നഷ്ടങ്ങൾക്കുമേൽ ഒരു കരുതൽ
ഇരുപത്തിയഞ്ചു വർഷം വിദേശത്ത് ജോലി ചെയ്താണ് മാത്യു വീടുവെയ്ക്കുന്നത്. മനോഹരമായ ഇരു നില വീട്. ആരും രണ്ടാമത് ഒന്നുകൂടി നോക്കിപ്പോകും വീടിന്‍റെ ഭംഗികണ്ടാൽ. വീടിനൊപ്പം തന്നെ വില കൂടിയ ഫർണിച്ചറുകളും വീട്ടുപകരണങ്ങളും വാങ്ങിയിരുന്നു. പത്തു വർഷത്തെ വായ്പ എടുത്താണ് വീട് വെച്ചത്. വായ്പക്കാലയളവിൽ വീടിന് ഇൻഷുറൻസുണ്ടായിരുന്നു. വായ്പ തീർന്നതോടെ ഇൻഷുറൻസും തീർന്നു. പിന്നെ പുതിയത് ഒരെണ്ണം എടുത്തുമില്ല. മാത്യുവിന്‍റെ വീട് പൂർണമായും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും കഴിഞ്ഞ മാസം തകർന്നു. വീടും വീട്ടുപകരണങ്ങളും എല്ലാം പൂർണമായും നശിച്ചു. ഒരു ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിൽ വലിയ ആഘാതത്തിനിടയിലും ചെറിയൊരു ആശ്വാസമായേനെ.... വീടിനു മാത്രമല്ല ഇൻഷുറൻസ് സുരക്ഷ നൽകാവുന്നത്. അതിനൊപ്പം തന്നെ വീടിനുള്ളിലെ മൂല്യമുള്ള വസ്തുക്കളെയെല്ലാം ഇൻഷുർ ചെയ്യാം.

പലപ്പോഴും തിരിച്ചറിവുണ്ടാകുന്നത് നഷ്ടങ്ങൾ വന്നു കഴിയുന്പോൾ മാത്രമാണ്.
കേരളത്തിൽ തന്നെ വീടുകൾക്ക് കവറേജ് എടുക്കുന്നവരുടെ എണ്ണം വളരെക്കുറവാണ്. അനാവശ്യച്ചെലവായി മാത്രമാണ് ഇതിനെ കണക്കാക്കുന്നത്. പക്ഷേ, വരും നാളുകളിൽ ഇത്തരമൊരു ഇൻഷുറൻസ് അത്യാവശ്യമാണ്.

ദുരന്തങ്ങൾ എപ്പോൾ വേണമെങ്കിലും എത്താം

മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം തുടങ്ങിയ ദുരിതങ്ങൾ മുംബൈ, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളെയെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയുമേ ബാധിക്കു എന്നുള്ള ധാരണയൊക്കെ മലയാളികൾക്കിടയിൽ നിന്നും പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്കിടയിൽ നിന്നും മാറിയിരിക്കുന്നു. 2015 ൽ ചെന്നൈയിലുണ്ടായ പ്രളയം തുടർന്ന് രണ്ടു വർഷമായി കേരളത്തിലും പ്രകൃതി ദുരന്തങ്ങൾ സ്ഥിരം സംഭവമായിരിക്കുകയാണ്. 2018 ൽ പ്രളയമായിരുന്നവെങ്കിൽ 2019 ൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളായിരുന്നു കേരളത്തിന് നേരിടേണ്ടി വന്നത്. ജീവൻ,അതുവരെ അദ്ധ്വാനിച്ചുണ്ടാക്കിയ വീട്, കൃഷി , സ്ഥലം, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ഓരോ പ്രകതിദുരന്തത്തിനുശേഷവും നഷ്ടമാകുന്നത്.

ചിലർക്ക് മാതാപിതാക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരെയെല്ലാം നഷ്ടമാകുന്പോൾ ചിലർക്ക് നഷ്ടമാകുന്നത് അതുവരെ അദ്ധ്വാനിച്ചുണ്ടാക്കിയ വസ്തുക്കളും സ്വത്തും സ്ഥലവുമെല്ലാമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരായുസിന്‍റെ അദ്ധ്വാനമെല്ലാം നിമിഷ നേരംകൊണ്ട് അപ്രത്യക്ഷമാകുന്നു. പിന്നെ ഒന്നിൽ നിന്നും തുടങ്ങണം. അതുകൊണ്ടു തന്നെ വാഹനങ്ങൾ, വീട്, മറ്റ് സ്വത്തുക്കൾ എന്നിവെയല്ലാം ഇൻഷുർ ചെയ്യുന്നത് ബുദ്ധിപരമായ ഒരു തീരുമാനമായിരിക്കും. മാറിവരുന്ന കാലാവസ്ഥയെ ഭയപ്പെട്ടുകൊണ്ടു മാത്രമല്ല.അല്ലെങ്കിലും വീടിനും സ്വത്തിനും വാഹനത്തിനുമൊക്കെ ഇൻഷുറൻസ് കവറേജ് എടുക്കുന്നത് ഏതു അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പാണ്. പ്രകൃതിദുരന്തങ്ങൾ എപ്പോഴാണ് ഏതു രൂപത്തിലാണ് വരുന്നതെന്ന് പറയാനാകില്ലല്ലോ.


ലൈഫ്, ഹെൽത്ത് ഇൻഷുറൻസുകൾ മാത്രമല്ല..

വീടിന് ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് പറയുന്പോഴെ പലരും താമശ രൂപേണയോ അല്ലെങ്കിൽ അറിവില്ലായ്മ കൊണ്ടോ പറയുന്ന ഒരു കാര്യമുണ്ട് വീടിന് ഇൻഷുറൻസോ അതിന്‍റെയൊക്കെ ആവശ്യമുണ്ടോ ഇതെങ്ങനെയാണ് ഇത്രയുമെത്തിച്ചതെന്ന് അറിയില്ല അപ്പോഴാണ് ഇനി ഇൻഷുറൻസ്. അതുവെറും പഴ്ച്ചെലവല്ലേ. ദുരന്തങ്ങൾ ഉണ്ടാകുന്പോഴല്ലെ അപ്പോൾ നോക്കാം. ദുരന്തമൊന്നും ഉണ്ടായില്ലങ്കിലോ ആ പണം വെറുതെയാകും. അപകടമൊന്നും ഉണ്ടായില്ലെങ്കിൽ പണം വെറുതെയാകും. പക്ഷേ, അപ്രതീക്ഷിതമായി ഒരു അപകടം വന്നാലോ അപ്പോൾ നട്ടം തിരിയേണ്ടതില്ലല്ലോ.അതുകൊണ്ട്് ഒരു കരുതൽ എന്ന നിലയ്ക്കാണ് ഇൻഷുറൻസിനെ ആശ്രയിക്കുന്നത്.

പൊതുവേ ആളുകൾക്ക് അറിയാവുന്നത് ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസും മാത്രമാണ്. ഇവ രണ്ടും പോലെ തന്നെ പ്രധാനമാണ് ജനറൽ ഇൻഷുറൻസും. ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതും അസുഖം വരുന്പോഴല്ലല്ലോ ഭാവിയിലേക്കുള്ള കരുതൽ എന്ന നിലയ്ക്കല്ലേ അതേ കരുതൽ തന്നെയാണ് ജനറൽ ഇൻഷുറൻസും. പ്രധാനമായും മൂന്നു തരത്തിലുള്ള ഇൻഷുറൻസുകളാണുള്ളത്. ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ്. ഇതിൽ ജനറൽ ഇൻഷുറൻസ് എന്നത് മൂല്യമുള്ള വസ്തുക്കൾക്ക് എന്തെങ്കിലും കേടുപാടുകളോ മറ്റോ സംഭവിച്ചാലോ ഇവ നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടാലോ ലഭിക്കുന്ന കവറേജാണ്. വസ്തുവിന്‍റെ മൂല്യം എത്ര ഏതു പോളിസിയാണ് എന്നതിനെയെല്ലാം ആശ്രയിച്ചാണ് പ്രീമിയവും കവറേജും കണക്കാക്കുന്നത്.

പ്രധാനപ്പെട്ട ജനറൽ ഇൻഷുറൻസുകൾ
1. വാഹന ഇൻഷുറൻസ്
2. ട്രാവൽ ഇൻഷുറൻസ്
3. ഹോം ഇൻഷുറൻസ്
4. കൊമേഴ്സ്യൽ ഇൻഷുറൻസ്
5. റൂറൽ ഇൻഷുറൻസ്
6. വിള ഇൻഷുറൻസ്
7. മറൈൻ ഇൻഷുറൻസ് എന്നിവയാണ്.

സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസികൾ, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എന്നിവ പോലെ തന്നെ ജനറൽ ഇൻഷുറൻസ് പോളിസികളും ഓണ്‍ലൈനിലോ ഓഫ് ലൈനിലോ വാങ്ങാം. ഓണ്‍ലൈൻ പോളിസികൾ ഓഫ് ലൈൻ പോളിസികളെക്കാൾ കുറഞ്ഞ ചെലവിൽ ലഭിക്കും. കാരണം അവിടെ ഏജന്‍റുമാരില്ല. പക്ഷേ, പോളിസി വാങ്ങിക്കുന്പോൾ ലഭ്യമായിട്ടുള്ള പോളിസികളെ താരതമ്യം ചെയ്തതിനുശേഷം വേണം വാങ്ങിക്കാൻ. ആവശ്യങ്ങൾ എന്തൊക്കെയാണ്, ആസ്തിയുടെയും വസ്തുവിന്‍റെയുമൊക്കെ മൂല്യം എന്താണ് എന്നൊക്കെ കണക്കാക്കി അതിനനുസരിച്ചു വേണം പോളിസി തെരഞ്ഞെടുക്കാൻ. അത് ഓഫ് ലൈനായാലും ഓണ്‍ലൈനായാലും ഈ ജാഗ്രത വേണം.വരും പേജുകളിൽ വിവിധ ജനറൽ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് കൂടുതലറിയാം.