മാസ്‌കുകള്‍ക്ക് മീതെ നയനങ്ങള്‍ക്ക് മിഴിവേകാം
മാസ്‌കുകള്‍ക്ക് മീതെ നയനങ്ങള്‍ക്ക് മിഴിവേകാം
മാസ്‌കുകളുടെ പുതുയുഗത്തില്‍ മേക്കപ്പ് ബുദ്ധിമുട്ടായി മാറിയിരിക്കുന്ന പരിമിതിയിലാണ് മേക്കപ്പ് പ്രേമികള്‍. ഫൗണ്ടേഷനും ലിപ്സ്റ്റിക്കിനുമെല്ലാം മാസ്‌ക് ഒരു തടസമായിരിക്കുന്നു. ഇത് ബാധിക്കാത്ത മുഖത്തെ ഒരേയൊരുഭാഗം കണ്ണുകളാണ്. ചുണ്ടുകളില്‍ പരീക്ഷിച്ചിരുന്ന നിറങ്ങള്‍ ഇപ്പോള്‍ കണ്ണുകളിലേയ്ക്ക് പടര്‍ന്നു കയറിയിരിക്കുന്നു. കളര്‍ ലൈനേഴ്‌സും മസ്‌കാരയും ഗ്‌ളിര്‍ഷാഡോസുമൊക്കെയാണ് ഇപ്പോള്‍ തരംഗം. വെറും കണ്‍മഷിയില്‍ ഒതുങ്ങിയിരുന്ന കണ്ണുകളില്‍ കോവിഡ് വര്‍ണങ്ങള്‍ നിറച്ചിരിക്കുകയാണ്.

മള്‍ട്ടികളേഴ്‌സ് ഐ മേക്കപ്പ്

കണ്ണില്‍ ഒരേ സമയം വ്യത്യസ്ത വര്‍ണങ്ങള്‍ പരീക്ഷിക്കുകയാണ് ഇവിടെ. ഇഷ്ടമുളള നിറങ്ങള്‍ പലതുകളായി ഒരേ സമയം കണ്ണുകളില്‍ പരീക്ഷിക്കാം. ശരിക്കും ഒരു ക്രിയേറ്റീവ് ഫീലിംഗ് ഈ ലുക്കിന് നല്കാന്‍ സാധിക്കും.

കളര്‍ഫുള്‍ ലോ-ലൈനര്‍

കണ്ണിന്റെ മുകള്‍ ഭാഗത്തിനൊപ്പം താഴ്ഭാഗത്തിനും ഈ ലുക്ക് പ്രാധാന്യം നല്കുന്നു. മുകളില്‍ ഉപയോഗിച്ച അതേനിറമോ അതിന്റെ ലൈറ്റ് കളറോ അടിഭാഗത്തും ഉപയോഗിക്കാം. നിങ്ങളുടെ ലുക്കില്‍ എടുത്തു പറയത്തക്ക മാറ്റം നല്കാന്‍ ഇതിനു സാധിക്കും.

ഫ്‌ളട്ടറി മസ്‌കാര

ഐഷാഡോയെക്കാള്‍ മസ്‌കാര താല്പര്യം ഉളളവര്‍ക്ക് ഈ ലുക്ക് തെരഞ്ഞെടുത്ത് ട്രെന്റിയായി നില്ക്കാം. റൂട്ട് മുതല്‍ ടിപ്പ് വരെ കൃത്യമായി ഉപയോഗിക്കണം എന്നുമാത്രം.

ആനിമല്‍ പ്രിന്‍റ് ഐഷാഡോ

മൃഗസ്‌നേഹികളെ ഏറ്റവും ആകര്‍ഷിച്ച ട്രെന്റാണ് ഈ ലുക്ക.് ആനിമല്‍ പ്രിന്റുകള്‍ സര്‍ഗാത്മകവും രസകരവുമായ ഒന്നാണെന്ന് ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഐ മേക്കപ്പ് ലോകത്ത് പുതിയ ആളാണെങ്കില്‍ ഈ ലുക്കിനായി കുറച്ചധികം സമയം ചെലവഴിക്കേണ്ടിവരുമെന്ന് മാത്രം.

ഗ്‌ളോസി ഐഷാഡോ

സ്‌മോക്കി ഐസിന് ഒരു ഗ്‌ളോസി ലുക്ക്കൂടി നല്കുമ്പോള്‍ അത് വശ്യസൗന്ദര്യമായി മാറുകയാണ്. വളരെ എളുപ്പത്തിലും വേഗത്തിലും ഈ ലുക്ക് നേടാന്‍ സാധിക്കും. ഐഗ്‌ളോസ് കണ്ണിനു മുകളില്‍ പുരട്ടിയ ശേഷം വിരല്‍ കൊണ്ട് സ്‌മോക്കി ലുക്ക് നല്കിയാല്‍ മേക്കപ്പ് തീര്‍ന്നു.

ബ്രൈറ്റ് മസ്‌ക്കാര

കറുത്ത മസ്‌ക്കാരയ്ക്ക് ഇടവേള നല്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ വര്‍ണങ്ങള്‍ പരീക്ഷിക്കാന്‍ തീര്‍ച്ചയായും സമയമായി. ബ്രൈറ്റ് പിങ്ക്, ഡീപ്പ് ബ്‌ളൂ, ഗ്രീന്‍ എന്നീ നിറങ്ങള്‍ നിങ്ങള്‍ക്ക് ധൈര്യമായി പരീക്ഷിക്കാം.


നിയോണ്‍ ട്രെന്‍റ്

നിയോണ്‍ വളരെക്കാലമായി ഐഷാഡോ ആയി ഉപയോഗിക്കുന്നതാണ്. എന്നാല്‍ പുതിയ ട്രെന്റില്‍ കണ്‍പോളകളില്‍ മുഴുവനായി ഉപയോഗിക്കുന്നതിനു പകരം കോണുകളില്‍ മാത്രമാണ് നിയോണ്‍ ഷേഡ് ഉപയോഗിക്കുന്നത്.

ഫ്‌ളോട്ടിംഗ് ഐ ലൈനര്‍

ഐഷാഡോയില്‍ വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുളളതും എന്നാല്‍ വളരെ സിംപിള്‍ ലുക്ക് തരുന്നതുമാണ് ഫ്‌ളോട്ടിംഗ് ഐലൈനര്‍ മേക്കപ്പ്. ചെറുതായി കണ്ണെഴുതിയ ശേഷം ആ നിറം കൊണ്ടുതന്നെ കുറച്ച് മുകളിലായി മറ്റൊരു വരകൂടി വരയ്ക്കാം.

വാട്ടര്‍ കളര്‍ മേക്കപ്പ്

വളരെ മൃദുവായതും എന്നാല്‍ ആകര്‍ഷണീയമായതുമാണ് വാട്ടര്‍ കളര്‍ ഐഷാഡോ. ഒരു നിറത്തില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് അവരുടെ പരീക്ഷണങ്ങള്‍ കണ്ണുകളില്‍ നടത്താം. കോണുകളിലും,മധ്യഭാഗത്തും,അറ്റങ്ങളിലും വ്യത്യസ്ഥ നിറങ്ങള്‍ തെരഞ്ഞെടുത്ത് ഒരു മള്‍ട്ടികളര്‍ രൂപം നല്കാം.

മിസ്മാച്ച് ഐഷാഡോ

മേക്കപ്പില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരീക്ഷിക്കാവുന്നതാണ് മിസ്സ് മാച്ച് ഐഷാഡോ.ഇരുകണ്ണിലും വ്യത്യസ്ത നിറങ്ങള്‍ നല്കി കണ്ണുകള്‍ക്ക് ആകര്‍ഷണീയത നല്കാവുന്നതാണ്.

പാസ്റ്റല്‍പിങ്ക് ലൈനര്‍

പാസ്റ്റല്‍ ലുക്കില്‍ പിങ്ക് ഐ ലൈനര്‍ മാത്രം ഉപയോഗിച്ചു അഴകുളള കണ്ണുകളെ സൃഷ്ട്ടിക്കാം. ലളിതവും എന്നാല്‍ ആകര്‍ഷണീയവുമാണ് പാസ്റ്റല്‍ ലുക്ക്.

റെഡ് സ്‌മോക്കി ഐസ്

സ്‌മോക്കി ലുക്ക് നല്കാന്‍ കറുത്തനിറം മാത്രമല്ലെ നിങ്ങള്‍ ഇതുവരെ പരീക്ഷിച്ചിട്ടുളളു. എന്നാല്‍ പച്ചയും നീലയും ചുവപ്പും നിറങ്ങളൊക്കെ കണ്ണുകള്‍ക്ക് സ്‌മോക്കി ലുക്ക് നല്കാന്‍ ഉപയോഗിച്ചാല്‍ ഏറെ മനോഹരമായിരിക്കും.

ട്രീസ ജോയി