മരണംവരെയും ഉന്നതങ്ങളിൽ
ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ഉയരമുണ്ടായിരുന്ന വ്യക്‌തി അമേരിക്കക്കാരനായ റോബർട്ട് പെർഷിംഗ് വാഡ്ലോ ആയിരുന്നു. ഇല്ലിനോയിസ് സംസ്‌ഥാനത്തെ ആൾട്ടണിലെ മേയർ ആയിരുന്ന ഹരോൾഡ് എഫ് വാഡ്ലോയുടെ മകനായി 1918 ഫെബ്രുവരി 22ന് രാവിലെ 6.30നാണ് റോബർട്ട് ജനിച്ചത്. മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ 1940 ജൂൺ 27ന്, ഇരുപത്തി രണ്ടാം വയസിൽ റോബർട്ടിന്റെ ഉയരം 8 അടി 11.1 ഇഞ്ച് (2.72 മീറ്റർ) ആയിരുന്നു. 1940 ജൂലൈ 15ന് വെളുപ്പിന് ഒന്നര മണിക്ക് മിഷിഗണിലുള്ള മാനിസ്റ്റി ഹോട്ടൽ മുറിയിൽ കക്ഷത്തിലുണ്ടായ ഒരു മുറിവ് സെപ്റ്റിക് ആയതിനെത്തുടർന്നായിരുന്നു റോബർട്ടിന്റെ അപ്രതീക്ഷിതമായ അന്ത്യം.

ആൾട്ടണിലെ ഓക്വുഡ് സെമിത്തേരിയിലാണ് റോബർട്ടിന്റെ ശരീരം സംസ്കരിച്ചത്. മൃതദേഹം കിടത്തിയ ശവപ്പെട്ടിക്ക് 10 അടി 9 ഇഞ്ച് (3.28 മീറ്റർ) നീളവും 81 സെന്റി മീറ്റർ (32 ഇഞ്ച്) വീതിയും 76 സെന്റിമീറ്റർ (30 ഇഞ്ച്) ആഴവും ഉണ്ടായിരുന്നു. 21–ാം ജന്മവാർഷിക ദിനാഘോഷ വേളയിൽ റോബർട്ടിന് 222.71 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. എന്നാൽ മരിക്കുമ്പോൾ ഭാരം 199 കിലോഗ്രാമായി കുറഞ്ഞിരുന്നു. അദ്ദേഹം ധരിച്ചിരുന്നത് 47 സെന്റി മീറ്റർ (18.5 ഇഞ്ച്) നീളമുള്ള ഷൂസ് ആയിരുന്നു. വിരലിലാകട്ടെ വളയുടെയത്ര വലിപ്പമുള്ള ഒരു മോതിരവും. റോബർട്ടിന്റെ കൈകളുടെ നീളം തന്നെ 32.4 സെന്റി മീറ്റർ (12.75 ഇഞ്ച്) വരുമായിരുന്നു. അദ്ദേഹം ഒരു ദിവസം കഴിക്കുന്നതാകട്ടെ 8000 കലോറിയുടെ ഭക്ഷണവും.


കക്ഷത്തിലുണ്ടായ മുറിവ് കാര്യമായെടുത്ത് തക്ക സമയത്ത് വേണ്ട ചികിത്സ നൽകിയിരുന്നെങ്കിൽ റോബർട്ട് ഇത്രവേഗത്തിൽ മരിക്കുകയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ദുഃഖത്തോടെ ഓർക്കുന്നത്. അതെക്കുറിച്ചുള്ള ദുഃഖവും കുറ്റബോധവും കുടുംബാംഗങ്ങളെ വളരെയേറെ അലട്ടിയിരുന്നു. റോബർട്ടിന്റെ ബാല്യകാല കുസൃതികളെക്കുറിച്ചുള്ള നിരവധി ഓർമകൾ പലരുടെയും മനസിലുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഒരിക്കൽ വീണ് കാലൊടിഞ്ഞു. അപ്പോൾ റോബർട്ടിന് വെറും ഒമ്പതു വയസ്. താഴത്തെ മുറിയിൽ നിന്ന് 5 അടി 11 ഇഞ്ച് ഉയരവും 77 കി. ഗ്രാം ഭാരവും ഉണ്ടായിരുന്ന പിതാവിനെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിലേക്ക് എടുത്തുകൊണ്ടുപോയിരുന്നത് ഒമ്പതുകാരനായ റോബർട്ടായിരുന്നു.

<ആ>ജോർജ് മാത്യു പുതുപ്പള്ളി