സമയത്തു റിട്ടേണ്‍ സമർപ്പിക്കാം; സമാധാനത്തോടെ ഇരിക്കാം
സമയത്തു റിട്ടേണ്‍ സമർപ്പിക്കാം; സമാധാനത്തോടെ ഇരിക്കാം
Wednesday, August 14, 2019 3:04 PM IST
ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യുകയെന്നത് ഒരു വാർഷിക നടപടിയാണ്. ഓരോ വർഷത്തേയും വരുമാനത്തിന്‍റേയും ചെലവിന്‍റേയും നിക്ഷേപത്തിന്‍റേയും കണക്കെടുപ്പാണ്. ശേഷം സർക്കാരനുള്ളത് സർക്കാരിനും തനിക്കുള്ളതു തനിക്കും എടുക്കാനുള്ള അവസരം. അതു റിക്കാർഡിലാകുന്ന സമയമാണ് റിട്ടേണ്‍. പൗരനെന്ന നിലയിൽ സാമൂഹ്യ, ധാർമിക ബാധ്യത കൂടിയാണ് റിട്ടേണ്‍ സമർപ്പിക്കൽ. രാജ്യത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റലും പൗരന്മാർ ചെലവഴിക്കുന്ന തുകയും അവയുടെ രീതിയും മനസിലാക്കുവാൻ സർക്കാരിനെ സഹായിക്കുന്ന വഴിയാണ് റിട്ടേണ്‍. അതേപോലെ തന്നെ നികുതിദായകർക്ക് റീഫണ്ട് ക്ലെയിം ചെയ്യാനും ഗവണ്‍മെന്‍റ് നൽകിയിട്ടുള്ള വിവിധ നികുതി ഇളവുകൾ ഉപയോഗപ്പെടുത്താനുമുള്ള അവസരം കൂടിയാണ് റിട്ടേണ്‍.

നിശ്ചിത കാലയളവിൽ ( ധനകാര്യ വർഷം) നിശ്ചിത വരുമാനത്തിനു മുകളിലുള്ളവർ ( ഉദാഹരണത്തിന്, 60 വയസിനു താഴെയുള്ളവരുടെ വരുമാനം 2.5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ) ആദായനികുതി റിട്ടേണ്‍ സമർപ്പിക്കണമെന്ന് ഗവണ്‍മെന്‍റ് നിയമം വഴി നിഷ്കർഷിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷം പേരും ഇതേക്കുറിച്ചു ബോധവാന്മാരല്ല. റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു നല്ലൊരു പങ്കിനും അവബോധമില്ല.

പൗരന്മാർ നൽകുന്ന നികുതിയുപയോഗിച്ചാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാനസൗകര്യത്തിനുവേണ്ടി നിക്ഷേപം നടത്തുന്നതും മറ്റു ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവുകൾ കണ്ടെത്തുന്നതും മറ്റും. ചുരുക്കത്തിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി നികുതിപ്പണം ഉപയോഗിക്കുന്നു.

റിട്ടേണ്‍ സമർപ്പണം എന്തിന്

സാധാരണഗതിയിൽ മാർച്ച് 31-ന് അവസാനിക്കുന്ന സാന്പത്തിക വർഷത്തിലെ റിട്ടേണ്‍ തുടർന്നുവരുന്ന ജൂലൈ 31-ന് മുന്പ് സമർപ്പിക്കണം. പലപ്പോഴും ഗവണ്‍മെന്‍റ് ഇത് ഓഗസ്റ്റ് 31 വരെ നീട്ടാറുണ്ട്. ഓഡിറ്റ് ചെയ്ത് കണക്കുകൾ അവതരിപ്പിക്കുന്നവർക്ക് ഇത് സെപ്റ്റംബർ 30 വരെയാണ്.

വ്യക്തികൾ, കന്പനികൾ, പാർട്ണർഷിപ് സ്ഥാപനങ്ങൾ, എൽഎൽപി, ബിഎൽപി, ഹിന്ദു അവിഭക്ത കുടുംബം തുടങ്ങി എല്ലാവരും നിശ്ചയിച്ചിരിക്കുന്ന തീയതിക്കുമുന്പ് റിട്ടേണ്‍ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.

രാജ്യത്തെ സഹായിക്കുക മാത്രമല്ല റിട്ടേണ്‍ സമർപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ.
* ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നതുവഴി, നികുതി നൽകിയോ ഇല്ലയോ എന്നതു കണക്കിലെടുക്കാതെതന്നെ, ഒരാളുടെ നിശ്ചിത കാലയളവിലെ വരുമാനം നിയമവിധേയമാകുന്നു.
* പല ധനകാര്യ ഇടപാടുകളിലും സ്രോതസിൽ നികുതി കിഴിക്കാറുണ്ട്. നികുതിബാധിത വരുമാനമില്ലെങ്കിൽ അതു തിരിച്ചു കിട്ടണമെങ്കിൽ റിട്ടേണ്‍ ഫയൽ ചെയ്യണം.
* വിലാസം, വരുമാനം എന്നിവ തെളിയിക്കുന്നതിനുള്ള രേഖയായി റിട്ടേണ്‍ പരിഗണിക്കുന്നു
* ഭവന, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ള വായ്പകൾ എടുക്കുന്പോൾ ധനകാര്യ സ്ഥാപനങ്ങൾ റിട്ടേണ്‍ ഫയൽ ചെയ്തോയെന്നു ചോദിക്കാറുണ്ട്. പ്രത്യേകിച്ചും തുക ഉയർന്നതാണെങ്കിൽ. റിട്ടേണ്‍ ഫയൽ ചെയ്യുന്നത് വായ്പാ പ്രോസസിംഗ് എളുപ്പമാക്കുന്നു.

* വിസ പ്രോസസിംഗിന് ആദായനികുതി റിട്ടേണ്‍ നിർബന്ധമാണ്.
* ഭൂമി തുടങ്ങിയ ആസ്തികൾ വാങ്ങുന്പോൾ രജിസ്ട്രേഷനും മറ്റും എളുപ്പമാകുന്നു.
* ക്രെഡിറ്റ് കാർഡും മറ്റും എടുക്കുന്നത് എളുപ്പമാക്കുന്നു
* നികുതി നൽകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഭാവിയിൽ ഭൂമിയും മറ്റും വാങ്ങുന്പോൾ അക്കൗണ്ടിംഗ് എളുപ്പമാകുന്നു.
* ഹസ്വകാലത്തിലും അല്ലാതെയും നഷ്ടങ്ങൾ സംഭവിക്കാം. ശരിയായ റിട്ടേണ്‍ സമർപ്പിക്കുന്നതു വഴി ഇതിൽ പലതും വരും വർഷത്തേക്ക് കാരി ഓവർ ചെയ്യാൻ സാധിക്കും. ചിലതിന് ഇളവുകൾ ലഭിക്കും. ഇതെല്ലാം സാധിക്കണമെങ്കിൽ ശരിയായ രീതിയിൽ റിട്ടേണ്‍ സമർപ്പിക്കണം.
* നികുതി ബാധിത വരുമാനമുണ്ടായിട്ടും റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ അവർക്കെതിരേ നിയമ നടപടികൾ എടുക്കുവാൻ സാധിക്കും. അതൊഴിവാക്കാൻ റിട്ടേണ്‍ സമർപ്പിക്കുക.
* റിട്ടേണ്‍ ഫയൽ ചെയ്തില്ലെങ്കിൽ ആദായനികുതി വകുപ്പിന് നികുതിദായകന് എതിരേ നിയമനടപടികൾ സ്വീകരിക്കുവാൻ കഴിയും. മൂന്നു മാസം മുതൽ രണ്ടുവർഷം വരെ തടവു ലഭിക്കാം. നികുതി ബാധ്യത 25 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ തടവ് 7 വർഷം വരെയാകും. എന്നാൽ നികുതി 3000 രൂപ വരയാണെങ്കിൽ നിയമ നടപടി ആരംഭിക്കുവാൻ സാധിക്കുയില്ല.
* റിട്ടേണിൽ വരുമാനം മറച്ചുവച്ചാൽ 50 ശതമാനം വരെ പിഴ ചുമത്താൻ ഇൻകം ടാക്സ് ഓഫീസർക്ക് അധികാരമുണ്ട്.
* എല്ലാറ്റിനുമുപരിയായി സമാധാനത്തോടെ കഴിയാൻ സാധിക്കും. വരുമാനമെല്ലാം നിയമപരമാകുകയും ചെയ്യും.

റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ പിഴ

* 2019-20 അസെസ്മെന്‍റ് വർഷത്തിൽ ( ധനകാര്യ വർഷം 2018-19) റിട്ടേണ്‍ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 31 ആണ്.
* നികുതി കൊടുത്തതുകൊണ്ടു മാത്രം കാര്യമില്ല, റിട്ടേണ്‍ സമർപ്പിക്കുവാൻ നികുതിദായകൻ ബാധ്യസ്ഥനാണ്.
* നിർദ്ദിഷ്ഠ തീയതിക്കു മുന്പു റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ കാരി ഫോർവേഡ് ലോസ് ക്ലെയിം ( (വീടും വസ്തുവും ഒഴികെയുള്ളവ)അനുവദിക്കുകയില്ല.
* താമസിച്ചു റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ നികുതി നൽകാനുണ്ടെങ്കിൽ അതിനു പലിശ നൽകണം. പ്രതിമാസം ഒരു ശതമാനമാണ് പലിശ. നികുതി നൽകുന്നതുവരെ റിട്ടേണ്‍ ഫയൽ ചെയ്യാനും സാധിക്കുകയില്ല.
* സമയത്തു റിട്ടേണ്‍ ഫയൽ ചെയ്തില്ലെങ്കിൽ റീഫണ്ട് താമസിക്കും.
* സമയത്തു റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ ലേറ്റ് ഫയലിംഗ് ഫീസ് നൽകേണ്ടതായി വരും. 2017-18 ധനകാര്യവർഷം മുതലാണ് ലേറ്റ് ഫയലിംഗ് ഫീസ് നിലവിൽ വന്നത്. ഇതനുസരിച്ച് 10000 രൂപ വരെ പിഴ നൽകേണ്ടതായി വരാം.
* 2019 ഓഗസ്റ്റ് 31-ന് ശേഷം ഡിസംബർ 31-ന് മുന്പാണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതെങ്കിൽ പിഴയായി 5000 രൂപ നൽകണം. 2019 ഡിസംബർ 31-ന്ശേഷം 2020 മാർച്ച് 31-ന് മുന്പാണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതെങ്കിൽ 10000 രൂപയാണ് പിഴ.

എന്നാൽ ചെറുകിട നികുതിദായകർക്കു പിഴയിൽ ചെറിയ ഇളവു നൽകിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയിൽ താഴെ മൊത്തം വരുമാനമുള്ളവർക്ക് പരമാവധി 1000 രൂപ പിഴയായി നൽകിയാൽ മതി.