ഫാഷൻ ഡിസൈനിംഗിൽ താൽപ്പര്യമുണ്ടോ ലാറയിലേക്ക് വരൂ
ഫാഷൻ ഡിസൈനിംഗിൽ  താൽപ്പര്യമുണ്ടോ ലാറയിലേക്ക് വരൂ
Friday, August 2, 2019 5:08 PM IST
ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളെ പിന്തുടരാനാണ് എല്ലാവർക്കും എപ്പോഴും താൽപ്പര്യം. അത് സ്വയം ഡിസൈൻ ചെയ്ത് തയിച്ചിടുന്നതാണെങ്കിലോ അതിനൽപ്പം ഭംഗി കൂടുമല്ലെ. ഇനി അതൊരു ബിസിനസാക്കി മാറ്റിയാലോ സാന്പത്തികമായും മെച്ചപ്പെടുമല്ലെ. ഫാഷൻ പ്രത്യേകിച്ച് വസ്ത്രങ്ങളുടെ കാര്യത്തിൽ എപ്പോഴും മാറ്റങ്ങൾ നടന്നു കൊണ്ടേയിരിക്കുന്ന മേഖലയാണ്. അതിനെ പിന്തുടരുന്നവരാണ് എല്ലാവരും തന്നെ. അതുകൊണ്ടു തന്നെ ഫാഷൻ ഡിസൈനിംഗ് സ്വയം ട്രെൻഡിയാകാനും മറ്റുള്ളവരെ ട്രെൻഡിയാക്കാനുമുള്ള മാർഗമാണ്.ഡിസൈനറും അതോടൊപ്പം ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് എറണാകുളം കാക്കനാട് മൈത്രിപുരം രാജലക്ഷമിയിൽ അജിത ബോസ്.

ഡിസൈനിംഗിനും പഠനത്തിനും ലാറ

കാക്കനാട് എൻജിഒ ക്വാർട്ടേഴസിൽ സെന്‍റ് ആന്‍റണീസ് ചർച്ച് റോഡിലാണ് അജിതയുടെ ലാറ എന്ന ഫാഷൻ ഡിസൈനിംഗ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അഞ്ചു വർഷം കഴിഞ്ഞു സ്ഥാപനം ആരംഭിച്ചിട്ട്. സ്റ്റിച്ചിംഗ്, എബ്രോയഡറി, ഡിസൈനിംഗ് എന്നിവയെല്ലാമാണ് പഠിപ്പിക്കുന്നത്. അതിനൊപ്പം ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട്. പഠനത്തിനായി വരുന്നവർ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് പഠിപ്പിക്കുന്നത്. ഏറ്റവും പുതിയ ഫാഷൻ,ഡിസൈനിംഗ് എന്നിവ പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് അജിത പറയുന്നു. ഒരു സിലബസുണ്ട് അതിനനുസരിച്ചാണ് ക്ലാസുകൾ പോകുന്നത്. ആദ്യം സ്റ്റിച്ചിംഗിന്‍റെ അടിസ്ഥാനം പഠിപ്പിച്ചു നൽകുകയാണ് ചെയ്യുന്നത്. അതിനുശേഷമാണ് ഓരോരുത്തർക്കും ഇഷ്ടപ്പെട്ട മേഖല ഏതാണെന്നു നോക്കി പ്രത്യക പരിശീലനം നൽകുന്നത്.

"ഒരാൾക്ക് ഒരു മെഷീൻ എന്ന നിലക്ക് 15 പേരാണ് ഒരു ബാച്ചിലുള്ളത്. ഒരു വർഷമാണ് കോഴ്സിന്‍റെ കാലാവധി. ആഴ്ച്ചയിൽ രണ്ടു ദിവസമേ ക്ലാസ് ഉണ്ടാകുകയുള്ളു. ദിവസവും രണ്ടു മണിക്കൂറാണ് ക്ലാസ്. മാസം 1200 രൂപയാണ് ഫീസ്' അജിത പറഞ്ഞു.

നിലവിൽ എഴുനൂറിലധികം പേർ ലാറയിൽ നിന്നും പരിശീലനം നേടിക്കഴിഞ്ഞു. പലരും ബൊട്ടീക്കോ സ്റ്റിച്ചിംഗോ ഡിസൈനിംഗോ ഒക്കെ തനിയെ ചെയ്യുന്നുണ്ട്. ഇപ്പോൾ അറുപതോളം പേർ പരിശീലനം നേടുന്നുമുണ്ട്. വീട്ടമ്മമാരാണ് പരിശീലനത്തിനായി എത്തുന്നവരിൽ കൂടുതലും.


വിവാഹ ആഘോഷങ്ങൾക്കുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട് ലാറ. വിവാഹം, വിവാഹ നിശ്ചയം,ഹൽദി, മധുരംകിള്ളൽ തുടങ്ങിയ ചടങ്ങുകൾ, ഫ്ളവർ ഗേൾസ് തുടങ്ങിയവർ എന്നിങ്ങനെ ആഘോഷ ദിവസങ്ങളിലേക്കാവശ്യമായ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്തു നൽകും. "ലാച്ച, ലെഹംഗ, സാരി-ബ്ലൗസ് അങ്ങനെ ആവശ്യക്കാർക്ക് എന്താണോ വേണ്ടത് അത് നൽകും. ഇതിന് പഠിക്കുന്നവരും പഠിച്ചുപോയവരും സഹായിക്കാറുണ്ടെന്ന്' അജിത പറയുന്നു.

വിവാഹശേഷം പഠനം

ബിഎ ഇക്കണോമിക്സ് ബിരുദധാരിയാണ് അജിത. ഇടുക്കിയിലാണ് അജിതയടെ വീട്. വിവാഹം കഴിഞ്ഞാണ് എറണാകുളത്തേക്ക് എത്തുന്നത്. കോളജിൽ പഠിക്കുന്പോൾ മുതൽ തയ്ക്കുമായിരുന്നു. പക്ഷേ, അത് അളവെടുത്തൊന്നുമല്ലായിരുന്നു. മകളുണ്ടായി കഴിഞ്ഞപ്പോൾ മകൾക്കു വേണ്ടി ഫ്രോക്കുകൾ തയിച്ചു. എല്ലാവരും നല്ല ഭംഗിയുണ്ടല്ലോ എന്നൊക്കെ പറയും.അങ്ങനെയാണ് തയ്യൽ പഠിക്കാം എന്നു തീരുമാനിക്കുന്നത്. എറണാകുളം സൗത്തിലുള്ള ഒരു സ്ഥാപനത്തിലായിരുന്നു പഠിച്ചത്. പതിയെ അത് ലാറയിലേക്ക് എത്തിയെന്നും - അജിത പറഞ്ഞു.

സ്ഥാപനത്തെ കുറച്ചു കൂടി വിപുലപ്പെടുത്തുക എന്നതാണ് അജിതയുടെ അടുത്ത ലക്ഷ്യം. കൂടാതെ എല്ലാത്തരത്തിലുമുള്ള വസ്ത്രങ്ങൾ ഡിസൈനിംഗ് ചെയ്തു നൽകുന്ന ഒരു സ്ഥാപനവും ചെയ്യാനുദ്ദേശിക്കുന്നുണ്ട്. അപ്പോൾ ഇവിടെ നിന്നും പഠിച്ചു പോയവർക്കും മറ്റും ഉപകാരമാകുകയും ചെയ്യും - അജിത അഭിപ്രായപ്പെടുന്നു. അജിതയുടെ ഭർത്താവ് ബോസ് വി ഗംഗാധരൻ ബിസനസുകാരനാണ്.രണ്ടു മക്കളാണിവർക്ക്. ലക്ഷമി ബോസും രാഹുൽ ബോസും. ലക്ഷമി് ഇന്‍റഗ്രേറ്റഡ് എംഎയ്ക്ക് പഠിക്കുന്നു. മകൻ രാഹുൽ പ്ലസ്ടുവിന് പഠിക്കുന്നു.