80 സിക്കു പുറത്തും നികുതി ലാഭിക്കാം
80 സിക്കു പുറത്തും നികുതി ലാഭിക്കാം
80 സിക്ക് പുറത്തുള്ള ചില നിക്ഷേപങ്ങൾക്കും ചില ചെലവുകൾക്കും ആദായനികുതി നിയമത്തിൽ നികുതിയിളവു നൽകിയിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിൽ നിക്ഷേപമോ ചെലവുകളോ നടത്തിയാലും അതിനു നികുതിയിളവു കിട്ടുമെന്നു പല നികുതിദായകർക്കും അറിവില്ല. അത്തരത്തിലുള്ള നിക്ഷേപങ്ങളേയും ഇളവുകളേയും പരിചയപ്പെടുത്തുകയാണ് ചുവടെ.

പെൻഷൻ പ്ലാനുകൾ:
പെൻഷൻ പ്ലാനുകൾക്കു നൽകുന്ന പ്രീമിയത്തിന് 80സിസിസി അനുസരിച്ച് നികുതിയിളവു കിട്ടും. പക്ഷേ 80സി, 80 സിസിസി എന്നിവയിലെ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനെ ഇളവു ലഭിക്കുകയുള്ളു.

മെഡിക്കൽ ഇൻഷുറൻസ്:
ആദായനികുതി നിയമം 80 ഡി അനുസരിച്ച് അറുപതു വയസിനു താഴെയുള്ള നികുതി ദായകൻ, പങ്കാളി, കുട്ടികൾ തുടങ്ങിയവർക്കായുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം 25,000 രൂപ വരെ നികുതിയിളവു നേടാം. നികുതിദായകൻ മുതിർന്ന പൗരൻ ആയാൽ 50,000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതിയിളവ് നേടാം.

ഇതിനു പുറമേ മാതാപിതാക്കൾക്കായി എടുക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി നൽകുന്ന പ്രീമിയത്തിനും ഇളവു ലഭിക്കും. മാതാപിതാക്കൾ 60 വയസിനു താഴെയുള്ളവരാണെങ്കിൽ 25,000 രൂപ വരെയും മുതിർന്ന പൗരന്മാരാണെങ്കിൽ 50,000 രൂപ വരെയുള്ള പ്രീമിയത്തിനും നികുതിയിളവു കിട്ടും.

നികുതിദായകനും മാതാപിതാക്കളും മുതിർന്ന പൗരന്മാരാണെങ്കിൽ 50,000 രൂപ വീതം ഒരു ലക്ഷം രൂപവരെ നികതിയിളവു ക്ലെയിം ചെയ്യാം.

ഹെൽത്ത് ചെക്ക്പ്പ്:
ഹെൽത്ത് ചെക്കപ്പിനായി നൽകുന്ന 5,000 രൂപ വരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ട്. 80 ഡിയിൽ അനുവദിച്ചിരിക്കുന്ന തുകയുടെ പരിധിയിൽ ഇതും ഉൾപ്പെടും.

ഭവന വായ്പ പലിശ:
ഭവന വായ്പയുടെ തിരിച്ചടവിൽ പലിശയായി നൽകുന്ന 2 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതിയിളവു കിട്ടും.

വിദ്യാഭ്യാസ വായ്പ പലിശ:
വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവിൽ പലിശയായി നൽകുന്ന തുകയ്ക്ക് നികുതിയിളവു കിട്ടും. എന്നാൽ പ്രിൻസിപ്പൽ തുകയ്ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

സംഭാവന:
ജീവകാരുണ്യം, ഗവേഷണ സ്ഥാപനങ്ങൾ, ദുരിതാശ്വാസ നിധി, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയ്ക്കു നൽകുന്ന സംഭാവനകൾക്ക് 50-100 ശതമാനം നികതിയിളവു ലഭിക്കും. സംഭാവനകൾ മൊത്തം വരുമാനത്തിന്‍റെ 10 ശതമാനത്തിൽ കൂടരുത്.


ഭിന്നശേഷിയുള്ളയാളുടെ ചികിത്സ:
ഭിന്ന ശേഷിയുള്ളയാളുടെ ചികിത്സയ്ക്ക് 75,000 രൂപ വരെയുള്ള (ഗുരുതര ഭിന്നശേഷിക്ക് 1.25 ലക്ഷം രൂപ) തുകയ്ക്ക് നികുതിയിളവു ക്ലെയിം ചെയ്യാം. ഭിന്നശേഷിയുള്ള അടുത്ത ബന്ധുവിന്‍റെ ചികിത്സയ്ക്കും ഈ ആനുകൂല്യം ലഭിക്കും.

ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സ:
60 വയസിൽ താഴെയുള്ള നികുതിദായകന്‍റെ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവിന് 40,000 രൂപ വരെയുള്ള തുകയ്ക്ക് നികുതി കിഴിവ് ലഭിക്കും. മുതിർന്ന പൗരന്മാരുടെ കാര്യത്തിലിത് ഒരു ലക്ഷം രൂപയാണ്.

സേവിംഗ്സ് അക്കൗണ്ട് പലിശ:
സേവിംഗ്സ് അക്കൗണ്ടിൽനിന്നുള്ള ലഭിക്കുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവുണ്ട്.

എൻപിഎസിൽ അധിക നിക്ഷേപം:
80 സിയിൽ ലഭിക്കുന്ന 1.5 ലക്ഷം രൂപ വരെയുള്ള നികുതിയിളവിനു പുറമേ എൻപിഎസ് ടയർ വണ്‍ അക്കൗണ്ടിൽ 50000 രൂപയുടെ അധിക നിക്ഷേപത്തിനും കൂടി നികുതിയിളവു കിട്ടും. അതായത് എൻപിഎസിലെ രണ്ടു ലക്ഷം രൂപയുടെ വരെയുള്ള നിക്ഷേപത്തിന് നികുതയിളവ് നേടാം.

വീട്ടുവാടക:
വാടകയ്ക്കു താമസിക്കുന്നവർക്ക് നൽകുന്ന വാടകയ്ക്ക് നികുതിയിളവു ക്ലെയിം ചെയ്യാം. നൽകുന്ന വാടകയിൽനിന്നു മൊത്തം വരുമാനത്തിന്‍റെ 10 ശതമാനം കുറയ്ക്കുന്പോൾ ലഭിക്കുന്ന തുകയോ മൊത്തം വരുമാനത്തിന്‍റെ 25 ശതമാനമോ ഏതാണ് കുറവ് അതാണ് നികുതിയിളവിനായി കണക്കാക്കുക.

എൽടിഎ :
ശന്പളക്കാരായ നികുതിദായകർക്കു നികുതി ലാഭിക്കാനുള്ള വഴിയാണ് ലീവ് ട്രാവൽ അലവൻസ്. നാലു കലണ്ടർ വർഷത്തിൽ രണ്ടു തവണ ഈ ഇളവു നേടാം.

ഇലക്ട്രിക് വാഹനം വാങ്ങുന്പോൾ :
വായ്പ എടുത്ത് ഇലക്ട്രിക് വാഹനങ്ങുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി അതിന്‍റെ 1.5 ലക്ഷം രൂപ വരെയുള്ള പലിശ തിരിച്ചടവിന് നികുതിയിളവ് ക്ലെയിം ചെയ്യാം.

പ്രഫഷണൽ ടാക്സ് :
സംസ്ഥാന സർക്കാർ തൊഴിൽ ചെയ്യുന്നവരിൽനിന്ന് ഈടാക്കുന്ന നികുതിയാണ് പ്രഫഷണൽ ടാക്സ്. തൊഴിൽദായകർ ജോലിക്കാരുടെ ശന്പളത്തിൽനിന്ന് പിടിച്ച് സർക്കാരിലേക്ക് അടയ്ക്കുകയാണ് ചെയ്യാറ്. ഈ തുകയ്ക്ക് ആദായനികുതി ഇളവുണ്ട്.
lll