ജെഫ് ബെസോസ്: രണ്ടു പിസയും കൂടെ 40 അംഗ ടീമും
ജെഫ് ബെസോസ്: രണ്ടു പിസയും  കൂടെ 40 അംഗ ടീമും
Monday, September 9, 2019 3:32 PM IST
നിങ്ങളുടെ പക്കൽ രണ്ടു പിസയുണ്ട്. കൂടെ നാൽപതുപേരുടെ ഒരു ടീമും. ഈ രണ്ടു പിസ കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ടീമംഗങ്ങളെ മുഴുവൻ തൃപ്തിപ്പെടുത്താനാവുമോ?ഇല്ലെന്നാണോ നിങ്ങളുടെ ഉത്തരം. എങ്കിൽ നിങ്ങളുടെ ടീമിന്‍റെ വലുപ്പം നിങ്ങൾക്ക് കൈകാര്യം ചെയ്യാനാവുന്നതിലും കൂടുതലാണ്. മാനേജ് ചെയ്യാൻ കഴിയാത്ത വലിയൊരു ടീമിനെ കൊണ്ട് നിങ്ങളെന്തു ചെയ്യും?

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കാൻ ക്രിസ്തുദേവന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ രണ്ടു പിസ കൊണ്ട് നാൽപതു പേരെ തൃപ്തിപ്പെടുത്താൻ എത്ര സമർഥനായ ചീഫ് എക്സിക്യൂട്ടീവിനും കഴിയില്ല.

ഈ സിദ്ധാന്തം അവതരിപ്പിച്ചത് ജെഫ് ബെസോസാണ്. അതെ. ലോകത്തിലെപ്രശസ്ത ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിന്‍റെ തലപ്പത്തുള്ള സമർഥനായ സംരംഭകൻ. ഫോബ്സ് ലിസ്റ്റനുസരിച്ച് ലോകത്തിലെ ശതകോടീശ്വരന്മാാരിൽ ഒന്നാം സ്ഥാനത്താണ് ബെസോസ്. 131 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ട് അദ്ദേഹത്തിന്. ഡെലിഗേഷനെക്കുറിച്ച് പറയുന്പോഴാണ് ബെസോസ് പിസ നിയമം അവതരിപ്പിച്ചത്. ടൂ പിസ റൂൾ. സ്വന്തം അനുഭവത്തിൽ നിന്നാണത്രേ അദ്ദേഹം ഈ നിയമം രൂപപ്പെടുത്തിയത്.

ടീം ചെറുതായിരിക്കണം

വലിയ ടീമുണ്ടെങ്കിലേ ഒരു വലിയ കാര്യം ചെയ്യാനാവൂ എന്നു പലരും പറയും. ശരിയാണ്. പ്രോജക്ടിന്‍റെ വലുപ്പം കൂടുന്തോറും അതിനനുസരിച്ച് ടീമംഗങ്ങളുടെ എണ്ണവും കൂടണം. പക്ഷേ ഒരു വലിയ ടീമിന് ഉത്തരവാദിത്തം നൽകിയാൽ തകരാറുകളേറെയുണ്ട്. എന്താണ് ചെയ്തു തീർക്കേണ്ടത് എന്ന ആശയം അവർക്കിടയിൽ കൃത്യമായി വിനിമയം ചെയ്യാനാവാതെ പോകും. പ്രോജക്റ്റ് ശരിയായ ദിശയിൽ മുന്നോട്ടുപോകുന്നതിന് ഇത് തടസമാകും. രണ്ടു പിസ എല്ലാവർക്കും കിട്ടില്ല.

അതുകൊണ്ട് ചെയ്യേണ്ടതെന്ത്? ടീമിനെ ചെറുതായി വിഭജിക്കണം. ഉത്തരവാദിത്തങ്ങൾ ചെറിയ ഭാഗങ്ങളായി തരം തിരിക്കുക. ഓരോ ചെറിയ ടീമിനെയും ഉത്തരവാദിത്തം ഏൽപിക്കുക. എല്ലാം കൂടി മാനേജ് ചെയ്യുക. മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് വിശ്വാസമുള്ള വ്യക്തികളെ ജോലി ഏൽപ്പിക്കുന്നതിന് ശ്രദ്ധിക്കണം. കഴിവുള്ളവരെന്ന് തെളിയിക്കപ്പെട്ടവരെ ജോലി ഏൽപ്പിക്കുന്നതിലൂടെ അവരെ എംപവർ ചെയ്യാനും സാധിക്കും. പ്രവർത്തന രീതികളിൽ പുതുമ കണ്ടെത്തുന്നതിനും മികച്ച ആശയങ്ങൾ നൽകുന്നതിനുമൊക്കെ ചെറിയ ടീമുകളാണ് എപ്പോഴും നല്ലതെന്നാണ് ജെഫ് ബെസോസിന്‍റെ അഭിപ്രായം.

ജെഫ് ജോർജെൻസണ്‍ ജെഫ് ബെസോസാകുന്നു

വിദ്യാർഥിനിയായ ഒരു 17 വയസുകാരിയുടെ മകനായാണ് ജെഫ് ജനിക്കുന്നത്. മുഴുവൻ പേര് ജെഫ്റി പ്രെസ്റ്റണ്‍ ജോർജെൻസണ്‍. ജെഫിന്‍റെ അമ്മയുടെ പേര് ജാക് ലിൻ. ജെഫിന്‍റെ പിതാവിൽ നിന്ന് വിവാഹമോചനം നേടി ജാക്് ലൻ എൻജിനീയറായ മൈക് ബെസോസിനെ വിവാഹം ചെയ്തു. അന്ന് കുഞ്ഞു ജെഫിന് നാലു വയസാണ് പ്രായം. മൈക് ബെസോസ് ജെഫ്റിയെ സ്വന്തം മകനായി ദത്തെടുത്തപ്പോഴാണ് ജെഫ് ജോർജെൻസണ്‍ എന്ന പേര് ജെഫ് ബെസോസ് ആയത്. തങ്ങളുടെ കൂടെയുള്ളത് തന്‍റെ യഥാർഥ പിതാവല്ലെന്ന് ബെസോസ് മനസിലാക്കുന്നത് പത്താം വയസിലാണ്. പക്ഷേ അന്നും ഇന്നും അതിനെ വലിയ കാര്യമായി എടുത്തിട്ടില്ല അദ്ദേഹം. മറിച്ച് മൈക്കിനോട് വലിയ സ്നേഹമായിരുന്നു ജെഫിന്.

അവധി ആഘോഷിക്കുവാൻ ടെക്സാസിലെ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും വീട്ടിൽ പോകും ജെഫ്. അവിടെ കാലിമേയ്ക്കലും കൃഷിപ്പണികളും മറ്റും ചെയ്ത് സമയം ചെലവഴിച്ചു. മുത്തശ്ശനെ മികച്ച റോൾ മോഡലായിട്ടാണ് ജെഫ് കണ്ടിരുന്നത്. സ്കൂളിൽ പഠിക്കുന്പോൾഫുട്ബോൾ ടീമിലും അംഗമായിരുന്നു ജെഫ്.

കോളജ് പഠനത്തിനു ശേഷം

പിൻസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദം നേടി ജെഫ് തൊഴിൽ തേടിയിറങ്ങി. കോളജ് പഠനം പൂർത്തിയാക്കിയശേഷം ഇന്‍റെൽ, ആൻഡേഴ്സണ്‍ കണ്‍സൾട്ടിംഗ്, ബെൽ ലബോറട്ടറി മുതലായ സ്ഥാപനങ്ങളിലും അദ്ദേഹം ജോലി നോക്കി. ഒന്നു രണ്ടു ധനകാര്യ സ്ഥാപനങ്ങളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഡി. ഇ. ഷാ ആൻഡ് കന്പനി എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിൽ നാലു കൊല്ലം ജോലി ചെയ്തിരുന്നു. ഒടുവിൽ അവിടെ സീനിയർ വൈസ് പ്രസിഡന്‍റായിരിക്കുന്പോഴാണ് സ്വന്തമായ സംരംഭം എന്ന ആശയത്തിലേക്കെത്തുന്നത്. ഇന്‍റർനെറ്റിലൂടെ ചെയ്യുന്ന എന്തെങ്കിലും ബിസിനസ് എന്നതായിരുന്നു തുടക്കത്തിൽ ചിന്തിച്ചത്. അതിനു പ്രേരകമായത് ഇന്‍റർനെറ്റിന്‍റെ വാർഷിക വളർച്ച 2400 ശതമാനമായിരുന്നു എന്ന അറിവാണ്. അങ്ങനെയാണ് ഓണ്‍ലൈൻ ബുക് സ്റ്റോർ എന്ന സംരംഭത്തിലെത്തുന്നത്.


ആമസോണ്‍ ആരംഭിക്കുന്നു

ഇന്‍റർനെറ്റിലൂടെ പുസ്തകങ്ങളുടെയും സിഡികളുടെയുമൊക്കെ വിൽപനയായിരുന്നു ജെഫിന്‍റെ മനസിൽ ആദ്യമുണ്ടായിരുന്നത്. പക്ഷേ വെർച്വൽ ബുക്കുകളുടെ അനന്തസാധ്യതകളെക്കുറിച്ചും അദ്ദേഹം അന്നേ ചിന്തിച്ചിരുന്നു. പുസ്തകങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതിന് ധാരാളം പരിമിതകളുണ്ട്. നേരേ മറിച്ച് വെർച്വൽ ബുക്സ്റ്റോറിലാണെങ്കിൽ കോടിക്കണക്കിന് പുസ്തകങ്ങൾ സൂക്ഷിക്കാം. ആലോചിക്കുന്ന ബിസിനസിന് വലിയൊരു നിക്ഷേപം വേണമെന്ന് ജെഫിനു മനസിലായി. സമാഹരിക്കാവുന്ന രീതികളിലെല്ലാം ജെഫ് പണം വാങ്ങി. അങ്ങനെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി വാങ്ങിയ ഒരു മില്യണ്‍ ഡോളറായിരുന്നു കന്പനിയുടെ മൂലധനം. ആദ്യം കഡാബ്രാ ഇൻകോർപറേറ്റഡ് എന്നായിരുന്നു പേരിട്ടത്. ഒരു വർഷത്തിനുശേഷമാണ് ആമസോണ്‍ എന്നു മാറ്റുന്നത്.

ഒരു ജീവനക്കാരനുമായി ഒരു ഗരേജിലാണ് ഓണ്‍ലൈൻ ബുക് സ്റ്റോർ ആരംഭിക്കുന്നത്. തുടർന്ന് അഞ്ചു പേരുടെ ഒരു ചെറിയ ടീം രൂപപ്പെടുത്തി. ആമസോണ്‍.കോമിനെ ഓണ്‍ലൈനിൽ നാവിഗേറ്റ് ചെയ്യാനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഇങ്ങനെയൊരു ബുക് സ്റ്റോർ ഉണ്ടെന്നും, അവിടെ നിന്നും പുസ്തകങ്ങൾ ലഭിക്കുമെന്നും ആളുകളെ അറിയിക്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും 1995-ൽ ഭൂമിയിലെ ഏറ്റവും വലിയ ബുക്സ്റ്റോർ എന്ന് അവകാശപ്പെട്ടുകൊണ്ട് ആമസോണ്‍.കോം അതിന്‍റെ വെർച്വൽ വാതിലുകൾ തുറന്നു.

അപ്രതീക്ഷിത വിജയം

തുടക്കത്തിൽത്തന്നെ ഒരു മില്യണിലധികം പുസ്തകങ്ങൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരുന്നു. മികച്ച സെലക്ഷൻ, അനായാസമായ ഡെലിവറി സിസ്റ്റം, കാര്യക്ഷമമായ കസ്റ്റമർ സർവീസ് തുടങ്ങിയ കാരണങ്ങളാൽ ആമസോണ്‍.കോം പുസ്തകപ്രേമികളുടെ പ്രിയപ്പെട്ട ബുക് സ്റ്റോറായി മാറി. ലോകത്തിന്‍റെ എതു ഭാഗത്തു നിന്നുമുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യാനുള്ള സൗകര്യം എല്ലാവർക്കും ഇഷ്ടപ്പെട്ടു.

പുസ്തകവിൽപനയിലുണ്ടായ വിജയം ജെഫിനെ വല്ലാതെ പ്രചോദിപ്പിച്ചു. എങ്കിൽപ്പിന്നെ ആമസോണിനെ എല്ലാ വസ്തുക്കളും ലഭിക്കുന്ന ഒരു ഓണ്‍ലൈൻ ഡിപ്പാർട്ടമെന്‍റ് സ്റ്റോറാക്കിക്കൂടേ എന്ന് ജെഫ് ചിന്തിച്ചു. അങ്ങനെയാണ് ഏതാണ്ടെല്ലാ ഉൽപന്നങ്ങളും ലഭ്യമാക്കുന്ന വെർച്വൽ സ്പേസ് ആയി ആമസോണ്‍ മാറുന്നത്.

ഇന്നിപ്പോൾ 6.5 ലക്ഷത്തോളം ജീവനക്കാർ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി ആമസോണിനുവേണ്ടി ജോലി ചെയ്യുന്നുണ്ട്. എ9 ഡോട് കോം, ആമസോണ്‍ ലോജിസ്റ്റിക്സ്, ആമസോണ്‍ സ്റ്റുഡിയോ, ആമസോണ്‍ ഗെയിംസ്, വൂട്ട്, സാപ്പോസ്, ആമസോണ്‍ റോബോട്ടിക്സ് എന്നിങ്ങനെ നിരവധി സബ്സിഡിയറി സ്ഥാപനങ്ങൾ ആമസോണ്‍ ഡോട് കോമിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നു. ന്ധവിജയികൾക്ക് ഈ ഭൂമിയിൽ ഇനിയും ധാരാളം സ്ഥലമുണ്ട്’ എന്ന ജെഫ് ബെസോസ് പറയും. വാസ്തവം. വിജയിക്കാൻ ആഗ്രഹിക്കുക. ആഗ്രഹം സഫലമാക്കാൻ യത്നിക്കുക.

ഡോ. രാജൻ പെരുന്ന