എച്ച്ഡിയിലും എയര്‍ബ്രഷിലും തിളങ്ങും വധു
എച്ച്ഡിയിലും എയര്‍ബ്രഷിലും തിളങ്ങും വധു
Monday, December 23, 2019 5:08 PM IST
വധുവിനെ അണിയിച്ചൊരുക്കല്‍ ഒരു സുന്ദരമായ കലാപ്രവര്‍ത്തനമാണ്. ആധുനികകാല വധു വിവാഹനാളില്‍ അണിഞ്ഞൊരുങ്ങേണ്ടത് എങ്ങനെ? കല്യാണത്തിന് എത്രദിവസം മുന്‍പ് കല്യാണപ്പെണ്ണ് ഒരുക്കങ്ങള്‍ ആരംഭിക്കണം? ഒരുപാടുപേര്‍ നിത്യേന ചോദിക്കുന്ന സംശയങ്ങളാണിത്.

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ മേക്കപ്പിന്റെ പുതിയ ട്രെന്‍ഡുകള്‍ ഏതൊക്കെയാണെന്നു നാം അറിഞ്ഞിരിക്കണം.

ഇന്നത്തെ വധു വിവാഹവേളയില്‍ വെറുതേ വന്ന് തലകുമ്പിട്ട് പോകുന്നവളല്ല. നിരവധിപേരുടെ നിയന്ത്രണത്തിലായിരിക്കും അവള്‍. ഫോട്ടോഗ്രഫര്‍മാര്‍, വിഡിയോഗ്രഫര്‍മാര്‍, സുഹൃദ് സംഘങ്ങള്‍... ഇവര്‍ക്കുവേണ്ടി നടക്കണം, ഇരിക്കണം, നൃത്തംചെയ്യണം.

നാച്വറല്‍ ലുക്ക് നല്‍കും എച്ച്ഡിയും എയര്‍ബ്രഷ് മേക്കപ്പും

രാവിലെ മേക്കപ്പിടാന്‍ തുടങ്ങുന്ന നിമിഷം മുതല്‍ കല്യാണപ്പെണ്ണ് കായികമായി അധ്വാനിക്കുന്നുണ്ട്. ഈ സമയം വിയര്‍ത്തൊലിച്ച് മേക്കപ്പ് ഒഴുകിക്കൂടാ. അതിന് വിപണി വികസിപ്പിച്ചെടുത്തിരിക്കുന്ന മേക്കപ്പ് പുതുമകളാണ് എച്ച്ഡി മേക്കപ്പും എയര്‍ബ്രഷ് മേക്കപ്പും.

നാച്വറല്‍ ലുക്ക് കിട്ടുമെന്നതാണ് എച്ച്ഡിയുടെ പ്രത്യേകത. മാര്‍ബിള്‍ ഫിനിഷ് എന്നു പറയാം. 24 മണിക്കൂര്‍ ഗ്യാരണ്ടിയാണ് എച്ച്ഡി നല്‍കുന്നത്. പതിനായിരം രൂപ മുതല്‍ മുകൡലേക്കാണ് ഇതിനു ചെലവ്.

എയര്‍ബ്രഷ് മേക്കപ്പില്‍ സ്‌പ്രേ ഫിനിഷിംഗ് രീതിയാണ് ഉപയോഗിക്കുക. എച്ച്ഡികൂടി ഉള്‍ക്കൊള്ളുന്ന ഈ മേക്കപ്പില്‍ ഓരോ മണിക്കൂറിലും തിളക്കം കൂടിവരുന്നതാണ് സവിശേഷത. ബ്രഷ് പെയിന്റിംഗും സ്‌പ്രേ പെയിന്റിംഗും തിലുള്ള വ്യത്യാസമാണ് എച്ച്ഡിയും എയര്‍ബ്രഷും തിലുള്ളത്.


വിദഗ്ധരായ പരിചയസമ്പന്നര്‍ക്കു മാത്രമേ എയര്‍ബ്രഷ് ചെയ്യാന്‍ കഴിയൂ. രണ്ടുമണിക്കൂര്‍ നീളുന്ന മേക്കപ്പ് പ്രക്രിയയാണിത്. ഉരുകി ഒലിക്കാത്ത വാട്ടര്‍ പ്രൂഫ് രീതി.

ഒരുക്കം മൂന്നുമാസം മുമ്പേ തുടങ്ങാം

വധു കല്യാണത്തിന് മൂന്നുമാസം മുന്‍പുതന്നെ ചര്‍മത്തെ ഒരുക്കേണ്ടതുണ്ട്. മുഖക്കുരു ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യാനുള്ള പ്രീ ഫേഷ്യലുകളും ട്രീറ്റ്‌മെന്റും നടത്തണം. കറുത്ത പാടുകള്‍, വെയിലുകൊണ്ടതിന്റെ കരുവാളിപ്പ്, മുഖക്കുരു മാഞ്ഞതിന്റെ വടുക്കള്‍ എന്നിവ മാറ്റാനുള്ള ബ്രൈഡല്‍ പാക്കേജ് ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ലഭ്യമാണ്.

താരന്‍, മുടിപൊട്ടല്‍ എന്നിവ നീക്കം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്. ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് കെമിക്കല്‍ ട്രീറ്റ്‌മെന്റ് ലഭ്യമാണ്. വധുവിന്റെ നിറം അനുസരിച്ച് വിവാഹവസ്ത്രം തെരഞ്ഞെടുക്കുന്നതിനും സലൂണുകളിലെ വിദഗ്ധരായ ബ്യൂട്ടീഷന്‍മാര്‍ സഹായിക്കും. ആഭരണങ്ങളുടെ ഡിസൈന്‍ പോലും നിശ്ചയിക്കാന്‍ കഴിയും. ബൊട്ടിക്കുകളുമായി ചേര്‍ന്ന്, ഒരുക്കുന്ന വധുവിന് ആവശ്യമായ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും നിറങ്ങള്‍ നിശ്ചയിക്കാനും കഴിയുമ്പോള്‍ ഇണങ്ങുന്ന വിവാഹവസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങാന്‍ സാധ്യത ഏറുകയാണ്. ഭക്ഷണക്രമത്തില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ പുതുതലമുറയിലെ വധുക്കള്‍ക്ക് പകര്‍ന്നുനല്‍കാനും സജ്ജരാണ് ബ്യൂട്ടിപാര്‍ലറുകാര്‍.

മിനി രാജു
ബ്യൂട്ടീഷ്യന്‍, അഞ്ചുമന
ഫോട്ടോ: അഖില്‍ പുരുഷോത്തമന്‍