ധർമ്മ സ്ഥാപനങ്ങൾ: മൂലധന ആസ്തി വിൽപനയും സ്ഥിര നിക്ഷേപവും
ധർമ്മ സ്ഥാപനങ്ങൾ: മൂലധന ആസ്തി വിൽപനയും   സ്ഥിര നിക്ഷേപവും
ധർമ്മ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അവയുടെ വരുമാനം ആദായ നികുതി വിമുക്തമാക്കുന്നതിനു വേണ്ടുന്ന നടപടി ക്രമങ്ങളും ആദായ നികുതി നിയമം വിവരിക്കുന്നുണ്ട്. 12 എ പ്രകാരം രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് നികുതി ഇളവു ലഭിക്കുക.
ഒരു സാന്പത്തിക വർഷം ധർമ്മ സ്ഥാപനങ്ങളുടെ ആസ്തികളിൽ നിന്നുള്ള വരുമാനമോ സംഭാവനകളോ 85 ശതമാനവും അതതു വർഷം തന്നെ അത്തരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വേണ്ടി ചിലവഴിക്കേണ്ടതുണ്ട്.

എന്നാൽ ചിലപ്പോൾ വളരെ താമസിച്ചു ലഭിച്ച വരുമാനമോ സംഭാവനയോ മൂലം അങ്ങനെ ചെയ്യാൻ ആയില്ലെങ്കിൽ അഥവാ ഭാവി വർഷങ്ങളിലേക്ക് കൂടുതലുള്ള തുക മുതൽകൂട്ടാനാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ്യമെങ്കിൽ, നിയമത്തിലെ ചില സാദ്ധ്യതകൾ പ്രയോജനപ്പെടുത്താം.
ഫോം 9എ അഥവാ ഫോം 10 ഫയൽ ചെയ്തു മുൻപറഞ്ഞ ഉദ്ദേശം നികുതി അധികാരിയെ അറിയിക്കണം. കൂടുതലുള്ള തുക ഭാവി വർഷങ്ങളിലേക്ക് ചെലവഴിക്കാനാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ്യമെങ്കി ൽ പ്രസ്തുത തുക നിർദ്ദിഷ്ട രീതികളിൽ നിക്ഷേപിക്കെണ്ടതുണ്ട്. അത്തരം നിക്ഷേപങ്ങൾ നിയമപ്രകാരം വിവരിച്ചിരിക്കുന്നതിൽ ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടും. ഇത്തരം നിക്ഷേപങ്ങൾ പിന്നീട് യഥാക്രമം അറിയിച്ചതുപോലെ തന്നെ ലക്ഷ്യങ്ങൾക്ക് വേണ്ടി ചെലവഴിക്കുകയും അതിന്‍റെ വിവരങ്ങൾ നൽകുകയും വേണം.

ധർമ്മ സ്ഥാപനങ്ങളുടെ ആസ്തികൾ വിറ്റു ലഭിക്കുന്ന തുകകൾ അപ്രകാരമുള്ള മറ്റു ആസ്തികൾ വാങ്ങാനാണ് ചെലവഴിക്കുന്നതെങ്കിൽ അത്തരം ചെലവുകൾ നിയമപ്രകാരം സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ഉദ്ദേശങ്ങൾക്ക് വേണ്ടി തന്നെ ചെലവഴിച്ചതായി കണക്കാക്കും.

നിയമപ്രകാരം മൂലധന ആസ്തികൾ വിവരിച്ചിരിക്കുന്നതിൽ ബാങ്ക് നിക്ഷേപവും ഉൾപ്പെടും. മൂലധന ആസ്തികൾ വിറ്റു ലഭിക്കുന്ന തുക ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയാലും സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ഉദ്ദേശങ്ങൾക്ക് വേണ്ടി തന്നെ ചെലവഴിച്ചതായി കണക്കാക്കും.
അത്തരം സ്ഥിരനിക്ഷേപങ്ങൾക്ക് പ്രത്യേക സമയ പരിധി കണക്കാക്കേണ്ട കാര്യമില്ല. അങ്ങനെ നിക്ഷേപിക്കുകയാണെങ്കിൽ ഫോം 10 സമർപ്പിക്കേണ്ട കാര്യവുമില്ല.

1975 സെപ്റ്റംബർ 24ന് പ്രത്യക്ഷ നികുതി ബോർഡ് നൽകിയ നിർദ്ദേശമനുസരിച്ച് (നന്പർ 883) കുറഞ്ഞത് ആറു മാസമെങ്കിലും തുക നിക്ഷേപിക്കണം എന്ന് പറഞ്ഞിരുന്നു. അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു:


"ധർമ്മ സ്ഥാപനങ്ങളുടെ ആസ്തികൾ വിറ്റു ലഭിക്കുന്ന തുകകൾ അപ്രകാരമുള്ള മറ്റു ആസ്തികൾ വാങ്ങാനാണ് ചെലവഴിക്കുന്നതെങ്കിൽ അത്തരം ചെലവുകൾ നിയമപ്രകാരം സ്ഥാപനങ്ങളുടെ നിർദ്ദിഷ്ട ഉദ്ദേശങ്ങൾക്ക് വേണ്ടി തന്നെ ചിലവഴിച്ചതായി കണക്കാക്കും.’

ആസ്തികൾ വിറ്റശേഷം വില്പന ചെലവുകൾ കഴിഞ്ഞുള്ള തുക ബാങ്കിൽ സ്ഥിര നിക്ഷേപമായി ഇട്ടാൽ ആദായ നികുതി നിയമപ്രകാരം സ്ഥാപനങ്ങളുടെ ഉദ്ദേശങ്ങൾക്കു വേണ്ടി മറ്റൊരു ആസ്തിയിൽ നിക്ഷേപിച്ചതായി കണക്കാക്കാൻ പറ്റുമോ എന്ന് ബോർഡ് പരിഗണിച്ചു. പ്രസ്തുത നിയമപ്രകാരം മൂലധന ആസ്തികളിൽ ബാങ്ക് നിക്ഷേപവും പെടും എന്നും അതിനാൽ മുൻപറഞ്ഞ പോലെ നിക്ഷേപിച്ചതായി പരിഗണിക്കാൻ ആവും എന്ന് ബോർഡ് കണ്ടെത്തുകയും ചെയ്തു.

ബോർഡിൽ ഉയർന്ന അഭിപ്രായപ്രകാരം കുറഞ്ഞത് ആറു മാസമെങ്കിലും പ്രസ്തുത തുക ബാങ്കിൽ നിക്ഷേപിച്ചാൽ ആദായ നികുതി നിയമപ്രകാരം സ്ഥാപനങ്ങളുടെ ഉദ്ദേശ്യങ്ങൾക്കു വേണ്ടി നിക്ഷേപിച്ചതായി പരിഗണിക്കാൻ ആവും.ഈ അഭിപ്രായം ശരിയാണോ? കോടതികൾ ഇത് കണക്കിലെടുക്കുകയും നിയമവശം പരിഗണിക്കുകയും ചെയ്തു.

ഉദാഹരണത്തിന് കൊൽക്കത്ത ഹൈക്കോടതി 1991 സെപ്റ്റംബർ 25-ന് ഹിന്ദുസ്ഥാൻ വെൽഫയർ ട്രസ്റ്റ് കേസിൽ ഇങ്ങനെ വിധിച്ചു: ഒരിക്കൽ നിക്ഷേപം ആസ്തിയായി പരിഗണിച്ചാൽ പിന്നെ അതിന്‍റെ സമയ പരിധിക്ക് സാംഗത്യമില്ല. ആറു മാസം എന്ന് പരിധി വെച്ചാൽ അതു സന്പത്തിനുള്ള നികുതി നിയമത്തിലെ ആസ്തിയുടെ നിർവചനത്തെ തന്നെ അസ്ഥിരപ്പെടുത്തുന്നു. ഈ സർക്കുലറിൽ നിന്നും യഥാർഥത്തിൽ വ്യക്തമാകുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ നിയമപ്രകാരമുള്ള ആസ്തിയായി പരിഗണിക്കാം എന്ന് തന്നെയാണ്.

രത്ന ചുരുക്കം

ധർമ്മ സ്ഥാപനങ്ങൾ തങ്ങളുടെ മൂലധന ആസ്തികൾ വിറ്റു കിട്ടുന്ന തുക (ചെലവുകൾക്കുശേഷമുള്ളത്) ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടാൽ നിയമപ്രകാരമുള്ള ആസ്തി നിക്ഷേപം അഥവാ ഉപയോഗം തന്നെ ആയി. അപ്രകാരമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പ്രത്യേക സമയ പരിധി ഇല്ല, കൂടാതെ ഫോം 10 സമർപ്പിക്കുക തുടങ്ങിയ നടപടിക്രമങ്ങ ൾ പാലിക്കേണ്ടതുമില്ല. മുകളിൽ പറഞ്ഞ ബോർഡ് നിർദ്ദേശവും കോടതി വിധിയും മറിച്ചുള്ള വാദങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നു.

ലൂക്കോസ് ജോസഫ്, സിഎ
അനിൽ പി നായ ർ, സിഎ