തോൽപ്പിച്ച വിഷയത്തെ ആപ്പിലാക്കി ഡോ. നിമിൻ
പഠിക്കാൻ വിഷമമുള്ള ഒരു വിഷയം, ആ വിഷയത്തിന് പരീക്ഷയിൽ തോറ്റുപോകുക കൂടി ചെയ്താൽ പിന്നെ ആ വിഷയത്തോട് വെറുപ്പല്ലെ സാധാരണ ഉണ്ടാകാറ്.
പക്ഷേ, വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി നിമിൻ ശ്രീധർ ഇവിടെ ഒന്നു വ്യത്യസ്തനായി. വെറുക്കുന്നതിനു പകരം വിഷയത്തെ നന്നായങ്ങു സ്നേഹിച്ചു. പൊതുവേ വിഷമമുള്ള വിഷയത്തെ അങ്ങനെ അങ്ങ് വിട്ടാൽ പറ്റില്ലല്ലോ? ആ ശ്രമം നിമിൻ ശ്രീധറിനെ ഡോക്ടറുടെ കുപ്പായത്തിൽ നിന്നും സംരംഭകന്‍റെ കുപ്പായത്തിലേക്കാണ് എത്തിച്ചത്.

തോൽവിയിൽ നിന്ന്

അച്ഛൻ പി.ഡി ശ്രീധരൻ. വൈപ്പിനിലെ അറിയപ്പെടുന്ന അലോപ്പതി ഡോക്ടറായിരുന്നു. വീട്ടിലെല്ലാവരും തന്നെ അലോപ്പതി വഴികളിലൂടെ സഞ്ചരിച്ചപ്പോൾ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചാണ് നിമിൻ ആദ്യം വ്യത്യസ്തനായത്. ആയുർവേദ ഡോക്ടറാകാനുള്ള പഠനത്തിലാണ് ദ്രവ്യഗണം എന്ന വിഷയത്തിന് നിമിത് പരാജയപ്പെടുന്നത്. ആയുർവേദത്തിലുപയോഗിക്കുന്ന ചെടികൾ, മരുന്നുകൾ എന്നിവയെക്കുറിച്ചാണ് ഈ വിഷത്തിൽ പഠിക്കുന്നത്.

""ധാരാളം ചെടികളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചുമൊക്കെ പഠിക്കണം. എല്ലാം ഓർത്തിരിക്കാനും സാധിക്കില്ല. പഠിക്കുന്പോൾ മാത്രമല്ല ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്പോഴും നിത്യ ജീവിതത്തിൽ ആയുർവേദ മരുന്നുകൾ ഉപയോഗിക്കേണ്ടപ്പോഴുമൊക്കെ ഇത്തരം അറിവുകൾ വേണ്ടി വരും. ഇത്തരം വിവരങ്ങൾ ആയുർവേദത്തിന്‍റെ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുക്കണെമങ്കിൽ വളരെ നാളത്തെ അന്വേഷണവും പരിശ്രമവുക്കെ വേണം.''

ഇത് എളുപ്പത്തിൽ ലഭ്യമാകേണ്ട വിവരങ്ങളാമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് പഠനകാലത്തെ ഈ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയത്. അന്ന് ഒരു ആപ്ലിക്കേഷനായി ഇത് മാറുമെന്നോ സംരംഭത്തിലേക്ക് എത്തുമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. വിവരങ്ങൾ ലഭിച്ചതൊക്കെ ശേഖരിച്ചു വച്ചു. പഠനം കഴിഞ്ഞ് കേരള ആയുർവേദ ലിമിറ്റഡിൽ ഡോക്ടറായി ജോലി കിട്ടി. അവിടെ എത്തിയപ്പോൾ പല പ്രസിദ്ധീകരണങ്ങൾക്കും അതുപോലെ മറ്റ് ആവശ്യങ്ങൾക്കും ഈ വിവരങ്ങൾ ഉപകാരപ്പെട്ടു തുടങ്ങി. ഈ വിവരശേഖരണം അങ്ങനെ തുടർന്നു.

എന്താണ് സംരംഭം

"ഏകവൈദ്യ നോളജ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നതാണ് കന്പനിയുടെ പേര്. ആയുർവേദത്തിലെ അറിവുകൾ പ്രിന്‍റ് ആൻഡ് ഡിജിറ്റൽ ടെക്നോളജിയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ദ്രവ്യ എന്ന ആപ്ലിക്കേഷനാണ്. ചരക സംഹിത പോലെയുള്ള പഴയ ഗ്രന്ഥങ്ങളിലെ ആയുർവേദത്തിലെ കൂട്ടുകളും ഉത്പന്നങ്ങളും അവയുടെ ഉപയോഗവുമാണ് നിലവിൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നത്', നിമിൻ തന്‍റെ സംരംഭത്തെക്കുറിച്ച് പറഞ്ഞു
.
സംസ്കൃതത്തിലും പ്രാദേശിക ഭാഷകളിലുമുള്ള 2000 വർഷം പഴക്കമുള്ള പുസ്തകങ്ങൾ വരെയുണ്ട്. ശ്ലോകങ്ങളായിട്ടായിരിക്കും ഇതിൽ വിവരങ്ങൾ എഴുതിയിട്ടുണ്ടാവുക. ഒരു വൈദ്യൻ വർഷങ്ങളെടുത്ത് പഠിച്ചെങ്കിൽ മാത്രമേ ഈ അറിവൊക്കെ ലഭിക്കുകയുള്ളു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന ഒരാൾക്ക് ഇത് ആ കാലയളവിൽ ഇത് പഠിച്ചെടുക്കാൻ പറ്റണമെന്നില്ല. അതുകൊണ്ട് ഇത്തരം വിവരങ്ങളെ ശേഖരിച്ച് ഒരു ആപ്ലിക്കേഷൻ രൂപത്തിൽ ലഭ്യമാക്കുകയാണ് ചെയ്യുന്നത.്

2004 ൽ പതിയെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. അന്ന് ഒരു ആപ്ലിക്കേഷൻ ആക്കണമെന്നുള്ള ചിന്തയൊന്നുമില്ലായിരുന്നു. 2018 ക്ടോബറിലാണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത്. ഒൗഷധ ചെടികൾ മാത്രമല്ല, ഹെർബസ്, മെറ്റൽസ്, മിനറൽ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം ആപ്ലിക്കേഷനിൽ ലഭ്യമാകും. വളരെ വിശദീകരിച്ചുള്ള വിവരങ്ങളല്ല നൽകുന്നത്. പകരം ചെറിയ കുറിപ്പുകളാണ്. അങ്ങനെയുള്ള വിവരങ്ങൾ മതി. കൃത്യമായ വിവരം, ഏറ്റവും കുറഞ്ഞ സമയത്ത്, ചുരുങ്ങിയ രൂപത്തിൽ ലഭ്യമാക്കുക എന്നതാണ് ദ്രവ്യയുടെ ലക്ഷ്യം. ഇത് ഒരു ടൂളായി മാറുകയാണ് വിദ്യാർഥികൾക്കും അതുപോലെ പ്രാക്ടീസ് ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും ആയുർവേദ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും ഇത് ഉപകാരമാകും. യോഗങ്ങൾ എന്നാണ് മരുന്നു കൂട്ടുകളെ ആയുർവേദത്തിൽ പറയുന്നത്.


""നിലവിൽ മൂവായിരത്തോളം യോഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇത് തുടർന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയായിരിക്കും. കാരണം വിവരങ്ങൾ ധാരാളമുണ്ട്. വിവരങ്ങൾ ശേഖരിക്കാൻ അവസരങ്ങൾ നിലവിലില്ല. അതിനൊരു പരിഹാരമാണ് ദ്രവ്യ''.നിമിന്് പറഞ്ഞു.

എവിടെ ലഭിക്കും

ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലാണ് ഇപ്പോൾ ഉത്പന്നം ലഭ്യമായിട്ടുള്ളത്. നിലവിൽ 20000 ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഡൗണ്‍ലോഡ്, ഡാറ്റ ലഭ്യമാകുന്നത് എല്ലാം സൗജന്യമാണ്.
""ഒന്നിൽ കൂടുതൽ കീ വേഡുകൾ ഉപയോഗിച്ചുള്ള സെർച്ച്, ചിത്രങ്ങൾ ലഭ്യമാകണമെങ്കിൽ, ലാപ്ടോപ്പിൽ ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യണമെങ്കിൽ ഈ സേവനങ്ങൾക്കൊക്കെ പണം നൽകണം. മാസം 200 രൂപ, വാർഷികമായി 1300 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇന്ത്യയിൽ ആപ്ലിക്കേഷനുകൾ വാങ്ങുന്ന പ്രവണത പൊതുവെ വളരെക്കുറവാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു ആപ്ലിക്കേഷൻ വിജയിക്കുമോ എന്ന് ഒരുപാട് പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആളുകൾ നല്ലതുപോലെ പ്രതികരിക്കുന്നുണ്ട്. ദ്രവ്യ ഉപയോഗിക്കാനായി ആൻഡ്രോയിഡ് ഫോണ്‍ വാങ്ങിച്ചവരുണ്ട്. ഉദ്ദേശിച്ചതിനെക്കാൾ വേഗത്തിൽ സ്കെയിൽ അപ് പൂർത്തിയാക്കേണ്ട സഹാചര്യമാണ് നിലവിലുള്ളത്'' നിമിൻ പറഞ്ഞു.

ക്ലാസിക്കൽ ഇൻഫർമേഷൻ അതായത് ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം എന്നീ പരന്പാരഗത പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളും അതോടൊപ്പം മൂല്യവർധനവ് വരുത്തിയ കൂട്ടുകളുമാണ് വിവരങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭാവി പരിപാടികൾ

ഏറ്റവും പ്രധാനമായി ചെയ്യാനുദ്ദേശിക്കുന്നത് ഐഒഎസ് പ്ലാറ്റ്ഫോമിൽക്കൂടി ആപ്ലിക്കേഷനെ എത്തിക്കുക എന്നതാണ്. ചെറിയ തോതിൽ കൃഷി ചെയ്യുന്നവരുണ്ട്. കൗതുകത്തിനോ അല്ലെങ്കിൽ ചെറിയതോതിലോ കൃഷി ചെയ്യുന്നവർക്ക് ഉത്പന്നം പിന്നെ എന്തു ചെയ്യണമെന്ന് അറിയില്ല. ഇങ്ങനെയുള്ളവർക്കും സ്വന്തമായി മരുന്നുണ്ടാക്കുന്ന ചെറുകിട ഉപഭോക്താക്കൾക്കും ദ്രവ്യ വഴി മാർക്കറ്റ് തുറന്നു കൊടുത്താൽ വിൽപ്പനയും വാങ്ങലുമെല്ലാം ഇതുവഴി സാധ്യമാകും. അത്തരമൊരു പദ്ധതി ഭാവിയേലക്ക് ആലോചിക്കുന്നുണ്ട്.

മരുന്നുകളിൽ ചേർത്തിരിക്കുന്ന കൂട്ടുകളുടെ പേരുണ്ടാകും. അത് ശാസ്ത്ര നാമമോ അല്ലെങ്കിൽ സംസ്കൃതത്തിലുള്ള പേരുകളോ ആയിരിക്കും. അത് പലർക്കും എന്താണെന്ന് അറിയണമെന്നില്ല. അതുകൊണ്ടു തന്നെ മരുന്നിൽ ഒരു ക്യുആർ കോഡ് കൊടുത്താൽ അത് സ്കാൻ ചെയ്ത് കൂട്ട് എന്തൊക്കെയാണ് എന്ന് അറിയാൻ സാധിക്കും. ഇത്തരമൊരു സേവനം കൂടി ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്.

റിസേർച്ച് പ്ലാറ്റ്ഫോം കൂടെ ഉൾപ്പെടുത്താനാഗ്രഹിക്കുന്നു. പരന്പരാഗതമായി കൈമാറിവരുന്ന വളരെ പരിചിതമായ വിവരങ്ങളുണ്ടാകും. അതിൽ നിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്താനാഗ്രഹിക്കുന്നു.

അംഗീകാരങ്ങൾ

കേരള ആയുർവേദയിൽ നല്ല ശന്പളത്തിൽ ജോലിയും വിവാഹം കഴിഞ്ഞ് കുട്ടിക്ക് മൂന്നു വയസുള്ളപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നത്. അന്നുമുതൽ പിന്തുണ നൽകാൻ കുടുംബം കൂടെയുണ്ട്. ഭാര്യ ഡോ. പൂർണിമ ആയുർവേദ ഡോക്ടറാണ്. അമ്മ ബീന, സഹോദരൻ നിബിൻ ഏകവൈദ്യയുടെ ഒരു ഡയറക്ടറാണ്. മക്കൾ പ്രിയംവ്രത, പ്രത്യുദ്.
സംരംഭത്തിന്‍റെ തുടക്കത്തിൽ സ്വന്തമായ ഫണ്ടിംഗ് തന്നെയായിരുന്നു. ഇത് വിജയിക്കുന്ന ഒരു ആശയമാണോ എന്ന സംശയമായിരുന്നു പലരേയും ഇൻവെസ്റ്റ്മെന്‍റിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത്.

പിന്നീട് ഫണ്ടിംഗും മെന്‍ററിംഗുമെല്ലാം കിട്ടിത്തുടങ്ങി. കോയന്പത്തൂർ ആര്യവൈദ്യ ഫാർമസിയിലെ പി.ആർ കൃഷ്ണകുമാർ മെന്‍ററിംഗ്, ഇൻവെസ്റ്റമെന്‍റ് എല്ലാം ചെയ്യുന്നുണ്ട്. സിഐഐ, സ്റ്റാർട്ടപ്പ് മിഷൻ എന്നിവരും പിന്തുണയുമായി കൂടെയുണ്ട്.
കഴിഞ്ഞ വർഷത്തെ ആയുർ സ്റ്റാർട്ടപ്പിലെ വിജയിയായിരുന്നു ഏകവൈദ്യ. ആയുഷ് മന്ത്രാലയത്തിന്‍റെ എക്സലൻസ് ഇൻ ഐടി ഇൻ ആയുഷ് സെക്ടർ എന്ന മത്സരത്തിലെ വിജയിയായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അവാർഡ് ഫോർ ഇന്നോവേഷൻ എന്ന അംഗീകാരവും ലഭിച്ചു.