മധുരം ഉപയോഗിക്കുന്പോൾ; കൗമാരം കരുതലോടെ...
Thursday, September 20, 2018 2:32 PM IST
കൗമാരപ്രായത്തിലുള്ളവർക്കു ദിവസം 50 ഗ്രാം വരെ (10 ടീ സ്പൂണ്)പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോൾ അത്രയും കഴിക്കണം എന്നു നിർദേശിക്കാറില്ല. കാരണം, ഇപ്പോൾ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാർ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങൾ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാർജഷേക്കിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.
സാക്കറിനും കോൺ സിറപ്പും
ചില ബേക്കറി വിഭവങ്ങളിൽ പഞ്ചസാരയ്ക്കു പകരം കോണ് സിറപ്പും( ചോളത്തിൽ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേർക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ് സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തിൽ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.
സോഫ്റ്റ് ഡ്രിംഗ്സിനു മധുരം കൂടും
ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഓരാൾക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സിൽ നിന്നു ലഭിക്കും. അതിനാൽ അത് ശീലമാക്കേണ്ട
ജാം, സോഫ്റ്റ് ഡ്രിംഗ്സ്... മിതമായി
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറുമുണ്ട്. ചില സീസണിൽ മാത്രമുണ്ടാകുന്ന പഴങ്ങൾ അടുത്ത സീസണ് വരെ ഉപയോഗിക്കാൻ പ്രിസർവേറ്റീവുകളും മറ്റും ചേർത്തു നിർമിക്കുന്നതാണ് ജാമും സ്ക്വാഷും മറ്റും. അവയിൽ പോഷകമൂല്യത്തിനൊന്നും യാതൊരു സ്ഥാനവുമില്ല. പഴുത്ത വരിക്കച്ചക്കയിൽ ശർക്കര ചേർത്തു വരട്ടിയതു കഴിക്കുന്നതു കൊണ്ടു ദോഷമില്ല.
പഞ്ചസാര ഏറിയാൽ അമിതഭാരം
അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.
പഞ്ചസാരയിലുള്ളത് എംറ്റി കലോറി
പഞ്ചസാരയുടെ അമിതോപയോഗമാണ് അമിതഭാരത്തിന്റെ പ്രധാന കാരണം. എനർജി കിട്ടുമെന്ന ന്യായം പറഞ്ഞ് പഞ്ചസാര കൂടുതലായി കഴിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും. പഞ്ചസാര കഴിച്ചാൽ ഇൻസ്റ്റൻറ് ആയി എനർജി കിട്ടുമെങ്കിലും അതിൽ പോഷകങ്ങളില്ലാത്തതിനാൽ ഗുണത്തേക്കാൾ ദോഷമാണു
കൂടുതൽ.
മധുരവും പ്രമേഹവും
ഇൻസുലിൻ ഉത്പാദിപ്പിച്ചാണ് ശരീരം രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിക്കുന്നത്. ഇൻസുലിനു കുറവുണ്ടാവുകയോ പുറപ്പെടുവിക്കപ്പെടുന്ന ഇൻസുലിന്റെ ഗുണനിലവാരം കുറയുകയോ ചെയ്താൽ പഞ്ചസാര ഫാറ്റായി മാറാതെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. അതാണ് പ്രമേഹം.
വിവരങ്ങൾ:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്സൾട്ടന്റ്