിന്‍റ് കൂടുതലുണ്ട്. യാത്ര, റെസ്റ്ററന്‍റ്, അവശ്യ സാധനങ്ങൾ തുടങ്ങി വിവിധ കാറ്റഗറികൾക്ക് വ്യത്യസ്ത പോയിന്‍റുകളാണ് ലഭിക്കുക. എന്തായാലും ക്രെഡിറ്റ് കാർഡ് വഴിയുളള ഓരോ വാങ്ങലിനും റിവാർഡ് പോയിന്‍റ് ഉറപ്പാണ്. ഈ റിവാർഡ് പോയിന്‍റുകൾ കൂട്ടിച്ചേർത്ത് ഭാവിയിലെ വാങ്ങലിന് ഉപയോഗിക്കാം.
പല എയർലൈനുകളും ടിക്കറ്റ് എടുക്കുന്പോൾ പ്രത്യേക റിവാർഡ് പോയിന്‍റുകൾ നൽകാറുണ്ട്. ജെറ്റ് എയർവേസിന്‍റെ ജെപി മൈൽസ് ഉദാഹരണം. കൂടെക്കൂടെ വിമാന യാത്ര ചെയ്യുന്നവർക്കു ഇതു മികച്ച നേട്ടം നൽകും.
3. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാഷ് നൽകുന്പോൾ അതിന്‍റെ ചെറിയൊരു ശതമാനം കാഷ് ബാക്ക് ആയി നൽകാറുണ്ട്. ചില കടകളും സ്ഥാപനങ്ങളും സേവനങ്ങളുമൊക്കെ ഒന്നോ രണ്ടോ ശതമാനം ഇങ്ങനെ കാഷ് ബാക്ക് ആയി നൽകാറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സാധനങ്ങൾ വാങ്ങുന്പോൾ നാലും അഞ്ചു ശതമാനം വരെ കാഷ് ബാക്ക് ലഭിക്കാറുണ്ട്.
4. ഡെബിറ്റ് കാർഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡിന് ് സുരക്ഷിതത്വം കൂടുതലുണ്ട്. ഒരു മോഷ്ടാവ് ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ അപ്പോൾതന്നെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമാകും. അതേ സമയം ക്രെഡിറ്റ കാർഡിൽ അങ്ങനെ സംഭവിക്കുകയില്ല. ക്രെഡിറ്റ് കാർഡ് കൃത്രിമമായി ഉപയോഗിച്ചാൽ പരാതിപ്പെടാനും പരിഹാരം കാണാനും സമയമുണ്ട്. പ്രശ്നം പരിഹരിക്കുന്നതിൽ ക്രെഡിറ്റ് കാർഡ് കന്പനിയും സഹായത്തിനുണ്ടാകും.
5. പണമടയ്ക്കാൻ സാവകാശം കിട്ടുന്നു. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങൽ നടത്തുന്പോൾ അപ്പോൾതന്നെ പണം അക്കൗണ്ടിൽന്നു നൽകിക്കഴിയും. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്പോൾ പണം ഉടമയുടെ അക്കൗണ്ടിൽതന്നെ കിടക്കും. ക്രെഡിറ്റ് കാർഡ് ബിൽ നൽകാൻ 40 ദിവസം സാവകാശം ലഭിക്കും. ഉദാഹരണത്തിന് ഒരു മാസം അഞ്ചാം തീയതിൽ നടത്തുന്ന വാങ്ങലിന്‍റെ തുക പിറ്റേമാസം 15-ാം തീയതി നൽകിയാൽ മതി.
ചെറിയതാണെങ്കിലും ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന തുകയ്ക്ക് പലിശ ലഭിക്കും.
ബാങ്ക് അക്കൗണ്ടിലെ തുക പരിഗണിക്കാതെ തന്നെ വാങ്ങലുകൾ നടത്താൻ ക്രെഡിറ്റ് കാർഡ് സഹായിക്കും. അതേ സമയം ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്പോൾ ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരിക്കണം.

6. മിക്ക കാർഡുകളും ഇൻഷുറൻസ് കവറേജ് നൽകാറുണ്ട്.
7. ക്രെഡിറ്റ് കാർഡിന് സാർവത്രികമായി സ്വീകാര്യതയുണ്ട്. കാർ വാടക, ഹോട്ടൽ വാടക, റെസ്റ്ററന്‍റ് തുടങ്ങിയ ഏതാവശ്യത്തിനും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഡെബിറ്റ് കാർഡ് ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്പോൾ തുല്യമായ തുക അക്കൗണ്ടിൽ ഉണ്ടായിരി ക്കണം.
8. ക്രെഡിറ്റ് സ്കോർ ഉയർത്താൻ ക്രെഡിറ്റ് കാർഡുകൾ സഹായകമാണ്. ക്രെഡിറ്റ് കാർഡ് പേമെന്‍റ് കൃത്യമായി നടത്തണമെന്നു മാത്രം. അക്കാര്യം ക്രെഡിറ്റ് കാർഡ് കന്പനികൾ ക്രെഡിറ്റ് ബ്യൂറോയെ അറിയിക്കും. എന്നാൽ ഡെബിറ്റ് കാർഡ് ഉപയോഗം ക്രെഡിറ്റ് റിപ്പോർട്ടിൽ വരാറില്ല. ഉയർന്ന ക്രെഡിറ്റ് സ്കോർ കുറഞ്ഞ പലിശയ്ക്കു വായ്പ നേടാൻ സഹായിക്കും.

ഈ സാഹചര്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്

ക്രെഡിറ്റ് കാർഡ് ഉപയോഗം എപ്പോഴും മെച്ചമായിരിക്കണമെന്നില്ല. ചിലപ്പോൾ കാഷ് ഉപയോഗിച്ച് ചില വാങ്ങലുകൾ (ഉദാരണത്തിന് ഫർണീച്ചർ) നടത്തുന്പോൾ വൻ ഡിസ്കൗണ്ടുകൾ ലഭിക്കും. ക്രെഡിറ്റ് കാർഡിലോ ഡെബിറ്റ് കാർഡിലോ അതുണ്ടാവില്ല. ഈ സാഹചര്യത്തിൽ തീർച്ചയായും കാഷ് ഉപയോഗിച്ച് നല്ല നേട്ടമുണ്ടാക്കാം.
ചുവടെ പറയുന്ന സാഹചര്യങ്ങളിലും ക്രെഡിറ്റ് കാർഡ് ഉപയോഗം അത്ര നല്ലതല്ല.

* കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ പൂർണമായും നൽകാതിരിക്കുക. അതായത് മിനിമം പേമെന്‍റ് നടത്തി ബാലൻസ് നിലനിർത്തുന്ന സ്വഭാവുമുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. പകരം കാഷോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുക.
* പോക്കറ്റിനു താങ്ങാവുന്നതിൽ കൂടുതൽ ചെലവാക്കുന്ന സ്വഭാവമുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കൽ പരിമിതപ്പെടുത്താം.
* ക്രെഡിറ്റ കാർഡ് പരിധി തീരെക്കുറവാണെങ്കിലും ഇതുപയോഗിക്കുന്നതുകൊണ്ട് വലിയ പ്രയോജനമുണ്ടാവില്ല.
* ക്രെഡിറ്റ് പരിധി കൂടെക്കൂടെ ലംഘിക്കുകയും ഉയർന്ന ഫീസ് നൽകുന്ന പ്രവണതയുമുണ്ടെങ്കിൽ അതും നല്ലതല്ല. അതു ക്രെഡിറ്റ് സ്കോറിലെ പ്രതികൂലമായി ബാധിക്കും.

അച്ചടക്കമുള്ളവർക്കു പറഞ്ഞിട്ടുള്ളത്

ഒറ്റ വാക്കിൽ പറഞ്ഞാൽ നല്ല അച്ചടക്കമുള്ളവർക്കമുള്ളവർക്കു പറഞ്ഞിട്ടുള്ളതാണ് ക്രെഡിറ്റ് കാർഡ് പ്രതിമാസ ബിൽ പൂർണമായും സമയത്ത് അടച്ചു തീർക്കുന്നവർക്ക് യാതൊരു ആശങ്കയും കൂടാതെ ക്രെഡിറ്റ് കാർഡ് വാങ്ങി ഉപയോഗിക്കാം.

ഉത്തരവാദിത്വത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുവാൻ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഡെബിറ്റ് കാർഡിൽനിന്നു ക്രെഡിറ്റ് കാർഡിലേക്കു മാറാം. എടിഎമ്മിൽനിന്നു പണമെടുക്കാൻ മാത്രം ഡെബിറ്റ് കാർഡ് ഉപയോഗിക്കാം.
ബോണസ്, റിവാർഡ് പോയിന്‍റ്സ്, സുരക്ഷിതത്വം, കൈവശമുള്ള പണത്തിന്‍റെ മൂല്യം വർധിക്കുന്നത് ( പലിശ ) തുടങ്ങിയവയെല്ലാം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ നേട്ടങ്ങളാണ്.