സാഹസിക ടൂറിസം പാക്കേജുകളുമായി ഗാലക്സി
വെറുതെ ഒരു യാത്ര എന്ന സങ്കൽപ്പമൊക്കെ മാറിയിരിക്കുന്നു. അൽപ്പം സാഹസികമായിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആ അനുഭവങ്ങളൊക്കെ അറിയാനാണ് പലർക്കും താൽപ്പര്യം. അതുകൊണ്ടു തന്നെ ആ മേഖലയിലേക്ക് ട്രാവൽ ആൻഡ് ടൂറിസം കന്പനികളും പതിയെ ചുവടു മാറ്റി തുടങ്ങിയിരിക്കുകയാണ്. സാധാരണ ട്രാവൽ ആൻ്ഡ് ടൂറിസം കന്പനിയായി തുടങ്ങി. പതിയെ അഡ്വഞ്ചർ ടൂറിസത്തിലേക്ക് ചുവടുമാറ്റിയ മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി വിനയ് ചന്ദ്രന്‍റെ ഗാലക്സി എന്ന സംരംഭത്തെ ഒന്നു പരിചയപ്പെടാം.

സാധാരണമായൊരു തുടക്കം

സംരംഭ ലോകത്തേക്കുള്ള തന്‍റെ യാത്ര സാധാരണമായൊരു തുടക്കം മാത്രമായിരുന്നുവെന്നാണ് വിനയ് പറയുന്നത്.

യാത്രകളോടൊന്നും അത്ര താൽപ്പര്യമുള്ള ആളായിരുന്നില്ല. മാർക്കറ്റിംഗിൽ എംബിഎ കഴിഞ്ഞു കുറച്ചു നാൾ ജോലി ചെയ്തു. ഇടക്ക് എപ്പഴോ ഒരു സംരംഭം തുടങ്ങാം എന്നൊരു ആശയം തോന്നി. അങ്ങനെ ധാരാളം ആലോചനകൾക്കൊടുവിലാണ് ട്രാവൽ ആൻഡ് ടൂറിസത്തിലേക്ക് എത്തുന്നത്, വിനയ് പറഞ്ഞു.

അഞ്ചു വർഷം മുന്പാണ് ഗാലക്സി ടൂർസ് ആൻഡ് ട്രാവൽസ് എന്ന കന്പനിക്ക് വിനയ് തുടക്കം കുറിക്കുന്നത്. തുടക്കത്തിൽ യാത്രകൾ ചെയ്തും പുതിയ സ്ഥലങ്ങൾ കണ്ടെത്തിയുമൊക്കെ കന്പനിക്കും വരുന്ന സഞ്ചാരികൾക്കുമൊപ്പം സഞ്ചരിച്ച് യാത്രയെ പതിയെ വിനയിയും ഇഷ്ടപ്പെട്ടു തുടങ്ങി.

തുടക്കത്തിൽ എല്ലാ കന്പനികളും നൽകുന്നതുപോലെ ദക്ഷിണേന്ത്യ, ഉത്തരേന്ത്യ, വിദേശ യാത്രകൾ, വിസ, ടിക്കറ്റ് ബുക്കിംഗ് എന്നിങ്ങനെയുള്ള സേവനങ്ങളെ ഞങ്ങളും നൽകിയിരുന്നുളളു. പിന്നെയാണ് അഡ്വഞ്ചർ ടൂറിസത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്. അങ്ങനെ അതും ഇതിനൊപ്പം ചേർത്തു.'' - വിനയ് പറഞ്ഞു. മൂന്നാറിലാണ് അഡ്വഞ്ചർ ടൂറിസത്തിനുള്ള അവസരം ഗാലക്സി ഒരുക്കിയിരിക്കുന്നത്.

ഇഷ്ടപ്പെടുന്നവർ ഏറെ

ഇന്ന് അഡ്വഞ്ചർ ടൂറിസത്തിന് ആവശ്യക്കാർ ഏറെയാണെന്നാണ് വിനയിയുടെ അഭിപ്രായം. പക്ഷേ, കാശിത്തിരി കൂടുതലാണെന്നു മാത്രം. എങ്കിലും ഇതു മാത്രം അന്വേഷിച്ച് എത്തുന്നവരുമുണ്ട്. ഗാലക്സി സന്ദർശകർക്കായി 14 തരത്തിലുള്ള അഡ്വഞ്ചർ അനുഭവങ്ങളാണ് നൽകുന്നത്.


ട്രക്കിംഗ്, കയാക്കിംഗ്, സിപ് ലെയിൻ, ഫ്ളൈയിംഗ് ഫോക്സ്, റോപ്പ് ക്ലൈന്പിംഗ്, റാപ്പലിംഗ്, ജൂമെറിംഗ്, ഹീബ് ജീബി, ബർമ ബ്രിഡ്ജ്, വുഡ് വാക്ക്, നെറ്റ് വാക്ക്, യു വാക്ക, ഹാങ്ങിംഗ് ബ്രിഡ്ജ്, നെറ്റ് ക്ലൈംബ്, ട്വിസ്റ്റ് വാക്ക്, ടയർ വാക്ക് എന്നിവയെല്ലാം അഡ്വഞ്ചർ ടൂറിസത്തിന്‍റെ ഭാഗമായി ചെയ്യുന്നുണ്ട്.

""മൂന്നാറിലാണ് അഡ്വഞ്ചർ ആക്ടിവിറ്റികൾക്കായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫ്ളൈയിംഗ് ഫോക്സ് എന്നതാണ് പ്രധാനമായിട്ടുള്ളത്. ഫ്ളൈയിംഗ് ഫോക്സിന് 2500 രൂപയോളമാണ് ചെലവ്.

ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന കയറിലൂടെ ഇരുന്നോ പറന്നോ പോകാം. സിപ് ലെയിൻ എന്നത് ഇരുന്ന് പോകുന്നതാണ്. ഫ്ളൈയിംഗ് ഫോക്സ് പറന്നു പോകുന്നതാണ്.

മൂന്നാറിലെ ലക്ഷ്മി മലനിരകൾ, കൊളുക്കുമല, മീശപ്പുലിമല, സൂര്യനെല്ലി ഇവിടെയൊക്കെയാണ് ട്രക്കിംഗ് സംഘടിപ്പിക്കുന്നത് '' - വിനയ് പറഞ്ഞു.

""കേരള ടൂറിസത്തെ പ്രമോട്ട് ചെയ്യുക എന്ന ലക്ഷ്യം കൂടി ഗാലക്സിക്കു പിന്നിലുണ്ട്. അഡ്വഞ്ചർ ടൂറിസത്തിനായി മൂന്നാറിൽ ഒരു ടീമുണ്ട്. നാഷണൽ അഡ്വഞ്ചേഴ്സ് അക്കാദമിയിലെ ട്രെയിനർമാരാണ് നിർദേശങ്ങൾ നൽകാൻ അവിടെയുള്ളത.്'' - വിനയ് പറഞ്ഞു.

പക്ഷി നിരീക്ഷണം, ഓഫ് റോഡ് റൈഡിംഗ്, ടെന്‍റ് ക്യാന്പിംഗ് എന്നിവയ്ക്കും അവസരമുണ്ട്. ടൂർ പാക്കേജിനൊപ്പം വാഹന സൗകര്യവും ഇവർ നൽകും.

റൈഡുകളിലേക്കാണ് ഇനി ശ്രദ്ധ

ബുള്ളറ്റ് റൈഡ്, ടൂ വീലർ റൈഡ് എന്നിങ്ങനെയുള്ള ഓഫ് റോഡ് റൈഡുകളും ഇതിന്‍റെ ഭാഗമായി ചേർക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് വിനയ് അറിയിച്ചു.

ഭാര്യ ജിഷ, മക്കളായ സിദ്ധാർഥ്, ആദിശങ്കർ, അമ്മ മാലതി. എന്നിവരാണ് പിന്തുണയുമായി വിനയിക്കൊപ്പമുള്ളത്.