കുഞ്ഞുകാര്യങ്ങളിൽ അത്ഭുതങ്ങൾ കാണാം
എല്ലാവർക്കും വേണ്ടത് സന്തോഷമാണ്. അതിനായുള്ള പരക്കംപാച്ചിലിലാണ് നാം. എന്നാൽ കോർപറേറ്റ് ഗുരു എന്നറിയപ്പെടുന്ന സ്വാമി സുഖബോധാനന്ദയുടെ അഭിപ്രായത്തിൽ സന്തോഷം ഓരോരുത്തരുടെയും ഉള്ളിൽത്തന്നെ യാണുള്ളത്. അത് കണ്ടെത്തി സന്തോഷിക്കുകയാണ് വേണ്ടത്. അല്ലാതെ ചുറ്റും തിരഞ്ഞാൽ സന്തോഷം ലഭിക്കണമെന്നില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ദക്ഷിണേന്ത്യൻ കണ്‍സിലിന്‍റെ വാർഷിക സമ്മേളനത്തിൽ
സ്വാമി സുഖബോധാനന്ദ നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ...
ഒരു കഥ പറയാം...

ഒരു ദിവസം നാല് പ്രൊഫസർമാർ യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിൻ പതിയെ നീങ്ങിയിരുന്നു. മൂന്നുപേർ ചാടി ട്രെയിനിൽ കയറി. പക്ഷേ, ഒരാൾ ചാടിയെങ്കിലും ട്രെയിനിൽ കയറാനാകാതെ പ്ലാറ്റ്ഫോമിലേക്കു വീണു.
ഇതു കണ്ട സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ""അവർ മൂന്നു പേരും സ്മാർടാണല്ലോ. അടുത്ത ട്രെയിൻ ഉടനെ വരും. അതിൽ കയറാം.’’

ഉടനേ പ്രൊഫസർ പറഞ്ഞു. ""ഞാനും സ്മാർടാണ്. പക്ഷേ, ട്രെയിനിൽ കയറുന്നതിലല്ല.’’
ഇവിടെ അവർ മൂന്നു പേരും വിജയിച്ചു എന്നത് അംഗീകരിക്കാനുള്ള നാലാമത്തെയാളുടെ മടിയാണ് എടുത്ത് കാണിക്കുന്നത്. ഇതേ മനസാണ് പലപ്പോഴും നമുക്ക് എല്ലാവർക്കുമുള്ളത്.
അവനവന്‍റെ വിജയം സന്തോഷമാണെങ്കിലും മറ്റൊരാളുടെ വിജയത്തെ വേദനയോടെ കാണാനെ പറ്റു. മറ്റുള്ളവരെ അംഗീകരിക്കുക എന്നത് വലിയൊരു കാര്യമാണ്. അവരുടെ വിജയത്തിൽ സന്തോഷിക്കാനും അഭിനന്ദിക്കാനും നമുക്കു സാധിക്കണം.
സന്തോഷം ഉള്ളിലുണ്ട്

എല്ലാക്കാര്യത്തിലും എന്തെങ്കിലുമൊക്കെ അത്ഭുതമുണ്ട്. അത് കണ്ടെത്തുകയാണ് വേണ്ടത്. എന്തിനെയും വളരെ ഗൗരവത്തോടെ കണ്ടാൽ അതിന്‍റെ ആസ്വാദനം തന്നെയാണ് നഷ്ടപ്പെടുന്നത്. ലളിതമായി കാണേണ്ട കാര്യങ്ങളെ ലളിതമായി കാണണം. ഗൗരവമായി കാണേണ്ട കാര്യങ്ങളെ അങ്ങനെ കാണണം.

പലപ്പോഴും സാഹചര്യങ്ങൾ അനുകൂലമാകുന്പോഴാണ് ആളുകൾക്ക് സന്തോഷമുണ്ടാകുന്നത്. അങ്ങനെയായിരിക്കരുത്. ഓരോരുത്തരുടെയും ഉള്ളിലാണ് സന്തോഷം. സന്തോഷത്തിനു വേണ്ടിയല്ലാതെ സന്തോഷം നൽകാൻ വേണ്ടിയാവണം ജീവിക്കേണ്ടത്. പലരും ബന്ധങ്ങൾ സൂക്ഷിക്കുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ സന്തോഷത്തിനു വേണ്ടിയാണെന്നാണ് പറയാറ്. എന്നാൽ ഈ സാഹചര്യങ്ങളി ലൊക്കെയും സന്തോഷം നൽകുന്നതിനായിരിക്കണം മുൻഗണന.

ഓരോരുത്തരുടെയും ഉള്ളിലാണ് അവരവർക്ക് സന്തോഷിക്കാനുള്ള വകയുള്ളത്. നമുക്കു ചെയ്യാനുള്ളത് ആ സന്തോഷത്തെ കണ്ടെത്തുക എന്നതാണ്.
സന്തോഷത്തിന്‍റെ തത്വം എന്നതു തന്നെ അവനവനിൽ നിന്നും കണ്ടെത്തുക എന്നതാണ്.

രോഗം അറിഞ്ഞു ചികിത്സിക്കാം

ഒരു ദിവസം ഒരു യുവതി ഡോക്റെ കാണാനെത്തി. അവരുടെ ശരീരത്തിൽ എവിടെ തൊട്ടാലും വേദന. ഡോക്ടർ പരിശോധിച്ചു. കുഴപ്പമൊന്നുമില്ല. പക്ഷേ, യുവതിക്ക് വേദനയുണ്ട്. അവസാനം ഡോക്ടർ യുവതിയുടെ ചൂണ്ടു വിരൽ പരിശോധിച്ചു. അത് മുറിഞ്ഞിട്ടുണ്ടായിരുന്നു.
പലപ്പോഴും പ്രശ്നമെന്താണെന്നറിയാതെ പ്രതിവിധി തേടുന്നവരാണ് പലരും. ചൂണ്ടു വിരലിലെ പ്രശ്നത്തിന് ശരീരം മുഴുവനുമുള്ള വേദന മാറാൻ മരുന്ന് കഴിച്ചിട്ട് കാര്യമുണ്ടോ? അത് ഒരിക്കലും പരിഹാരം കാണാത്ത പ്രശ്നമായി തുടരുകയെയുള്ളു. എവിടെയാണ് പ്രശ്നം എന്നറിഞ്ഞു വേണം ചികിത്സിക്കാൻ.

പലരും ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിക്കുന്നത് ഇങ്ങനെയാണ്. എന്തോ പ്രശ്നമുണ്ടെന്ന് അറിയാം. പക്ഷേ എന്താണെന്ന് അറിയില്ല. പരിഹാരം കാണാൻ ഓടി നടക്കും. പരിഹാരക്രിയകൾ ചെയ്യും. അവസാനം ചെറിയൊരു പ്രശ്നം വലുതായി തീരും. ഒന്നിനും പരിഹാരം കാണാനാകാത്ത അവസ്ഥയിലെത്തും.


എന്തിനെന്ന് അറിയണം

ഒരു ദിവസം ഞാൻ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. കേൾവിക്കാരെ ഒന്ന് ഉഷാറാക്കാൻ ഇടയ്ക്കിടെ തമാശകളൊക്കെ പറയാറുണ്ട്. എല്ലാവരുംതന്നെ അത് ആസ്വദിച്ച് ചിരിക്കുന്നുമുണ്ട്.
പക്ഷേ, ഒരാൾ മാത്രം ചിരിക്കാതെ ഗൗരത്തിൽ ഇരിക്കുകയാണ്.
ഞാൻ ചോദിച്ചു: "എന്താണ് ചിരിക്കാത്തത്?’
"ഞാൻ എന്തിനു ചിരിക്കണം?’, അയാൾ തിരിച്ചു ചോദിച്ചു.
അയാളോടു ചോദിച്ച എല്ലാ ചോദ്യത്തിനും ഇതേ തരത്തിലുള്ള ഉത്തരമാണ് കിട്ടിയത്. എന്താണ് ഇവിടെ പ്രശ്നം? സമീപനമാണ് പ്രശ്നം.

ഇങ്ങനെ എല്ലാ കാര്യത്തോടും എന്തിന് എന്ന മനോഭാവത്തോടെ ഇടപെടുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് ഒന്നും ആസ്വദിക്കാനും കഴിയില്ല. എന്തു കാര്യം ചെയ്യണമെങ്കിലും താൻ ഇത് എന്തിനു ചെയ്യണം എന്ന മറു ചോദ്യമാണ് അവർക്കുണ്ടാകുന്നത്.

ജോലി സാഹചര്യമൂലവും ജീവിത സാഹചര്യം മൂലവും അങ്ങനെ ആകുന്നവരുമുണ്ട്. എപ്പോഴും ജോലിക്കായി ജീവിക്കാതെ അവനവനുവേണ്ടിക്കൂടി ജീവിക്കണം.

എന്തിനാണ് ഭയക്കുന്നത്?

ആളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് എല്ലാറ്റിനോടുമുള്ള ഭയം.
വിജയം എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ജയിക്കുമോ എന്നുള്ള ഭയം, തോൽക്കുമോ എന്നുള്ള ഭയം. ജയിച്ചാൽ ഇനി എന്ത് എന്നുള്ള ഭയം, തോറ്റാൽ അടുത്തത് എന്തെന്നുള്ള ഭയം.
ഇങ്ങനെ ഭയപ്പെട്ടു എന്നു കരുതി നിലവിലെ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുമോ?
ഇല്ല.

അതുകൊണ്ട് എന്തിനേയും സമാധാനത്തോടെ നേരിടുക. ഇതു മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. അങ്ങനെ വരുന്പോൾ വിജയവും പരാജയവും തീരുമാനിക്കുന്നത് നമ്മളാകും.
ജീവിതത്തിൽ ലഭിക്കുന്ന പരാജയങ്ങളും സങ്കടങ്ങളുമാണ് അടുത്ത തവണ വിജയത്തിലേക്കുള്ള ഉൗർജമായി തീരുന്നതെന്ന് എപ്പോഴും ഓർമിക്കുക.

അലങ്കാരം ആഭരണമല്ല

ഒരാളുടെ അലങ്കാരം എന്നത് അയാളുടെ ആഭരണങ്ങളോ, പണമോ, സന്പത്തോ ഒന്നുമല്ല. മറിച്ച് ദാനധർമ്മം ചെയ്യാനുള്ള മനസ്, വിശ്വസ്തത, സത്യസന്ധത ഇതൊക്കെയാണ്. അലങ്കാരങ്ങളെ താഴെ പറയുന്ന വിധത്തിൽ വ്യഖ്യാനിക്കാം.

ശബ്ദ അലങ്കാരം - വാക്കുകൾ
അർഥ അലങ്കാരം - അർഥ പ്രയോഗം
ഭാവ അലങ്കാരം - അനുഭവങ്ങൾ, വികാരങ്ങൾ
ലക്ഷ്യ അലങ്കാരം - ജീവിത ലക്ഷ്യങ്ങൾ
മോക്ഷ അലങ്കാരം - സ്വാതന്ത്ര്യം
ഈ അലങ്കാരങ്ങളുള്ള മനുഷ്യൻ എല്ലാത്തിനെയും സമാധാനത്തോടെയെ നേരിടു.

ചെറുകാര്യങ്ങളിലും മഹത്വമുണ്ട്

കാളിദാസൻ മഹാകവിയായത് ബൃഹ്ത്തായൊരു ഗ്രന്ഥമെഴുതിയിട്ടല്ല. മഹാഭാരതം എഴുതിയ വ്യാസൻ നിറയെ കഥകളാലാണ് ആ ഗ്രന്ഥത്തെ നിറച്ചിരിക്കുന്നത്.

കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ മഹാ കാവ്യം രചിച്ചവരാണ് ഇവരൊക്കെ. ഇങ്ങനെ നമുക്കും മഹത്തായ കാര്യങ്ങൾ ചെയ്യാം. ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് വലിയ കാര്യങ്ങൾ ഉണ്ടാവുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളാണ് നമുക്ക് വലിയ സന്തോഷങ്ങൾ പ്രദാനം ചെയ്യുന്നത്.

എന്തു ചെയ്യാൻ മുന്നിട്ടിറങ്ങുന്പോഴും ശാരീരികമായ വെല്ലുവിളികളും ബുദ്ധിമുട്ടുകളെയൊന്നും കാര്യമാക്കേണ്ടതില്ല. മാനസികമായ ശക്തിയാണ് വേണ്ടത്. ധർമ്മവും പുണ്യവുമാണ് നമ്മളെ സംരംക്ഷിച്ചു നിർത്തുന്നത്.