നടുവൊടിഞ്ഞ് സന്പദ്ഘടന ആദ്യ ക്വാർട്ടർ വളർച്ച 5%
ജോയി ഫിലിപ്പ്

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സന്പദ്ഘടനയെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം വിളിച്ചുപറയുന്ന ഇന്ത്യയുടെ വളർച്ച ഏപ്രിൽ- ജൂണിൽ അഞ്ചു ശതമാനമായി. ഇരുപത്തിയേഴു വർഷത്തെ ഏറ്റവും കുറഞ്ഞ ചൈനീസ് വളർച്ചയേക്കാൾ ( ഏപ്രിൽ- ജൂണിൽ 6.2 ശതമാനം) കുറവ്. ചൈനയ്ക്കു പിന്നിലേക്കു തളളപ്പെട്ട ഇന്ത്യൻ വളർച്ച ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.

2018-19ലെ ആദ്യക്വാർട്ടർ വളർച്ച എട്ടു ശതമാനവും നാലാം ക്വാർട്ടറിലെത്തുന്പോൾ അത് 5.8 ശതമാനവുമായിരുന്നു. അവിടെനിന്നാണ് അഞ്ചു ശതമാനത്തിലേക്കുള്ള വീഴ്ച, തീർച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. 2018-19-ലെ മുഴുവർഷ വളർച്ച 6.8 ശതമാനമായിരുന്നു.

നടുവൊടിഞ്ഞ് മാനുഫാക്ചറിംഗും കൃഷിയും

പല കാരണങ്ങൾകൊണ്ടും മാനുഫാക്ചറിംഗിലെ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞതാണ് പൊതു സാന്പത്തിക വളർച്ചയെ ബാധിച്ചത് ഇതോടൊപ്പം കാർഷികമേഖല, മൈനിംഗ്, കണ്‍സട്രക്ഷൻ ധനകാര്യസേവനം മേഖലകളിലെ രൂക്ഷമായ മുരടിപ്പും വളർച്ചയുടെ ഇടിവിന് ആക്കം കൂട്ടി. മേക്ക് ഇൻ ഇന്ത്യപോലുള്ള പദ്ധതികൾ ഒരിടത്തും എത്തിയില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ് മാനുഫാക്ചറിംഗ് മേഖലയിലെ വളർച്ച മുൻവർഷമിതേ കാലയളവിലെ 12.1 ശതമാനത്തിൽനിന്ന് 0.6 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞത്.

ആദ്യ ക്വാർട്ടറിലെ ജിവിഎ ( ജിഡിപിയിൽനിന്ന് നികുതി കിഴിച്ചതിനുശേഷമുള്ള മൂല്യം) 4.9 ശതമാനമാണ്. ഇതിനർത്ഥം ഉത്പാദനമേഖലയിലുള്ളവർ കാര്യമായ മൂല്യം ആഭ്യന്തരോത്പാദനത്തിലേക്ക് കൂട്ടിച്ചേർത്തില്ല എന്നാണ്. മറ്റു വാക്കിൽ പറഞ്ഞാൽ വരുമാന വളർച്ച കുറവായിരുന്നു എന്നർത്ഥം. ചെലവഴിക്കൽ വിഭാഗത്തിൽ സ്വകാര്യ ഉപഭോഗം ഗണ്യമായി കുറഞ്ഞത് സന്പദ്ഘടനയിലെ ഡിമാൻഡിനേയും പ്രതികൂലമായി ബാധിച്ചു. സ്വഭാവികമായി ഉത്പാദനമേഖലയേയും.

വ്യവസായ, കാർഷിക മേഖലരാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതും തൊഴിൽ സൃഷ്ടിക്കാൻ സാധ്യതയുള്ളതുമായ മേഖലകളാണ്. ഈ മേഖലകളിലെ മുരടിപ്പ് വിരൽ ചൂണ്ടുന്നത് രണ്ടുകാര്യങ്ങളിലേക്കാണ്. ഒന്ന് വിദ്യാഭ്യാസം കുറഞ്ഞ ഈ മേഖലയിലെ ആളുകൾക്ക് തൊഴിൽ ലഭിക്കുന്നത് കുറയുന്നു. അല്ലെങ്കിൽ ഇവരുടെ വരുമാന വളർച്ച കുറയുന്നു. ഇതു രണ്ടും ഡിമാൻഡിൽ സമ്മർദ്ദമു ണ്ടാക്കുന്നു. ബഹുഭൂരി പക്ഷം വരുന്ന തൊഴിൽ ശക്തിക്ക് ചെലവഴിക്കാൻ സാധിക്കുന്ന വിധത്തിൽ വരുമാനമുണ്ടാകുന്നില്ല എന്നർത്ഥം. കാർഷികമേഖലയിലെ വളർച്ച ഏപ്രിൽ- ജൂണ്‍ ക്വാർട്ടറിൽ മുൻവർഷത്തെ 5 ശതമാനത്തിൽനിന്ന് രണ്ടു ശതമാനത്തിലേക്കു താഴ്ന്നു.
ഏപ്രിൽ- ജൂണ്‍ ക്വാർട്ടറിൽ സ്വകാര്യ ചെലവവഴിക്കൽ 18 ക്വാർട്ടറിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. വളർച്ചാത്തോത് 3.1 ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നു. തൊട്ടു മുന്നിലുള്ള ക്വാർട്ടറിൽ 7.2 ശതമാനമാണ്.

കാർ മുതൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് വരെയുള്ള മാനുഫാക്ചറിംഗ് ഉത്പന്നങ്ങൾക്കു ഡിമാണ്ട് കുറഞ്ഞു. എന്തിന് ബിസ്കറ്റിന്‍റെ വരെ വിൽപ്പന ഇടിഞ്ഞിരിക്കുകയാണ്.

നിക്ഷേപ പ്രവർത്തനങ്ങളുടെ പ്രതിഫലനമായി കണക്കാക്കുന്ന ഗ്രോസ് ഫിക്സ്ഡ് കാപ്പിറ്റൽ ഫോർമേഷൻ വളർച്ചാത്തോത് നാലു ശതമാനത്തിലേക്ക് കുറഞ്ഞു. കഴിഞ്ഞ 12 മാസക്കാലത്ത് ഇത് 13.3 ശതമാനമായിരുന്നു.

തളർന്ന് ബിസിനസ് മേഖല

ജിഡിപിയുടെ 32 ശതമാനത്തോളം സംഭാവന ചെയ്യുന്ന ബിസിനസ് നിക്ഷേപത്തിന്‍റെ വളർച്ച വെറും 4.04 ശതമാനമാണ്. അതിന്‍റെ അർത്ഥം ഇതാണ്. ബിസിനസുകൾ നിക്ഷേപം നടത്തുന്നില്ല. അവർ വായ്പകൾ കുറച്ചുവരികയാണ്. അല്ലെങ്കിൽ ഉത്പാദനം വിൽക്കാതെ കിടക്കുകയാണ്.
മിക്ക ബിസിനസുകളുടേയും സ്ഥിതി ഇതാണ്. ഉദാഹരണത്തിന് എയർലൈൻസ്. എയർലൈൻ ട്രാഫിക് വളർച്ച നടപ്പുവർഷത്തിന്‍റെ ആദ്യ നാലു മാസക്കാലത്ത് 1.9 ശതമാനമായി. നാലു വർഷം മുന്പ് 2014-15-ലിത് 70.5 ശതമാനമായിരുന്നു. നടപ്പുവർഷത്തെ വളർച്ച അഞ്ചു ശതമാനത്തിനു താഴെയായിരിക്കുമെന്നാണ് ഏവിയേഷൻ കണ്‍സൾട്ടൻസി സ്ഥാപനമായ സിഎപിഎ ഇന്ത്യ പറയുന്നത്. ജെറ്റ് എയർവേസ് നിലംപൊത്തിയതും സന്പദ്ഘനടയുടെ വളർച്ചാമുരടിപ്പുമാണ് ട്രാഫിക്കിനെ ബാധിച്ചത്.


നിക്ഷേപത്തിലും ഉപഭോഗത്തിലും ഗണ്യമായ കുറവു സംഭവിച്ചിരിക്കുകയാണെന്ന് വ്യവസായങ്ങളുടെ സംഘടനയായ ഫിക്കി വിലയിരുത്തിയിട്ടുണ്ട്. ബാങ്ക് ലയനം, എഫ്ഡിഐ നിബന്ധനകൾ ഉദാരമാക്കിയത്, ബാങ്കുകളുടെ പുനർമൂലധനവത്കരണം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വർധിച്ച സർച്ചാർജ് കുറച്ചത് തുടങ്ങിയ പരിഷ്കാരങ്ങൾ നടത്തിയെങ്കിലും സുസ്ഥിരവും ശക്തവുമായ വളർച്ച രാജ്യത്തുണ്ടാകാൻ വളരെ ദൂരം നമുക്കു പോകേണ്ടതുണ്ടെന്ന് ഫിക്കി അഭിപ്രായപ്പെടുന്നു.

രണ്ടാം ക്വാർട്ടറിലും പ്രതീക്ഷ വേണ്ട

വളർച്ചയുടെ ദിശ താഴേയ്ക്കു തന്നെയാണെന്നാണ് ആദ്യക്വർട്ടർ നൽകുന്ന സൂചന. 2018-19-ൽ ആദ്യ ക്വാർട്ടറിൽ 8 ശതമാനം വളർച്ച നേടിയപ്പോൾ സന്പദ്ഘടനയിലെ 70 ശതമാനം സൂചകങ്ങളും വളർച്ചാദിശയിലായിരുന്നു. നടപ്പുവർഷത്തിന്‍റെ ആദ്യ ക്വാർട്ടറിൽ വളർച്ച അഞ്ചു ശതമാനത്തിൽ എത്തിയപ്പോൾ വളർച്ചാദിശയിലുള്ള സൂചകങ്ങൾ 35 ശതമാനമായി കുറഞ്ഞു. നടപ്പുവർഷം രണ്ടാം ക്വാർട്ടറിൽ 24 സൂചകങ്ങൾ മാത്രമാണ് വളർച്ചാപാതയിലുള്ളത്. ആദ്യക്വാർട്ടർ ഫലങ്ങൾ സിഎസ്ഒ പുറത്തുവിട്ടതിനെത്തുടർന്ന് ഈരംഗത്തെ വിദഗ്ധർ നടപ്പുവർഷത്തെ വളർച്ചയെക്കുറിച്ചുള്ള പുതുക്കിയ വിലയിരുത്തൽ പുറത്തുവിട്ടു തുടങ്ങി. മിക്കവരും പ്രതീക്ഷിക്കുന്നത് 5.4-6.4 ശതമാനത്തിനിടയ്ക്കുള്ള വളർച്ചയാണ്. എസ്ബിഐ 6.1 ശതമാനം കണക്കാക്കുന്പോൾ ഐസിഐസിഐ സെക്യൂരിറ്റീസ് 6.3 ശതമാനവും ഇന്ത്യയുടെ മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ 5.5 ശതമാനവും വളർച്ചയാണു കണക്കാക്കുന്നത്.

ഇത്തരത്തിലുള്ള ദുർബലമായ വളർച്ച കേന്ദ്രസർക്കാരിന്‍റെ വരുമാനത്തെ ബാധിക്കുകയും ധനകമ്മിയിൽ സമ്മർദ്ദമുയർത്തുകയും ചെയ്യും. റിസർവ് ബാങ്കിൽനിന്നു ലഭിച്ച വൻതുകയ്ക്കും ഗവണ്‍മെന്‍റിനെ രക്ഷിക്കാൻ സാധിക്കുകയില്ല. ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കാനുള്ള ശേഷി കുറയുകയാണ്. ഇതു വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്‍റു ശ്രമത്തെ ബാധിക്കും. സന്പദ്ഘടനയെ ഈ വളർച്ചാ മുരടിപ്പിൽനിന്നു പുറത്തുകൊണ്ടുവരുവാനും വളർച്ചാ ഇടിവു തടയാനും ദൂരവ്യാപകമായ പരിഷ്കാരങ്ങൾ ഏറ്റവും അത്യാവശ്യമായിരിക്കുന്നു.

നടപ്പുക്വാർട്ടറിലും മാനുഫാക്ചറിംഗ് മുരടിച്ചുതന്നെ

നടപ്പു ക്വാർട്ടറിലും മാനുഫാക്ചറിംഗ് മേഖലയിലെ പ്രവർത്തനങ്ങൾ മുരടിപ്പിൽതന്നെ. ഓഗസ്റ്റിലെ ഐഎച്ച്എസ് മാർക്കിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് സൂചിക ( പിഎംഐ) നൽകുന്ന സൂചന മുരടിപ്പിന്‍റേതാണ്. സൂചിക ഓഗസ്റ്റിൽ 51.4 പോയിന്‍റാണ്. ജൂലൈയിലിത് 52.5 പോയിന്‍റായിരുന്നു. പതിനഞ്ചുമാസത്തെ ഏറ്റവും കുറഞ്ഞ പിഎംഐ ആണിത്. അന്പതു പോയിന്‍റിനു മുകളിലുള്ള സൂചിക വളർച്ചയെ സൂചിപ്പിക്കുന്നതാണ്. താഴെയുള്ളത് ചുരുങ്ങിലിനേയും.

കാതൽ മേഖലയുടെ വളർച്ച 2.1 %

വ്യാവസായികോത്പാദന സൂചികയിൽ 40 ശതമാനത്തോളം വെയിറ്റേജ് ഉള്ള എട്ടു അടിസ്ഥാനസൗകര്യ മേഖല വ്യവസായങ്ങൾ ഉൾപ്പെടുന്ന കാതൽ മേഖലയിലെ വളർച്ച ജൂലൈയിൽ 2.1 ശതമാനമാണ്. ഇത് ജൂണിലെ 0.2 ശതമാനത്തേക്കാൾ ( 50 മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ച) മെച്ചമാണെങ്കിലും വളർച്ചയ്ക്കു വേഗം കുറവാണ്. 2018 ജൂലൈയിലെ വളർച്ച 7.3 ശതമാനമായിരുന്നു. സിമന്‍റ് ഒഴികെ സൂചികയിൽ ഉൾപ്പെട്ടെ മിക്ക മേഖലകളും മോശം പ്രകടനമാണ് കാഴച് വച്ചിട്ടുള്ളത്.

കണ്‍സ്ട്രക്ഷൻ മേഖലയുടെ കരുത്തു പ്രതിഫലിപ്പിക്കുന്ന സ്റ്റീൽ മേഖലയിലും വളർച്ച 6.6ശതമാനത്തിലേക്കു താഴ്ന്നു. ജൂണിൽ 8.4 ശതമാനവും മേയിൽ 15.3 ശതമാനവും വളർച്ച കാണിച്ചിരുന്നതാണ്.