ഗുരുവും ശിഷ്യനും വീട്ടിലൊരുക്കും പച്ചക്കറി തോട്ടം
ഗുരുവും ശിഷ്യനും  വീട്ടിലൊരുക്കും പച്ചക്കറി തോട്ടം
Friday, May 22, 2020 3:02 PM IST
പച്ചക്കറികളൊക്കെ സ്വന്തം നട്ടുനനച്ച് വളർത്തിയെടുത്താൽ കഴിക്കാൻ തന്നെയൊരു സ്വാദാണെന്ന് പറയുന്ന പലരുമുണ്ട്. നല്ല ഫ്രഷ് പച്ചക്കറി അതും കീടനാശിനികളൊന്നും ചേരാത്തത് കഴിക്കാനാഗ്രഹിക്കുന്നവരാണ് പലരും. പക്ഷെ, നഗരങ്ങളിലേക്ക് താമസം മാറിയതോടെ പലർക്കും കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന പരാതിയാണ് പലർക്കും. അതൊരു പ്രശ്നമെയല്ലെന്നാണ് തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇള സസ്്റ്റയിനബിൾ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഡയറക്ടർമാരായ വി.എസ് ഷിജിനും അമൽ മാത്യുവും പറയുന്നത്. .

ഗുരു-ശിഷ്യ സംരംഭം

സ്ഥലമില്ല കൃഷി ചെയ്യാൻ എന്ന പരാതി പരിഹരിക്കാൻ ഹൈഡ്രോപോണിക്സ് സംവിധാനവുമായി എത്തിയിരിക്കുകയാണ് ഇവർ രണ്ടുപേരും. തിരുവനന്തപുരം സ്വദേശിയായ ഷിജിൻ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. എറണാകുളം സ്വദേശി അമൽ മാത്യു എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് റിലയൻസ് ജിയോയിൽ ജോലി ചെയ്യുകയായിരുന്നു. ഷിജിന്‍റെ വിദ്യാർഥിയായിരുന്നു അമൽ ആ പരിചയമാണ് ഇരുവരെയും സംരംഭത്തിലേക്ക് എത്തിച്ചത്.
2018 ലാണ് ഇവർ കന്പനിക്ക് തുടക്കം കുറിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യകൾ കാർഷികമേഖലയിലേക്ക് കൊണ്ടുവരികയാണ് കന്പനി ചെയ്യുന്നത്. ഹൈഡ്രോപോണിക്സ്, എയ്റോ പോണിക്സ്, മൈക്രോ ഗ്രീൻ, ഇൻഡോർ ഫാംസ് എന്നിവയാണ് ഞങ്ങൾ ചെയ്യുന്നത്. ഇതൊക്കെ നൂതന സാങ്കേതിക വിദ്യകളാണ്.വിദേശ രാജ്യങ്ങളിലൊക്കെ തന്നെയും ഇവയൊക്കെ പ്രചാരത്തിലായിക്കഴിഞ്ഞു. ഇന്ത്യയിൽ പ്രചാരത്തിലാകുന്നതെയുള്ളു. ഭാവിയുടെ സാങ്കേതിക വിദ്യകളാണിതൊക്കെ അമൽ പറയുന്നു.

ഹൈഡ്രോപോണിക്സിന്‍റെ മിനി റെസിഡൻഷ്യൽ പ്രോജക്ടുകളാണ് ഇവർ ഏറെയും ചെയ്യുന്നത്. ഒരു വീട്ടിൽ അവരുടെ വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം കൃഷി ചെയ്യാൻ ഇതുവഴി അവസരം ലഭിക്കും.

സ്വന്തം വീട്ടിൽ ആദ്യം

സംരംഭത്തിന്‍റെ സാങ്കേതികമായ കാര്യങ്ങളൊക്കെ ചെയ്യുന്നത് ഷിജിനാണ്. ഒരു വർഷത്തോളം നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഇത്തരമൊരു സംരംഭത്തിന് ഇവർ രൂപം കൊടുക്കുന്നത്. ടെറസിലും ബാൽക്കണിയിലു മൊക്കെയായി കൃഷി ചെയ്യാം. തോട്ടത്തിൽ നിന്നും ശേഖരിച്ച് ഒരു ഒരു ദിവസം കഴിഞ്ഞതിനുശേഷമാണ് നമ്മുടെ അടുക്കളയിലേക്ക് പച്ചക്കറി എത്തുന്നത് അപ്പോഴേക്കും അതിന്‍റെ ഗുണമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും.

ശുദ്ധമായ പച്ചക്കറികൾ നമുക്ക് സ്വന്തമായി കൃഷി ചെയ്യാമെങ്കിൽ എന്തിനാണ് ഈ വിഷമയമായവയെ ആശ്രയിക്കുന്നത്. വീട്ടിലെ ഏതെങ്കിലുമൊരു റൂമിൽ ഇൻഡോർ ലൈറ്റും എയർ കണ്ടീഷനുമെല്ലാം വെച്ച് ഇൻഡോർ ഫാമിംഗിനുള്ള അന്തരീക്ഷം ഒരുക്കാം അമൽ പറഞ്ഞു. ഇതിനാവശ്യമായ സാങ്കേതിക വിദ്യയെല്ലാം ഒരു വർഷം കൊണ്ട് ഷിജിനാണ് വികസിപ്പിച്ചെടുത്ത്ത്.

അതിനുശേഷം ഷിജിന്‍റെ വീട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് വിജയിച്ചതിനുശേഷമാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്.സ്വന്തം ആവശ്യത്തിൽ കൂടുതൽ ഉത്പാദനം നടത്തുന്നവർക്ക് ഇള ഗ്രീൻസ് എന്ന പേരിൽ അവരുടെ ഉത്പന്നങ്ങളെ സൂപ്പർമാർക്കറ്റുകളും മറ്റും വഴി വിറ്റഴിക്കാനുള്ള അവസരവും കന്പനി ഒരുക്കുന്നുണ്ട്.

എവിടെയൊമൊരുക്കാം തോട്ടാം

കസ്റ്റമൈസ്ഡ് മോഡലാണ് ഇവർ കൂടുതലായും ചെയ്യുന്നത്. വീടിനുള്ളിലോ ടെറസിലോ വീടിനു പുറകിലോ അല്ലെങ്കിൽ ഗാർഡനിലൊക്കെ പോളി ഹൗസ് മോഡലിൽ ഇവർ ചെയ്തു നൽകും. താപം തനിയെ നിയന്ത്രിക്കുന്ന ഫാനുകൾ, ലൈറ്റ്, സമയബന്ധിതമായി പ്രവർത്തിക്കുന്ന മോട്ടർ എന്നിങ്ങനെ മാനുഷിക അദ്ധ്വാനം കുറവു വേണ്ട രീതിയിൽ ഓട്ടേമേറ്റഡാണ് ഈ സംവിധാനം. കൃഷിയിടം വീട്ടിൽ സ്ഥാപിച്ചു നൽകുന്നതിനോടൊപ്പം കർഷകനു വേണ്ട എല്ലാ പിന്തുണയും ഇവർ നൽകും. പച്ചക്കറി വളരുന്പോൾ എന്തൊക്കെ വേണം, എങ്ങനെ പരിപാലിക്കണം, വിത്തുകൾ, വളം എന്നിവയെല്ലാം ഇവർ നൽകുമെന്നും അമൽ അറിയിച്ചു. കാപ്സിക്കം, വിവിധ മുളകുകൾ, ഇല വർഗങ്ങൾ, ഇംഗ്ലീഷ് വെജിറ്റബിൾസ്, തക്കാളി എന്നിവയൊക്കെയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഏറ്റവും അടിസ്ഥാന യൂണിറ്റിന് 15000 രൂപയാണ് വിലവരുന്നത്.ഓരോ ഉപഭോക്താവിന്‍റെയും ആവശ്യത്തിനനുസരിച്ചാണ് ഇത് നിർമിച്ചു നൽകുന്നത്.

കൂടുതൽ കൃഷിയും ഓണ്‍ലൈൻ വിൽപ്പനയും ലക്ഷ്യം

കേരളത്തിൽ എല്ലാ ജില്ലകളിലും തന്നെ  ഇവർ പ്രോജക്ടുകൾ ചെയ്തു കഴിഞ്ഞു. കൂടുതലും ടെറസ് കൃഷിയാണ് ചെയ്തിരിക്കുന്നത്. കേരളത്തിൽ 53 എണ്ണവും ബംഗളുരുവിൽ രണ്ടെണ്ണവുമാണ് ചെയ്തിരിക്കുന്നത്. കോട്ടയത്ത് ചിങ്ങവനത്ത് ഒരു ഓട്ടോ ഇലക്ട്രിക്കൽ വെയർ ഹൗസിനുള്ളിൽ ഹൈഡ്രോപോണിക്സ് ചെയ്തിട്ടുണ്ട്. ഇൻഡോർ ഫാം യൂണിറ്റ് തൃശൂരും തൊടുപുഴയുമൊക്കെ ചെയ്യുന്നുണ്ട്. എയ്റോപോണിക്സും ചെയ്യാറുണ്ട് അത് പൊതുവേ കൊമേഴ്സ്യൽ ഫാമുകൾക്കും മറ്റുമാണ് ചെയ്തു നൽകുന്നത്. മൈക്രോ ഗ്രീനും ചെയ്യും. അതായത് പയർ വർഗങ്ങളും മറ്റും നിയന്ത്രിത അന്തരീക്ഷത്തിൽ ഏഴു ദിവസം മുളപ്പിച്ച ശേഷം ഉപയോഗിക്കുന്ന കൃഷി രീതിയാണിത്. കളമശേരിയിൽ ഇത്തരമൊരു യൂണിറ്റുണ്ട്. അതും കൊമേഴ്സ്യൽ ഫാമിലാണ് ചെയ്തിരിക്കുന്നത്. അമൽ അറിയിച്ചു. ഷിജിനെയും അമലിനെയും കൂടാതെ അഞ്ചു പേർകൂടിയുണ്ട് ടീമിൽ. തിരുവനന്തപുരത്തെ ഓഫീസ് കൂടാതെ കാക്കനാടും ഓഫീസുണ്ട് കന്പനിക്ക്.

കൃഷി ചെയ്യാൻ സ്ഥലവും നിക്ഷേപം നടത്താൻ താൽപ്പര്യമുള്ളവർക്കിടയിൽ കൂടുതൽ സജ്ജമാകുകയാണ് കന്പനിയുടെ ലക്ഷ്യം. അങ്ങനെ ഉത്പാദനം കൂടുകയാണെങ്കിൽ ഓണ്‍ലൈൻ വഴി വിൽപ്പന നടത്താനും കന്പനിക്ക് ലക്ഷ്യമുണ്ടെന്ന് അമൽ പറഞ്ഞു.