ഏഴ് പേർക്കു സുഖമായ സവാരിയ്ക്ക് റെനോ ട്രൈബർ
ഏഴ് പേർക്കു  സുഖമായ സവാരിയ്ക്ക്  റെനോ ട്രൈബർ
Monday, August 26, 2019 3:42 PM IST
ഡസ്റ്റർ, ക്വിഡ് എന്നീ മോഡലുകളിലൂടെ ഇന്ത്യൻ വിപിണിയിൽ ശ്രദ്ധനേടിയ ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയിൽ നിന്ന് പുതിയൊരു മോഡൽ എത്തുന്നു. കോംപാക്ട് എംപിവി ഗണത്തിൽ പെടുത്താവുന്ന മോഡലിനു ട്രൈബർ എന്നാണ് പേര്. നീളം നാലുമീറ്ററിൽ താഴെ ഒതുക്കിയ ഏഴ് സീറ്റർ വാഹനമാണ് ട്രൈബർ.

എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിന് ഉപയോഗിക്കുന്ന സിഎംഎഫ് - എ പ്ലാറ്റ്ഫോമിലാണ് പുതിയ കോംപാക്ട് എംപിവിയെ നിർമിച്ചിരിക്കുന്നത്. എസ്യുവി ലുക്കുള്ള രൂപമാണ് ട്രൈബറിന്. റൂഫ് റയിലുകൾ, വശങ്ങളിലെ ബോഡി ക്ലാഡിംഗ് , സ്കിഡ് പ്ലേറ്റ് പോലെ തോന്നിക്കുന്ന ബന്പർ അലങ്കാരം എന്നിവ എസ് യുവി ഭാവം നൽകുന്നു. 3,990 മില്ലീമീറ്റർ നീളമുള്ള വാഹനത്തിന് 2,636 മില്ലീമീറ്ററാണ് വീൽബേസ് . ഗ്രൗണ്ട് ക്ലിയറൻസ് 182 മില്ലീമീറ്റർ ഉണ്ട്. ഭാരം 947 കിലോഗ്രാം.
മൂന്ന് നിരകളിലായി ഏഴ് പേർക്ക് ഇരിക്കാനുള്ള സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നു.ആറ് സീറ്റർ വകഭേദവും ലഭ്യമാണ്. രണ്ട് പേർക്ക് ഇരിക്കാവുന്ന മൂന്നാം നിര സീറ്റ് അനായാസമായി ഉൗരിമാറ്റാവുന്ന വിധമാണ് ഉറപ്പിച്ചിരിക്കുന്നത്. അഞ്ച് പേർ യാത്ര ചെയ്യുന്ന അവസരങ്ങളിൽ മൂന്നാം നിര സീറ്റ് ഒഴിവാക്കി ലഗേജ് സ്പേസ് കൂട്ടാൻ ഇതുപകരിക്കും. അവസാന നിര സീറ്റില്ലാത്ത അവസ്ഥയിൽ 625 ലിറ്ററാണ് ലഗേജ് കപ്പാസിറ്റി. ഏഴ് സീറ്ററായിരിക്കുന്പോൾ ഇത് 84 ലിറ്ററായിരിക്കും. രണ്ടാം നിര സീറ്റിന് മുന്നിലേയ്ക്കും പിന്നിലേയ്ക്കും സ്ലൈഡിങ് നൽകിയിട്ടുണ്ട്. ഇത് അവസാനനിരയിലേയ്ക്കു കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കും.

ഒരു ലീറ്റർ, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിനാണ് ബോണറ്റിന് അടിയിൽ. ഡ്യുവൽ വിവിടി സിസ്റ്റമുള്ള എൻജിൻ 6,250 ആർപിഎമ്മിൽ 71 ബിഎച്ച്പി കരുത്ത് നൽകും. 3,500 ആർപിഎമ്മിൽ 96 എൻഎം ആണ് പരമാവധി ടോർക്ക്. അഞ്ച് സ്പീഡ് മാന്വൽ , എഎംടി ഗീയർബോക്സ് ഓപ്ഷനുകൾ ഇതിനുണ്ട്. അടുത്തവർഷം പകുതിയോടെ, ടർബോ ചാർജറുള്ള ഒരു ലീറ്റർ പെട്രോൾ എൻജിൻ വകഭേദം പുറത്തിറക്കാൻ റെനോയ്ക്ക് പദ്ധതിയുണ്ട്.


എബിഎസ് - ഇബിഡി, രണ്ട് എയർ ബാഗുകൾ ,റിവേഴ്സ് പാർക്കിങ് സെൻസർ, സ്പീഡ് ലിമിറ്റ് അലേർട്ട് എന്നീ സുരക്ഷാസംവിധാനങ്ങൾ അടിസ്ഥാന വകഭേദത്തിനുമുണ്ട്. മുന്തിയ വകഭേദത്തിന് നാല് എയർബാഗുകളുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്‍റ് കണ്‍സോൾ, സ്റ്റാർട്ട് - സ്റ്റോപ്പ് ബട്ടൻ, കീലെസ് എൻട്രി, എട്ടിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, പിന്നിലെ പില്ലറുകളിൽ എസി വെന്‍റ് എന്നിവ പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു. മുന്തിയ വകഭേദങ്ങൾക്ക് 15 ഇഞ്ച് അലോയ് വീലുകളും. അല്ലാത്തവയ്ക്ക് 14 ഇഞ്ച് സ്റ്റീൽ വീലുകളുമാണ്.

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് ഐ20, ഫോക്സ് വാഗൻ പോളോ പോലെയുള്ള ബി സെഗ്മെന്‍റ് ഹാച്ച്ബാക്കുകളുടെ വിലനിലവാരത്തിലായിരിക്കും ട്രൈബർ വിൽപ്പനയ്ക്കെത്തുക. അഞ്ച് ലക്ഷം രൂപയ്ക്കും ഏഴ് ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും ട്രൈബറിന്‍റെ വിവിധ വകഭേദങ്ങളുടെ വില. ജൂലൈയിൽ ട്രൈബർ വിപണിയിലെത്താനാണ് സാധ്യത.

Renault Triber Technical Specifications

Engine : 1.0-litre 3-cylinder Petrol
Gearbox : 5 Speed Manual Transmission /
: 5 Speed EASY-R AMT
Max.Power : 71 bhp @ 6250 rpm
Max.Torque : 96 Nm @ 3500 rpm
Length : 3990 mm
Width : 1739 mm (without door mirrors)
Height : 1643 mm (without roof rails)
Wheelbase : 2636 mm
Tyre Size : 185/65 R15 / 165/80 R14
Suspension : Front -Mcpherson Strut,
Rear -Torsion Beam
Boot Volume (Unladen) 84 L (7-seater condition), 320 L (6-seater condition), 625 L (5-seater condition)
Ground Clearance : 182 mm
Fuel Tank Volume : 40 Litres
Kerb Weight : 947 kg

ഐപ്പ് കുര്യൻ