വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് നികുതിയിളവു നേടാം
വിദ്യാഭ്യാസ  വായ്പയുടെ പലിശയ്ക്ക്   നികുതിയിളവു നേടാം
Tuesday, October 1, 2019 5:10 PM IST
വ്യക്തികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി എടുക്കുന്ന വായ്പയുടെ പലിശ നികുതി മുന്പുള്ള വരുമാനത്തിൽനിന്നും പരിധിയൊന്നുമില്ലാതെ കിഴിക്കാവുന്നതാണ്. വ്യക്തികൾക്കു സ്വയം മാത്രമല്ല, പങ്കാളി, മക്കൾ എന്നിവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി എടുക്കുന്ന തുകയുടെ പലിശയും വരുമാനത്തിൽനിന്നു കിഴിക്കാം.

ആദായനികുതി നിയമം 80 ഇ എന്ന വകുപ്പിലാണ് ഇതു നിഷ്കർഷിച്ചിരിക്കുന്നത്. ഹിന്ദു അവിഭക്തകുടുംബങ്ങൾക്കോ മറ്റേതെങ്കിലും സ്റ്റാറ്റസിലുള്ള നികുതിദായകർക്കോ ഈ ആനുകൂല്യം ലഭിക്കുകയില്ല.

വരുമാനത്തിൽനിന്ന്് പലിശയടയ്ക്കണം

നികുതി അടയ്ക്കുന്ന വരുമാനത്തിൽനിന്ന് പലിശ അടച്ചാൽ മാത്രമാണ് കിഴിവു ലഭിക്കുക. നികുതിക്ക് വിധേയമല്ലാത്ത വരുമാനത്തിൽനിന്നും പലിശ അടച്ചാൽ നികുതി ആനുകൂല്യം ലഭിക്കില്ല. തന്നാണ്ടിൽ തന്നെ അടയ്ക്കുന്ന പലിശയ്ക്കാണ് നികുതിയിളവ്.
വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് ആനുകൂല്യം ലഭിക്കണമെങ്കിൽ പ്രസ്തുത വായ്പ ബാങ്കിൽനിന്നോ അംഗീകാരം ലഭിച്ച സാന്പത്തികസ്ഥാപനങ്ങളിൽനിന്നോ ആദായനികുതിനിയമം 80 ജി പ്രകാരം അല്ലെങ്കിൽ 10 (23 സി) അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ സംഘടനകളിൽനിന്നോ ആയിരിക്കണം എടുത്തിരിക്കുന്നത്. ബന്ധുക്കളുടെയോ സ്നേഹിതരുടെയോ പക്കൽനിന്നും എടുത്ത വായ്പയുടെ പലിശയ്ക്ക് യാതൊരുവിധ ആനുകൂല്യവും ലഭിക്കുകയില്ല.

സീനിയർ സെക്കൻഡറി എക്സാമിനേഷനോ തത്തുല്യമായ ഏതെങ്കിലും പരീക്ഷയോ അംഗീകാരം ലഭിച്ചിട്ടുള്ള സ്കൂളുകളിൽനിന്നോ ബോർഡിൽനിന്നോ യൂണിവേഴ്സിറ്റിയിൽനിന്നോ പാസായിട്ടുള്ളവരുടെ ഉപരിപഠനത്തിനു വേണ്ടി എടുക്കുന്ന എല്ലാ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും നികുതിയിളവിന് അർഹതയുണ്ട്.


വിദേശത്ത് ഉപരിപഠനം നടത്തുന്നതിനുള്ള ബാങ്ക് വായ്പ

ഉപരിപഠനം വിദേശത്തായാലും സ്വദേശത്തായാലും ഹയർ സെക്കൻഡറി പരീക്ഷയ്ക്കു ശേഷമുള്ള എല്ലാവിധ ഉന്നതവിദ്യാഭ്യാസത്തിനും വേണ്ടി എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് കിഴിവ് ലഭിക്കും. വൊക്കേഷണൽ കോഴ്സുകളും ഇതിലുൾപ്പെടും.
മാതാപിതാക്കൾ മക്കൾക്കുവേണ്ടി എടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് മാതാപിതാക്കൾക്ക് കിഴിവിന് അർഹതയുണ്ട്. തിരിച്ചടവ് തുടങ്ങി തുടർച്ചയായ എട്ടു വർഷത്തേക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ഇനി എട്ടു വർഷത്തിനുമുന്പ് പലിശ അടച്ചുതീരുകയാണെങ്കിൽ തീരുന്ന വർഷം വരെ മാത്രമേ കിഴിവിന് അർഹതയുള്ളൂ. എട്ടു വർഷത്തിനകം തീർന്നില്ലെങ്കിൽ പിന്നീട് അടയ്ക്കുന്ന പലിശയ്ക്ക് ആനുകൂല്യം ലഭിക്കില്ല.
മാതാപിതാക്കൾ മക്കൾക്കുവേണ്ടി വായ്പ എടുത്തതിനുശേഷം മക്കൾ തന്നെ അതു തിരിച്ചടച്ചാൽ അവർക്ക് കിഴിവിന് അർഹത ലഭിക്കില്ല. കിഴിവിന് അർഹത ലഭിക്കണമെങ്കിൽ വായ്പ സ്വന്തം പേരിൽ തന്നെ ആയിരിക്കണം. മാതാപിതാക്കളാണ് വായ്പ എടുക്കുന്നതെങ്കിൽ അവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

വിദ്യാഭ്യാസ വായ്പയുടെ മുതലിന്‍റെ തിരിച്ചടവിന് ഒരു വകുപ്പിലും ആദായനികുതി നിയമത്തിൽ വരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നതല്ല. ട്യൂഷൻ ഫീസിനും കോളജ് ഫീസിനും വേണ്ടി മാത്രമല്ല ലോണ്‍ എടുക്കാവുന്നത്. ഹോസ്റ്റൽ ഫീസ്, യാത്രാച്ചെലവ്, കംപ്യൂട്ടറുകളുടെ വാങ്ങൽ തുടങ്ങിയ വിദ്യാഭ്യാസത്തിന്‍റെ ആവശ്യത്തിലേക്കു ചെലവാകുന്ന എല്ലാ തുകയ്ക്കും വായ്പ എടുക്കാവുന്നതും അതിന്‍റെ പലിശയ്ക്ക് ആനുകൂല്യം ലഭിക്കുന്നതുമാണ്.

ബേബി ജോസഫ്
ചാർട്ടേഡ് അക്കൗണ്ടന്‍റ്