2020 ലെ ഇൻഷുറൻസ് രംഗത്തെ മാറ്റങ്ങൾ
2020 ലെ ഇൻഷുറൻസ് രംഗത്തെ മാറ്റങ്ങൾ
Monday, February 10, 2020 4:54 PM IST
ഇൻഷുറൻസ് പോളിസി ഉടമയ്ക്ക് അനുകൂലമായ നിരവധി തീരുമാനങ്ങൾ നടപ്പിലാകുന്ന വർഷമാണ് 2020. ഇൻഷുറൻസ് പ്രീമിയം മാസത്തിൽ അടയ്ക്കാനുള്ള അവസരം, തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ ഉപയോക്താവിനു തന്നെ തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയവയൊക്കെ ഈ വർഷം നടപ്പാകുകയാണ്.

ഇൻഷുറൻസ് മേഖലയെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ( ഐആർഡിഎ) ഈ പരിഷ്കാരങ്ങളൊക്കെ കൊണ്ടുവന്നിട്ടുള്ളത്. താരതമ്യം സാധിക്കുംവിധം പോളിസികൾ സ്റ്റാൻഡൈസ് ചെയ്യുകയെന്നതും ഇതിന്‍റെ ലക്ഷ്യമാണ്. ഇതുവഴി ഒരു ഏക രൂപം കൊണ്ടുവരാൻ സാധിക്കും. ലളിതമാക്കാൻ സാധിക്കും, ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇത് പോളിസിയുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കും.

ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ വരുന്ന മാറ്റങ്ങൾ

1. പ്രീമിയം ഇനി മാസം തോറും നൽകാം
പോളിസി ഉടമ നിലവിൽ പ്രീമിയം നൽകേണ്ടത് ഓരോ വർഷവുമാണ്. എന്നാൽ ഇനി മുതൽ തവണകളായി ഉപയോക്താക്കൾക്ക് പ്രീമിയം അടയ്ക്കാം. ഇൻഷുറൻസ് പ്രീമിയം മാസം തോറുമോ മൂന്നുമാസം കൂടുന്പോഴോ ആറുമാസം കൂടുന്പോഴോ അടയ്ക്കാം എന്നതാണ് പുതിയ രീതി.

ഉപയോക്താക്കൾക്ക് പ്രീമിയം ഒരു ഭാരമായി തോന്നുന്നത് ഒഴിവാക്കാനാണ് ഗഡുക്കളായി അടയ്ക്കുവാൻ അനുവദിക്കുന്നത്. കൈയിൽ കാശു വരുന്പോൾ പോളിസി എടുക്കാം എന്നു ചിന്തിക്കേണ്ടതുമില്ല. പകരം കൈയിൽ കാശു വരുന്പോൾ പ്രീമിയം അടയ്ക്കാം എന്നു ചിന്തിച്ചാൽ മതി. ഓരോ മാസവും കുറച്ചു തുക വീതം അടച്ചു കൊണ്ടിരുന്നാൽ മതി.

സാന്പത്തിക ശേഷി കുറവുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ ഏറെ ഉപകാരപ്പെടുന്നതാണ് ഐആർഡിഎയുടെ ഈ പുതിയ നിർദ്ദേശം. മുതിർന്ന പൗരന്മാർ തങ്ങളുടെ റിട്ടയർമെന്‍റിനുശേഷമാണ് പോളിസി എടുക്കുന്നതെങ്കിൽ വലിയൊരു തുക ഒരുമിച്ച് കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ തവണകളായി പ്രീമിയം നൽകുക എന്നത് നല്ലൊരു പങ്കിനെ സംബന്ധിച്ചിടത്തോളം അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല.

2. പരമാവധി പ്രായം കൂട്ടും
നിലവിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിനുള്ള പ്രായം 18-65 വയസാണ്. എന്നാൽ പരമാവധി പ്രായം 65 വയസിൽ നിന്നും കൂട്ടണമെന്ന് ഇൻഷുറൻസ് കന്പനിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് അവർക്ക് ഉയർത്താവുന്നതാണ്.

ഇൻഷുറൻസ് കന്പനി ഐആർഡിഎയെ ഇത് രേഖാമൂലം അറിയിക്കുകയും പരസ്യം വഴി ഈ ഉത്പന്നം തങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് പൊതു ജനങ്ങളെ അറിയിക്കുകയും ചെയ്യണം. ജീവിതാവസാനം വരെ പോളിസി പുതുക്കി നൽകുകയും വേണം.

3. അഡീഷണൽ ഡിസ്ട്രിബ്യൂഷൻ ചാനൽ
ഹെൽത്ത് ഇൻഷുറൻസ് കന്പനികൾക്ക് തങ്ങളുടെ ചില ഉത്പന്നങ്ങൾ റഗുലേറ്ററുടെ അനുവാദത്തിന് കാത്തു നിൽക്കാതെ വിതരണം ചെയ്യാൻ അഡീഷണൽ ഡിസട്രിബ്യൂഷൻ ചാനലുകൾ ഉപയോഗിക്കാം. ഇങ്ങനെ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ നിർദേശങ്ങളിലും നിബന്ധനകളിലും വ്യത്യാസം വരുത്താൻ പാടുള്ളതല്ല.

4. പ്രീമിയം 15 ശതമാനം കൂടാം; കുറയാം
ഉപഭോക്താക്കളുടെ പ്രീമിയം 15 ശതമാനത്തോളം കൂടുകയോ കുറയുകയോ ചെയ്യും. നിലവിലുള്ള പോളിസി ആരംഭിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞെങ്കിൽ മാത്രമേ പ്രീമിയം വർധിക്കുകയുള്ളു. പോളിസിയിലുണ്ടാകുന്ന പരിഷ്കാരങ്ങളാണ് ഇത്തരത്തിലുള്ള മാറ്റത്തിനു കാരണം.

5. കൂടുതൽ രോഗങ്ങൾക്കു പരിരക്ഷ
ഹെൽത്ത് ഇൻഷുറൻസ് പോളിസിയെ സ്റ്റാൻഡർഡൈസ് ചെയ്യുന്നതിന്‍റെ ഭാഗമായി ഉപഭോക്താക്കളെയാണ് ഐആർഡിഎ അധികവും ശ്രദ്ധവെയ്ക്കുന്നത്. അന്പതിനായിരം രൂപ മുതൽ 10 ലക്ഷം രൂപവരെ കവറേജുള്ള പോളിസിയെ ആണ് സ്റ്റാൻഡാർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയായി കണക്കാക്കുക. സാധാരണയായി ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ കവറേജ് ലഭിക്കാത്ത രോഗങ്ങൾ പരമാവധി കുറയ്ക്കുവാനാണ് ഐആർഡിഎ നിർദ്ദേശിച്ചിട്ടുള്ളത്.

6. പ്രീ എക്സിസ്റ്റിംഗ് ഡിസീസ്
നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പിനും നിയന്ത്രണങ്ങൾക്കും ഐആർഡിഎ മാറ്റം വരുത്തിയിട്ടുണ്ട്.

നാലുവർഷത്തെ കാത്തിരിപ്പ് രണ്ടുവർഷമായി കുറച്ചിട്ടുണ്ട്. അതായത് വേണമെങ്കിൽ ഇൻഷുറൻസ് കന്പനിക്ക് രണ്ടു വർഷത്തിനുശേഷം നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് നൽകാം. എന്നാൽ രക്തസമ്മർദ്ദം, പ്രമേഹം, കാർഡിയാക് പ്രശ്നങ്ങൾ തുടങ്ങിയവയിൽ വെയിറ്റിംഗ് പീരിയഡ് 30 ദിവസമായി കുറയ്ക്കണമെന്നു ഐആർഡിഎ നിർദ്ദേശിക്കുന്നു.

പുതിയ രീതിയിൽ

* ഏതൊരു രോഗമോ പരിക്കോ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് 48 മാസം മുന്പ് ഡോക്ടർ സാക്ഷ്യപ്പെടുത്തിയതാണെങ്കിൽ
* എന്തെങ്കിലും ചികിത്സയോ അല്ലെങ്കിൽ മെഡിക്കൽ നിർദേശമോ പോളിസി എടുക്കുന്നതിന് 48 മാസം മുന്പ് ഡോക്ടർമാർ നൽകിയിട്ടുണ്ടെങ്കിൽ
* എന്തെങ്കിലും രോഗലക്ഷണങ്ങളോ മറ്റോ പരിശോധിച്ച് പോളിസി എടുത്ത്

മൂന്നുമാസത്തിനുള്ളിൽ രോഗമായി സ്ഥിരീകരിച്ചാൽ ഈ മൂന്നു സാഹചര്യങ്ങളിലും അത് കവറേജിൽ ഉൾപ്പെടുത്തും.

മുന്പ് പ്രീ എക്സിസ്റ്റിംഗ് ഡിസീസസ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ സ്ഥിരമായി പോളിസി പുതുക്കി നൽകണം. പുതുക്കിയില്ലെങ്കിൽ പ്രീ എക്സിസ്റ്റിംഗ് ഡിസീസസ് ഉൾപ്പെടുത്താൻ വീണ്ടും അപേക്ഷിക്കണം. ഇനി മുതൽ ഇത്തരമൊരു സാഹചര്യമുണ്ടാകില്ല.

നിലവിൽ പ്രീ എക്്സിസ്റ്റിംഗ് ഡിസീസുള്ളവർക്കു വേണമെങ്കിൽ പോളിസികൾ നൽകാതിരിക്കാം. ഇനി അതു പറ്റില്ല. കന്പനികൾ ഇടപാടുകാരന്‍റെ സമ്മതത്തോടെ നിലവിലുള്ള രോഗങ്ങൾക്ക് പെർമനന്‍റ് എക്സ്ക്ലൂഷൻ നൽകി മറ്റു രോഗങ്ങൾക്ക് കവറേജ് നൽകാം.

അതുമല്ലെങ്കിൽ രണ്ടോ, നാലോ വർഷത്തെ വെയിറ്റിംഗ് പീരിയഡിനുശേഷം നിലവിലുള്ള രോഗത്തെ ഉൾപ്പെടുത്താം. നിലവിൽ രോഗങ്ങളുമായി മല്ലിടുന്നവർക്കും യോജിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐആർഡിഎ ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.

7. ഒഴിവാക്കപ്പെടുന്ന രോഗങ്ങൾ
പാർക്കിൻസണ്‍സ്, അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് പൊതുവേ ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. പെർമനന്‍റ് എക്സ്ക്ലൂഷൻ ഓപ്ഷൻ തെരഞ്ഞെടുത്താൽ ഈ രോഗങ്ങളെ ഒഴിവാക്കി മറ്റു രോഗങ്ങൾക്ക് കവറേജ് എടുക്കാം.

8. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നവ
കാൻസർ, ഹൃദയ സംബന്ധമായ രോഗങ്ങൾ, അപടകരമായ സ്ഥലങ്ങളിലെ ജോലി എന്നിവകൊണ്ടുണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കെല്ലാം ഇനി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പരമാവധി 48 മാസത്തെ അല്ലെങ്കിൽ ഇൻഷുറൻസ് കന്പനിയുടെ (1 വർഷം, 2 വർഷം, മൂന്നു വർഷം) വെയിറ്റിംഗ് പിരീഡിനുശേഷം പോളിസി ഉടമയുടെ നിലവിലുള്ള രോഗങ്ങൾക്ക് കവറേജ് ലഭിക്കും.

പോളിസി ഉടമ കാര്യങ്ങൾ വെളുപ്പെടുത്തിയില്ല എന്നതിന്‍റെ പേരിൽ ഇൻഷുറൻസ് കന്പനികൾ ക്ലെയിം നിഷേധിക്കാൻ പാടില്ലെന്നു ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്.

തുടർച്ചയായി എട്ടുവർഷം പോളിസി പുതുക്കിയവർക്കാണ് പക്ഷേ, ഈ നിർദ്ദേശം ബാധകമാകുക. ഉപപരിധി, കോ പേ, ഡിഡക്ടബിൾ തുടങ്ങിയവ ഉണ്ടെങ്കിൽ അത് പോളിസിയിൽ പറഞ്ഞിട്ടുള്ളതുപോലെ ബാധകമായിരിക്കും.

9. ഇതര ചികിത്സകൾ സ്റ്റാൻഡാർഡ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഇതര ചികിത്സയ്ക്കുള്ള (ആയുഷ്) ചെലവുകൾക്കു കൂടി കവറേജ് നൽകണമെന്നു ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയൂർവേദം, സിദ്ധ, യൂനാനി തുടങ്ങിയ ചികിത്സകൾ ഇതിലുൾപ്പെടുന്നു. ഇതിനു ലഭിക്കുന്ന കവറേജിനു ഇൻഷുറൻസ് കന്പനിക്കു പരിധി നിശ്ചയിക്കാം.

10. ടിപിഎ ഉപയോക്താക്കൾക്ക് തീരുമാനിക്കാം
ഇൻഷുറൻസ് ഉപയോക്താക്കൾക്ക് അവരുടെ തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ നിശ്ചയിക്കാം. ഇതുവരെ കന്പനികളായിരുന്നു ടിപിഎ നിശ്ചയിച്ചിരുന്നത്. ഇനി മുതൽ കന്പനി നൽകുന്ന ടിപിഎ ലിസ്റ്റിൽ നിന്നും പോളിസി ഉടമയ്ക്ക് പോളിസി വാങ്ങിക്കുന്പോഴോ പുതുക്കുന്പോഴോ ഇഷ്ടപ്പെട്ട തേഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററെ തെരഞ്ഞെടുക്കാം.

ലൈഫ് ഇൻഷുറൻസിലെ മാറ്റങ്ങൾ

ലൈഫ് ഇൻഷുറൻസ് മേഖലയിലുമുണ്ട് മാറ്റങ്ങൾ. യുലിപ് ഉത്പന്നങ്ങളുടെ പുതുക്കാനുള്ള കാലാവധി വർധിപ്പിച്ചു. ഐഐർഡിയാണ് ഇവിടെയും മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

1. യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളുടെ പുതിക്കാനുള്ള കാലാവധി മൂന്നു വർഷമായി കൂട്ടി. നോണ്‍ ലിങ്ക്ഡ് ഉത്പന്നങ്ങളുടേത് അഞ്ചു വർഷമായും. നേരത്തെ പുതുക്കാനുള്ള കാലാവധി രണ്ടു വർഷമായിരുന്നു.

2. ഫെബ്രുവരി ഒന്നുമുതൽ പെൻഷൻ പ്ലാനുകളിലെ തുക പിൻവലിക്കാനുള്ള പരിധി കൂട്ടി. മച്യൂരിറ്റിയായതിനുശേഷം നിലവിലെ മൂന്നിൽ ഒരുഭാഗം പിൻവലിക്കാം എന്നതിനു പകരം 60 ശതമാനം പിൻവലിക്കാം. എന്നാൽ പിൻവലിക്കുന്ന മൂന്നിൽ ഒരുഭാഗം തുകയ്ക്കേ നികുതിയിളവ് ലഭിക്കു. അറുപതു ശതമാനത്തിനും ലഭിക്കില്ല.

3. കാലാവധി പൂർത്തിയാകുന്നതിനു മുന്പേ, ഭാഗികമായ പിൻവലിക്കലിനും അനുമതി നൽകിയിട്ടുണ്ട്. അഞ്ചു വർഷത്തെ ലോക്ക് ഇൻ പിരീഡ് പൂർത്തിയാകുന്പോൾ 25 ശതമാനം തുക പിൻവലിക്കാം. ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സ, വീട് പണിയുന്നതിനോ വാങ്ങുന്നതിനോ തുടങ്ങിയ ആവശ്യങ്ങൾക്കാണ് പണം പിൻവലിക്കാൻ അനുവാദം ലഭിക്കുക. നേരത്തെ ഇങ്ങനെ പിൻവലിക്കാൻ സാധിക്കില്ലായിരുന്നു.

4. യുലിപ്സ് വഴിയുള്ള കുറഞ്ഞ ലൈഫ് കവറേജ് ഏഴിരട്ടിയായി കുറഞ്ഞു. നിലവിൽ 45 വയസിനു താഴെയുള്ളവർക്ക് 10 ഇരട്ടിയായിരുന്നു ലൈഫ് കവറേജ്. സം അഷ്വേഡ് തുക ഗാരന്‍റീഡ് തുകയാണ്. പോളിസ ഉടമ മരിച്ചാൽ അത് നൽകും.

5. പെൻഷൻ യുലിപ്പുകൾക്കുണ്ടായിരുന്ന നിർബന്ധിത ഗാരന്‍റി ഫെബ്രുവരി ഒന്നുമുതൽ ഓപ്ഷണലാകും. ഇതുവരെ പെൻഷൻ യുലിപ്പ് പ്ലാനുകൾക്ക് നിർബന്ധമായും ഇൻഷുറൻസ് കന്പനി ഗാരന്‍റി നൽകണം എന്നായിരുന്നു. എന്നാൽ ഇനി പോളിസി ഉടമയക്ക് ഗാരന്‍റി വേണോ വേണ്ടയോ എന്നത് തെരഞ്ഞെടുക്കാം.