മലയാളത്തിന്റെ പുതു വസന്തം
മലയാളത്തിന്റെ പുതു വസന്തം
Saturday, September 28, 2019 3:35 PM IST
മലയാളത്തിന്റെ നായികാവസന്തങ്ങള്‍ക്കിടയില്‍ പുതുമുഖമാണ് വയനാട്ടില്‍ നിന്നെത്തിയ ശിവകാമി. ഹിസ്റ്ററി ഓഫ് ജോയി എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ച ശിവകാമി ഇന്നു വമ്പന്‍ ബാനറുകളുടെ ചിത്രങ്ങളില്‍ ഭാഗമായിക്കഴിഞ്ഞു. ദുല്‍ഖറിനൊപ്പം അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിനു ശേഷം ശിവകാമി നായികയായി എത്തിയ ചിത്രമാണ് ചില ന്യൂെജന്‍ നാട്ടുവിശേഷങ്ങള്‍. നൃത്തവും ഡിഗ്രിപഠനവും അഭിനയത്തിനൊപ്പം കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഈ യുവകലാകാരി. തന്റെ വിശേഷങ്ങളുമായി ശിവകാമി മനസ് തുറക്കുന്നു...

സിനിമാസഞ്ചാരം

തിയറ്ററിലെത്തിയ ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്റെ അഞ്ചാമത്തെ ചിത്രമാണ്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍ തുടക്കം കുറിച്ച ഹിസ്റ്ററി ഓഫ് ജോയി ആയിരുന്നു ആദ്യ ചിത്രം. അതില്‍ അഡ്വക്കേറ്റായിട്ടാണ് എത്തിയത്. രണ്ടാമത് ചെയ്ത ചിത്രം അങ്ങനെ ഞാനും പ്രേമിച്ചു. പിന്നീടു ചെയ്തത് ധര്‍മ്മജന്‍ ചേട്ടന്‍ നിര്‍മിച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനായ നിത്യഹരിത നായകനായിരുന്നു. അതിനു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥയിലും ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലും അഭിനയിക്കുന്നത്.

സിനിമയിലേക്ക്

വയനാടാണ് എന്റെ സ്വദേശം. സിനിമയോട് ചെറുപ്പം മുതല്‍ തന്നെ ആഗ്രഹം ഉണ്ടായിരുന്നു. അതിനാല്‍ ഓഡീഷനൊക്കെ പതിവായി പോകുമായിരുന്നു. വെക്കേഷന്‍ സമയത്ത് എറണാകുളത്തു ബന്ധുവീട്ടില്‍ വന്നുനില്‍ക്കുന്ന സമയത്താണ് ഓഡീഷനു പോയത്. അങ്ങനെയാണ് ഹിസ്റ്ററി ഓഫ് ജോയി എന്ന ചിത്രത്തില്‍ നായികയാകാന്‍ അവസരം കിട്ടിയത്. സിനിമയില്‍ വന്നുകഴിഞ്ഞപ്പോള്‍ അഭിനയം വളരെ സീരിയസായി കാണാന്‍ തുടങ്ങി. മുമ്പ് ആഗ്രഹം മാത്രമായിരുന്നു എങ്കില്‍, ഇപ്പോള്‍ ഒരുപാട് ഇഷ്ടപ്പെടുകയും ഉത്തരവാദിത്വത്തോടെയും അതിനെ കാണുന്നുണ്ട്.

ആദ്യമായി കാമറയ്ക്കു മുന്നില്‍

സ്റ്റേജിലൊക്കെ കയറി ഡാന്‍സ് പ്രോഗ്രാമുകള്‍ മുമ്പുതന്നെ ചെയ്തിരുന്നതുകൊണ്ട് ആദ്യമായി കാമറയ്ക്കു മുന്നില്‍ വന്നപ്പോള്‍ പേടിയൊന്നും ഉണ്ടായിരുന്നില്ല. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്ന സമയത്ത് ആദ്യമൊക്കെ നല്ല ടെന്‍ഷനായിരുന്നു. പിന്നീട് എല്ലാവരുടേയും പിന്തുണ കിട്ടിയപ്പോള്‍ അതു മാറി. അഭിനയിക്കുന്നതില്‍ മുന്‍പരിചയമൊന്നും ഇല്ലായിരുന്നെങ്കിലും അഭിനയിക്കാന്‍ പറ്റും എന്ന ആവിശ്വാസം ഉണ്ടായിരുന്നു. അതാണ് മുന്നോട്ടു നയിക്കുന്നത്.




സിനിമയില്‍ എത്തിയപ്പോള്‍

ഏറെ ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലേക്ക് എത്തുന്നത്. ഇനിയും ഇവിടെ നിലനില്‍ക്കണം, നല്ല സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. പിന്നെ തുടക്കത്തില്‍ തന്നെ വലിയ പ്രൊഡക്ഷന്റെ ഭാഗമാകാന്‍ സാധിച്ചതിലും സന്തോഷം. ഒരു യമണ്ടന്‍ പ്രേമകഥയിലും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലും വലിയ ടീമിനൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിച്ചു.

പഠനം

വയനാട്ടിലാണ് പ്ലസ്ടു വരെ പഠിച്ചത്. നൃത്തം ചെറുപ്പം മുതല്‍ പഠിക്കുന്നുണ്ട്. ഇപ്പോള്‍ ബിഎസ്‌സി സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്ലസ്‌വണ്ണിനു പഠിക്കുമ്പോഴാണ് ഹിസ്റ്ററി ഓഫ് ജോയിയില്‍ നായികയായി അഭിനയിക്കുന്നത്.

വീട്ടുകാരുടെ പിന്തുണ

എാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അച്ഛനും സിനിമയോടു താല്പര്യമായിരുന്നു. സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അവര്‍ക്കെല്ലാം സന്തോഷമുണ്ട്. പഠിച്ച സ്‌കൂളും കോളജുമെല്ലാം എന്നെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് അഭിനയത്തിനൊപ്പം പഠനവുമായി മുന്നോട്ടു പോകാനാകുന്നത്.

നായികനിരയില്‍ മത്സരം

ഓരോ സിനിമയിലും പുതിയ നായികമാരാണ് ഇന്ന് എത്തുന്നത്. അപ്പോള്‍ അതിനിടയില്‍ തുടക്കക്കാരി എന്ന നിലയില്‍ നമ്മുടെ ഐഡന്റിറ്റി ഉണ്ടാക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. നമുക്കു കിട്ടുന്ന സിനിമയിലൂടെ പ്രേക്ഷക മനസില്‍ സ്ഥാനം നേടിയെടുക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഓരോ സിനിമയും മികച്ച രീതിയില്‍ അഭിനയിക്കാനും മെച്ചപ്പെടുത്താനുമാണ് ശ്രമം.

വീട്ടു വിശേഷം

അച്ഛനും അമ്മയും ഞാനും ചേരുന്നതാണ് കുടുംബം. ഇപ്പോള്‍ ഞങ്ങള്‍ എറണാകുളത്ത് സെറ്റിലാണ്. പഠിക്കുന്നത് മൂവാറ്റുപുഴയിലാണ്.

ലിജിന്‍ കെ. ഈപ്പന്‍