ആർസിഇപി: ഇന്ത്യയ്ക്ക് മത്സരക്ഷമമാകാനുള്ള മുന്നറിയിപ്പ്
മേഖലസഹകരണത്തിലൂടെയുണ്ടാകുന്ന സാന്പത്തിക സംയോജനത്തിന്‍റെ നേട്ടം എടുക്കുക, ശബ്ദമുള്ള സാന്പത്തിക മേഖലയായി മാറി ലോകത്തെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ആർസിഇപിയുടെ ആരംഭം. 2012-ൽ തുടങ്ങിയ ചർച്ചകൾ 2020 ജൂണോടെ കരാറായി മാറ്റും. ഇന്ത്യ മാറി നിന്നാൽ 15 രാജ്യങ്ങളുടെ ഒപ്പോടെ ആർസിഇപി പിറന്നുവീഴും.

ഇന്ത്യയ്ക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ ചേരാമെന്നാണ് ആർസിഇപിയിലെ പല രാജ്യങ്ങളുടെ നിലപാട്. ഇന്ത്യൻ ജനസംഖ്യയേയും ഇന്ത്യൻ വിപണിയേയും വേണ്ടെന്നു പറയുവാൻ ഒരു രാജ്യത്തിനു സാധിക്കുകയില്ല.

ആർസിഇപിയിലെ പല രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ട്. പത്തു രാജ്യങ്ങളടങ്ങിയ ആസിയാനുമായി 2009 മുതലും ദക്ഷിണ കൊറിയുമായി 2009 മുതലും ജപ്പാനുമായി 2011 മുതലും ഇന്ത്യയ്ക്കു സ്വതന്ത്ര കരാറുണ്ട്. ആർസിഇപിയിലേക്കു വന്ന ചൈന, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായാണ് കരാറുകളൊന്നമില്ലാത്തത്. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി 2200 കോടി ഡോളറാണ് 2018-19-ൽ. ദക്ഷിണകൊറിയയുമായി 1200 കോടി ഡോളറും ജപ്പാനുമായി 800 കോടി ഡോളറുമാണ്. അതായത് ഇന്ത്യയുടെ കറ്റുമതി ഏതാണ്ട് നിശ്ചലമാണ്.

സ്വതന്ത്രവ്യാപാരകരാറില്ലാത്ത ചൈന, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വ്യാപാരകമ്മിയാണുള്ളത്. ചുരുക്കത്തിൽ ആർസിഇപിയുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി 2018-19-ൽ 10500 കോടി ഡോളറാണ്. ഇന്ത്യയുടെ ലോകത്തോടുള്ള ഒരു വർഷത്തെ മൊത്തം വ്യാപാരകമ്മിയായ 10400 കോടി ഡോളറിനേക്കാൾ കൂടുതലാണിത്.
കരാറിൽ ചേരുകയെന്നു പറഞ്ഞാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യാപാരകമ്മി കൂടുകയെന്നായിരിക്കും. ഫലം. ചൈനയിൽനിന്നു മാനുഫാക്ചറിംഗ് ഉത്പന്നങ്ങളും ന്യൂസിലൻഡിൽനിന്നും ഓസ്ട്രേലിയയിൽനിന്നും പാലും പാലുത്പന്നങ്ങളും കാർഷികോത്പന്നങ്ങളും ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യപ്പെടും. ഇന്ത്യയിൽ ഒരു കിലോ പാൽപ്പൊടിക്ക് 280-300 രൂപയാകുന്പോൾ ന്യൂസിലൻഡിൽ അത് 180-200 രൂപയാണ്. അധിക പാൽ ഉത്പാദനം ഉള്ള രാജ്യമാണ് ന്യൂസിലൻഡ്.

ഇന്ത്യയുടെ പ്രശ്നം

1991-ലെ ഉദാരവത്കരണത്തിനുശേഷം ഇന്ത്യയെ മത്സരക്ഷമമാക്കുവാനുള്ള വൻതോതിലുള്ള ശ്രമവും നിക്ഷേപവും നയങ്ങളും ഉണ്ടായില്ല എന്നതാണ്. പ്രത്യേകിച്ചും മാനുഫാക്ചറിംഗിലും കാർഷിക മേഖലയിലും.

ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണെന്നു പറയുന്പോഴും ഇന്ത്യയിലെ ഡയറി ഫാമുകൾക്ക് ഒസ്ട്രേലിയയോടോ ന്യൂസിലൻഡിനോടോ പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല. അവരുടെ സാങ്കേതികവിദ്യയും അനുബന്ധ നടപടികളും അത്രയ്ക്ക് മുന്തിയതാണ്. മൈനിംഗിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
സേവന മേഖലയിലും ഇന്ത്യയുടെ സ്ഥിതി മെച്ചമല്ല. സോഫ്റ്റ് വേറിലെ ചെറിയ അനുകൂലാവസ്ഥയുണ്ടെന്നതൊഴികെ ധനകാര്യസേവനം, ടെലികോം തുടങ്ങിയ മറ്റൊരു മേഖലയിലും ഇന്ത്യയ്ക്ക് മേൽക്കൈയില്ല. ആർസിഇപിയിലെ മിക്ക രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യയ്ക്ക് പ്രത്യേകിച്ച് മേന്മ അവകാശപ്പെടാനില്ല.

ആർസിഇപിയിൽ ചേരാതെ യുഎസ്, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യപാരക്കരാർ ഉണ്ടാക്കുമെന്ന ഗവണ്‍മെന്‍റിന്‍റെ പ്രഖ്യാപനം ഇപ്പോഴത്തെ സാഹചര്യത്തിൽ ആർസിഇപിയേക്കാൾ കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ്.
കയറ്റുമതിയിൽ വളർച്ച നേടാതെ ഒരു രാജ്യത്തിനും ഉയർന്ന മാനുഫാക്ചറിംഗ് വളർച്ച നേടുവാൻ സാധിക്കുകയില്ല, കയറ്റുമതി വളർച്ചഏതാണ്ട് മുരടിപ്പിലാണ്. ഇതിന് സ്വന്തം രാജ്യത്തെ നയങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ മതി. ഓരോ കയറ്റുമതി മേഖലയുമെടുത്തു പരിശോധിച്ചാൽ പ്രശ്നങ്ങൾ മനസിലാകും.


ഏഷ്യൻ വിജയങ്ങളായ ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പൂർ, തായ് വാൻ, എന്തിന് ചൈന വരെ ഇന്ത്യയേക്കാൾ വളരെയധികം മെച്ചപ്പെട്ട വ്യാവസായവത്കരണത്തിനുശേഷമാണ് സ്വതന്ത്ര വ്യാപാരക്കരാറിലേക്ക് നീങ്ങിയിട്ടുള്ളത് എന്ന് ഓർമിക്കണം. ഇന്ത്യയും ഈ വഴി പിന്തുടരുകയാണ് നല്ലത്. അതിനായി ആഭ്യന്തര വ്യവസായ- കാർഷിക ഉത്പാദനമേഖലയെ മത്സരക്ഷമമാക്കുവാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

പലിശ നിരക്ക്, എക്സ്ചേഞ്ച് നിരക്ക്, വ്യാപാരനയം, വിദേശനിക്ഷേപം തുടങ്ങിയവയിലെല്ലാം കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമായിരിക്കുന്നു. മാത്രവുമല്ല, സാമൂഹ്യമേഖലയിലെ സമാധാനവും അയൽ രാജ്യങ്ങളുമായുള്ള സഹവർത്തിത്വവും സാന്പത്തിക വളർച്ചയ്ക്കും നിക്ഷേപം ആകർഷിക്കുന്നതിനും ഏറ്റവും ആവശ്യമാണ്.

താരിഫ്, നോണ്‍ താരിഫ് പ്രശ്നങ്ങളേക്കാൾ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം ഇന്ത്യൻ ഉത്പാദന മേഖല മത്സരക്ഷമമല്ലെന്നതാണ്. ഉൗർജം- ഇന്ധനം, വായ്പ-മൂലധനം, ലോജിസ്റ്റിക്സ് തുടങ്ങിയവയ്ക്ക് ഇന്ത്യൻ ഉത്പാദകർ വഹിക്കേണ്ടി വരുന്ന ചെലവ്് ആഗോള തലത്തിലുള്ളവരേക്കാൾ വളരെ ഉയർന്നതാണ്. അടുത്തകാലത്തു വരെ നികുതിയുടെ കാര്യത്തിലും ഇന്ത്യ ആസിയാൻ രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായ നിലയിലായിരുന്നു. ഏതായാലും അത് അടുത്തകാലത്ത് ഗവണ്‍മെന്‍റ് തിരുത്തിയിരിക്കുകയാണ്.

വികലമായി നടപ്പാക്കിയ ജിഎസ്ടിയും ഇന്ത്യൻ ഉത്പാദനമേഖലയുടെ മത്സരക്ഷമതയെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. കാര്യം ജിഡിപിയുടെ മൂന്നിലൊന്നിനെ മാത്രമേ ജിഎസ്ടി ബാധിക്കുന്നുള്ളുവെങ്കിലും ബഹുമുഖ നിരക്കുകളും ഇൻപുട്ട് ക്രെഡിറ്റ് സമയത്തു ലഭിക്കാത്തതും ജിഎസ്ടി നടപ്പാക്കുന്നതു പ്രവർത്തനച്ചെലവു വർധിപ്പിക്കുന്നതുമെല്ലാം ഇന്ത്യൻ ഉത്പാദനമേഖലയുടെ മത്സരക്ഷമത കുറയ്ക്കുകയാണ്. ഇതിന്‍റെ ഇരയാണ് ടെലികോം, മെറ്റൽ, ടെക്സ്റ്റൈൽ തുടങ്ങിയവ.

രാജ്യത്തെ പ്രത്യേക സാന്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആഭ്യന്തര വിപണിയിൽ ഉത്പന്നം വിറ്റാൽ നൽകേണ്ട നികുതി, സ്വതന്ത്ര വ്യാപാരക്കരാറുള്ള മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിനേക്കാൾ നികുതിയാണെന്നു വന്നാലുള്ള സ്ഥിതി ആലോചിക്കുക. നമ്മുടെ സംവിധാനത്തിലെ അപാകതകളെയാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്.

ഇപ്പോഴത്തെ ആർസിഇപി കരാറിൽനിന്നു ഇന്ത്യ പിൻവാങ്ങേണ്ടി വന്നതിന്‍റെ കാരണം ആഭ്യന്തര സന്പദ്ഘടനയിൽ യഥാസമയം പരിഷ്കാരങ്ങൾക്കു തുനിയാത്തതിനാലാണ്. 1991-ലെ സാന്പത്തിക ഉദാരവത്കരണവും 1995-ലെ ലോക വ്യാപാരകരാറുമൊക്കെ നോക്കുക. അന്നും ഭയമായിരുന്നു പല വ്യവസായമേഖലകൾക്കും. ഇതിനോടനുബന്ധിച്ചു രാജ്യത്തുണ്ടായ ഘടനാപരമായ പരിഷ്കാരങ്ങളാണ് ഇന്ത്യൻ വളർച്ചയെ ഇരട്ടയക്കത്തിനടുത്തേക്ക് കൊണ്ടു ചെന്നെത്തിച്ചതെന്നു മറക്കാതിരിക്കുക.

ലോക ജനസംഖ്യയുടെ അന്പതു ശതമാനത്തോളം വരുന്ന ആർസിഇപിയിൽ ശക്തമായി കടന്നു കയറാൻ ഇന്ത്യ കാര്യക്ഷമമാകുകയെന്നതു മാത്രമേ മാർഗമുള്ളു. പ്രത്യേകിച്ചു ചൈനയെന്ന വലിയ വിപണിയിൽ. ഓരോ വർഷവും തൊഴിൽ വിപണിയിലേക്കെത്തുന്ന യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുവാൻ ഇന്ത്യൻ മാനുഫാക്ചറിംഗ് രംഗം കാര്യക്ഷമമായേ പറ്റൂ.

ജോയി ഫിലിപ്പ്