കയ്യിൽ പണമില്ലെങ്കിലും ബിസിനസ് തുടങ്ങാം
കയ്യിൽ പണമില്ലെങ്കിലും  ബിസിനസ് തുടങ്ങാം
Tuesday, August 13, 2019 5:02 PM IST
കയ്യിൽ പണമില്ലാതെ എങ്ങനെ ബിസിനസ് തുടങ്ങാനാണെന്നരിക്കും പലരും ചിന്തിക്കുന്നത്. അധികം ആ കാര്യത്തെ കുറിച് ചിന്തിക്കേണ്ട. തുടങ്ങാനുദ്ദേശിക്കുന്ന ബിസിനസ് ആശയം മികച്ചതാണോ എന്ന് പരിശോധിച്ചാൽ മതി. മറ്റുള്ള കാര്യങ്ങളെല്ലാം പിന്നാലെ വന്നു കൊള്ളും.

ബാങ്കിൽ നിന്നും വായ്പ എടുക്കാനാണോ ഉദ്ദേശിക്കുന്നത്

പലരും സംരംഭങ്ങളെ പറ്റി ആലോചിക്കുന്പോഴേ ആദ്യത്തെ സാന്പത്തിക ഓപ്ഷൻ ആയി കണ്ടുവെയ്ക്കുന്നത് ബാങ്കുകളെയാണ്. കാര്യത്തോടടുക്കുന്പോൾ സംഗതി മാറും. അതുവരെ വായ്പ ഇപ്പോ റെഡി എന്നു പറഞ്ഞിരുന്നവർ വായ്പ തള്ളിക്കളയും. ഇതിനൊന്നും വായ്പ തരാൻ പറ്റില്ലെന്നു പറയും. അതോടെ അതുവരെയുണ്ടായിരുന്ന ആവേശമൊക്കെ പോകും. സംരഭമൊന്നും വേണ്ടേ എന്നാകും നിലപാട്. ഇങ്ങനെ തളരേണ്ടതില്ല. ഇന്ന് നവസംഭരകരെ സഹായിക്കാൻ നിരവധി ഫണ്ടിംഗ് ഓപ്ഷനുകളുണ്ട്.

ഏഞ്ചൽ നിക്ഷേപം

സ്റ്റാർട്ടപ്പ് സംരംഭകരുടെ തുടക്കത്തിലേ പ്രതിസന്ധികൾക്ക് ഏറ്റവും പരിഹാരമാകുന്ന ഒരു നിക്ഷേപ ഓപ്ഷനാണ് ഏഞ്ചൽ നിക്ഷേപം. സംരംഭത്തിന്‍റെ ആശയം വളർച്ച സാദ്ധ്യതകൾ എന്നിവയെല്ലാം പരിശോധിച്ച ശേഷമേ നിക്ഷേപം ലഭിക്കു. ഓണ്‍ലൈനായും നിലവനിൽ ഏഞ്ചൽ നിക്ഷേപം ലഭിക്കും.

ഏഞ്ചൽ നിക്ഷേപകൻ ഒരു ബിസിനസുകാരനോ, ഒരു നിക്ഷേപകനോ, ഒരു പ്രമുഖ എന്‍റർപ്രൈസ് ബോർഡ് അംഗമോ ആകാം. രത്തൻ ടാറ്റ, രാജൻ ആനന്ദൻ, വിജയ് ശേഖർ ശർമ്മ, വികാസ് തനേജ, അജീത് ഖുറാന, കുനാൽ ഷാ, നികുഞ്ച് ജെയിൻ, ടി.വി മോഹൻദാസ് പൈ, സച്ചിൻ ബൻസൽ എന്നിവരാണ് ഇന്ത്യയിലെ സജീവ എയ്ഞ്ചൽ നിക്ഷേപകർ. ഇത്തരം നിക്ഷേപകർ പലപ്പോഴും സരംഭകർക്ക് കടമായോ അല്ലെങ്കിൽ സംരംഭത്തിലേക്കുള്ള ഇക്വിറ്റി നിക്ഷേപമായോ ആണ് നിക്ഷേപം നടത്തുന്നത്.

ക്രൗഡ് ഫണ്ടിംഗ്

ക്രൗഡ് ഫണ്ടിംഗ് ഇന്ന് ഫണ്ടിംഗ് സ്വരൂപിക്കാനായി പൊതുവേ സമൂഹത്തിൽ കണ്ടു വരുന്ന രീതിയാണ്. ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രധാന മാർഗം കൂടിയാണ്. ചികിത്സ സഹായങ്ങൾ തുടങ്ങിയ ധനസഹായം വേണ്ട കാര്യങ്ങൾക്കും ക്രൗഡ് ഫണ്ടിംഗ് ഉപയോഗിക്കുന്നുണ്ട്.സാധാരണയായി ഒരു ബിസിനസിൽ താൽപര്യമുള്ള ഒരു കൂട്ടം നിക്ഷേപകരാണ് നിക്ഷേപം നടത്തുന്നത്. ഇവിടെയും നിക്ഷേപം സംരംഭത്തിലെ നിക്ഷേപകരുടെ ഇക്വിറ്റിയായി മാറുന്ന രീതിയാണ് പൊതുവേയുള്ളത്.ഇവിടെയും നിക്ഷേപം ലഭിക്കണമെങ്കിൽ മികച്ച ആശയമായിരിക്കണം എന്നത് പ്രധാനമാണ്. ചിലർ സംരംഭത്തെ അടുത്ത ലെവലിലേക്ക് ഉയർത്തേണ്ട ഘട്ടത്തിലാണ് ക്രൗഡ് ഫണ്ടിംഗ് സ്വീകരിക്കാറുള്ളത്.


പങ്കാളികൾ

പങ്കാളിത്ത ബിസിനസുകൾ. ഇതും സംരംബം തുടങ്ങാൻ മൂലധനം സ്വരൂപിക്കാനുള്ള മികച്ച് ഓപ്ഷനാണ്.ഓരോരുത്തരും നിശ്ചിത തുക വീതം നിക്ഷേപം നടത്തി ബിസിനസ് ആരംഭിക്കും. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭം ഓരോരുത്തർക്കും ലഭിക്കുന്നത് ഓരോരുത്തരുടെയും നിക്ഷേപത്തിനനുസരിച്ചാണ്. പങ്കാളികളെ തെരഞ്ഞെടുക്കുന്പോൾ നിക്ഷേപം മാത്രം കണക്കിലെടുത്താൽ പോര. സംരംഭത്തെ ഒരുമിച്ച് മുന്നോട്ടുകൊണ്ടു പോകാൻ കഴിവുള്ളയാളാണോയെന്ന് കൃത്യമായി ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ സംരംഭത്തെ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരും.

വെഞ്ച്വർ കാപ്പിറ്റലിസ്റ്റ്

ഉയർന്ന വളർച്ച സാധ്യതയുള്ള തുടക്കകാരായ കന്പനികളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് വെഞ്ച്വർ കാപ്പിറ്റലിസ്റ്റ്. അത് ബിസിനസ് തുടങ്ങുന്ന ഘട്ടത്തിലോ അല്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് ബിസിനസ് പ്രവേശിക്കാനൊരുങ്ങുന്പോഴോ സ്വീകരിക്കാവുന്നതാണ്. ഇതും ഇക്വിറ്റിയായോ അല്ലെങ്കിൽ കടമായോ സ്വീകരിക്കാം.

ഹെലിയോണ്‍ വെഞ്ച്വർ പാർട്നേഴ്സ്, ആക്സൽ പാർട്നേഴ്സ്, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ഫിഡിലിറ്റി ഗ്രോത്ത് പാർട്നേർസ്, നാസ്പെർസ്, സ്റ്റേഡ്വ്യൂ ക്യാപിറ്റൽ, വാർബർഗ് പിൻസിസ്, സഈഫ് പാർട്നേർസ്, ബെയ്ൻ കാപിറ്റൽ പ്രൈവറ്റ് ഇക്വിറ്റി, ജനറൽ അറ്റ്ലാന്‍റിക് എൽ.ഇ.എസ്., ഇന്‍റൽ ക്യാപിറ്റൽ, കലാരി ക്യാപിറ്റൽ, മെയ്ഫീൽഡ് ഫണ്ട്, സിഐഡിബി വെഞ്ച്വർ ക്യാപ്പിറ്റൽ തുടങ്ങിയവയൊക്കെ പ്രധാനപ്പെട്ട വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് സ്ഥാപനങ്ങളാണ്.