തിളക്കമാർന്നൊരു ബിസിനസ് അഡോണ ഡയമണ്ട്സ്
തിളക്കമാർന്നൊരു ബിസിനസ്  അഡോണ ഡയമണ്ട്സ്
Monday, September 23, 2019 5:08 PM IST
കൊച്ചിയിൽ പനന്പിള്ളി നഗറിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. അതിനുശേഷം കോഴിക്കോടും ഒരു ഷോറൂം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് ആലപ്പാട്ട് ജ്വല്ലറിയിൽ ഷോപ്പ് ഇൻ ഷോപ്പ് മാതൃകയിൽ ഒരു ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ട്. ഡിസൈനർ ഡയമണ്ട് ജ്വല്ലറി ഷോറൂമാണ് മൂന്നിടത്തും ഒരുക്കിയിരിക്കുന്നത്.

യുജിസി ഗ്രേഡ് ശന്പളത്തിൽ ജോലി ചെയ്യുന്ന ഒരു ടീച്ചർ. പെട്ടന്നൊരു ദിവസം പറയുന്നു ഞാൻ ജോലി അവസാനിപ്പിക്കുകയാണ്. ഇത്രയും നല്ല ജോലി കളഞ്ഞിട്ട് എന്തു ചെയ്യാൻ പോകുന്നു? സ്വാഭാവികമായി ഉയർന്നു വരുന്ന ഈ ചോദ്യം ചാലക്കുടി സ്വദേശി മോളി ബാബുവിനും നേരിടേണ്ടി വന്നു.മോളിയുടെ മറുപടി ഇതായിരുന്നു. "ജോലി ഉപേക്ഷിച്ച് വെറുതെ ഇരിക്കുകയൊന്നുമില്ല. ഞാനൊരു സംരംഭം തുടങ്ങും. അതും അൽപ്പം മൂല്യമേറിയ ഒന്ന്. നല്ല ജോലി, നല്ല ശന്പളം വലിയ ടെൻഷനുകളില്ല.. അങ്ങനെ ജീവിതം സുഗമമായി മുന്നോട്ടു പോകുന്നതിനിടയ്ക്കാണ് മോളി ബാബു ആ തീരുമാനമെടുക്കുന്നത്. ഡയമണ്ട് ആഭരണങ്ങളുടെ നിർമാണവും വിൽപ്പനയും.

ബിസിനസിലേക്കുള്ള ചുവടുമാറ്റം

പതിനാറു വർഷത്തെ അധ്യാപന ജീവിതത്തിനുശേഷമാണ് ബിസിനസിലേക്കുള്ള മോളി ബാബുവിന്‍റെ ചുവടുമാറ്റം. സിവിൽ എഞ്ചിനീയറും ബിൽഡറുമായ ഭർത്താവ് ബാബു ആന്‍റണിയോടാണ് തന്‍റെ സ്വപ്നം മോളി ആദ്യം പങ്കുവെയ്ക്കുന്നത്. അദ്ദേഹം മോളിയോട് എപ്പോഴും പറയുന്ന ഒരു കാര്യം ഇതാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം. മറ്റുള്ളവർക്ക് തൊഴിൽ നൽകണം.മോളിയുടെ ആഗ്രഹത്തെ ബാബു പൂർണമായും പിന്തുണച്ചു. മോളിയുടെ സഹോദരങ്ങൾ പ്ലാന്‍റർമാരും മറ്റുമാണ്. ഭർത്താവിന്‍റെ വീട്ടുകാരാകട്ടെ പ്രൊഫഷണൽ മേഖലയിലും. വേറിട്ടൊരു വഴിയാണ് തെരഞ്ഞെടുക്കുന്നതെന്ന് മോളിക്ക് അറിയാം. പക്ഷേ, ആ തീരുമാനം മികച്ചൊരു വഴിത്തിരിവായി. ദീർഘ നാളത്തെ അവധിയെടുത്ത് ചെറിയതോതിൽ ബിസിനസ് ആരംഭിച്ചു. ബിസിനസിനെക്കുറിച്ച് പഠിച്ചു. മുന്നോട്ടു പോകാമെന്നുള്ള ആത്മവിശ്വാസം നേടിയപ്പോഴാണ് ബിസിനസ് വഴിയെ നീങ്ങാം എന്ന തീരുമാനത്തിലെത്തിയത്.
ആദ്യം ഡയമണ്ട് കട്ട് പോളീഷ് യൂണിറ്റാണ് ആരംഭിച്ചത് . ഇതിനിടയിൽ ബോംബെയിൽ പോയി ജെമോളജിയും പഠിച്ചു. കൊൽക്കൊത്തയിൽ നിന്നും മറ്റും ജോലിക്കാരെ സംഘടിപ്പിച്ചു. ഒപ്പം നല്ലൊരു ടീമിനെയും കൂടെക്കൂട്ടി... തന്‍റെ ബിസിനസിന്‍റെ ആദ്യകാലങ്ങൾ മോളി വിശദീകരിച്ചു. അസംസ്കൃ വസ്തുക്കൾ ആദ്യ കാലങ്ങളിൽ എടുത്തുകൊണ്ടിരുന്നത് തൃശൂരു നിന്നുമായിരുന്നു. ഇപ്പോൾ മുംബൈയിൽ നിന്നും അവ ശേഖരിക്കുന്നു.

ബിസിനസിനൊപ്പം വളരുന്ന ബന്ധങ്ങൾ

അങ്ങനെ ഇരുപതു വർഷം മുന്പ് ചാലക്കുടിയിലെ വീടിനോട് ചേർന്ന് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. തുടക്കകാലത്ത് ഷോറൂമൊന്നും ഉണ്ടായിരുന്നില്ല. ഉപഭോക്താക്കളെ നേരിട്ടു കണ്ടെത്തിയായിരുന്നു വിൽപന. അതിനായി തിരുവനന്തപുരം മുതൽ കാസർഗോഡു വരെ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു വെന്ന് മോളി പറയുന്നു.അങ്ങനെ പ്രദർശനങ്ങൾ നടത്തി ബന്ധങ്ങൾ വളർത്തിയാണ് ബിസിനസിനെ മോളി വളർത്തിയത്.
വജ്രം പോലെയോ വജ്രത്തെക്കാളധികമോ മോളി പ്രാധാന്യം നൽകുന്ന ഒന്നുണ്ട്. വ്യക്തി ബന്ധങ്ങൾക്ക്. തന്‍റെ പക്കൽ എത്തുന്ന ഉപഭോക്താക്കളെ കണ്ടു മറക്കാനുള്ളതല്ല എന്നാണ് മോളി പറയുന്നത്. അതുകൊണ്ടു തന്നെ ആദ്യകാലങ്ങളിലെ ഉപഭോക്താക്കളും അവരുടെ മക്കളും എല്ലാം മോളിയുടെ അടുത്തേക്ക് ഇപ്പോഴും എത്തുന്നു.


പനന്പിള്ളി നഗറിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. അതിനുശേഷം കോഴിക്കോടും ഒരു ഷോറൂം ആരംഭിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് ആലപ്പാട്ട് ജ്വല്ലറിയിൽ ഷോപ്പ് ഇൻ ഷോപ്പ് മാതൃകയിൽ ഒരു ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ട്.

ഡിസൈനർ ഡയമണ്ട് ജ്വല്ലറി ഷോറൂമാണ് മൂന്നിടത്തും ഒരുക്കിയിരിക്കുന്നത്. ഫ്രാഞ്ചൈസി മോഡൽ ബിസിനസാണ് ഭാവിയിൽ ഉദ്ദേശിക്കുന്നതെന്ന് മോളി പറയുന്നു. നേരത്തെ ഡിസൈൻ ചെയ്തു വെയ്ക്കുന്ന ആഭരണങ്ങളുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ താൽപര്യ പ്രകാരം ചെയ്യുന്നതുമുണ്ട്.

എണ്‍പതു ശതമാനം ആളുകളും അവരുടെ ഇഷ്ടപ്രകാരം ആഭരണങ്ങൾ ഡിസൈൻ ചെയ്യിക്കുകയാണ് ചെയ്യാറ്. സ്വന്തമായി നിർമാണ യൂണിറ്റുള്ളതുകൊണ്ട് ആ നേട്ടം കൂടി ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കുന്നുണ്ടെന്ന് മോളി പറയുന്നു. കാരണം വിലയിൽ കുറവുണ്ടാകും, നല്ല ഗുണമേൻമ ഉറപ്പാക്കാൻ സാധിക്കും, ഉപഭോക്താക്കൾക്ക് ബജറ്റിനനുസരിച്ച് ആഭരണങ്ങൾ ലഭ്യമാകുകയും ചെയ്യും.

അമ്മയ്ക്കൊപ്പം മകളും

മകൾ നിലീന കുഞ്ഞുന്നാൾ മുതൽ അമ്മയുടെ ബിസിനസ് ജീവിതം കണ്ടാണ് വളരുന്നത്. അതുകൊണ്ടു തന്നെ പെട്ടന്നു തന്നെ അമ്മയുടെ ബിസിനസുമായി മകൾ ഇണങ്ങി. അതിനു മുന്പും തന്നാലാവും വിധം അമ്മയെ ബിസിനസിൽ സഹായിച്ചിരുന്നു വെന്ന് നിലീന പറയുന്നു.
ലെയോള കോളേജിലാണ് നിലീന എംബിഎ പഠിച്ചത്. അതിനുശേഷം ചില മൾട്ടിനാഷണൽ കന്പനികളിൽ ജോലി ചെയ്തിരുന്നു.

അമ്മയ്ക്കൊപ്പം ചേരാം എന്നു തീരുമാനിച്ചതോടെ ബോംബെ ജെ.കെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജ്വല്ലറി ഡിസൈനിംഗ് പഠിച്ചു. ഇന്ന് അഡോണ ഡയമണ്ടിലെ ചീഫ് ഡിസൈനറാണ് നിലീന.കോഴിക്കോടുള്ള ഷോറൂം നോക്കി നടത്തുന്നത് നിലീനയും ഭർത്താവുമാണ്. ആഭരണ ഡിസൈനിംഗ് പഠിപ്പിക്കാനായി ഒരു ഡിസൈനർ സ്കൂൾ എന്നത് നിലീനയുടെ ആഗ്രഹമാണ്. കോഴിക്കോട് ഉടനെ അത് പ്രാവർത്തികമാകും എന്ന പ്രതീക്ഷയിലാണിവർ. ഇപ്പോൾ അഡോണയിലെ ഡിസൈനിംഗ് യൂണിറ്റിന് നേതൃത്വം നൽകുന്നത് നിലീനയാണ്.

ബജറ്റിലൊതുങ്ങുന്ന ആഭരണ ശേഖരം

അഡോണ ആരംഭിക്കുന്പോൾ ഡയമണ്ട് പ്രചാരത്തിലായി വരുന്നതേയുണ്ടായിരുന്നുള്ളു. സ്വർണമായിരുന്നു പ്രാധാനം. അതുകൊണ്ടു തന്നെ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിച്ചു കൊണ്ടു വരിക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആദ്യ കാലങ്ങളിൽ ഷോറൂം ഇല്ലാത്തതും ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ആ പ്രശ്നങ്ങളൊന്നുമില്ല.മോളി പറയുന്നു.
കേരളത്തിൽ എല്ലായിടത്തു നിന്നും ബംഗളൂരുവിൽ നിന്നും വിദേശമലയാളികൾ തുടങ്ങിയവരെല്ലാം തന്നെ ഇന്ന് ഉപഭോക്താക്കളായുണ്ട്. ഫ്രാഞ്ചൈസികൾ ആരംഭിക്കാനാണ് ഇവർ താൽപര്യപ്പെടുന്നത്. കൂടാതെ ഒരു ഡിസൈനിംഗ് സ്റ്റുഡിയോ കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ബജറ്റിലൊതുങ്ങുന്ന തരത്തിലുള്ള ആഭരണ ശേഖരമാണ് ഈ അമ്മയും മകളും ഒരുക്കുന്നത്. അയ്യായിരം രൂപ മുതൽ തുടങ്ങുന്ന ആഭരണങ്ങളുണ്ട്. പതിനഞ്ചു പേരോളം ജോലിക്കാരായി ഒപ്പമുണ്ട്. കഠിനാദ്ധ്വാനം, സത്യസന്ധത ഇത്രയുമുണ്ടെങ്കിൽ ബിസിനസും ബന്ധങ്ങളും ദൃഡമായിരിക്കും. എന്നാണ് മോളിയുടെ അഭിപ്രായം.