വസ്തു ഇടപാടിൽ സ്രോതസിൽ പിടിക്കേണ്ട നികുതി
വസ്തു വാങ്ങുന്പോൾ സ്രോതസിൽ ഒരു ശതമാനം നികുതി

ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യയിലെ സ്ഥിര നിവാസിയുടെ പക്കൽനിന്നു വാങ്ങിയാൽ വില്പനവിലയുടെ ഒരു ശതമാനം ആദായനികുതിയായി സ്രോതസിൽ നിന്നു പിടിക്കുകയും ഗവണ്‍മെന്‍റിൽ അടയ്ക്കുകയും ചെയ്യണം. ഓർമിക്കുക, വിൽക്കുന്നവനല്ല, വാങ്ങുന്നവനാണ് സ്രോതസിൽ നികുതി പിടിക്കേണ്ടത്.

2013 ജൂലൈ ഒന്നു മുതൽ ആണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഈ ഇടപാടിന് സ്രോതസിൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ടാൻ നിർബന്ധമില്ല. ഫോം നന്പർ 26 ക്യു ബിയിൽ ഓണ്‍ലൈൻ ആയി വേണം നികുതി അടയ്ക്കാൻ.

വസ്തു വാങ്ങുന്നയാൾ ഫോം നന്പർ 16 ബിയിൽ വസ്തു വിൽക്കുന്നയാൾക്കു സർട്ടിഫിക്കറ്റ് നല്കുകയും വേണം. ഈ സർട്ടിഫിക്കറ്റ് നികുതി അടച്ചതിന്‍റെ തെളിവായി വില്പന നടത്തിയ വ്യക്തിക്ക് ഉപയോഗിക്കാൻ സാധിക്കും. നഗരപരിധിക്കു പുറത്തുള്ള കൃഷിഭൂമി ആണ് വില്പന നടത്തിയതെങ്കിൽ സ്രോതസിൽനിന്ന് നികുതി പിടിക്കേണ്ടതില്ല.

നഗരപരിധിയിലെ കൃഷിഭൂമി

ആദായനികുതി നിയമത്തിൽ കൃഷിഭൂമിയെ നിർവചിച്ചിരിക്കുന്നത്, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു എന്നതുകൂടി കണക്കിലെടുത്താണ്. അതായതു കൃഷി ചെയ്തതുകൊണ്ടു മാത്രം ആദായനികുതി നിയമം അനുസരിച്ച് അതിനെ കൃഷിഭൂമി ആയി നിർവചിക്കാൻ സാധ്യമല്ല.
ഭൂമി എവിടെ സ്ഥിതി ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്നു തരത്തിലാണ് നഗരഭൂമി നിശ്ചയിക്കുന്നത്.

1. നിലവിൽ 10000 മുതൽ ഒരു ലക്ഷം വരെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി മേഖലയിലും അവയുടെ പുറംപരിധി കഴിഞ്ഞ് രണ്ടുകിലോമീറ്റർ ചുറ്റളവിലുമുള്ള ഭൂമി നഗരഭൂമി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
2. എന്നാൽ മുനിസിപ്പൽ പ്രദേശത്ത് ജനസംഖ്യ ഒരു ലക്ഷത്തിന് മുകളിലും 10 ലക്ഷത്തിൽ താഴെയുമാണ് എങ്കിൽ രണ്ടു കിലോമീറ്റർ ചുറ്റളവ് എന്നത് ആറു കിലോമീറ്റർ ചുറ്റളവ് എന്നായി മാറും. മുനിസിപ്പൽ പ്രദേശത്തിന്‍റെ പരിധിക്ക് പുറത്തുനിന്നാണ് ഈ ദൂരം അളക്കുന്നത്.
3. ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ വരുന്ന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും ഈ പ്രദേശത്തിന്‍റെ പുറം അതിരിൽനിന്ന് എട്ടു കിലോമീറ്റർ ദൂരത്തിൽ ചുറ്റളവിലുള്ള എല്ലാ ഭൂമിയും നഗരഭൂമി ആയിട്ടാണ് ആദായ നികുതി നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നത്.

എന്നാൽ 10000 ത്തിൽ താഴെ മാത്രമാണ് മുനിസിപ്പൽ ഏരിയയിൽ ജനസംഖ്യയുള്ളത് എങ്കിൽ ആ പ്രദേശം മാത്രമേ നഗരപരിധിയിൽ ഉൾപ്പെടുകയുള്ളൂ. മുനിസിപ്പാലിറ്റി എന്നത് വേറെ ഏതു പേരിൽ അറിയപ്പെട്ടാലും അതായത് മുനിസിപ്പൽ കോർപറേഷൻ, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റി, ടൗണ്‍ ഏരിയാ കമ്മിറ്റി, ടൗണ്‍ കമ്മിറ്റി എന്നൊക്കെ ആയാലും മുകളിൽ പറഞ്ഞ നിർവചനങ്ങളിൽ മാറ്റങ്ങൾ ഒന്നുമില്ല.

ഏറ്റവും അവസാനം എടുത്ത സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ് ജനസംഖ്യ കണക്കാക്കുന്നത് . ദൂരം അളക്കുന്നത് ഏരിയൽ ഡിസ്റ്റൻസ് ആയിട്ടാണ്, അതായത് ഏറ്റവും ചുരുങ്ങിയ അളവായിരിക്കും കണക്കിലെടുക്കുന്നത്. ഈ നിയമങ്ങൾ 2014 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു.


പ്രവാസിയുടെ പക്കൽനിന്നു വസ്തു വാങ്ങുന്നതെങ്കിൽ

പ്രവാസിയുടെ പക്കൽനിന്നാണ് ഭൂമി വാങ്ങുന്നതെങ്കിൽ സ്രോതസിൽ 20 ശതമാനം നികുതി പിടിക്കണം. പ്രസ്തുത ഭൂമി രണ്ടു വർഷത്തിൽ താഴെ മാത്രം കൈവശം വച്ചതിനുശേഷം ആണ് വില്ക്കുന്നതെങ്കിൽ നികുതിനിരക്ക് 30 ശതമാനമായി വർധിക്കുന്നതാണ്. ഇത് ആദായനികുതി നിയമം 195ാം വകുപ്പ് അനുസരിച്ചാണ്. കൃഷിഭൂമിക്കും ഈ നിയമം ബാധകമാണ്.
എന്നാൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ആദായനികുതി ഉദ്യോഗസ്ഥന്‍റെ പക്കൽ കുറഞ്ഞ നിരക്കിലോ പൂജ്യം നിരക്കിലോ നികുതി പിടിക്കുന്നതിനുവേണ്ടിയുള്ള സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ, സ്ഥിതിഗതികൾ പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥനു കുറഞ്ഞ നിരക്കോ പൂജ്യം നിരക്കോ നിശ്ചയിക്കാവുന്നതും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നല്കാവുന്നതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ അതനുസരിച്ചുള്ള നിരക്കിൽ മാത്രം സ്രോതസിൽനിന്ന് നികുതി പിടിച്ചാൽ മതി. ആദായനികുതി ഉദ്യോഗസ്ഥന്‍റെപക്കൽനിന്നു നികുതിയിളവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതെ, സ്രോതസിൽനിന്നു നികുതി പിടിക്കാതെ, വസ്തു വില്പന നടത്തിയാൽ വിൽക്കുന്ന ആൾക്കുണ്ടാവുന്ന എല്ലാ നികുതി ബാധ്യതയ്ക്കും വസ്തു വാങ്ങുന്നയാൾ ഉത്തരവാദി ആയിരിക്കും.

വസ്തു ഇടപാടിന് പണം ബാങ്കിൽ കൂടി മാത്രം

2015 ജൂണ്‍ ഒന്നു മുതൽ 20000 രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കുള്ള പണം ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റ് ആയോ, ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇതിനെതിരായി പണം ആയി വസ്തു ഇടപാട് നടത്തിയാൽ തത്തുല്യമായ തുക പിഴയായി ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.

കൃഷിയിൽനിന്നു മാത്രം വരുമാനം ഉള്ളവർക്കും ആദായനികുതി നിയമത്തിൻറെ പരിധിയിൽപ്പെടാത്തവർക്കും ഇതിൽനിന്ന് ഒഴിവുണ്ട്.

അതുപോലെതന്നെ വസ്തു വാങ്ങുന്നതിന് നൽകുന്ന അഡ്വാൻസ് തുകയും ഏതെങ്കിലും കാരണവശാൽ ഇടപാട് നടന്നില്ലെങ്കിൽ തിരികെ കൊടുക്കുന്ന തുകയും ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നല്കാവൂ.

പ്രസ്തുത നിയമം പാലിക്കാതെ പണം സ്വീകരിച്ച് വസ്തു വിറ്റാൽ, വിൽക്കുന്ന വ്യക്തി, ആദായനികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാനടപടിക്ക് വിധേയനാക്കപ്പെടും. തത്തുല്യമായ തുക പിഴയായി ഈടാക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടന്‍റ്