ബ്രാൻഡ് എങ്ങനെ സൃഷ്ടിക്കാം
കഥകളാണ് ആളുകളെ തമ്മിൽ ബന്ധപ്പെടുത്തുന്നത്. ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ടാകും. അതുപോലെ തന്നെ സംരംഭകർക്കും പറയാനുള്ളത് ഓരോ കഥകളായിരിക്കും. അവർ പറയുന്ന കഥകളായിരിക്കും അവരുടെ വളർച്ചയ്ക്കും നിക്ഷേപത്തിനും കാരണമാകുന്നത്. ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതു ഒരു കഥ പറയുന്നതുപോലെ തന്നെയാണ്. സമൂഹത്തിനു മുന്നിൽ, തുടക്കകാരാണെങ്കിൽ നിക്ഷേപകർ, മെന്‍റർമാർ എന്നിവർക്കൊക്കെ മുന്നിൽ സംരംഭം എന്താണെന്ന് അവതരിപ്പിക്കണം. ആ അവതരണത്തിലൂടെയാണ് ഓരോ ബ്രാൻഡും സൃഷ്ടിക്കപ്പെടന്നത്.

സാങ്കൽപ്പികം വേണ്ട

സാങ്കൽപിക കഥകൾ പറയാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം നിക്ഷേപകർക്കു മുന്നിലാണ് പലപ്പോഴും സംരംഭകർക്ക് തങ്ങളുടെ കഥ പറയേണ്ടി വരിക. അതുകൊണ്ടു തന്നെ സാങ്കൽപ്പിക കഥകളെ ഉപേക്ഷിക്കുന്നതു തന്നെയാണ് നല്ലത്. അല്ലെങ്കിൽ പലപ്പോഴും ഫണ്ടിംഗ് തന്നെ ലഭിക്കാതിരിക്കാം. കെട്ടിച്ചമച്ച് കഥ പറയാതിരിക്കുക. ധാർമ്മിക വശങ്ങളെ കൂടെക്കൂട്ടുക. സന്തോഷവും പാഷനും സംരംഭ യാത്രയിലൂടനീളം വേണം. അത് കഥയിലും കാത്തു സൂക്ഷിക്കുക.

ചുരുക്കിപ്പറയാം

സംരംഭത്തെക്കുറിച്ച് പറയുന്പോൾ എപ്പോഴും പോയന്‍റുകൾ പറയാൻ ശ്രമിക്കുക. വെറുതെ കഥ പറഞ്ഞിട്ടു കാര്യമില്ല. കാര്യങ്ങൾ പറയുന്നിടത്താണ് വിജയം. അതുകൊണ്ട് കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിക്കണം. കേൾക്കുന്നവർക്കും അധികം സമയം ചെലവഴിക്കാനുണ്ടാകില്ല. സമയം വിലപ്പെട്ടതാണെന്നോർത്തു വേണം കാര്യങ്ങളെ അവതരിപ്പിക്കാൻ. എന്താണ് സംരംഭം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു സംരംഭം, എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നീ കാര്യങ്ങൾക്ക് കൃത്യമായ ഉത്തരം അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ കേൾക്കുന്നവർക്കു മുന്നിൽ ഉത്തരം കിട്ടാതെ നിൽക്കേണ്ടി വരും. അതിനുള്ള സാഹചര്യമുണ്ടാകരുത്. കൃത്യമായ ഉത്തരങ്ങൾ നൽകിയെങ്കിൽ മാത്രമേ നിക്ഷേപകർക്കായാലും മെന്‍റർക്കായാലും സരംഭം കൊള്ളാം എന്ന തോന്നലുണ്ടാകൂ.


പോരായ്മകളെയും ശക്തികളെയും അറിഞ്ഞിരിക്കാം

നമ്മുടെ ശക്തി എന്തൊക്കെയാണ്, പോരായ്മകൾ എന്തൊക്കെയാണ് എന്നു മനസിലാക്കി വേണം കഥ പറയേണ്ടത്. അല്ലെങ്കിൽ അവസരങ്ങൾ എന്താണെന്നോ മുന്നിലുള്ള പ്രതിബന്ധങ്ങളെന്തെണെന്നോ മനസിലാക്കാൻ കഴിയില്ല. അതെല്ലാം മനസിലാക്കിയെങ്കിൽ മത്രമേ നല്ലൊരു സംരംഭകനാകാൻ കഴിയുകയുള്ളു. മുന്നോട്ട് എങ്ങനെ എന്ന് അറിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ വളർച്ചയുണ്ടാകും.

ഒരുപാട് വികാരഭരിതമായി സംസാരിക്കരുത്. ഇത് കൊള്ളാം. എന്തൊരു ആശയം എന്നിങ്ങനെ കേൾക്കുന്നവരെക്കൊണ്ട് ചിന്തിപ്പിക്കുന്നതിലല്ല വിജയം. കാരണം അങ്ങനെയുള്ള കഥ കേൾക്കാൻ രസമുണ്ടായിരിക്കും. പലപ്പോഴും അതിൽ പ്രായോഗികമായി ഒന്നുമുണ്ടാകില്ല. കൃത്യമായ കാര്യങ്ങളെ പറയാവൂ. നടപ്പിലാക്കാൻ സാധിക്കുന്ന പ്രായോഗികമായ കാര്യങ്ങൾക്കു വേണം മുൻഗണന നൽകാൻ.

എന്തു സേവനമാണ് അല്ലെങ്കിൽ എന്ത് ഉത്പന്നമാണ് നൽകുന്നതെന്ന് വ്യക്തമായ ധാരണയില്ലാതെ എങ്ങനെ വിപണിയിലേക്ക് അല്ലെങ്കിൽ ഉപഭോക്താവിലേക്ക് എത്തും. ആരാണ് എതിരാളി എന്നറിയുന്നില്ലെങ്കിൽ പിന്നെ എന്തു പ്രത്യേകതയാണ് പുതിയ ഉത്പന്നത്തിനുണ്ടാകുന്നത്.

അതുകൊണ്ട് നൽകുന്ന സേവനത്തെക്കുറിച്ച് അല്ലെങ്കിൽ ഉത്പന്നത്തെക്കുറിച്ച് തീർച്ചയായും വ്യക്തമായ ധാരണയുണ്ടായിരിക്കണം. അതുപോലെ എതിരാളിയെക്കുറിച്ചും. ഉപഭോക്താവിന് നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും നേട്ടം നൽകാൻ സാധിക്കണം. എല്ലാത്തിലുമപരിയായി നേട്ടങ്ങൾ അല്ലെങ്കിൽ സവിശേഷതകളെ അക്കമിട്ട് നിരത്താനും പ്രധാന സന്ദേശത്തിലൂടെ തന്നെ കൃത്യമായൊരു ചിത്രം നൽകാനും സാധിക്കണം.

മാളവിക ആർ ഹരിത
സിഇഒ, ബ്രാൻഡ് സർക്കിൾ