കർട്ടൻ ഡിസൈനിംഗിലെ കരവിരുത്
കർട്ടൻ  ഡിസൈനിംഗിലെ  കരവിരുത്
Monday, February 3, 2020 3:34 PM IST
എയർ ക്രാഫ്റ്റ് എഞ്ചിനീയറിംഗ് ബിരുദം നേടിയ ഒരാൾ, എയർ ഇന്ത്യയിൽ അപ്രന്‍റീസ്ഷിപ്പിൽ ജോലി ചെയ്തിരുന്ന ഒരാൾ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു കർട്ടൻ ഡിസൈനറായി തീരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുമോ?

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്; അത്രയും മികച്ച ഒരു പ്രൊഫഷനുണ്ടയിട്ടും എന്താണ് അതുപേക്ഷിച്ചത് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളുയരും. ഇതിനെല്ലാമുള്ള കൃത്യമായ ഉത്തരം മൂവാറ്റുപുഴ കാവുംപടി ജ്യോതിസിൽ ജി.കെ അനീഷും അദ്ദേഹത്തിന്‍റെ "ക്ലിൻക്യു വിൻഡോസ’് എന്ന സ്ഥാപനവും നൽകും.

പെട്ടന്നൊരു ജോലിക്ക്, എഞ്ചിനീയറിംഗ്

നിർമല സ്കൂൾ പ്ലസ്ടു കംപ്യൂട്ടർ സയൻസ് പഠനത്തിനുശേഷം കോയന്പത്തൂർ നെഹ്റു കോളജിൽ നിന്നും എയർ ക്രാഫ്റ്റ് എഞ്ചിനീയറിംഗ് പൂർത്തിയാക്കി. വീട്ടിലെ സാന്പത്തിക ബാധ്യതയും മറ്റുമായിരുന്നു പെട്ടന്ന് ജോലി കിട്ടുന്ന ഒരു കോഴ്സ് എടുക്കാൻ അനീഷിനെ പ്രേരിപ്പിച്ചത്. അനീഷ് ഒന്നാം ക്ലാസിൽ പഠിക്കുന്പോൾ അച്ഛൻ മരിച്ചതാണ്. പിന്നെ അമ്മയാണ് അനീഷിന്‍റെ എല്ലാം.

"കോളജിലെ മികച്ച അഞ്ചു വിദ്യാർഥികൾക്ക് ബോംബെ എയർ ഇന്ത്യയിൽ അപ്രന്‍റീസ്ഷിപ്പിന് അവസരമുണ്ടായിരുന്നു. ഒരു വർഷത്തെ അപ്രന്‍റീസ്ഷിപ്പ് കാലത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവർക്ക് വീണ്ടും ആറുമാസം കൂടി അവിടെ തുടരാനും അവസരമുണ്ടായിരുന്നു. അങ്ങനെ ആറുമാസം കൂടി ലഭിച്ചു. അപ്പോഴാണ് 2008-09 കാലത്ത് സാന്പത്തിക മാന്ദ്യവും മറ്റുമുണ്ടാകുന്നത്. അണ്‍പെയിഡ് അപ്രന്‍റീസായിരുന്ന എനിക്ക് അതോടെ വേറെ എങ്ങും ജോലി കിട്ടാതായി. ജോലിയില്ലാതെ അധികകാലം ബോംബെയിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല. അങ്ങനെ നാട്ടിലേക്കു പോന്നു. എറണാകുളത്തും മറ്റും ചെറിയ ജോലികൾ ചെയ്ത് പഠിച്ച മേഖലയിൽ ജോലി അന്വേഷിക്കാം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോന്നത്’, അനീഷ് തന്‍റെ കഥ പറഞ്ഞു.

പ്രഫഷൻ തന്നെ മാറി

എറണാകുളത്ത് ദിവാനിയ ഫർണിഷിംഗിൽ ആറേഴു മാസം അനീഷ് ജോലി ചെയ്തിരുന്നു. അങ്ങനെയാണ് കർട്ടൻ ഡിസൈനിംഗ്, ഇന്‍റീരിയർ ഡിസൈനിംഗുമൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. അടുത്തുള്ള വീട്ടുകാർ പുതിയ വീടുവെച്ചപ്പോൾ കർട്ടനെക്കുറിച്ചും ഇന്‍റീരിയർ ഡിസൈനിംഗിനെക്കുറിച്ചുമൊക്കെ അഭിപ്രായമറിയാൻ അനീഷിനെയാണ് സമീപിച്ചിത്. അവർക്കായി ചെയ്തു നൽകിയ ഡിസൈൻ ആ വീട്ടുകാർക്കും വിരുന്നുകാർക്കുമൊക്കെ ഇഷ്ടപ്പെട്ടു. എല്ലാവരും നല്ല അഭിപ്രായങ്ങളാണ് പറഞ്ഞത്. ഇത് ഇത്തരമൊരു മേഖലയിൽ പ്രവർത്തിക്കാൻ കഴിയും എന്നൊരു ആത്മവിശ്വാസം നൽകി. ഇടയ്ക്ക് കുറച്ച് മുള ശേഖരിച്ച് ബാംബു ബ്ലൈൻഡ്സ് ചെയ്തു. അതും ധാരാളം പേർക്ക് ഇഷ്ടപ്പെട്ടു.’, പ്രഫഷൻ തന്നെ മാറിയതിനെക്കുറിച്ച് അനീഷ് പറഞ്ഞു.


പതിയെപ്പതിയെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും ബംഗളുരു എന്നിവിടങ്ങളിലേക്കുമൊക്കെ അനീഷിന്‍റെ വർക്കുകളുടെ ഖ്യാതി എത്തിതുടങ്ങി. അതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. കർട്ടൻ, ബ്ലൈൻഡ്സ് ഡിസൈനിംഗ് ആരംഭിച്ചു. അങ്ങനെ ചെയ്തു ചെയ്ത് ഇപ്പോൾ അയ്യായിരത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളും 40 ൽ അധികം എഞ്ചിനീയർമാരും ഡിസൈനർമാരുമൊക്കെ തന്‍റെ തൊഴിലിൽ തൃപ്തരാണെന്ന് അനീഷ് പറയുന്നു. ഉപഭോക്താക്കൾ നേരിട്ട് വിളിക്കുന്നത്, ആർകിടെക്റ്റുമാർ, ഇന്‍റീരിയർ ഡിസൈനർമാർ, ബിൽഡർമാർ എന്നിങ്ങനെയുള്ളവരുടെ നിർദേശ പ്രകാരം എത്തുന്നവർ ഇങ്ങനെയൊക്കെയാണ് അനീഷിനെതേടി ആളുകളെത്തുന്നത്.


"കേരളത്തിൽ എവിടെയും ബ്ലൈൻഡ്സ് 48 മണിക്കൂറിനുള്ളിൽ ക്ലിൻക്യു വിൻഡോസ് എന്ന അനീഷിന്‍റെ സ്ഥാപനം ഇൻസ്റ്റാൾ ചെയ്തു നൽകും. അതുപോലെ സർവീസും ചെയ്തും നൽകും. കൂടാതെ കൃത്യ സമയത്ത് ഏറ്റെടുക്കുന്ന ജോലികൾ തീർത്തു നൽകും എന്നതും ഓരോ വീടിനും അനുയോജ്യമായ ഡിസൈനുകൾ, ഉത്പന്നങ്ങൾ എന്നിവ മാത്രമേ ഉപയോഗിക്കു എന്നതും ഇവരുടെ പ്രത്യേകതയാണ്.

തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ.് മൂവാറ്റുപുഴയിലാണ് രജിസ്റ്റേഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഓഫീസിനോട് ചേർന്ന് 700 ചതുരശ്രയടിയിൽ ഉത്പന്നങ്ങളുടെ ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്. കർട്ടനുകൾ വാൾപേപ്പറുകൾ. ബ്ലൈൻഡ്സ് എന്നിവയാണ് ചെയ്യുന്നത്. എല്ലാ വില നിലവാരത്തിലുമുള്ള ഉത്പന്നങ്ങളുണ്ട്. വൈവിധ്യമാർന്ന കർട്ടൻ തുണിത്തരങ്ങൾ 150 രൂപ മുതൽ 6000 രൂപവരെ വിലയിൽ ലഭിക്കും. ബ്ലൈൻഡ്സിന് ചതുരശ്രയടിക്ക് 95 രൂപമുതൽ 650 രൂപവരെയാണ് വില.
വാൾ പേപ്പറിന് ഒരു റോളിന് 2,500 രൂപ മുതൽ 12,000 രൂപവരെയാണ് വില.

സ്വയം നേടിയ കഴിവ്

പ്രൊഫഷണലായി എങ്ങു നിന്നും അനീഷ് ഈ തൊഴിൽ പഠിച്ചിട്ടില്ല. സ്വയം ചെയ്തു പഠിച്ചതാണ്. കണ്ടും അറിഞ്ഞും കേട്ടും എത്തുന്നവരാണ് ഉപഭോക്താക്കൾ. വീടുകൾ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ചെയ്തു നൽകുന്നുണ്ട്. അനീഷിനൊപ്പം 14 പേരാണ് കൂടെയുള്ളത്. തന്നെ നിർമിക്കുന്നതും മറ്റിടങ്ങളിൽ നിന്നും കൊണ്ടു വരുന്നതുമായ ബ്ലൈൻഡ്സും ഇവർ നൽകുന്നുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച സ്റ്റിച്ചിംഗാണ് കർട്ടനിൽ ചെയ്യുന്നത്. 2009 മുതൽ കൂടെയുള്ള രാജസ്ഥാനി ചൗധരി വിഭാഗക്കാരാണ് തയ്യൽക്കാരായിട്ടുള്ളത്. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. മറ്റു പരസ്യങ്ങളൊന്നും ചെയ്യുന്നില്ല. ചെറിയ പ്രോജക്ടുകൾക്ക് കണ്‍സൾട്ടേഷൻ ഫീസ് ഇല്ല. വലിയ പ്രോജക്ടുകൾക്ക് ഒരു തവണത്തെ സന്ദർശനത്തിന് 3000 രൂപയാണ് കണ്‍സൾട്ടേഷൻ ഫീസ്.

ഭാവി

ഇന്ത്യയിലെ തന്നെ മുൻ നിരയിലുള്ള കർട്ടൻ ഡിസൈനിംഗ് സ്ഥാപനമാകുക എന്നതാണ് അനീഷിന്‍റെ ലക്ഷ്യം. ഹൈദരബാദ്, ചെന്നൈ, ഡൽഹി എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ നിന്നുമാണ് ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നത്. തുടക്കത്തിൽ ഫ്രീലാൻസായിട്ടായിരുന്നു തുടക്കം. കാരണം മൂലധന നിക്ഷേപത്തിനും മറ്റും ആവശ്യമായ പണം കയ്യിലുണ്ടായിരുന്നില്ല. ഓർഡറുകൾ ലഭിക്കുന്നതിനനുസരിച്ച് മറ്റുള്ളവരുടെ കയ്യിൽ നിന്നുമൊക്കെ പണം വാങ്ങിയായിരുന്നു വർക്കുകൾ ചെയ്തിരുന്നത്. ഇപ്പോൾ രണ്ടു കോടി രൂപയോളം ടേണോവറുണ്ട് കന്പനിക്ക്.2020-21 ൽ 5 കോടി രൂപയുടെ ടേണോവറാണ് ലക്ഷ്യം വെയ്ക്കുന്നത്.