വൈപ്പിന്‍ ദ്വീപും വിസ്മൃതിയിലേക്ക്
Friday, October 10, 2025 5:29 PM IST
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന് ആയുസ് എത്രകാലം. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഉയര്‍ന്ന് ദുരിതത്തിലാണ് ദ്വീപ് നിവാസികള്‍. 2050 ആകുമ്പോഴേക്കും വൈപ്പിന്‍ മുങ്ങുമെന്നാണ് പഠനങ്ങള്‍. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ് വൈപ്പിന്‍ ദ്വീപ്.
വൈപ്പിന്‍ ബ്ലോക്കിനു കീഴില്‍ എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലായി നിലവില്‍ ജനസംഖ്യ 2,15,000. പെരിയാറില്‍ 1341 ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ ചെളിയും എക്കലും അടിഞ്ഞ് രൂപപ്പെട്ടതാണ് അറബിക്കടലിനും കൊച്ചിക്കായലിനും ഇടയില്‍ 25 കി.മീ. നീളവും ശരാശരി രണ്ടു കി.മീ. വീതിയുമുള്ള വൈപ്പിന്‍ ദ്വീപ്.
കരയുടെ വിസ്തീര്‍ണം 89 ചതുരശ്രകിലോമീറ്ററുണ്ടെങ്കിലും ഇതിന്റെ മൂന്നിലൊരു ഭാഗം തണ്ണീര്‍ത്തടങ്ങളാണ്. ബാക്കി പ്രദേശത്താണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. കൊച്ചി തുറമുഖത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ ദ്വീപിലേക്ക്. കടലിനെയും കായലിനെയും ബന്ധിപ്പിക്കുന്ന നിരവധി ഇടത്തോടുകളുള്ള പ്രദേശമാണിത്.
കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നുപോയതും കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെത്തുടര്‍ന്നാണ്. ആഗോളതാപനത്തെത്തുടര്ന്ന് കടല്‍ ഒരടി ഉയര്‍ന്നാല്‍ വൈപ്പിന്‍ ദ്വീപിന്റെ കിഴക്ക് വശത്തുള്ള ഉപദ്വീപുകള്‍ വാസയോഗ്യമല്ലാതാകും.
ഇവിടെ ടെട്രോപോഡ് സ്ഥാപിച്ച് സുരക്ഷയൊരുക്കാന്‍ 650 കോടി രൂപ വരും. കണ്ടലുകള്‍ നട്ടാല്‍ തിരമാലകളുടെ ശക്തി കുറയുമെന്നതിനാല്‍ ജൈവവേലിക്ക് പ്രധാന്യം നല്‍കണമെന്നാണ് ദ്വീപുവാസികളുടെ താല്പര്യം.
സംസ്ഥാനത്തെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 859 ആയിരിക്കെ വൈപ്പില്‍ നാലായിരമാണ്. കടലും കായലും ചീനവലകളും ചെമ്മീന്‍ കെട്ടുകളും പൊക്കാളിപ്പാടങ്ങളുമുള്ള മനോഹരമായ ഭൂപ്രദേശം ഏറെക്കാലം ബാക്കിയുണ്ടാവില്ല. കൊടുങ്കാറ്റുകളും കടലേറ്റവും വേലിയേറ്റവും പതിവായ ദ്വീപില്‍നിന്ന് ജനങ്ങളുടെ പലായനം തുടങ്ങിക്കഴിഞ്ഞു.
2004ലെ സുനാമിയില്‍ ഇവിടെ അഞ്ചുപേര്‍ക്ക് മരണം സംഭവിച്ചു. 2018 മഹാപ്രളയത്തില്‍ വൈപ്പിന്‍ദ്വീപിലെ പല ഭാഗങ്ങളും ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. 2021 ടൗട്ടെ ചുഴലിക്കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി.
ദിവസവും പടിഞ്ഞാറുനിന്ന് കടല്‍ ക്ഷോഭിച്ച് നേരേ കയറിവരും. മറുഭാഗങ്ങളില്നിന്ന് പുഴവെള്ളവും. കായലിലൂടെയും ഇടത്തോടുകളിലൂടെയും വെള്ളം പറമ്പുകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും കയറും. വര്‍ഷത്തില്‍ ഏഴെട്ടു മാസം ഉപ്പുവെള്ളക്കെട്ടില്‍ ജീവിക്കുകയാണ് വൈപ്പിന്നിവാസികള്.

മണ്റോത്തുരുത്തിനും ദുര്‍വിധി
ജലസമാധിയുടെ പിടിയിലമരുന്ന കൊല്ലം മൺറോത്തുരുത്തില്‍ ജീവിതം ഏറെക്കാലം സാധ്യമാകില്ല. വൈകുന്നേരം വേലിയേറ്റം ആര്‍ത്തലച്ചു കയറും. നൊടിയിടയില്‍ വീടുകളുടെ മുറ്റത്തും അടുക്കളയിലും പാത്രങ്ങളിലും ശൗചാലയത്തിലും ചെളിനിറയും.
കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും മണ്റോത്തുരുത്തിനെയും തലമുറകളെയും ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരില്ല. കല്ലടയാറും അഷ്ടമുടിക്കായലും പുത്തനാറും അതിരിടുന്ന 13.37 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് മണ്ട്രോത്തുരുത്ത്.
മണ്ട്രോത്തുരുത്ത് പഞ്ചായത്തില്‍ 13 വാര്‍ഡുകളിലായി 2,314 വീടുകളും 9,599 ജനങ്ങളുമുണ്ട്. ഇതോടകം 450 കുടുംബങ്ങള്‍ കിടപ്പാടം ഉപേക്ഷിച്ചുപോയി. ഇരട്ടിയോളം പേര് വാടകവീടുകള്‍ തേടി നാടുവിട്ടുപോയി.
എട്ടു വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മൂടിക്കഴിഞ്ഞു. കൊല്ലത്തിന് 25 കി.മീ. വടക്കുമാറി ചിറ്റുമല ബ്ലോക്കില്‍ മണ്‍റോത്തുരുത്ത് ബ്ലോക്ക് ഉള്‍പ്പെടുന്ന പ്രദേശം മുന്‍പ് കാര്‍ഷികസമൃദ്ധിയുടെ പൊന്തുരുത്തായിരുന്നു.
നിലവില്‍ ഇവിടത്തെ പല വീടുകളുടെയും അടിത്തറ നാലടിവരെ വെള്ളത്തില്‍ താഴ്ന്നുകഴിഞ്ഞു. അഞ്ചു തലമുറകള്‍ അധിവസിച്ച ഗ്രാമത്തുരുത്തുകളില് ആളൊഴിഞ്ഞ വീടുകളേ ഇപ്പോള്‍ കാണാനുള്ളു. അഷ്ടമുടിക്കായലില്‍ ചേരുന്ന കല്ലടയാറും കൈവഴിയായി കായലില്‍ത്തന്നെ ചേരുന്ന പുത്തനാറും ചേര്‍ന്ന് എട്ടു തുരുത്തുകള്‍ ഉള്‍പ്പെട്ട പ്രദേശമാണ് മണ്ട്രോത്തുരുത്ത്.
121 കി.മീ. നീളമുള്ള കല്ലടയാറ്റിലെയും കുളത്തൂപ്പുഴ, ചെന്തുരുണിപ്പുഴ, കല്‍ത്തുരുത്തിപ്പുഴ കൈവഴികളിലെയും വെള്ളപ്പൊക്കം നിക്ഷേപിച്ച എക്കലാണ് തുരുത്തിന്റെ അടിത്തറ. ഒഴുകിയെത്തിയ കണ്ടല്‍ വിത്തുകള്‍ കിളിര്‍ത്ത് വേരുകള്‍ പടര്‍ത്തി പന്തലിച്ച് ശക്തമായൊരു ജൈവവേലി തീര്‍ത്തു.
കരിമണ്ണും തരിമണലും നിറഞ്ഞ സമൃദ്ധിയുടെ മണ്ണില്‍ നെല്ലും തെങ്ങും മാവും കശുമാവും പ്ലാവും മറ്റ് കൃഷികളും തഴച്ചുവളര്‍ന്നു. സമീപകാലത്തെ അനിയന്ത്രിതമായ മണലൂറ്റ് കല്ലടയാറിന്റെ അസ്ഥിവാരം തോണ്ടിയതോടെ പുഴയുടെ ആഴം വര്‍ധിപ്പിച്ചു.
അടിമണ്ണ് പുഴയിലേക്ക് ഒലിച്ചിറങ്ങുറങ്ങുകയും ചെയ്തു. ചതുപ്പുകളുടെയും തോടുകളുടെയും നികത്തലും അശാസ്ത്രീയ നിര്‍മാണങ്ങളും സ്ഥിതി വഷളാക്കി. കണ്ടല്‍ക്കാടുകളുടെ വന്‍തോതിലുള്ള നാശം തുരുത്തിന്റെ അതിരാവരണത്തെ മാത്രമല്ല ജൈവസമ്പത്തും താറുമാറാക്കി.
2004ലെ സുനാമിക്കുശേഷം അഷ്ടമുടിക്കായലിലെ ജലനിരപ്പ് താഴ്ന്ന് വെള്ളം കല്ലടയാറ്റിലേക്ക് തള്ളിയതോടെ ഋതുഭേദമില്ലാതെ വേലിയേറ്റം ശക്തിപ്രാപിച്ചതായാണ് ഭൗമശാസ്ത്രജ്ഞരുടെ നിരീക്ഷണം.
വര്‍ഷത്തില്‍ ഏഴും എട്ടും മാസംവരെ ആവര്‍ത്തിക്കുന്ന വേലിയേറ്റം ഒഴിഞ്ഞുപോകുന്നില്ല. പെരിങ്ങാലം, കിടപ്രം, പെരിങ്ങാലം, പട്ടംതുരുത്ത് നിവാസികള്‍ക്ക് പുറംലോകത്ത് എത്തണമെങ്കില്‍ പല ഗ്രാമങ്ങളിലൂടെ പല റോഡുകള്‍ വട്ടംചുറ്റണം.
മണ്ട്രോത്തുത്തിലെ നെല്ലിനും നാളികേരത്തിനും കയറിനും കശുവണ്ടിക്കും പെരുമയുള്ള കാലമുണ്ടായിരുന്നു. നാളികേരവും കയറും വെളിച്ചെണ്ണയും നെല്ലും നേട്ടം സമ്മാനിച്ചിരുന്നു. രുചിയേറിയ മുണ്ടകനും പുന്നെല്ലും പാടങ്ങളില്‍ വിളവെടുത്തു.
മണ്‍റോത്തുരുത്തിന്റെ സ്വന്തം ഉത്പന്നമായ കൊട്ടേക്കയറിനും മങ്ങാടന്‍ കയറിനും ആവശ്യക്കാരെത്തിക്കൊണ്ടിരുന്നു. മണ്ഡരി ബാധിച്ചും മണ്ട പോയും ചുവടറ്റും തെങ്ങുകളുടെ നിര ഇവിടെ അവശേഷിക്കുന്നു. റാട്ടും കയര്‍ കടകളും അന്യംനിന്നു. കശുവണ്ടി ഫാക്ടറികള്‍ നിശ്ചലമായി. സമൃദ്ധി വിളഞ്ഞിരുന്ന നെല്‍പ്പാടങ്ങളില്‍ പുല്ലും പോളയും മൂടിക്കഴിഞ്ഞു.
നിലംപൊത്താന്‍ കാലം നോക്കി നില്‍ക്കുകയാണ് ദുരന്തസ്മാരകമായ വീടുകള്‍. നടപ്പാതകളും നാല്ക്കവലകളുമൊക്കെ വേനലിലും ചെളിക്കുളമായിരിക്കുന്നു. കിടപ്പാടവും വീടും കൃഷിയിടവും ഉപ്പുവെള്ളത്തില്‍ ആഴ്ന്നുപോകുമ്പോള്‍ പ്രതീക്ഷകള്‍ കൂമ്പടിയുകയാണ്. കഷ്ടനഷ്ടങ്ങളുടെ ചെളിക്കുണ്ടില്‍ ആഴ്ന്നുപോയവര് നാടുവിടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
വെള്ളം സര്‍വത്ര വെള്ളം, കുടിക്കാന്‍ തുള്ളിയില്ല എന്നതാണ് മണ്‍റോത്തുരുത്തിലെ അനുഭവം. രോഗാതുരമായ ഈ തുരുത്തുകളില്‍ അര്‍ബുദവും ശ്വാസകോശരോഗങ്ങളും ഏറിവരികയാണ്. കരിങ്കല്ലില്‍ പണിത വീടുകളുടെ വരെ അസ്ഥിവാരം ഇളകിദ്രവിച്ചുക്കൊണ്ടിരിക്കുന്നു. തറനിരപ്പിനെക്കാള്‍ താഴ്ചയിലാണ് മിക്ക വീടുകളുടെയും മുറികള്‍.
ഒരോ വര്‍ഷവും അര സെന്റിമീറ്റര്‍, ഒരു സെന്റിമീറ്റര്‍ എന്ന തോതില്‍ മണ്‍റോത്തുരുത്ത് താഴുകയാണ്. നടപ്പുവഴികളും മുറ്റവും വെള്ളക്കെട്ടിലായതോടെ ഗോവണിപ്പാലങ്ങള് താണ്ടിയാണ് വീടുകളില്‍ കയറിപ്പറ്റാനാവുക. മണ്‍റോത്തുരുത്തിനെ അറബിക്കടലും അഷ്ടമുടിക്കായലും വിഴുങ്ങാന്‍ ഏറെക്കാലം വേണ്ടിവരില്ല.