ഓഹരിയിൽ നിക്ഷേപിക്കും മുന്പ്: മനസിൽ വയ്ക്കാം
ഓഹരിയിൽ നിക്ഷേപിക്കും മുന്പ്: മനസിൽ വയ്ക്കാം
Friday, February 7, 2020 2:54 PM IST
ഓഹരി വിപണി റിക്കാർഡ് ഉയരത്തിൽ എത്തിയതെങ്ങനെ? ചില ഓഹരി വിലകൾ, അവയുടെ മൂല്യത്തേക്കാൾ എത്രയോ ഉയരത്തിലേക്കു കുതിക്കാനിടയായതെന്തുകൊണ്ട്?... തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള നിരവധി ശ്രമങ്ങളാണ് വാർത്തകളിലെങ്ങും നിറയുന്നത്.

തുടക്കക്കാരനായ ഒരു നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഓരോ ദിവസത്തേയും വാർത്തകൾ കൊണ്ടുവരുന്നത് തീരാത്ത സംശയങ്ങളാണ് . അതുകൊണ്ടുതന്നെ തുടക്കകാർ ആശങ്കയോടെയും അതിലേറെ പ്രതീക്ഷയോടുംകൂടിയാണ് ഓഹരി നിക്ഷേപത്തിലേക്കു കടന്നുവരുന്നത്. വിപണി ഉയരുന്പോൾ പെട്ടെന്നു പണമുണ്ടാക്കാമെന്നു പലരും ചിന്തിക്കുന്നു. അതിന്‍റെ മറുവശം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു.

ഈ സാഹചര്യത്തിൽ തുടക്കക്കാരായ നിക്ഷേപകർക്കു വേണ്ടി ഏതാനും ചിന്തകൾ മുന്നോട്ടു വയ്ക്കുകയാണ്. ആദ്യമേ പറയട്ടെ ഓഹരി നിക്ഷേപത്തിലേക്കു കടക്കുന്നതിനു മുന്പായി ഓരോരുത്തരും മനസിലാക്കേണ്ടതും മനസിൽ സൂക്ഷിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ ചുവടെ:

1. നിക്ഷേപത്തിന്‍റെ പ്രാധാന്യം
ഓരോരുത്തർക്കും വ്യത്യസ്തമായ സാന്പത്തിക ലക്ഷ്യങ്ങളുണ്ടാവാം. ധനം ഉണ്ടാക്കേണ്ടതിന്‍റെ ആവശ്യവും വ്യത്യസ്തമായിരിക്കും. സ്ഥിര നിക്ഷേപം പോലുള്ള പരന്പരാഗത നിക്ഷേപങ്ങൾ, ധനം സ്വരൂപിക്കുന്നതിനേക്കാൾ സുരക്ഷയ്ക്കാണു പ്രാധാന്യം കൽപിക്കുന്നത് എന്ന വസ്തുത നാം മനസിലാക്കേണ്ടിയിരിക്കുന്നു.
ജീവിതത്തിലെ ദീർഘകാല ലക്ഷ്യങ്ങൾ ഉറപ്പാക്കുന്നതിനായി ദീർഘകാലാടിസ്ഥാനത്തിൽ സന്പത്ത് ഉറപ്പാക്കുന്ന ഓഹരികൾ പോലെയുള്ള ആസ്തികളെക്കുറിച്ചാണറിയേണ്ടത്.

2. ഓഹരികളെക്കുറിച്ചു മനസിലാക്കുക
ഓഹരി നിക്ഷേപത്തിൽ മൂലധന ഭദ്രത താരതമ്യേന അൽപം കുറവാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതു പരിഹരിക്കപ്പടുന്നു. ദീർഘകാലാടിസ്ഥാന ത്തിലെ മൂലധന മൂല്യ നിർണയം പരിഗണിക്കുന്പോൾ ഓഹരികളാണ് എന്നും ഏറ്റവും മികച്ച നിക്ഷേപ ആസ്തി. കൂടുതൽ ലാഭം, എളുപ്പം പണമാക്കി മാറ്റാനുള്ള സൗകര്യം, നികുതിയിളവുകൾ എന്നിവയുടെ കാര്യത്തിലും ഓഹരികൾ മറ്റു നിക്ഷേപങ്ങളെയപേക്ഷിച്ച് മുന്നിട്ടു നിൽക്കുന്നു.
ഒരു ഓഹരി വാങ്ങുന്പോൾ ഒരു ബിസിനസ് ഉടമസ്ഥതയിലെ നിശ്ചിത ശതമാനമാണ് താൻ സ്വന്തമാക്കുന്നതെന്ന് നിക്ഷേപകൻ അറിയേണ്ടതുണ്ട്. മികച്ചതും ശക്തവുമായ ബിസിനസ് തെരഞ്ഞെടുത്ത് നിക്ഷേപം നിലനിർത്തുകയാണ് ചെയ്യേണ്ടത്. നല്ല ബിസിനസോ സന്പത്തോ ഒരു രാത്രികൊണ്ടുണ്ടാവുന്നതല്ല. അതിന് സമയവും ക്ഷമയും അച്ചടക്കവും ആവശ്യമുണ്ട്.

3. സ്വയം മനസിലാക്കൽ
നിക്ഷേപം ദീർഘകാലം നിലനിർത്താനും അസ്ഥിരതകൾ നേരിടാനും ഓഹരി നിക്ഷേപകന് പ്രാപ്തിയുണ്ടായിരിക്കണം. നിങ്ങൾ റിസ്കെടുക്കാൻ കെൽപ്പു കുറവുള്ള ആളും നിക്ഷേപ സമയ പരിധി കുറവുമാണെങ്കിൽ സ്ഥിര നിക്ഷേപം, സ്ഥിര വരുമാന കടപ്പത്രങ്ങൾ തുടങ്ങിയ മറ്റ് ആസ്തികളിലേക്കു തിരിയുന്നതാണ് നല്ലത്.

ഓഹരികളിൽ നിക്ഷേപിക്കുന്ന കാര്യം തീരുമാനിക്കുന്പോൾ അതിന്‍റെ അപകട സാധ്യതകളും വരുമാന, വിൽപന സാധ്യതകളും മനസിലുണ്ടായിരിക്കണം.

വൻകിട ഓഹരികളേക്കാൾ അസ്ഥിരതയുള്ളതാണ് ചെറുകിട, ഇടത്തരം ഓഹരികൾ എന്നു പൊതുവേ കരുതപ്പെടുന്നു. എന്നാൽ ചെറുകിട, ഇടത്തരം ഓഹരികൾ കൂടുതൽ ലാഭം നൽകാൻ പര്യാപ്തമാണ്.


ചില മേഖലകൾ മറ്റുള്ളവയെ അപേക്ഷിച്ച് ചഞ്ചലമായിരിക്കുമെന്നതിനാൽ അപകട സാധ്യത കൂടും. ചുരുക്കത്തിൽ, നിക്ഷേപം സംബന്ധിച്ച നിങ്ങളുടെ തെരഞ്ഞെടുപ്പ് റിസ്കെടുക്കാനുള്ള നിങ്ങളുടെ ശേഷി പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

വൈവിധ്യവൽക്കരണത്തിലൂടെ നേടാം സന്പത്ത്

നിക്ഷേപ ശേഖരമുണ്ടാക്കുന്പോൾ ആസ്തികളുടെ വിന്യാസവും വൈവിധ്യവൽക്കരണവും പ്രധാനമാണെന്ന് നിക്ഷേപകൻ മനസിലാക്കിയിരിക്കണം. വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ കയ്യിലുള്ള പണം മുഴുവൻ ഒരു കിടിലൻ ഓഹരിയിൽ നിക്ഷേപിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

ഓഹരിയിലെ നിക്ഷേപത്തിന് മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ സമയം നൽകണം. ദീർഘകാലത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന നിക്ഷേപ ആസ്തിയാണ് ഓഹരിയെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

നിക്ഷേപത്തിനു വരുന്ന ഒരു വർഷത്തെ കാലതാമസം പോലും അന്തിമ ലക്ഷ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ ഏറ്റവും നേരത്തെ നിക്ഷേപം തുടങ്ങുന്നത് നല്ല തന്ത്രമാണ്. ഓഹരിയിൽ നേരിട്ടും അല്ലാതെയും നിക്ഷേപം നടത്താം.
ആവശ്യമായ ഗൃഹപാഠവും ഇടപാടുകൾക്കായി വരുന്ന സമയവും പരിഗണിക്കുന്പോൾ നേരിട്ടുള്ള ഓഹരി നിക്ഷേപത്തിന് വലിയ തോതിൽ സമയം ചിലവഴിക്കേണ്ടി വരും. ഇതിനാവശ്യമായ വൈദഗ്ധ്യമോ സമയമോ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലൂടെ ഓഹരി വിപണിയിലെത്തുന്നതാണു നല്ലത്.

റിസ്കെടുക്കാനുള്ള നിക്ഷേപകന്‍റെ മനസും സമയവും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ധാരാളം പദ്ധതികൾ മ്യൂച്വൽ ഫണ്ടുകളിലുണ്ട്. ഇതുവഴി വൈവിധ്യവത്കരണവും ഇവിടെ പരിഗണിക്കപ്പെടുന്നു.

തെരഞ്ഞെടുപ്പ് ശ്രദ്ധയോടെ

ഏതു തരം നിക്ഷേപമാണുവേണ്ടതെന്നു ഓരോ നിക്ഷേപകനും തെരഞ്ഞെടുക്കാൻ സാധിക്കും. വിപണി സ്ഥിതിഗതികൾക്കനുസരിച്ച് ഓഹരികളിലോ മ്യൂച്വൽഫണ്ടിലോ ക്രമ നിക്ഷേപ പദ്ധതി അഥവ എസ്ഐപികളിലൂടെ നിക്ഷേപപം നടത്താൻ സാധിക്കും.

ദീർഘകാലാടിസ്ഥാനത്തിൽ സന്പത്ത് സ്വരൂപിക്കുന്നതിന് ഏറ്റവും ശക്തമായ ആയുധമാണ് എസ്ഐപി. ഏതു കാലാവസ്ഥയ്്ക്കും അനുയോജ്യമായ നിക്ഷേപരീതിയാണിത്. അനുയോജ്യമായ സമയത്തിനു കാത്തിരിക്കാതെ എസ്ഐപി നിക്ഷേപം ആരംഭിക്കാം.

സാന്പത്തിക ഉപദേശകൻ

പുതിയ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വിവിധ പദ്ധതികളിലൂടെ നിങ്ങളെ വഴികാട്ടാനും ഏറ്റവും ഉചിതമായ നിക്ഷേപ മാർഗവും നിക്ഷേപവും തെരഞ്ഞെടുക്കാനും സഹായിക്കാൻ കെൽപുള്ള ഒരു സാന്പത്തിക ഉപദേഷ്ടാവിനെ സന്ദർശിക്കുന്നത് ഉചിതമായിരിക്കും. ഗവേഷണ റിപ്പോർട്ടുകളും ശിപാർശകളും ഇക്കാര്യത്തിൽ തുണയേകും.

ഓഹരികളിലായാലും മ്യൂച്വൽ ഫണ്ടിലായാലും സ്ഥിരമായി നിക്ഷേപിക്കുകയും ആപൽസാധ്യതകൾ മനസിലാക്കുകയും ശരിയായ നിക്ഷേപം തെരഞ്ഞെടുത്ത് ദീർഘകാലത്തേക്ക് തുടരുകയും ചെയ്താൽ സാന്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏതൊരു നിക്ഷേപകനും തീർച്ചയായും കഴിയും.

സോണി മാത്യൂസ്
(സീനിയർ മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)