ജെസിക്ക റോസെൻ; തീരുമാനങ്ങളിൽ ഉറച്ച് നിന്ന് വിജയിക്കുക
ജെസിക്ക റോസെൻ; തീരുമാനങ്ങളിൽ  ഉറച്ച് നിന്ന് വിജയിക്കുക
Tuesday, February 18, 2020 3:48 PM IST
അറ്റ് ലാന്‍റയിലെ പ്രശസ്തമായ സാവന്ന കോളേജ് ഓഫ് ആർട്സ് ആൻഡ് ഡിസൈനിൽ നിന്ന് പഠനം പൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ ജെസിക്ക സൂസന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. ആർക്കിടെക്്ചറിൽ സാവന്നയിലെ മാസ്റ്റർ ബിരുദമാണ് കൈയിൽ. ഒരു ജോലി കിട്ടാൻ വിഷമമുണ്ടാകില്ല. അവൾ വിചാരിച്ചത് ശരി തന്നെയായിരുന്നു. അറ്റ് ലാന്‍റയിലുള്ള നല്ലൊരു സ്ഥാപനത്തിൽ അവൾക്ക് ജോലി ലഭിച്ചു.

പക്ഷേ അധികം വൈകിയില്ല. അവൾക്കൊരു കാര്യം മനസിലായി. സ്ഥാപനത്തിൽ ആർക്കിടെക്ടിന്‍റെ സ്വന്തമായ ഭാവനയ്ക്കും നൈപുണ്യത്തിനും വലിയ സ്ഥാനമില്ല. എല്ലാം കംപ്യൂട്ടറിലാണ് ചെയ്യേണ്ടത്. സ്ഥാപനത്തിന്‍റെ ഉടമ പറയുന്നതുപോലെ ഡിസൈൻ ചെയ്യണം. അത്ര തന്നെ. ജെസിക്കയെപ്പോലൊരു പെണ്‍കുട്ടിക്ക് പൊരുത്തപ്പെടാവുന്നതായിരുന്നില്ല അത്. കാര്യമായ പുതുമ തോന്നാഞ്ഞതിനാൽ ആകെ മടുത്ത് അവൾ ജോലി രാജിവച്ചു.
അവൾ ന്യൂ ജേഴ്സിയിലേക്ക് തിരിച്ചെത്തി. വെറുതേയിരുന്നില്ല. മിഡിൽ ടൗണിൽ ഗ്രാഫിക് ഡിസൈനിംഗിൽ ഫ്രീലാൻസറായി ജോലി ചെയ്യാൻ തുടങ്ങി. വൈകാതെ പുതിയൊരു മെൻസ്വെയർ കന്പനിയുടെ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾ ചെയ്യാനുള്ള അവസരവും കിട്ടി. പക്ഷേ രണ്ടു കൊല്ലം കൊണ്ട് അതും മടുത്തു. കാരണം, കന്പനിക്കു വേണ്ടി ചെയ്യുന്ന ഡിസൈനിംഗിൽ സ്വന്തം അഭിപ്രായത്തിന് ഒരു സ്ഥാനവുമില്ല.

സ്വന്തം സ്ഥാപനം വേണം

രണ്ടു സ്ഥാപനങ്ങളിലെ ജോലികളും ജെസിക്കയ്ക്ക് നൽകിയ പാഠമെന്തെന്നോ? തനിക്ക് ഒരു സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കാനുള്ള മനസല്ല ഉള്ളത്. സ്വാതന്ത്ര്യത്തോടെ തന്‍റേതായ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരങ്ങൾ വേണം. മറ്റുള്ളവരുടെ സ്ഥാപനങ്ങളിരിക്കുന്പോൾ അത് ലഭിക്കില്ല. അതിന്‍റെ ഉടമസ്ഥർ അനുവദിക്കില്ല. അങ്ങനെയൊരു സ്വാതന്ത്ര്യം വേണമെങ്കിൽ ഒരേയൊരു മാർഗമേയുള്ളു. സ്വന്തം സ്ഥാപനം തുടങ്ങണം. പക്ഷേ എങ്ങനെ? അതത്ര എളുപ്പമല്ല.

2010 ന്‍റെ തുടക്കം. ആയിടയ്ക്ക് ജെസിക്കയുടെ മുത്തശ്ശിക്ക് പാൻക്രിയാറ്റിക് കാൻസറാണെന്ന് കണ്ടെത്തി.

വേദനാജനകമായ അനുഭവമായിരുന്നെങ്കിലും തന്‍റെ അന്വേഷണവ്യഗ്രതയെ ത്വരിപ്പിച്ചതാണ് ആ സംഭവമെന്ന് ജെസിക്ക പിന്നീട് ഒരിന്‍റർവ്യൂവിൽ പറയുന്നുണ്ട്. മുത്തശ്ശിക്ക് കീമോതെറപ്പി നൽകുന്ന സമയത്ത്, അവർക്ക് കഴിക്കാൻ ആരോഗ്യദായകമായ എന്തു ഭക്ഷണം നൽകാം എന്നാണ് ജെസിക്ക ഗവേഷണം ചെയ്തത്.

നിർഭാഗ്യവശാൽ മുത്തശ്ശി വൈകാതെ മരണമടഞ്ഞു. പക്ഷേ ജെസിക്ക തന്‍റെ ഗവേഷണം നിർത്തിയില്ല. പഠനം തുടർന്നു. അങ്ങനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റീവ് ന്യൂട്രിഷൻ എന്ന സ്ഥാപനത്തിൽ നിന്ന് അവളൊരു സർട്ടിഫൈഡ് ഹോളിസറ്റിക് ഹെൽത് കോച്ചായി.

റോ ജനറേഷൻ തുടങ്ങുന്നു

ആ സമയത്താണ് അവളുടെ പിതാവ് പുതിയൊരു ബിസിനസ് സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്. എന്തു വേണമെന്ന് അദ്ദേഹം മകളോട് ആരാഞ്ഞു. അങ്ങനെ 2012-ൽ ഇരുവരും കൂടി തുടങ്ങിയതാണ് റോ ജനറേഷൻ (Raw Generation) ഓണ്‍ലൈൻ ബിസിനസ്. വിവിധ ഫ്ളേവറുകളിലുള്ള ഉൗർജദായകമായ റോ ജ്യൂസ് ക്ലെൻസ് ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഒരു കന്പനി - അതാണ് റോ ജനറേഷൻ.

ശരീരത്തിന്‍റെ ഭാരം കുറയ്ക്കുന്നതിനും ശരീരം വിഷമുക്തമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന പഴച്ചാറുകളാണ് ജ്യൂസ് ക്ലെൻസ് എന്നറിയപ്പെടുന്നത്. പഴവർഗങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും നീരെടുത്താണ് ജ്യൂസ് ക്ലെൻസ് ഉണ്ടാക്കുന്നത്. ശരീരത്തിന്‍റെ ആന്തരിക ക്ലെൻസിംഗിനുവേണ്ടി സ്ഥിരമായി ജ്യൂസ് കഴിക്കേണ്ടതില്ല. മൂന്നു മുതൽ 10 ദിവസം വരെ മാത്രം ഉപയോഗിച്ചാൽ മതി. വിറ്റാമിനുകളും മിനറലുകളും കൊണ്ട് സന്പുഷ്ടമാണ് പഴങ്ങളെന്നതാണ് പഴച്ചാറ് ക്ളെൻസിംഗിനുപയോഗിക്കാൻ കാരണം. പഴച്ചാറുകൾ കുടിക്കുന്പോൾ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. മിക്ക പഴച്ചാറുകളും ആന്‍റി ഇൻഫ്ളമേറ്ററി കോന്പൗണ്ടുകൾ കൊണ്ട് സന്പുഷ്ടമാണ്. അതിനാൽ ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാനും ഈ പഴച്ചാറുകൾ സഹായിക്കുമത്രേ.

വിവിധതരത്തിലുള്ള ജ്യൂസുകൾ പരസ്പരം കൂട്ടിയോജിപ്പിച്ച് ഗുണപ്രദമായ ഒരു ക്ലെൻസിംഗ് ജ്യൂസ് കണ്ടെത്താനാണ് ജെസിക്ക ശ്രമിച്ചത്. തുടക്കത്തിൽ സ്വന്തം അടുക്കളയിൽ വച്ചുണ്ടാക്കിയത് രുചി നോക്കാൻ പോലും പറ്റാത്തത്ര അസഹ്യമായിരുന്നു. എന്നാൽ മൂന്നാമത്തെ ദിവസം ചേരുവകൾ കൃത്യമായി. പുതിയ മണം. പുതിയ രുചി. അതൊരു തുടക്കമായിരുന്നു.

വെബ്സൈറ്റുമായി മാർക്കറ്റിൽ


ജെസിക്കയ്ക്ക് ധൈര്യമായി. 2012 ഓഗസ്റ്റ് മാസത്തിൽ rawgeneration.com എന്ന വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഓണ്‍ലൈനായി നല്ല കച്ചവടം കിട്ടുമെന്നായിരുന്നു ജെസിക്കയുടെ വിചാരം. പക്ഷേ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. "തെറ്റായ തീരുമാനമാണോ നീയെടുത്തത്’ എന്ന് പിതാവ് അവളോടു ചോദിച്ചു. പക്ഷേ തന്‍റെ തീരുമാനങ്ങൾ ഇതുവരെ തെറ്റിയിട്ടില്ലെന്ന് അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. അവൾ ഉൽപന്നങ്ങൾ റീബ്രാൻഡു ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് കൂടുതലും ഉപയോഗിച്ചത്. സ്ഥാപനം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോൾ ലൈഫ്ബുക്കർ പോലുള്ള ഡീൽ സൈറ്റുകളിൽ സാന്നിധ്യമറിയിച്ചു. തുടർന്ന് സ്വന്തം വെബ്സൈറ്റിനു പുറമേ ഗ്രൂപ്പോണ്‍, ഗിൽറ്റ്, റൂ ലാ ലാ മുതലായ മറ്റു ഡീൽ സൈറ്റുകളിലും തങ്ങളുടെ പ്രോഡക്ട് ലഭ്യമാക്കാൻ ജെസിക്ക ശ്രദ്ധിച്ചു.

പല മാർഗങ്ങളും ഉപയോഗിച്ചു നോക്കിയതിൽ ഡീൽ സൈറ്റുകൾ തന്നെയാണ് നല്ലതെന്നാണ് ജെസിക്കയുടെ അഭിപ്രായം.

റീബ്രാൻഡിംഗ് ചെയ്ത ഗുണം

റീബ്രാൻഡിംഗും മറ്റു ഡീൽ സൈറ്റുകളിലെ സാന്നിധ്യവും കന്പനിക്ക് വളരെ ഗുണം ചെയ്തു. റോ ജനറേഷൻ വളരെ പെട്ടെന്നു വളരാൻ തുടങ്ങി. 2012-ൽ 1000 ഡോളറായിരുന്നു വരുമാനം. 2013 തുടക്കത്തിൽ പ്രതിമാസം ശരാശരി 8000 ഡോളറിന്‍റെ വില്പന നടന്നു. പക്ഷേ 2014 ആയപ്പോഴേക്കും വാർഷിക വിൽപന 10 ലക്ഷമായി. 2015-ൽ 20 ലക്ഷവും. അതിൽപ്പിന്നീട് ജെസിക്കയ്ക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോൾ പത്തിലധികം ജ്യൂസുകൾ, പ്രോട്ടീൻ ലിക്വിഡ്സ്, വെജിറ്റേറിയൻ സൂപ്പുകൾ..... റോ ജനറേഷനിലെ ഉൽപന്നങ്ങൾ കൂടിക്കൂടി വരികയാണ്. പ്രിസർവേറ്റീവുകളോ കൃത്രിമ വസ്തുക്കളോ ചേർക്കാതെയുള്ള ഉൽപന്നങ്ങൾ. സാന്ദ്രീകൃതമായ വിറ്റാമിനുകളും ലവണങ്ങളും ഓന്‍റിഓക്സിഡന്‍റുകളുമാണ് ജൂസിന്‍റെ മുഖ്യഘടകം. സെലറി, ലെമണ്‍, കാരറ്റ്, ആപ്പിൾ, അലൊ വേര, ഇഞ്ചി, കുക്കുന്പർ, ഓറഞ്ച്, സ്പിനാച്ച് മുതലായവയാണ് ജ്യൂസിന്‍റെ ചേരുവകൾ.
എനർജി & എൻഡ്യുറൻസ്, ബ്യൂട്ടി & ബ്രില്യൻസ്, സ്ലീം & സ്ട്രോംഗ്, ഹീൽ & ഹൈഡ്രേറ്റ് എന്നിങ്ങനെ തരംതിരിച്ചാണ് ജ്യൂസുകൾ വിപണയിലിറക്കുന്നത്.

കന്പനിയുടെ പ്രസിഡന്‍റും ബ്രാൻഡ് ഡവലപ്മെന്‍റ് ഡയറക്ടറുമാണ് ജെസിക്ക ഇപ്പോൾ.
മൈക്കൽ ഗെർബറുടെ ദി ഇ-മിത്ത് റീവിസിറ്റഡ് (The E-Myth Revisited) ആണ് തനിക്കും പിതാവിനും ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം എന്നു ജെസിക്ക പറയുന്നു.

നവസംരംഭകർക്ക് നൽകുന്ന ഉപദേശം

നവസംരംഭകർക്ക് ജെസിക്ക നൽകുന്ന ഉപദേശമെന്തെന്നോ? ഒരുൽപന്നം നന്നായിട്ടു പോകുന്നില്ലെന്നു കണ്ടാൽ, അതിൽത്തന്നെ പിടിച്ചു നിൽക്കാതെ വേഗം ഉൽപന്നം മാറ്റുക. ഉൽപന്നത്തോടുള്ള വൈകാരികമായ ഇഷ്ടം മറന്നു കളയുക.

ഓണ്‍ലൈനിൽ ബിസിനസ് ചെയ്യുന്നവർക്ക് ജെസിക്ക മറ്റൊരുപദേശം നൽകുന്നുണ്ട്. ഓണ്‍ലൈൻ ബിസിനസിൽ ആദ്യം പഠിക്കേണ്ടത് ഒരു സിസ്റ്റം രൂപപ്പെടുത്തണമെന്നതാണ്. ഈ സിസ്റ്റം പിന്നീട് നമ്മുടെ ജീവനക്കാർ നോക്കി നടത്തിക്കൊള്ളും.

സ്വന്തം അനുഭവത്തിൽ ജെസിക്ക മറ്റു ചില ഉപദേശങ്ങൾ കൂടി നവസംരംഭകർക്കായി നൽകുന്നു.
1. സെയിൽസിന് കൃത്യമായ ഒരു സ്ഥലം കണ്ടെത്തി അതിൽത്തന്നെ ശ്രദ്ധിക്കുക. വളരെ പ്രധാനമെന്നു തോന്നുന്ന ചില കാര്യങ്ങളുണ്ടാകാം. അവയെ അവഗണിക്കുക. കുറേക്കഴിയുന്പോൽ അവയ്ക്ക് ഒരു പ്രാധാന്യവുമില്ലായിരുന്നു എന്നു മനസിലാകും.
2. ഒരു ഉൽപന്നം വിറ്റു പോകുന്നില്ലെങ്കിൽ ഉൽപന്നം മാറ്റാൻ തയാറാവുക.
3. സഫലമാക്കാവുന്ന വിധത്തിലുള്ള ത്രൈമാസ-അർധവാർഷിക-വാർഷിക ലക്ഷ്യങ്ങളിടുക. ലക്ഷ്യങ്ങൾ നേടിയില്ലെങ്കിൽപ്പോലും വിഷമിക്കേണ്ടതില്ല. കുറേക്കൂടി മെച്ചമായതെന്തെങ്കിലും നേടാൻ പരിശ്രമിക്കലാണ് മുഖ്യം.
4. തോൽവി സംഭവിക്കുന്നതെപ്പോഴാണെന്നോ/ ഒരു കാര്യം തോൽവിയാണെന്ന് നാം അംഗീകരിക്കുന്പോൾ.
5. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ ശ്രദ്ധിക്കുക.
ജെസിക്ക റോസെൻ എന്ന മുപ്പത്തിയഞ്ചുകാരിയുടെ മുന്നിൽ വിജയത്തിന്‍റെ സുവർണ കന്പളം നീണ്ടു കിടക്കുന്നതിന് മറ്റൊരു കാരണം തേടേണ്ടതുണ്ടോ?

ഡോ. രാജൻ പെരുന്ന