വിപണി അനിശ്ചിതത്വത്തിൽ നിക്ഷേപിക്കാൻ 4 ഫണ്ടുകൾ
വിപണി അനിശ്ചിതത്വത്തിൽ  നിക്ഷേപിക്കാൻ 4 ഫണ്ടുകൾ
Monday, September 30, 2019 4:58 PM IST
വിപണിയിലും സന്പദ്ഘടനയിലും ശുഭാപ്തി വിശ്വാസം കാണാനേയില്ല. ആഗോള സന്പദ്ഘടനയുടെ വളർച്ചാത്തോത് കുറയുമെന്ന് ഐഎംഎഫിന്‍റെ ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലും വളർച്ച കുറയുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു.

വളർച്ചാമുരടിപ്പിലൂടെ കടന്നുപോകുന്ന സന്പദ്ഘടന ഇന്ത്യൻ ഓഹരി വിപണിയെ വല്ലാതെ ഉലയ്ക്കുകയാണ്. ഈ സാഹചര്യത്തിൽ ദീർഘകാല നിക്ഷേപത്തിനു യോജിച്ച നാലു ഫണ്ടുകൾ നിർദ്ദേശിക്കുകയാണ്. നികുതി ലാഭത്തിനു സഹായിക്കുന്ന ആക്സിസ് ലോംഗ് ടേം ഇക്വിറ്റി, ലാർജ് ആൻഡ് മിഡ് കാപ് മേഖലയിൽനിന്നുള്ള ടാറ്റാ ലാർജ് ആൻഡ് മിഡ്കാപ് ഫണ്ട്, ലാർജ് കാപ് ഫണ്ടായ മിറേ അസറ്റ് ലാർജ്കാപ്, മൾട്ടികാപ് ഫണ്ട് എസ്ബിഐ മാഗ്നം മൾട്ടികാപ് എന്നിവയാണ് നിർദ്ദേശിക്കുന്നത്. വിപണയിലെ കയറ്റിറക്കങ്ങളിലും ദീർഘകാലത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധ്യതയുള്ളവയാണ് ഈ ഫണ്ടുകൾ എന്നാണ് ഞങ്ങളുടെ വിശ്വാസം.

1. ആക്സിസ് ലോംഗ് ടേം ഇക്വിറ്റി
എൻഎവി (ഓഗസ്റ്റ്23, 2019)
ഗ്രോത്ത് : 43.18 രൂപ
ഡിവിഡൻഡ് : 20.10 രൂപ
കുറഞ്ഞ നിക്ഷേപം : 500 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 1.76 %
എക്സിറ്റ് ലോഡ് : 0 %
(365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -4.01 %
3 വർഷം : 9.26 %
5 വർഷം : 12.66 %
തുടക്കം മുതൽ : 16.49 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2009
ഇനം : ഇഎൽഎസ്എസ്
ആസ്തിയുടെ വലുപ്പം : 18,953 കോടി രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ 200 ടിആർഐ
ഫണ്ട് മാനേജർ : ജിനേഷ് ഗോപാനി

പ്രവർത്തനത്തിന്‍റെ പത്താം വർഷത്തിലൂടെ കടന്നുപോകുന്ന ആക്സിസ് ലോംഗ് ടേം ഇക്വിറ്റി ഫണ്ട്, നികുതി ലാഭ ഉപകരണമെന്ന നിലയിലും മികച്ച മൂലധന വളർച്ച നൽകിയ ഫണ്ടെന്ന നിലയിലും നിക്ഷേപകരെ നിരാശപ്പെടുത്തിയിട്ടില്ല. പദ്ധതിയാരംഭിച്ചപ്പോൾ തുടങ്ങിയ നിക്ഷേപം 16.49 ശതമാനം വാർഷിക റിട്ടേണ്‍ നൽകിയിട്ടുണ്ട്. ഒരു വർഷക്കാലത്തെ റിട്ടേണ്‍ നെഗറ്റീവാണെങ്കിലും മൂന്നുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉള്ളതിനാൽ നിക്ഷേപത്തിനു തുനിയുന്പോൾ അതു കാര്യമായി കണക്കിലെടുക്കേണ്ടതില്ല.

2011-ൽ 126 കോടി രൂപയായിരുന്ന ആസ്തി എട്ടുവർഷംകൊണ്ട് 18953 കോടി രൂപയായി വളർന്നിട്ടുണ്ട്. ഏതാണ്ട് 150 ഇരട്ടി. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ ഇടയിൽ ഈ ഫണ്ടിനുള്ള ജനപ്രീതി മനസിലാക്കാവുന്നതാണ്.

മൂന്നു വർഷത്തെ ലോക്ക് ഇൻ പീരിയഡു മാത്രമുളളതിനാൽ മിക്ക ഇഎൽഎസ്എസ് ഫണ്ടു മാനേജർമാരും മിഡ്കാപ്, സ്മോൾ കാപ് ഓഹരികൾ വാങ്ങുവാൻ മടിക്കാറാണ് പതിവ്. എന്നാൽ ആക്സിസ് ലോംഗ് ടേം ഇക്വിറ്റി മൾട്ടികാപ് നിക്ഷേപ സമീപനമാണ് സ്വീകരിച്ചിട്ടുളളത്. ഇപ്പോൾ ഫണ്ടിന്‍റെ ഓഹരി നിക്ഷേപത്തിന്‍റെ 30 ശതമാനത്തിലധികം മിഡ്കാപ്പിലാണ്. ഇപ്പോൾ 69 ശതമാനത്തോളം ലാർജ് കാപ്പിലാണ് നിക്ഷേപിച്ചിട്ടുളളത്. സ്മോൾ കാപ് ഓഹരികളിലെ നിസാര നിക്ഷേപമേയുള്ളു.

എല്ലാ സമയത്തും ആസ്തി ഏതാണ്ട് പൂർണമായിത്തന്നെ ഓഹരികളിൽ നിക്ഷേപിക്കുന്ന സമീപനമാണ്ട് ഫണ്ടു മാനേജരുടേത്. കാഷ് കൈവശം വയ്ക്കുന്നതിൽ വലിയ വിശ്വാസമില്ല. തെരഞ്ഞെടുക്കുന്ന ഓഹരികളാകട്ടെ ദീർഘകാലം ലക്ഷ്യത്തോടെയുളളതാണ്. നിക്ഷേപശേഖരം തുടരെത്തുടരെ അഴിച്ചു പണിയുന്ന സ്വാഭാവമില്ല.

ആസ്തിയുടെ 41 ശതമാനത്തോളം ധനകാര്യമേഖലയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. സേവനമേഖലയിൽ 10.96 ശതമാനവും കെമിക്കൽ കന്പനികളിൽ 8.5 ശതമാനവും നിക്ഷേപിച്ചിരിക്കുന്നു. ധനകാര്യമേഖലയിലെ പ്രതിസന്ധി അയഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ അടുത്ത ഏതാനും വർഷങ്ങളിൽ ഈ മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതി ലാഭത്തോടൊപ്പം അല്പം ദീർഘകാലത്തിലുളള മറ്റ് ആവശ്യങ്ങൾക്കും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്‍റ് പ്ളാനിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കും ഇതു ഉപയോഗപ്പെടുത്താം.

ഹ്രസ്വകാലാവശ്യങ്ങൾക്കു ഇതു യോജിച്ചതല്ല. സന്പത്തു സൃഷ്ടിക്കും ഇത് അത്ര യോജിച്ചതല്ല. കാരണം വാല്യു ഇൻവെസ്റ്റ്മെന്‍റിനേക്കാൾ വളർച്ചയ്ക്കാണ് ഉൗന്നൽ നല്കുന്നത്. നിക്ഷേപത്തിൽ നാലിലൊന്നോളം മിഡ്കാപ്, സ്മോൾ കാപ് ഓഹരികളാണ്.

2. ടാറ്റാ ലാർജ് & മിഡ്കാപ് ഫണ്ട്
എൻഎവി (ഓഗസ്റ്റ്23, 2019)
ഗ്രോത്ത് : 195.33 രൂപ
ഡിവിഡൻഡ് : 31.37 രൂപ
കുറഞ്ഞ നിക്ഷേപം : 5000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.17 %
എക്സിറ്റ് ലോഡ് : 1 % (365 ദിവസത്തിനുള്ളിൽ 12 ശതമാനത്തിലധികം യൂണിറ്റുകൾ പണമാക്കി മാറ്റിയാൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : 0.93 %
3 വർഷം : 6.44 %
5 വർഷം : 9.88 %
10 വർഷം : 11.88 %
തുടക്കം മുതൽ : 11.97 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 1993
ഇനം : ലാർജ് ആൻഡ് മിഡ്കാപ്
ആസ്തിയുടെ വലുപ്പം : 1389 കോടി രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ 200 ടിആർഐ
ഫണ്ട് മാനേജർ : ചന്ദ്രപ്രകാശ് പടിയാർ

ടാക്സ് സേവിംഗ്സ് ഉപകരണമായി 1993-ൽ പ്രവർത്തനം തുടങ്ങിയ ഫണ്ടാണ് ടാറ്റാ ലാർജ് ആൻഡ് മിഡ്കാപ് ഫണ്ട്. ടാറ്റാ ഇൻഡ് ടാക്സ് ഷീൽഡ് പ്ലാൻ ബി എന്ന പേരിൽ തുടങ്ങിയ ഫണ്ട് പിന്നീട് ഇപ്പോഴത്തെ പേരു സ്വീകരിക്കുകയും നികുതി ലാഭ ഉപകരണമെന്ന എന്ന വിഭാഗത്തിൽനിന്നു മാറുകയും ചെയ്തു.

കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയ ഫണ്ട് അന്നു മുതൽ ഇതുവരെ നൽകിയ വാർഷിക റിട്ടേണ്‍ 11.97 ശതമാനമാണ്. അതായത് 1993-ൽ നടത്തിയ 10000 രൂപയുടെ നിക്ഷേപം 26.5 വർഷംകൊണ്ട് 200075 രൂപയായി വളർന്നിട്ടുണ്ട്. അതായത് 21 ഇരട്ടിയായി വളർന്നിട്ടുണ്ട്.

ഫണ്ട് ഇപ്പോൾ നിക്ഷേപത്തിന്‍റെ 96.32 ശതമാനവും ഓഹരിയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഓഹരി നിക്ഷേപത്തിൽ 58.81 ശതമാനം ലാർജ് കാപ്പ് ഓഹരികളിലും 40.17 ശതമാനം മിഡ്കാപ്പുകളിലുമാണ്. സന്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് ഏറ്റവുമധികം വളർച്ചയുണ്ടാകുക മിഡ്കാപ് ഓഹരികളിലാണ്. ഇതു ഫണ്ടിനു നേട്ടമുണ്ടാക്കി നൽകും. ഇപ്പോഴത്തെ വിപണി തകർച്ചയിൽ ബെഞ്ച്മാർക്കിനേക്കാൾ മികച്ച റിട്ടേണ്‍ നേടുവാൻ ഫണ്ടിനു സാധിച്ചിട്ടുണ്ട്. മികച്ച ഗുണമേന്മയുള്ള നിക്ഷേപശേഖരമാണ് ഫണ്ടിന്‍റെ കരുത്ത്.


കുറഞ്ഞതു 3-4 വർഷത്തേക്കു നിക്ഷേപം നടത്തി കാത്തിരിക്കുവാൻ തയാറുള്ള, റിസ്ക്ശേഷിയുള്ള നിക്ഷേപകർക്കു ഉയർന്ന റിട്ടേണിനായി നിക്ഷേപം നടത്താൻ യോജിച്ച ഫണ്ടാണിത്.

3. മിറേ അസറ്റ് ലാർജ്കാപ് ഫണ്ട്
എൻഎവി (ഓഗസ്റ്റ്23, 2019)
ഗ്രോത്ത് : 48.13 രൂപ
ഡിവിഡൻഡ് : 17.09 രൂപ
കുറഞ്ഞ നിക്ഷേപം : 5000 രൂപ
എസ്ഐപി നിക്ഷേപം : 1000 രൂപ
എക്സ്പെൻസ് റേഷ്യോ : 1.70 %
എക്സിറ്റ് ലോഡ് : 1 %
(365 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -1.78 %
3 വർഷം : 10.14 %
5 വർഷം : 12.22 %
10 വർഷം : 15.57 %
തുടക്കം മുതൽ : 14.9 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2008
ഇനം : ലാര്ജ് കാപ്
ആസ്തിയുടെ വലുപ്പം : 13,492 കോടി രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ 200 ടിആർഐ
ഫണ്ട് മാനേജർ : ഗൗരവ് മിശ്ര,
ഹർഷദ് ബറൊക്കെ

മൾട്ടികാപ് ഫണ്ടായിരുന്ന മിറേ അസറ്റ് ഇന്ത്യ ഇക്വിറ്റിയാണ് പേരു മാറ്റി മിറേ അസറ്റ് ലാർജ് കാപ് ഫണ്ടായി മാറ്റിയത്. പ്രധാനമായും ലാർജ് കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഫണ്ട് പത്തുവർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ലാർജ് കാപ് ഓഹരികളിലെ നിക്ഷേപം ഇപ്പോൾ 85.72 ശതമാനമാണ്, മിഡ്കാപ്പിൽ 12.53 ശതമാനമാണ് നിക്ഷേപം. ഫണ്ടിന് 20 ശതമാനം വരെ മിഡ്കാപ്പിൽ നിക്ഷേപിക്കാനുള്ള അനുമതിയുണ്ട്.

വളരെ കുറഞ്ഞ എക്സ്പെൻസ് റേഷ്യോ ( 1.70 ശതമാനം) ആണ് ഫണ്ടിന്‍റേത്.
ഏതെങ്കിലും ആശയത്തോടോ മേഖലയോടോ ഫണ്ട് മാനേജർക്ക് പ്രത്യേക താൽപ്പര്യമൊന്നുമില്ല. പകരം ഏതു മേഖലയിലേയും ഉയർന്ന ഗുണമേന്മയുള്ള ബിസിനസ് ഏറ്റവും മികച്ച വിലയിൽ തെരഞ്ഞെടുക്കുകയെന്നതാണ് ഫണ്ടു മാനേജരുടെ സമീപനം. നല്ല മാനേജ്മെന്‍റ്ുള്ള കന്പനിക്ക് മുൻഗണന നൽകുന്നു. തുടർച്ചയായി വളർച്ച നേടുന്ന ലാർജ് കാപ് ഓഹരികളാണ് ഫണ്ടിന്‍റെ ശേഖരത്തിലുള്ളത്. മിക്കവാറും അതാതു മേഖലകളിലെ മികച്ച ലാർജ് കാപ് ഓഹരികളാണ് ഫണ്ട് തെരഞ്ഞടുക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, ഇൻഫോസിസ്, ടിസിഎസ്, ഐടിസി, കോട്ടക് മഹീന്ദ്ര എൻടിപിസി, ഡാബർ ഇന്ത്യ തുടങ്ങി 61 ഓഹരികളാണ് ഫണ്ടിന്‍റെ നിക്ഷേപശേഖരത്തിലുള്ളത്.

ഫണ്ടിന്‍റെ നിക്ഷേപത്തിൽ 40 ശതമാനത്തോളം ധനകാര്യമേഖലയിലാണ്. ധനകാര്യമേഖല അതിന്‍റെ ഏറ്റവും മോശമായ അവസ്ഥ പിന്നിട്ട സാഹചര്യത്തിൽ മോശമല്ലാത്ത വളർച്ച വരും വർഷങ്ങളിൽ ഈ മേഖലയിലുണ്ടാകും. അതു ഫണ്ടിന്‍റെ വളർച്ചയെ ഒട്ടൊന്നുമല്ല, സഹായിക്കുക.
അനിശ്ചിതത്വത്തിന്‍റെ നാളുകളിൽ ലാർജ്കാപ് ഓഹരികളിലെ നിക്ഷേപം സ്ഥിരത നൽകുന്നു.
റിട്ടേണിനേക്കാൾ തങ്ങളുടെ നിക്ഷേപ മൂലധനം സംരക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് തീർച്ചയായും മികച്ചൊരു നിക്ഷേപമാണ് മിറേ അസറ്റ് ലാർജ് കാപ്. അച്ചടക്കമുള്ള നിക്ഷേപത്തിലൂടെ ആരോഗ്യകരമായ റിട്ടേണ്‍ ലഭ്യമാക്കാനാണ് ഫണ്ട് മാനേജ്മെന്‍റിന്‍റെ ശ്രമം. അതുകൊണ്ടുതന്നെ വിവിധ കാലയളവുകളിൽ ബഞ്ച്മാർക്കിനേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാൻ ഫണ്ടിനു കഴിയുന്നുണ്ട്.

4. എസ്ബിഐ മാഗ്നം മൾട്ടികാപ്
എൻഎവി (ഓഗസ്റ്റ്23, 2019)
ഗ്രോത്ത് : 46.24 രൂപ
ഡിവിഡൻഡ് : 20.70 രൂപ
കുറഞ്ഞ നിക്ഷേപം : 1000 രൂപ
എസ്ഐപി നിക്ഷേപം : 500 രൂപ
എക്സ്പെൻസ് റേഷ്യോ : 2.13 %
എക്സിറ്റ് ലോഡ് : 0.1 % (30 ദിവസത്തിനുള്ളിൽ)
ഇതുവരെ നൽകിയ നേട്ടം
1 വർഷം : -3.81 %
3 വർഷം : 7.60 %
5 വർഷം : 12.39 %
10 വർഷം : 11.66 %
തുടക്കം മുതൽ : 11.73 %
അടിസ്ഥാന വിവരങ്ങൾ
തുടക്കം : 2005
ഇനം : മൾട്ടി കാപ്
ആസ്തിയുടെ വലുപ്പം : 7465 കോടി രൂപ
ബഞ്ച് മാർക്ക് : ബിഎസ്ഇ 500 ടിആർഐ
ഫണ്ട് മാനേജർ : അനൂപ് ഉപാധ്യായ

വൈവിധ്യമാർന്ന ഓഹരികളിൽ നിക്ഷേപിച്ച് ദീർഘകാലത്തിൽ മൂലധന വളർച്ച ലക്ഷ്യമിടുന്ന മ്യൂച്വൽ ഫണ്ടാണ് എസ്ബിഐ മാഗ്നം മൾട്ടികാപ്. വിപണി മൂല്യത്തിൽ മുന്നിൽ നിക്കുന്ന 500 കന്പനികളിൽനിന്നാണ് നിക്ഷേപം. ഇപ്പോൾ വിവിധ മേഖലകളിൽനിന്നുള്ള 56 ഓഹരികളാണ് നിക്ഷേപശേഖരത്തിലുള്ളത്.

ഓഹരി നിക്ഷേപത്തിൽ 61.8 ശതമാനവും ലാർജ് കാപ്പ് ഓഹരികളിലാണ്. മിഡ്കാപ്പിൽ 25.67 ശതമാനവും സ്മോൾ കാപ്പിൽ 11.85 ശതമാനവും നിക്ഷേപം നടത്തിയിട്ടുണ്ട്. ആസ്തിയുടെ 95.06 ശതമാനവും ഓഹരിയിലാണ്. ധനകാര്യ സേവനമേഖലയിലെ നിക്ഷേപം 33.85 ശതമാനവും കണ്‍സ്ട്രക്ഷൻ മേഖലയിലെ നിക്ഷേപം 11.68 ശതമാനവുമാണ്. സാധാരണ 10 ശതമാനം വരെയാണ് സ്മോൾ കാപ് ഓഹരികളിൽ നിക്ഷേപം നടത്തുക.

മിഡ്, സ്മോൾ കാപ് ഓഹരികളിൽ താരതമ്യേനം ഉയർന്ന റിട്ടേണ്‍ ദീർഘകാലത്തിൽ നൽകുമെങ്കിലും വന്യമായ വ്യതിയാനമെന്ന റിസ്ക് ഉയർത്തുന്നുണ്ട്.

2005 സെപ്റ്റംബർ പ്രവർത്തനം ആരംഭിച്ച ഫണ്ട് ഇതുവരെ നൽകിയ വാർഷിക റിട്ടേണ്‍ 14.9 ശതമാനമാണ്. ഫണ്ട് ആരംഭിച്ചപ്പോൾ നടത്തിയ 10000 രൂപയുടെ നിക്ഷേപം ഇപ്പോൾ 69900 രൂപയായി വളർന്നിട്ടുണ്ട്. ഏഴിരട്ടിയോളം. മികച്ച മൾട്ടികാപ് ഫണ്ട് തേടുന്നവർക്ക് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാവുന്ന ഫണ്ടാണ് എസ്ബിഐ മാഗ്നം മൾട്ടികാപ്. നിക്ഷേപത്തിനായി തെരഞ്ഞെടുക്കാവുന്നതാണ്.

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ
കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്